29 March Friday

വിദ്വേഷം വിതയ്ക്കുന്ന മോഡിയും യോഗിയും

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2017


തെരഞ്ഞെടുപ്പു വിജയത്തിന്റെ ഏഴാംനാളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ച പേര് കേട്ടപ്പോള്‍ മതസൌഹാര്‍ദവും സമാധാനജീവിതവും കൊതിച്ചവരെല്ലാം ഞെട്ടിയിട്ടുണ്ടാകും. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിപദത്തിലെത്തുമെന്ന്  ഒരുഘട്ടത്തിലും ബിജെപി ധ്വനിപ്പിച്ചിട്ടില്ലെങ്കിലും ഈ സ്ഥാനാരോഹണത്തില്‍ അതിശയം ഒട്ടുമില്ല. 403 നിയമസഭാ മണ്ഡലമുള്ള യുപിയില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാവുന്ന നേതാക്കള്‍ ഇല്ലാത്തതുകൊണ്ടല്ല, മോഡിതന്നെ സ്വയം പ്രദര്‍ശിപ്പിച്ച് പ്രചാരണം നയിച്ചത്. ഗുജറാത്തില്‍ വിജയിച്ച തീവ്രഹിന്ദുത്വം 2014ല്‍ മോഡിക്ക് എങ്ങനെ തുണയായോ, അതേ പരീക്ഷണംതന്നെയായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നോട്ടുവച്ചത്. തെരഞ്ഞെടുപ്പുവേളയില്‍ പ്രധാനമന്ത്രിതന്നെ തുടരെ നടത്തിയ വര്‍ഗീയപരാമര്‍ശങ്ങളുടെ ഉന്നം തീവ്രമായ ഹിന്ദു ധ്രുവീകരണമായിരുന്നു. ജാതിവോട്ടുബാങ്കുകളുടെ ഉള്‍പ്പിരിവുകള്‍കൂടി സമര്‍ഥമായി സംയോജിപ്പിച്ച് നേടിയ വിജയം മോഡി- അമിത് ഷ ദ്വയത്തെ ഉന്മാദാവസ്ഥയില്‍ എത്തിച്ചു. 2019ല്‍ തുടര്‍ഭരണം എന്ന സ്വപ്നസാക്ഷാല്‍ക്കാരത്തിലേക്കുള്ള എളുപ്പവഴിയാണ് ആദിത്യനാഥെന്ന സന്യാസിയിലൂടെ മോഡി തേടുന്നത്. ആര്‍എസ്എസ് ആസ്ഥാനത്തുനിന്നുള്ള തീര്‍പ്പുകളും മോഡിയുടെ മനസ്സിലിരിപ്പും രണ്ടല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 80ല്‍ 71 സീറ്റും 42.3 ശതമാനം വോട്ടും നേടിയ ബിജെപിക്ക് ഇത്തവണ വോട്ട് 39.7 ശതമാനമായി കുറഞ്ഞു. ഭൂരിപക്ഷമുള്ള നിയമസഭാമണ്ഡലങ്ങളുടെ എണ്ണത്തിലും സമാനമായ കുറവുണ്ടായി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുവരെ വര്‍ഗീയധ്രുവീകരണം കത്തിച്ചുനിര്‍ത്തണമെന്ന തീരുമാനത്തിലേക്കാണ് ബിജെപിയെ ഈ കണക്കുകള്‍ എത്തിച്ചത്.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയതയും വികസനവും ക്ഷേമവും തരാതരംപോലെ ഉപയോഗിച്ച മോഡിക്ക് 'സ്റ്റേറ്റ്സ്മാന്‍' പ്രതിഛായ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പലഘട്ടത്തിലും സാധിച്ചു. എന്നാല്‍, തങ്ങളുടെ ഹിന്ദുത്വ വജ്രായുധം പുറകില്‍ പിടിക്കാന്‍ ഒരിക്കലും തയ്യാറായതുമില്ല. ഖബര്‍സ്ഥാനും ഈദുല്‍ഫിത്തറും പാകിസ്ഥാനും കസബുമൊക്കെയാണ് അദ്ദേഹത്തിന്റെ പ്രകടനാത്മക പ്രസംഗങ്ങളില്‍ നിറഞ്ഞുനിന്നത്. ഇതോടൊപ്പം 'എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം' തുടങ്ങിയ വ്യാമോഹങ്ങള്‍ പാവങ്ങളില്‍ സൃഷ്ടിക്കാനും ബിജെപിക്ക് കഴിഞ്ഞു.

ആര് മുഖ്യമന്ത്രിയായാലും വിദ്വേഷരാഷ്ട്രീയത്തില്‍നിന്ന് ബിജെപിയെ വേര്‍തിരിക്കാനാകില്ലെങ്കിലും യോഗി ആദിത്യനാഥിനെ അധികാരത്തിലേറ്റുന്നതിലൂടെ, അവര്‍ നല്‍കുന്ന സന്ദേശം അത്യന്തം ആപല്‍ക്കരമാണ്. ഹിന്ദുത്വ ദേശീയതയും ആക്രമണോത്സുകമായ ഹിന്ദുത്വവും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ രണ്ട് മുഖമാണ്. ഭരണ- സാംസ്കാരിക- വിദ്യാഭ്യാസ മേഖലകളില്‍ വേരാഴ്ത്താന്‍ സര്‍വതലസ്പര്‍ശിയായ പ്രവര്‍ത്തനപദ്ധതിയാണ് ഹിന്ദുത്വ ദേശീയതയുടെ മറവില്‍ ആര്‍എസ്എസ് ആവിഷ്കരിക്കുന്നത്. സമാന്തരമായി ആക്രമണോത്സുകതയും രാജ്യവ്യാപകമായി അരങ്ങേറുന്നു. ഇതിനായി പല പേരുകളില്‍ സംഘടനകളെമാത്രമല്ല, വ്യക്തികളെയും ഒരുക്കിനിര്‍ത്തുന്നു. ബജ്രംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്, സ്വദേശി ജാഗരണ്‍ മഞ്ച്, ദുര്‍ഗാവാഹിനി എന്നിങ്ങനെ വിവിധ പേരുകളില്‍. വിദ്വേഷപ്രചാരണവും ഇതര മതവിരോധവും മറയില്ലാതെ പ്രചരിപ്പിക്കുന്നത് ഇത്തരം സംഘടനകളുടെ ബാനറുകളിലാണ്. ഔദ്യോഗിക സംഘടനകള്‍ക്കു പുറമെ സ്വന്തമായി മതസ്ഥാപനങ്ങളും വിപുലമായ സംവിധാനങ്ങളുമുള്ള യോഗിമാരും സ്വാമിമാരും സംഘപരിവാര്‍ ശൃംഖലയിലുണ്ട്.

യോഗി ആദിത്യനാഥിനുമുണ്ട് അത്തരമൊരു സംഘടന. ഹിന്ദു യുവവാഹിനി. പക്ഷേ, ഗൊരഖ്പുര്‍ മഠത്തിന്റെ മേധാവികൂടിയായ യോഗിയെ നാടറിയുന്നത,് അദ്ദേഹത്തിന്റെ നാവില്‍നിന്നുതിരുന്ന മതവിദ്വേഷ പ്രസ്താവനകളിലൂടെയാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കച്ചകെട്ടിയ ഈ നാല്‍പ്പത്തിനാലുകാരന്‍ സന്ന്യാസിക്ക് യുപി മുഖ്യമന്ത്രിയാകാന്‍ യോഗ്യതയെന്തെന്ന ചോദ്യത്തിനുള്ള ഉത്തരം രാജ്യം ഭരിക്കുന്ന കക്ഷിയില്‍നിന്ന് പ്രതീക്ഷിക്കാനാകില്ല. ജനങ്ങള്‍ വോട്ട് നല്‍കി ജയിപ്പിച്ച 312 പേരെ മാറ്റിനിര്‍ത്തി ഭരണപരിചയമോ ജനപിന്തുണയോ അവകാശപ്പെടാനാകുന്ന ഒരാളെയല്ല ബിജെപി മുഖ്യമന്ത്രിയാക്കിയത്. പക്ഷേ, ഒരു അധിക യോഗ്യതയുണ്ട് യോഗിക്ക്. വര്‍ഗീയതയില്‍ ബിജെപിയെയും വെല്ലുവിളിച്ച ചരിത്രം. ഹിന്ദുത്വ അജന്‍ഡയ്ക്ക് വേഗം പോരെന്ന് തോന്നിയതിനാല്‍, 2006ല്‍ ലഖ്നൌവില്‍ ബിജെപി നാഷണല്‍ എക്സിക്യൂട്ടീവ്യോഗം നടക്കുമ്പോള്‍ സമാന്തരമായി ഗൊരഖ്പുരില്‍ വിരാട് ഹിന്ദുമഹാ സമ്മേളനം വിളിച്ചയാളാണ് യോഗി. തൊട്ടടുത്തവര്‍ഷം ഇതേ സ്ഥലത്ത് നടന്ന വര്‍ഗീയകലാപത്തില്‍ ഇദ്ദേഹം ജയിലിലായി. സാമുദായികകലാപം സൃഷ്ടിക്കല്‍, കൊലപാതകശ്രമം, വര്‍ഗീയവിദ്വേഷ പ്രചാരണം, ഭീഷണിപ്പെടുത്തല്‍, ആയുധംകൊണ്ടുനടക്കല്‍ ഇതൊക്കെയായിരുന്നു കുറ്റങ്ങള്‍. മദര്‍ തെരേസയും നടന്‍ ഷാരൂഖ് ഖാനുമൊക്കെ പലവട്ടം യോഗിയുടെ വിദ്വേഷപ്രയോഗത്തിന് ഇരയായി.

വാക്കുകള്‍കൊണ്ട് മനസ്സുകളെ വെട്ടിമുറിച്ച് നാടിനെ വിദ്വേഷത്തിന്റെ തുരുത്തുകളാക്കി മാറ്റുകയെന്നത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സവിശേഷ രീതിയാണ്. ഗുജറാത്ത് കലാപത്തില്‍ എരിഞ്ഞൊടുങ്ങിയ ആയിരക്കണക്കിനു മുസ്ളിങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് നരേന്ദ്ര മോഡി നല്‍കിയ മറുപടി റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'വേഗത്തിലോടുന്ന ഒരു കാറിന്റെ ചക്രങ്ങളില്‍ ചതഞ്ഞരഞ്ഞു പോകുന്ന പട്ടിക്കുട്ടിയോടുള്ള അനുതാപം' തനിക്ക് അവരോടുണ്ടെന്നായിരുന്നു മോഡിയുടെ പരാമര്‍ശം. ഇതിനോട് ചേര്‍ന്നുനില്‍ക്കുന്ന സാധ്വി ഋതംബരമുതല്‍ ശശികല വരെയും സാക്ഷി മഹാരാജ് മുതല്‍ പ്രവീണ്‍ തൊഗാഡിയവരെയുമുള്ള ഒട്ടേറെ വിദ്വേഷപ്രചാരകര്‍ സംഘപരിവാറിനുണ്ട്. ഇവരുടെ അനുചരരാണ് എതിര്‍ക്കുന്നവരെ വെടിവച്ചുകൊല്ലുന്നത്. അവരാണ് സീതാറാം യെച്ചൂരിക്കും പിണറായി വിജയനും സഞ്ചാരസ്വാതന്ത്യ്രം നിഷേധിക്കുന്നത്, അവരുടെ തലയ്ക്ക് വില പറയുന്നത്. ഈ വിഷച്ചീറ്റലിനെതിെരെ ശക്തമായ സാമൂഹ്യപ്രതിരോധം ഉയര്‍ത്താനാകും. പക്ഷേ, ഇവരുടെ കൂട്ടത്തിലൊരാള്‍ മുഖ്യമന്ത്രിപദത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ വലിയ വില കൊടുക്കേണ്ടിവന്നേക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top