04 October Wednesday

നീതിനിഷേധത്തിന്റെ ‘മോദി ഇന്ത്യ'

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023


പൊങ്ങച്ചവും പൊള്ളയായ പ്രകടനപരതയും മുറ്റിനിന്ന പാർലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങിനിടെ, രാജ്യാന്തരവേദികളിൽ ഇന്ത്യയുടെ യശസ്സുയർത്തിയ കായികതാരങ്ങൾ പൊലീസിന്റെ  കൊടിയ മർദനത്തിനിരയായി തടവറയിൽ അടയ്ക്കപ്പെട്ടത്‌ മോദിയുടെ ‘പുതിയ ഇന്ത്യ' യുടെ വിളംബരമായി. "ഉറക്കം നഷ്ടപ്പെട്ട രാവു മുഴുവൻ കൊടിയ പീഡനമേറ്റ എന്റെ സഹപ്രവർത്തകരുടെ മുഖങ്ങൾ എന്നെ വേട്ടയാടി’ എന്ന ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ വാക്കുകളിൽ കായിക ലോകത്തിന്റെ മാത്രമല്ല, ജനാധിപത്യ ഇന്ത്യയുടെ മുഴുവൻ ആശങ്കയും നിറഞ്ഞുനിൽക്കുന്നു.

പ്രായപൂർത്തിയാകാത്ത ഒരാളെയടക്കം വനിതാ ഗുസ്തി താരങ്ങളെ  ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്ന അതീവ ഗൗരവതരമായ പരാതിയിൽ എഫ്ഐആർ ഇടാൻപോലും ആഴ്ചകൾ വേണ്ടിവന്നു. എന്നാൽ, നീതിക്കുവേണ്ടി പ്രതിഷേധമുയർത്തിയ കായികതാരങ്ങൾക്കെതിരെ കലാപക്കുറ്റത്തിന് കേസെടുക്കാൻ സംഘപരിവാർ ഭരണകാലത്തെ പൊലീസിന്‌ അൽപ്പംപോലും കാലതാമസം വേണ്ടിവന്നില്ല. ഇന്ത്യ ജനാധിപത്യത്തിന്റെ അമ്മ മാത്രമല്ലെന്നും മാതൃകാ ജനാധിപത്യമാണെന്നും പുതിയ പാർലമെന്റ് മന്ദിരത്തിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുമ്പോൾ, ജനാധിപത്യത്തിന്റെ ആണിക്കല്ലായ നീതിക്കുവേണ്ടി പ്രക്ഷോഭത്തിന്റെ മാർഗം സ്വീകരിക്കേണ്ടി വന്ന കായികതാരങ്ങളെ കേന്ദ്ര സർക്കാരിന്റെ മർദനോപകരണം മാത്രമായി തീർന്ന ഡൽഹി പൊലീസ്‌ തെരുവിൽ വലിച്ചിഴയ്‌ക്കുകയായിരുന്നു. കഠിനാധ്വാനവും കരുത്തുംകൊണ്ട്, അന്താരാഷ്‌ട്രതലത്തിൽ  ഇന്ത്യയുടെ അഭിമാനമായി മാറിയ കായികതാരങ്ങൾ അപമാനിക്കപ്പെട്ട നിമിഷങ്ങൾ.  പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന ഘട്ടം വന്നപ്പോഴാണ് ഏപ്രിൽ 23 മുതൽ ഒളിമ്പിക് ഏഷ്യൻ ഗെയിംസ് ചാമ്പ്യന്മാരായ വിനേഷ് ഫോഗട്ട്, സാക്ഷി മലിക്, ബജ്റംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രത്യക്ഷസമരം ആരംഭിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ മഹിളാ സമ്മാൻ മഹാപഞ്ചായത്ത് സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനൊരുമ്പെട്ട രാജ്യത്തിന്റെ അഭിമാനഭാജനങ്ങളായ താരങ്ങളെ ശത്രുസൈന്യത്തെയെന്നപോലെയായിരുന്നു ഡൽഹി പൊലീസ് നേരിട്ടത്.

അവർ താമസിച്ചിരുന്ന ടെന്റുകളും മറ്റ് അവശ്യവസ്തുക്കളും തല്ലിത്തകർത്തു. വനിതകളടക്കം കായികതാരങ്ങളെ തല്ലിച്ചതച്ച് വലിച്ചിഴച്ച് തടവറയിൽ അടച്ചു. കായികതാരങ്ങളെ മാത്രമല്ല, അവരെ പിന്തുണച്ച് പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രതിഷേധിച്ച മുൻ എംപി സുഭാഷിണി അലി, ആനി രാജ തുടങ്ങിയവർ ഉൾപ്പെടെയുള്ള ഇടതുപക്ഷ വനിതാ പ്രവർത്തകരെയും ജെഎൻയു വിദ്യാർഥികളെയും അറസ്റ്റ് ചെയ്തു. ഹരിയാനയിലും പഞ്ചാബിലും നിന്നുമുള്ള കർഷക നേതാക്കളെയും മാധ്യമപ്രവർത്തകരെയും ബ്ലോഗർമാരെയും നിയമജ്ഞരെയും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റ് ചെയ്ത നിരവധിപേരെ നിയമ സഹായംപോലും ലഭ്യമാകാത്ത വിധം ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലുള്ള പൊലീസ് സ്റ്റേഷനുകളിൽ തടവിലാക്കി. ജനാധിപത്യരീതിയിൽ പ്രതിഷേധിച്ച കായികതാരങ്ങൾക്കെതിരെ ഒടുവിൽ  കലാപക്കുറ്റത്തിന് കേസും.

സമരക്കാർക്കിടയിൽ ബാഹ്യശക്തികൾ നുഴഞ്ഞുകയറിയെന്ന് പൊലീസ് നടപടിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി കെ സിങ്‌ പറഞ്ഞത് ഇനിയങ്ങോട്ട് കേന്ദ്രസർക്കാർ സമരത്തെ എങ്ങനെ നേരിടുമെന്നതിന്റെ സൂചനയായി. ദേശവിരുദ്ധ ശക്തികളുടെ കൈയിലമർന്ന സമരത്തെ ശക്തമായി നേരിടണമെന്ന് സംഘപരിവാർ ജിഹ്വകളിലും മോദിവിധേയ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മുറവിളി ഉയരും. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ വെടിവയ്‌ക്കുമെന്ന മുൻ കേരള ഡിജിപി എൻ സി അസ്താനയുടെ ട്വീറ്റ് അതിനു നാന്ദിയായി വേണം കണക്കാക്കാൻ. എന്നാൽ, ബ്രിജ്ഭൂഷണിന്റെ അറസ്റ്റ് വരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ ഗുസ്തി താരങ്ങൾക്ക് രാജ്യത്തിന്റെ എല്ലാ മേഖലകളിൽനിന്നും പിന്തുണ ഉയർന്നു. ജനാധിപത്യ അവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള തീക്ഷ്ണ സമരങ്ങളെ മോദിയുടെ മൗനംകൊണ്ടോ അർഥരഹിതമായ വാചാടോപംകൊണ്ടോ അമിത് ഷായുടെ അടിച്ചമർത്തൽകൊണ്ടോ അടക്കാനാകില്ലെന്ന് കർഷക സമരം തെളിയിച്ചതാണ്. ഏതെങ്കിലുമൊരു വ്യക്തിയുടെ അമിതാധികാര പ്രവണതകളോടല്ല, അതടക്കം എല്ലാ ജനാധിപത്യ നൈതിക വിരുദ്ധതകളെയും സംരക്ഷിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തോടാണ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ഈ കായികതാരങ്ങൾ പൊരുതുന്നത്. അത് ലക്ഷ്യം കാണേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആവശ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top