29 March Friday

വിദേശ വിദ്യാഭ്യാസവായ്പ: അറിയണം ഈ 5 കാര്യങ്ങള്‍

കെ എ ജൂഡ് ജെരാദ്Updated: Wednesday Nov 23, 2022

കൊച്ചി> സ്മാർട്ട്ഫോൺ ജാലകങ്ങളിലൂടെ ആ​ഗോളവിദ്യാഭ്യാസത്തിന്റെ വൻ സാധ്യതകൾ വിദ്യാർഥികളിലേക്ക് നേരിട്ടെത്തുമ്പോൾ, മലയാളിക്കുട്ടികളുടെയും ഇഷ്ട വിദ്യാഭ്യാസകേന്ദ്രങ്ങൾ യുകെ, യുഎസ്, റഷ്യ, ക്യാനഡ തുടങ്ങിയവയായിരിക്കുന്നു. വിദേശത്ത് പഠിക്കുന്നതിന് ചെലവ് ഏറെയാണ്. ബാങ്ക് വായ്പകളാണ് ഇതിന് ഏതാണ്ട് എല്ലാവരുടെയും പ്രധാന ആശ്രയം. എന്നാൽ, വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുംമുമ്പ് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്.

1. വായ്പയോഗ്യതകൾ
വിദേശപഠനത്തിന്‌ പ്രവേശനം ലഭിച്ചവർക്ക്‌ ഏതു ബാങ്കിലും വായ്പയ്ക്കായി അപേക്ഷിക്കാം. 20 ലക്ഷം രൂപവരെയുള്ള വായ്പകൾ ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷൻ നിബന്ധനകൾക്ക് വിധേയമായും അതിനുമുകളിലുള്ള വായ്പകൾ ബാങ്കുകളുടെ നിബന്ധനകൾക്ക് വിധേയമായുമാണ് അനുവദിക്കുന്നത്. യോഗ്യതാപരീക്ഷയിൽ ലഭിച്ച മാർക്ക്, ക്രെഡിറ്റ് റേറ്റിങ്‌ (ഉദാ: സിബിൽ), പഠിക്കാൻ പോകുന്ന രാജ്യം, പ്രവേശനം ലഭിച്ച യൂണിവേഴ്സിറ്റിയുടെ റാങ്കിങ് എന്നിവയും വായ്പ അനുവദിക്കുന്നതിന് പരി​ഗണിക്കും.

2. മുൻഗണനയും വായ്പത്തുകയും
വായ്പ ലഭിക്കാൻ ബുദ്ധിമുട്ടുള്ള രാജ്യമാണോ എന്ന് അന്വേഷിച്ചതിനുശേഷം തീരുമാനമെടുക്കുന്നതാണ് നല്ലത്. യൂറോപ്യൻ രാജ്യങ്ങൾ, ക്യാനഡ, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിച്ചവർക്ക്‌ എളുപ്പത്തിൽ വായ്പ ലഭ്യമാകും. മെഡിക്കൽ കോഴ്സുകൾക്ക് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) അം​ഗീകരിച്ച രാജ്യങ്ങളായിരിക്കണമെന്ന നിബന്ധനയുണ്ട്.
പഠനത്തിന്‌ ആവശ്യമുള്ള മുഴുവൻ തുകയും കണക്കാക്കിയാണ് വായ്പത്തുക നിശ്ചയിക്കുന്നത്. അതായത് ട്യൂഷൻ ഫീസ്, ജീവിതച്ചെലവ്, പുസ്തകങ്ങളുടെയും മറ്റും വില, യാത്രച്ചെലവ് തുടങ്ങിയവയെല്ലാം പഠനച്ചെലവിൽ ഉൾപ്പെടുത്തും.
പൊതുവിൽ ഇതിന്റെ 85 മുതൽ 90 ശതമാനംവരെ വായ്പ അനുവദിക്കും. ബാക്കി ഓരോ ഘട്ടത്തിലും അപേക്ഷകരുടെ വിഹിതമായി നൽകണം. ഉദാഹരണത്തിന്, 40 ലക്ഷം ചെലവുവരുന്ന രണ്ടുവർഷ പഠനത്തിന് 20 ലക്ഷം രൂപ വായ്പ എടുത്താൽ ആദ്യഗഡു ഫീസ് ഇനത്തിൽ വായ്പയിൽനിന്ന് 10 ലക്ഷവും അപേക്ഷകന്റെ വിഹിതമായ 10 ലക്ഷവും ചേർത്ത് 20 ലക്ഷം യൂണിവേഴ്സിറ്റിയിലേക്ക് അടയ്ക്കുകയാണ് ചെയ്യുന്നത്.

3. വേണം, അംഗീകൃത ഈടുകൾ
വസ്തു, ബാങ്ക് നിക്ഷേപം, എൽഐസി പോളിസി തുടങ്ങിയ ഈടുകളിലാണ് സാധാരണയായി വായ്പ അനുവദിക്കുന്നത്. വായ്പത്തുകയുടെയും പഠനകാലയളവിലെ പലിശയുടെയും 110 ശതമാനം മതിപ്പുവിലയുള്ള ഈടാണ് നൽകേണ്ടത്.
പഠനകാലാവധിക്കുശേഷം ഒരുവർഷം മൊറട്ടോറിയം കിട്ടും. തുടർന്ന് 15 വർഷംവരെയാണ് തിരിച്ചടവ് അനുവദിക്കുന്നത്. അപേക്ഷകരുടെ പേരിലുള്ള വായ്പക്കുടിശ്ശികകൾ വായ്പ നിഷേധിക്കാൻ കാരണമായേക്കാം.

4. പിൻവലിക്കുന്ന തുകയ്ക്കുമാത്രം പലിശ
അനുവദിക്കുന്ന വായ്പയിൽനിന്ന് പിൻവലിക്കുന്ന തുകയ്ക്ക് പിൻവലിക്കുന്ന തീയതിമുതലാണ് പൊതുവിൽ പലിശ ഈടാക്കുന്നത്. അതിനാൽ പരമാവധി തുക വായ്പ എടുക്കുകയും ആവശ്യമുള്ള തുകമാത്രം  പിൻവലിക്കുകയും ചെയ്യുന്നതാണ് നല്ലത്. ബാങ്കുകൾ പൊതുവിൽ 10 മുതൽ 12 ശതമാനംവരെയാണ് നിലവിൽ പലിശ ഈടാക്കുന്നത്.

5. ഇളവുകളും സബ്സിഡികളും
പെൺകുട്ടികൾക്കും ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നവർക്കും പല ബാങ്കുകളും പലിശയിൽ ഇളവുകൾ നൽകാറുണ്ട്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന പിന്നാക്കവിഭാഗത്തിലെ വിദ്യാർഥികൾക്ക് പഠോ പരദേശ്, ഡോ. അംബേദ്‌കർ സെൻട്രൽ സെക്ടറൽ സ്‌കീം എന്നീ പദ്ധതികളിലായി പലിശയിനത്തിൽ സബ്സിഡി ലഭ്യമാണ്. ഇതിന് www.jansamrth.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ www. minorityaffairs.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.
(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആലപ്പുഴ റീജണൽ മാനേജരാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top