19 April Friday

നിലപാടിൽ ഉറച്ച്‌ ഗുസ്‌തി താരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

രാജ്യമാകെ ശക്തമായ ജനരോഷം ഉയർന്നിട്ടും, ഗുരുതരമായ ലൈംഗികാക്ഷേപങ്ങൾ നേരിടുന്ന ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ ഭൂഷൺ ശരൺ സിങ്ങിനെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന പിടിവാശിയിൽത്തന്നെയാണ്‌ മോദി സർക്കാർ. ഒളിമ്പിക്സിലടക്കം മെഡൽ നേടി രാജ്യത്തിന്‌ അഭിമാനമായ ഗുസ്‌തി താരങ്ങളുടെ സമരത്തെ വ്യാജവാർത്തകളിലൂടെ പൊളിക്കാനാണ്‌ ഒടുവിലെ ശ്രമം. സാക്ഷി മലിക്‌ സമരത്തിൽനിന്ന്‌ പിൻവാങ്ങി, ബ്രിജ്‌ ഭൂഷണിനെതിരായി പരാതിപ്പെട്ട പ്രായപൂർത്തിയാകാത്ത ഗുസ്‌തി താരം പരാതി പിൻവലിച്ചു തുടങ്ങിയ വ്യാജവാർത്തകൾ മോദി അനുകൂല മാധ്യമങ്ങൾ പടച്ചുവിടുന്നത്‌ ഈ ലക്ഷ്യത്തോടെയാണ്‌. ബ്രിജ്‌ ഭൂഷണിനെതിരായി പരാതിപ്പെട്ട താരങ്ങളിലും അവരെ പിന്തുണയ്‌ക്കുന്ന സംഘടനകളിലും ആശയക്കുഴപ്പം സൃഷ്ടിക്കാനും സമരത്തിന്റെ വിശ്വാസ്യത കെടുത്താനുമാണ്‌ മോദി അനുകൂല മാധ്യമങ്ങൾ സംഘടിതമായി ശ്രമിക്കുന്നത്‌.

കാർഷിക നിയമങ്ങൾക്കെതിരായി കർഷകസംഘടനകൾ ഒറ്റക്കെട്ടായി സംഘടിപ്പിച്ച ഐതിഹാസിക കർഷകസമരത്തിന്റെ ഘട്ടത്തിലും വ്യാജവാർത്തകളിലൂടെ ആശയക്കുഴപ്പം സൃഷ്ടിക്കാൻ മോദി സർക്കാർ ശ്രമിച്ചിരുന്നു. സമരത്തിനു പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികൾ, രാകേഷ്‌ ടിക്കായത്ത്‌ പിൻവാങ്ങി തുടങ്ങിയ വാർത്താസൃഷ്ടികൾ ഉദാഹരണം. എന്നാൽ, വ്യാജപ്രചാരണങ്ങളിൽ തളരാതെ കർഷകർ നിലയുറപ്പിച്ചതോടെ സർക്കാരിന്‌ മുട്ടുമടക്കേണ്ടതായി വന്നു.

കർഷകസമരത്തിന്‌ സമാനമായി അഭൂതപൂർവമായ ജനപിന്തുണയാണ്‌ ബ്രിജ്‌ ഭൂഷണിനെതിരായ സമരത്തിലും പ്രകടമാകുന്നത്‌. രാഷ്ട്രീയപ്രേരിതം, ജാട്ടുകളുടെ മാത്രം പ്രതിഷേധം തുടങ്ങിയ തരംതാഴ്‌ത്തലുകളിലൂടെ സമരത്തിന്റെ നിറംകെടുത്താൻ സംഘപരിവാർ സൈബർ ഗ്രൂപ്പുകൾ തുടക്കംമുതൽ ശ്രമിച്ചിരുന്നു. എന്നാൽ, സംയുക്ത കിസാൻമോർച്ചയും വിവിധ ബഹുജനസംഘടനകളും പ്രതിപക്ഷ പാർടികളുമെല്ലാം പിന്തുണയുമായി രംഗത്തുവന്നതോടെ സമരം കൂടുതൽ ജനകീയമായി. സമരത്തിന്‌ അഭിവാദ്യങ്ങൾ അർപ്പിച്ച്‌ ജന്തർമന്തറിലേക്ക്‌ ആയിരങ്ങൾ ഒഴുകിയെത്തി. ഡൽഹി അതിർത്തികളിൽ ബാരിക്കേഡുകൾ നിരത്തിയും മറ്റും ജനപ്രവാഹം തടയാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല.

പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനദിനത്തിൽ താരങ്ങൾ നടത്തിയ മാർച്ചിനെ അമിത്‌ ഷായുടെ ഡൽഹി പൊലീസ്‌ ക്രൂരമായി നേരിട്ടത്‌ ലോകമാകെ ചർച്ചയായി. ഒളിമ്പിക്‌സ്‌ അടക്കം പല അന്തർദേശീയ കായികവേദികളിലും ഇന്ത്യയുടെ ദേശീയഗാനം ഉയർന്നുകേൾക്കുന്നതിന്‌ ഇടവരുത്തിയ താരങ്ങളാണ്‌ തെരുവിൽ നിഷ്‌കരുണം വലിച്ചിഴയ്‌ക്കപ്പെട്ടത്‌. മനംമടുത്ത താരങ്ങൾ അടുത്തദിവസം ഹരിദ്വാറിൽ എത്തി മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ കണ്ണീരോടെ തയ്യാറാകുന്ന കാഴ്‌ച സർക്കാരിനെതിരായ വികാരത്തെ ആളിക്കത്തിച്ചു. രാജ്യവ്യാപകമായി പ്രതിഷേധമുയർന്നു. ലോക ഗുസ്തി ഫെഡറേഷനടക്കം താരങ്ങൾക്കെതിരായ നടപടിയെ അപലപിച്ചു. പൂർണമായും പ്രതിരോധത്തിലായ ഘട്ടത്തിലും ബ്രിജ്‌ ഭൂഷണിനെ കൈവിടാൻ മോദിയും അമിത്‌ ഷായും തയ്യാറായില്ല.


ജനവികാരം പൂർണമായും എതിരായെന്ന്‌ കണ്ടതോടെ പതിവ്‌ കുതന്ത്രങ്ങളിലേക്ക്‌ മോദിസർക്കാർ നീങ്ങി. ഗുസ്‌തി താരങ്ങളുമായി അമിത്‌ ഷാ നടത്തിയ രാത്രി ചർച്ചയോടെയാണ്‌ ഇതിന്‌ തുടക്കം. ചർച്ചയ്‌ക്കു പിന്നാലെ താരങ്ങൾ ജോലിയിൽ പ്രവേശിച്ചു. ഇതോടെ മോദി അനുകൂല മാധ്യമങ്ങൾ അവരുടെ നുണനിർമാണം തുടങ്ങി. അമിത്‌ ഷായുമായുള്ള ചർച്ചയ്‌ക്ക്‌ പിന്നാലെ താരങ്ങൾ സമരം ഉപേക്ഷിച്ചെന്നായി വാർത്താസൃഷ്ടി. സാക്ഷി മലിക്‌ അടക്കമുള്ളവർ ഇത്‌ നിരാകരിച്ചതോടെ വാർത്ത പൊളിഞ്ഞു. പ്രായപൂർത്തിയാകാത്ത താരം പരാതി പിൻവലിച്ചെന്നായി തുടർന്നുള്ള പ്രചാരണം. കുട്ടിയുടെ അച്ഛൻ തന്നെ ഇത്‌ നിഷേധിച്ചു രംഗത്തുവന്നു. കർഷകസംഘടനകൾ പിൻവാങ്ങിയെന്നും പ്രചാരണമുണ്ടായി.

രഹസ്യമായിരിക്കുമെന്ന്‌ ഉറപ്പുനൽകിയതുകൊണ്ടാണ്‌ അമിത്‌ ഷായെ കണ്ടതെന്നും എന്നാൽ, സർക്കാർതന്നെ വാർത്ത ചോർത്തിയെന്നും താരങ്ങൾ ആരോപിച്ചു. ഇതോടെ വീണ്ടും ചർച്ചയാകാമെന്ന്‌ ഷാ നിർദേശിച്ചു. ഇപ്രകാരം കായികമന്ത്രി അനുരാഗ്‌ താക്കൂറുമായി ബുധനാഴ്‌ച താരങ്ങൾ വീണ്ടും ചർച്ച നടത്തി. ഈ മാസം 15 വരെയാണ്  സർക്കാർ സാവകാശം  തേടിയിരിക്കുന്നത്‌. ഇതനുസരിച്ച്‌ 15 വരെ  സമരപരിപാടികൾ ഉണ്ടാകില്ലെന്ന്‌ താരങ്ങളും അറിയിച്ചിട്ടുണ്ട്‌. മോദി സർക്കാർ എല്ലാവിധ സമർദതന്ത്രവും പ്രയോഗിച്ചിട്ടും ബ്രിജ്‌ ഭൂഷണിന്റെ അറസ്റ്റ്‌ അടക്കമുള്ള ആവശ്യങ്ങളിൽനിന്ന്‌ പിന്നോട്ടില്ലെന്ന നിലപാടിൽത്തന്നെയാണ്‌ ഗുസ്‌തി താരങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top