20 April Saturday

എം ജി സർവ്വകലാശാലയിൽ എം എ ജെൻഡർ സ്റ്റഡീസ് ; ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

കോട്ടയം > മഹാത്മാ ഗാന്ധി സർവകലാശാലയിൽ പുതുതായി ആരംഭിക്കുന്ന എം എ ജെൻഡർ സ്റ്റഡീസ് കോഴ്സിന്  അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ആദ്യമായാണ് സർവ്വകലാശാല തലത്തിൽ എം.എ ജെൻഡർ സ്റ്റഡീസ് കോഴ്സ് ആരംഭിക്കുന്നത്. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ, പ്രൊഫഷണൽ കോഴ്‌സ്‌ ഉൾപ്പെടെ ഏത്  ഡിഗ്രിയും (ബി.എ, ബി എസ് സി , ബീകോം, ബി.ബി.എ, നിയമം, മെഡിസിൻ, എഞ്ചിനീയറിങ് തുടങ്ങിയവ)  നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.  

സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ അധ്യാപകരും ദേശീയ, രാജ്യാന്തര തലങ്ങളിലെ പ്രഗത്ഭരായ അധ്യാപകരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സെമിനാർ കോഴ്‌സുകൾ, പ്രൊജക്‌ട്, ഫീൽഡ് വർക്ക് തുടങ്ങിയവയ്ക്കു പുറമെ സർവകലാശാലയിലെ സെൻട്രൽ ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും വിദ്യാർഥികൾക്ക് കഴിയും.

ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് വിവിധ മേഖലകളിൽ പ്രൊഫഷണൽ ജോലി സാധ്യതകൾ തുറക്കും. ജെൻഡർ പഠനം അക്കാദമിക് മേഖലയിൽ തുടരുന്നവർക്ക് ഗവേഷണം ,അധ്യാപനം എന്നീ സാധ്യതകളുണ്ട്. ജേണലിസം, സിനിമ എന്നീ ലക്ഷ്യങ്ങളുള്ളവർക്കും ജെൻഡർ , കൾച്ചറൽ മേഖലകളിലെ പഠനം പ്രയോജനപ്പെടും. ഫീൽഡ് വർക്ക്, ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഈ കോഴ്സിലുള്ള പ്രാധാന്യം ഭാവിയിൽ സർക്കാരിതര മേഖലയിലും വികസന മേഖലയിലും ജോലിക്ക് ശ്രമിക്കുന്നവർക്ക് വളരെ ഗുണകരമായിരിക്കും. ജെൻഡർ , നിയമം, ആരോഗ്യം, പരിസ്ഥിതി, അന്തർദ്ദേശീയ രാഷ്ട്രീയം എന്നിങ്ങനെയുള്ള ഈ കോഴ്സിന്റെ ഉപവിഭാഗങ്ങളിലെ പഠനം വിവിധ സർക്കാർ വകുപ്പുകളിലും ദേശീയ അന്തർദ്ദേശീയ സ്ഥാപനങ്ങളിലുമുള്ള ജോലി സാധ്യതകൾ സൃഷ്ടിക്കുന്നതാണ്.

മെയ് ആറ്, ഏഴ് തിയതികളിൽ പ്രവേശന പരീക്ഷ നടക്കും. 80 മാർക്കിന്റെ പ്രവേശന പരീക്ഷ, 20 മാർക്കിന്റെ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാകും പ്രവേശനം.  ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ ഒന്ന്, 2023.

ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും cat.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top