20 April Saturday

യുഡിഎഫ്‌ ഭീകരസംഘമോ ?

വെബ് ഡെസ്‌ക്‌Updated: Thursday Jul 21, 2022


മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജൂൺ 13ന് ഇൻഡിഗോ വിമാനത്തിൽ നടന്ന വധശ്രമം കോൺഗ്രസിന്റെ ഉന്നത നേതൃത്വം ആസൂത്രണംചെയ്ത് നടപ്പാക്കിയ കുറ്റകൃത്യമാണെന്ന് വ്യക്തമാകുകയാണ്. വിമാനത്തിലെ യാത്രക്കാരുടെ ജീവൻപോലും അപകടപ്പെടുത്താവുന്ന വിധത്തിലുള്ള ഈ ചെയ്തി ഭീകരപ്രവർത്തനത്തിനു സമാനമായേ കാണാനാകൂ.

മുൻ എംഎൽഎകൂടിയായ യൂത്ത്കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്റെ നേതൃത്വത്തിലായിരുന്നു ആസൂത്രണം. പദ്ധതി പാർടി നേതൃത്വത്തെയും അറിയിച്ചതായി ഈ നേതാവുതന്നെ പറയുന്നു. അക്രമത്തിനു കണ്ടെത്തിയവരാകട്ടെ ക്രിമിനൽ പശ്ചാത്തലമുള്ളവർ. ഇവരിൽ ഒരാൾക്കെതിരെ 19 കേസാണുള്ളത്.

അപ്പോൾ ചിത്രം വ്യക്തമാണ്. കൃത്യമായ തീരുമാനമെടുത്ത് ആസൂത്രണംചെയ്ത് എന്തും ചെയ്യാൻ മടിയില്ലാത്ത കുറ്റവാളിയെയടക്കം മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിൽ കയറ്റി അദ്ദേഹത്തെ അപായപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ തടഞ്ഞതുകൊണ്ടുമാത്രം  ലക്ഷ്യം നടന്നില്ല. അതുകൊണ്ടുപക്ഷേ,  കുറ്റത്തിന്റെ ഗൗരവം ഒട്ടും കുറയുന്നില്ല.

"വിമാനത്തിൽ ചെറുതായി ഒന്ന് പ്രതിഷേധിച്ചു, അതിലെന്താ ഇത്ര പ്രശ്നം?' എന്ന മട്ടിൽ വിഷയത്തെ ലഘൂകരിക്കാൻ തുടക്കംമുതൽ മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും ശ്രമിച്ചിരുന്നു. നേതൃത്വം അറിഞ്ഞിട്ടേയില്ലെന്ന്‌ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സാക്ഷ്യം  പറഞ്ഞു. അന്ന് സിപിഐ എമ്മും എൽഡിഎഫും പറഞ്ഞത് ഇത് നേതൃത്വം അറിഞ്ഞുള്ള ആസൂത്രിത അക്രമം ആണെന്നാണ്. ഒരു മാസത്തിനുശേഷം പുറത്തുവന്ന തെളിവുകൾ ശരിവയ്‌ക്കുന്നത് ഈ വസ്‌തുതയാണ്. യൂത്ത്കോൺഗ്രസിന്റെ രഹസ്യ ഗ്രൂപ്പിലെ വാട്‌സാപ് ചാറ്റിലെ വിവരങ്ങൾ പുറത്തായത് അവരുടെ ഗ്രൂപ്പ് പോരിന്റെ ഭാഗമാകാം. അത് അവരുടെ കാര്യം. പക്ഷേ, അതിലൂടെ പുറത്തുവന്ന കുറ്റകൃത്യത്തെ അതൊന്നും റദ്ദാക്കുന്നില്ല. പൊലീസിനു മുന്നിലും കോടതിയിലും പ്രതി കുറ്റം സമ്മതിക്കുന്നു. അത്ര തെളിച്ചമുള്ള കേസിലെ അറസ്റ്റ് എന്തോ മോശം കാര്യവും നാടകവുമാക്കി ചിത്രീകരിക്കാനാണ് ശ്രമം. കുറ്റം ചെയ്തവരെ "കുട്ടിയും കുഞ്ഞും' ഒക്കെയായി വെള്ളപൂശുന്നു.

കൈയോടെ പിടിയിലായപ്പോൾ ഈ ഗൂഢാലോചനയെയും  അതിലെ വില്ലനെയും മഹത്വവൽക്കരിക്കാനാണ് യുഡിഎഫും ഒക്കച്ചങ്ങാതിമാരായ മാധ്യമങ്ങളും ശ്രമിക്കുന്നത്.  യുഡിഎഫ് സർക്കാരിന്റെ കാലത്തെ ചില  "ഗൂഢാലോചന'കേസുകളും അവയ്ക്ക് ചമച്ച വ്യാഖ്യാനങ്ങളും അവരെ ഓർമിപ്പിക്കാതെ വയ്യ. പരിക്കേറ്റ്‌ ആശുപത്രിയിൽ കിടക്കുമ്പോൾ ഫോണിൽ ആരോ ആരോടോ എന്തോ പറയുന്നത് കേട്ടെന്ന്‌ സംശയിക്കുന്നു എന്നാരോപിച്ചായിരുന്നു പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിയാക്കിയത്‌, മരിച്ചയാളോട്‌ ഒരുപക്ഷേ വിരോധം ഉണ്ടായിരുന്നിരിക്കാൻ ഇടയുള്ളവരെന്ന സംശയത്തിൽ 14 പേർക്കെതിരെയാണ്‌ ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഢാലോചന ചുമത്തിയത്‌. ഇങ്ങനെ എത്ര കേസുകൾ? കോടതി  പിന്നീട്‌ കേസുകൾ തള്ളിയെങ്കിലും കുറേക്കാലം അവരെയൊക്കെ  ജയിലിൽ ഇടാനായി. അന്ന് പൊലീസിന്റെ തിരക്കഥകൾക്ക്  പശ്‌ചാത്തല സംഗീതം ഒരുക്കാൻ മാധ്യമങ്ങൾ എന്തെല്ലാം ചെയ്‌തു?  ഇപ്പോഴോ? മുഖ്യമന്ത്രിയെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയ ആളെ  വിശേഷണങ്ങളുടെ പട്ടുടുപ്പ് അണിയിച്ച് ഒന്നാംപേജിൽ നിർത്തുന്നു.

സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വാക്ക് കേട്ടായിരുന്നല്ലോ ഈ കലാപമെല്ലാം. എന്നിട്ട് ആ ആരോപണങ്ങൾ  എവിടെയെത്തി? ആരെങ്കിലും അത് വിലവയ്‌ക്കുന്നുണ്ടോ?  ജനങ്ങൾ തള്ളിക്കളഞ്ഞതോടെ ബിജെപിപോലും വിഷയം വിട്ടു. ഔദ്യോഗിക ഏജൻസികളെ ഇറക്കി എന്തെങ്കിലും തരികിട പറ്റുമോയെന്ന ശ്രമത്തിലാണ് അവർ. അതിനു പിന്തുണയുമായി ഇടയ്ക്കിടെ ദീനവിലാപംപോലെ ചില സ്വരങ്ങൾ യുഡിഎഫും ഉയർത്തുന്നു.  എത്ര ദയനീയ ചിത്രമാണിത്. വിമാനത്തിൽ നടത്തിയ ആക്രമണത്തിന്റെ പിന്നിലെ ക്രൂരമായ ആസൂത്രണത്തിന്റെ  പൂർണരൂപം പുറത്തുവന്നതോടെ കുറ്റവാളികളുടെ കൂട്ടമായി യുഡിഎഫ് മാറിക്കഴിഞ്ഞില്ലേ ? ഇത്രയും ഹീനമനസ്സുകളുടെ ഉടമകളായ ഒരു പ്രതിപക്ഷത്തെ കേരള ജനത ഇനിയും സഹിക്കേണ്ടതുണ്ടോ എന്നുമാത്രം ചോദിക്കട്ടെ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top