27 April Saturday

മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങുവീഴുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Thursday Feb 17, 2022


പാരിസ്‌ ആസ്ഥാനമായ _‘ റിപ്പോർട്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡേഴ്‌സ്‌(ആർഎസ്‌എഫ്‌)’ എന്ന രാജ്യാന്തരപ്രസ്ഥാനം തയ്യാറാക്കുന്ന ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ കഴിഞ്ഞവർഷം ഇന്ത്യ 142–-ാം സ്ഥാനത്തായിരുന്നു. മൊത്തം 180 രാജ്യമാണ്‌ പട്ടികയിൽ ഉണ്ടായിരുന്നത്‌. 2016ൽ ഇന്ത്യ 133–-ാം സ്ഥാനത്തായിരുന്നു. ഓരോ വർഷം പിന്നിടുമ്പോഴും സ്ഥിതി കൂടുതൽ മോശമായി. ലോകത്ത്‌ മാധ്യമപ്രവർത്തനം ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യയെന്ന്‌ ആർഎസ്‌എഫ്‌ റിപ്പോർട്ടിൽ വ്യക്തമാക്കി. അഫ്‌ഗാനിസ്ഥാൻ, ഉഗാണ്ട, പലസ്‌തീൻ, മ്യാന്മർ തുടങ്ങിയ സംഘർഷബാധിത രാജ്യങ്ങൾപോലും പട്ടികയിൽ ഇന്ത്യക്ക്‌ മുന്നിലാണ്‌. ഇതേത്തുടർന്ന്‌ _സൂചികയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ആർഎസ്‌എഫിന്റെ നിഗമനങ്ങളോട്‌ യോജിക്കുന്നില്ലെന്ന്‌ വാർത്താവിതരണ മന്ത്രി അനുരാഗ്‌ ഠാക്കൂർ ലോക്‌സഭയിൽ മറുപടി നൽകി.

എന്നാൽ _മോദിസർക്കാർ വീണ്ടും അധികാരത്തിൽ വന്നശേഷം രാജ്യത്ത്‌ മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണം രൂക്ഷമായെന്ന്‌ വസ്‌തുതാപരമായ നിരീക്ഷണം നടത്തുന്ന ആർക്കും ബോധ്യമാകും. സർക്കാരിനെ വിമർശിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കുക, രാജ്യ*ദ്രോഹക്കുറ്റം ചുമത്തുക, മാധ്യമസ്ഥാപനങ്ങളെ കേന്ദ്രഏജൻസികളെ ഉപയോഗിച്ച്‌ വേട്ടയാടുക, ശാരീരികമായി ആക്രമിക്കുക തുടങ്ങിയ സംഭവങ്ങൾ _ആവർത്തിക്കുന്നു. മാധ്യമപ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ നടത്തുന്ന പ്രതികരണങ്ങളുടെ പേരിലടക്കം കേസുകളിൽ പ്രതികളാകുന്നു. പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയർ _രാജ്യത്ത്‌ ഉപയോഗിക്കുന്നതായി വെളിപ്പെട്ടതോടെ മാധ്യമപ്രവർത്തകർ നിരന്തരമായി അനധികൃത നിരീക്ഷണത്തിലാണെന്നും തെളിഞ്ഞു.

അടിയന്തരാവസ്ഥയെ ഓർമിപ്പിച്ച്‌ മാധ്യമങ്ങൾക്കുനേരെ കേന്ദ്രം പരസ്യമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നു. 2020ൽ ഡൽഹി വർഗീയകലാപം റിപ്പോർട്ട്‌ ചെയ്‌ത രീതിയുടെ പേരിൽ ഏഷ്യാനെറ്റ്‌ന്യൂസ്‌, മീഡിയ വൺ ചാനലുകൾക്ക്‌ സംപ്രേഷണ വിലക്ക്‌ ഏർപ്പെടുത്തിയത്‌ ഐടി മന്ത്രാലയം പാർലമെന്ററി സ്‌റ്റാൻഡിങ്‌ കമ്മിറ്റിയുടെ വിമർശത്തിനു വിധേയമായി. വിശദീകരണം നൽകാൻ മാധ്യമസ്ഥാപനങ്ങൾക്ക്‌ _അവസരം നൽകാതെയാണ്‌ മന്ത്രാലയം നടപടി സ്വീകരിച്ചതെന്ന്‌ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ്‌ന്യൂസ്‌ മാപ്പ്‌ എഴുതിക്കൊടുത്താണ്‌ വിലക്ക്‌ നീക്കിയതെന്നും സ്‌റ്റാൻഡിങ്‌ കമ്മിറ്റി റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. അത്യന്തം ലജ്ജാകരമായ സ്ഥിതിവിശേഷമാണ്‌ രാജ്യത്ത്‌ നിലനിൽക്കുന്നതെന്ന്‌ ഇതിൽനിന്ന്‌ വ്യക്‌തമാകുന്നു. ഇപ്പോൾ കാരണങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകാതെ മീഡിയ വൺ _ചാനലിനു സംപ്രേഷണ അനുമതി നിഷേധിച്ചിരിക്കയാണ്‌. കോവിഡ്‌ മഹാമാരി കൈകാര്യം ചെയ്‌തതിലെ കെടുകാര്യസ്ഥതകൾ റിപ്പോർട്ട്‌ ചെയ്‌ത ‘ദൈനിക്‌ ഭാസ്‌കർ’ ദിനപത്രത്തിന്റെയും ‘ഭാരത്‌ സമാചാർ’ ടെലിവിഷൻ ചാനലിന്റെയും ഓഫീസുകളിൽ ആദായനികുതിവകുപ്പ്‌ റെയ്‌ഡ്‌ നടത്തി. _ജീവനക്കാരുടെ വസതികളിലും പരിശോധന നടന്നു. സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും താക്കീത്‌ എന്ന നിലയിലാണ്‌ ഈ റെയ്‌ഡുകളെന്ന്‌ ‘ദൈനിക്‌ ഭാസ്‌കർ’ അധികൃതരും മാധ്യമപ്രവർത്തകരുടെ സംഘടനകളും പ്രതികരിച്ചു.

മാധ്യമപ്രവർത്തകരുടെ _റിപ്പോർട്ടിങ്‌ സൗകര്യങ്ങൾ വെട്ടിച്ചുരുക്കാൻ കോവിഡ്‌ മറയാക്കി. പാർലമെന്റ്‌ സമ്മേളനറിപ്പോർട്ടിങ്ങിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുകയാണ്‌. രാജ്യതലസ്ഥാനമേഖലയിലെ _മാധ്യമപ്രവർത്തകർക്ക്‌ പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോ(പിഐബി) _നൽകുന്ന അക്രഡിറ്റേഷൻ പുതുക്കൽ വൈകിച്ചു. അക്രഡിറ്റേഷൻ മാനദണ്ഡങ്ങളിൽ കർശനവ്യവസ്ഥകൾ വാർത്താവിതരണ–-പ്രക്ഷേപണ മന്ത്രാലയം കൊണ്ടുവന്നത്‌ മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള ഒടുവിലത്തെ _ കടന്നാക്രമണമാണ്‌. _രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും എതിരായി മാധ്യമപ്രവർത്തകൻ പ്രവർത്തിക്കുകയോ വിദേശരാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയോ പൊതുക്രമത്തിനും ധാർമികതയ്‌ക്കും എതിരായി നിലകൊള്ളുകയോ കോടതിയലക്ഷ്യം കാട്ടുകയോ ചെയ്‌താൽ അക്രഡിറ്റേഷൻ ഉടൻ റദ്ദാകുമെന്ന്‌ നിബന്ധനയിൽ വിശദീകരിക്കുന്നു. മോദിസർക്കാരിന്റെ പ്രവർത്തനശൈലി പരിഗണിക്കുമ്പോൾ അങ്ങേയറ്റം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ള വകുപ്പാണിത്‌. ഏതു വിഷയത്തിലും ഔദ്യോഗിക ഭാഷ്യത്തിനു പുറത്തുള്ള കാര്യങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്ന മാധ്യമപ്രവർത്തകരെ ശിക്ഷിക്കാൻ വഴിയൊരുക്കുന്ന വ്യവസ്ഥയായി ഇതു മാറും.

നാഷണൽ അലൈൻസ്‌ ഓഫ്‌ ജേർണലിസ്‌റ്റ്‌സും ഡൽഹി യൂണിയൻ ഓഫ്‌ ജേർണലിസ്‌റ്റ്‌സും ന്യൂഡൽഹിയിലെ പ്രസ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യയും _ഇതിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്‌. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിൽ അധിഷ്‌ഠിതമായ മാധ്യമസ്വാതന്ത്ര്യം അട്ടിമറിക്കപ്പെടുന്നത്‌ രാജ്യത്തെ ജനാധിപത്യസംവിധാനത്തെ അപകടത്തിലാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top