02 December Saturday

ഹോണ്ടുറാസും ഇടതുപക്ഷത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021


മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിൽ  നടന്ന പ്രസിഡന്റ്‌, കോൺഗ്രസ്‌ തെരഞ്ഞെടുപ്പുകളുടെ ഫലം ലാറ്റിനമേരിക്കയിൽ മാത്രമല്ല, ലോകമെങ്ങും പുരോഗമനശക്തികൾക്ക്‌ ആവേശം പകരുന്നതാണ്‌. 1954ൽ ഗ്വാട്ടിമാലയിൽ പുരോഗമനവാദിയായ പ്രസിഡന്റ്‌ യാക്കോബോ അർബേൻസിനെ അട്ടിമറിച്ചതുമുതൽ മേഖലയിൽ അട്ടിമറികൾക്കും സംഘർഷങ്ങൾക്കും ആയുധപ്പുരയായി അമേരിക്ക ഉപയോഗിച്ചുവന്ന രാജ്യമാണ്‌ ഇത്‌. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷസഖ്യത്തിൽ അണിചേർന്നപ്പോൾ 12 വർഷം മുമ്പ്‌ ഹോണ്ടുറാസിൽത്തന്നെ അത്‌ അരങ്ങേറി. അന്നത്തെ പ്രസിഡന്റ്‌ മാനുവൽ സെലായയുടെ ഭാര്യ സിയോമാര കാസ്‌ട്രോയാണ്‌ ഇത്തവണ വൻഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നത്‌. ഹോണ്ടുറാസിൽ വലതുപക്ഷ പാർടികളുടെ ആധിപത്യത്തിന്‌ അന്ത്യംകുറിച്ച്‌ ആദ്യമായാണ്‌ ഇടതുപക്ഷ സ്ഥാനാർഥി പ്രസിഡന്റാകുന്നത്‌.

മാനുവൽ സെലായ 2006ൽ പ്രസിഡന്റായി അധികാരമേറ്റത്‌ വലതുപക്ഷ ലിബറൽ പാർടി സ്ഥാനാർഥിയായാണ്‌. ഭരണകാലത്ത്‌ അദ്ദേഹം ഇടത്തോട്ട്‌ ചാഞ്ഞതും റൗൾ കാസ്‌ട്രോ, ഹ്യൂഗോ ഷാവേസ്‌ തുടങ്ങിയ ഇടതുപക്ഷ ഭരണാധികാരികളുമായി അടുത്തതുമാണ്‌ അദ്ദേഹത്തെ മുതലാളിത്തശക്തികൾക്ക്‌ അനഭിമതനാക്കിയത്‌. അട്ടിമറിയിൽ പുറത്താക്കിയശേഷം സെലായയെ കൊസ്‌റ്റിക്കയിലേക്ക്‌ കയറ്റിവിടുകയാണ്‌ അന്ന്‌ പട്ടാളനേതൃത്വം ചെയ്‌തത്‌. അദ്ദേഹം രാജ്യത്ത്‌ തിരിച്ചെത്തിയശേഷം 2011ൽ ഇടതുപക്ഷ ആശയങ്ങളുയർത്തി സമാന ചിന്താഗതിക്കാർ ചേർന്ന്‌ രൂപീകരിച്ച ലിബർട്ടി ആൻഡ്‌ റീഫൗണ്ടേഷൻ പാർടി (ലിബ്രെ)യുടെ സ്ഥാനാർഥിയായാണ്‌ സിയോമാര മത്സരിച്ചത്‌. ലിബ്രെയുടെ പ്രസിഡന്റ്‌ സ്ഥാനാർഥിയായി 2013ലും സിയോമാര മത്സരിച്ചു. അന്ന്‌ ലിബറൽ പാർടിയെ പിന്തള്ളി രണ്ടാമതായി.

ഇത്തവണ 53.5 ശതമാനത്തോളം വോട്ട്‌ നേടിയാണ്‌ സിയോമാര വിജയിച്ചത്‌. 12 വർഷമായി രാജ്യം ഭരിച്ചുവന്ന യാഥാസ്ഥിതിക നാഷണൽ പാർടി സ്ഥാനാർഥി നസ്രി അസ്‌ഫുറയ്‌ക്ക്‌ 34.1 ശതമാനം വോട്ട്‌. ഏറെക്കാലം ഹോണ്ടുറാസ്‌ ഭരിച്ച ലിബറൽ പാർടിയുടെ യാനി റോസെൻഫാലിന്‌ 9.23 ശതമാനംമാത്രം. സിയോമാരയുടെ ഭൂരിപക്ഷം 20 ശതമാനത്തോളം. ഇതിനൊപ്പം 128 അംഗ ഹോണ്ടുറാസ്‌ കോൺഗ്രസിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിലും ഇടതുപക്ഷം മുന്നേറ്റമുണ്ടാക്കിയതായാണ്‌ റിപ്പോർട്ട്‌. മധ്യ അമേരിക്കൻ പാർലമെന്റിലേക്ക്‌ ഹോണ്ടുറാസിൽനിന്നുള്ള 20 സീറ്റിലേക്കും 298 വീതം മേയർ, വൈസ്‌ മേയർ സ്ഥാനങ്ങളിലേക്കും 2092 കൗൺസിൽ അംഗത്വങ്ങളിലേക്കും തെരഞ്ഞെടുപ്പുനടന്നു. അവയുടെ ഫലം അറിവായിട്ടില്ല.

ഒരു കോടിയിൽ താഴെമാത്രം ജനസംഖ്യയുള്ള ഈ ദരിദ്രരാജ്യത്ത്‌ സെലായയയുടെ കാലത്ത്‌ കൈവരിച്ച പുരോഗതിയും ലിബ്രെ പാർടിയുടെ ജനപക്ഷ മുദ്രാവാക്യങ്ങളുമാണ്‌ ജനങ്ങൾ ഇടതുപക്ഷ സഖ്യത്തിൽ വിശ്വാസമർപ്പിക്കാൻ പ്രധാന കാരണം. ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ ദരിദ്ര രാജ്യമായ ഹോണ്ടുറാസ്‌ മാനുവൽ സെലായയുടെ മൂന്നരവർഷത്തെ ഭരണത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചിരുന്നു. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം സൗജന്യമാക്കി. ദരിദ്ര കുടുംബങ്ങളിൽനിന്നുള്ള 16 ലക്ഷത്തോളം കുട്ടികൾക്ക്‌ ഉച്ചഭക്ഷണം ഉറപ്പാക്കി. ചെറുകിട കർഷകർക്ക്‌ സബ്‌സിഡി ലഭ്യമാക്കി. മിനിമംകൂലി 80 ശതമാനത്തോളം വർധിപ്പിച്ചതും വീട്ടുവേലക്കാരെ സാമൂഹ്യസുരക്ഷാ സംവിധാനത്തിൽ ഉൾപ്പെടുത്തിയതും രണ്ടുലക്ഷം കുടുംബത്തിന്‌ നേരിട്ടു സഹായം നൽകിയതും മറ്റും  ദാരിദ്ര്യം കുറയ്‌ക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അട്ടിമറി കഴിഞ്ഞ്‌ യാഥാസ്ഥിതികർ അധികാരത്തിൽ എത്തിയശേഷം ഇതിൽനിന്നെല്ലാം രാജ്യം പിന്നോട്ടു പോയെന്നും ദാരിദ്ര്യം വീണ്ടും മൂർച്ഛിച്ചെന്നുമാണ്‌ കണക്കുകൾ കാണിക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ ലിബ്രെ പാർടിയുടെ വിജയം പ്രസക്തമാകുന്നത്‌. ഭൂമിശാസ്‌ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ പരിധിയിൽ വരുന്ന കരീബിയൻ രാജ്യം ബാർബഡോസ്‌ കഴിഞ്ഞദിവസം സാമ്രാജ്യത്വവുമായുള്ള ഔപചാരിക കെട്ടുപാടുകൾ അവസാനിപ്പിച്ചതും ഇതിനൊപ്പം കാണേണ്ടതുണ്ട്‌. ബ്രിട്ടീഷ്‌ രാജാക്കന്മാർ അയർലൻഡിലെയും സ്‌കോട്ട്‌ലൻഡിലെയും വിമതരെ കൊണ്ടുവന്ന്‌ തള്ളിയിരുന്ന ഇവിടെ ബ്രിട്ടീഷ്‌ രാജ്ഞിയായിരുന്നു രാഷ്‌ട്ര മേധാവി. അത്‌ അവസാനിപ്പിച്ച്‌ ആ ചെറുരാജ്യം റിപ്പബ്ലിക്കായതും സാമ്രാജ്യത്വത്തിനെതിരെ പോരാടുന്നവർക്കെല്ലാം ആവേശമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top