29 March Friday

കരംകോർക്കാം നമ്മുടെ ഭൂമിക്കായ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 22, 2020



അര നൂറ്റാണ്ടുമുമ്പ്‌ ഈ ദിവസമാണ്‌ ലോകത്തിൽ ആദ്യമായി ഭൗമദിനം ആചരിച്ചത്‌. അമേരിക്കയിലെ കലിഫോർണിയയിലെ സാന്തബാരയിൽ എണ്ണക്കിണർ ചോർച്ചയെത്തുടർന്ന്‌ ആയിരക്കണക്കിനു മത്സ്യങ്ങളും കടൽജീവികളും ചത്തുപൊങ്ങി. ഇതോടെ അമേരിക്കയിലെങ്ങും ശക്തമായ പ്രതിഷേധം ഉയർന്നു. പ്രകൃതി സംരക്ഷണം പ്രധാന മുദ്രാവാക്യമായി. ഇതിന്റെ ഫലമായിരുന്നു 1970 ഏപ്രിൽ 22ലെ ആദ്യ ഭൗമദിനാചരണം. അന്ന്‌ ദിനാചരണം അമേരിക്കയിൽമാത്രമായിരുന്നെങ്കിൽ അമ്പതാം വാർഷികം ലോകമെമ്പാടും ആചരിക്കുകയാണ്‌. ഇതിൽനിന്നുതന്നെ ഭൗമദിനത്തിന്റെ പ്രാധാന്യം വ്യക്തമാകും.

മനുഷ്യരാശിക്ക്‌ കടുത്ത ഭീഷണി ഉയർത്തി കോവിഡ്‌–- 19 മഹാമാരി സംഹാരതാണ്ഡവം ആടുന്ന ഘട്ടത്തിലാണ്‌ ഇത്തവണത്തെ ഭൗമദിനം. ഇന്ന്‌ ലോകമെങ്ങും ചർച്ചചെയ്യുന്ന കാലാവസ്ഥാമാറ്റം എന്ന വിഷയമാണ്‌ ഈ ദിനാചരണവും മുന്നോട്ടുവയ്‌ക്കുന്ന ആശയം. വൈറസ്‌ ബാധയും കാലാവസ്ഥാമാറ്റവും തമ്മിൽ ബന്ധമുണ്ടെന്ന ചർച്ചയും ഇന്ന്‌ സജീവമാണ്‌. നാം അധിവസിക്കുന്ന ഭൂമിയെ വരുംതലമുറയ്‌ക്കായി സംരക്ഷിക്കണമെന്ന ആശയമാണ്‌ ഓരോ ഭൗമദിനവും മുന്നോട്ടുവയ്‌ക്കുന്നത്‌. കൊറോണക്കാലത്ത്‌ ശാരീരിക അകലം പാലിക്കണമെന്നതിനാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ചായിരിക്കും ഈ വർഷത്തെ ദിനാചരണമെന്ന പ്രത്യേകതകൂടിയുണ്ട്‌. കേരളത്തിൽ ഈ ദിനത്തിൽ സിപിഐ എം നേതൃത്വത്തിൽ പച്ചക്കറി–-ജൈവകൃഷി പ്രോത്സാഹനത്തിന്‌ മുൻകൈ എടുക്കുന്നുവെന്നത്‌ സ്വാഗതാർഹമായ നീക്കമാണ്‌.

ലാഭത്തിൽമാത്രം കണ്ണുനട്ട ലോകമുതലാളിത്തമാണ്‌ പ്രകൃതിചൂഷണത്തിൽ മുന്നിട്ടുനിന്നത്‌. ലക്കും ലഗാനുമില്ലാത്ത ഈ ചൂഷണത്തിന്റെ ഫലമായി  പ്രകൃതിയുടെ താളംതെറ്റാൻ തുടങ്ങിയെന്നതാണ്‌ വാസ്‌തവം. പൊതുവെ ചൂട്‌ കൂടിവരികയാണ്‌. അന്തരീക്ഷത്തിൽ മാത്രമല്ല, സമുദ്രോപരിതലത്തിലും ചൂട്‌ കൂടാൻ തുടങ്ങി. അതോടൊപ്പം കൊടുങ്കാറ്റും ചുഴലിക്കാറ്റും ആവർത്തിച്ച്‌ ദുരന്തം വിതയ്‌ക്കാൻ ആരംഭിച്ചു. പ്രളയവും വെള്ളപ്പൊക്കവും കടലേറ്റവും വർധിച്ചുവരികയാണ്‌. ഇടിയും മിന്നലും കൂടുതൽ നാശംവിതയ്‌ക്കാനും ആരംഭിച്ചു. കാലാവസ്ഥാമാറ്റം ഒരു യാഥാർഥ്യമാണ് ഇന്ന്‌. ആ ദുരന്തത്തിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കാൻ ഒരു രാജ്യത്തിനും ഇന്ന്‌ കഴിയുന്നില്ല. (നമ്മുടെ സംസ്ഥാനമായ കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. ഓഖിയും പ്രളയവും സംസ്ഥാനത്തെയും വേട്ടയാടുകയുണ്ടായി). ഈ ഘട്ടത്തിലാണ്‌ ഐക്യരാഷ്ട്ര സംഘടനതന്നെ പ്രകൃതി സംരക്ഷണം പ്രധാന അജൻഡയായി ഏറ്റെടുക്കുകയും 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ആദ്യ ഭൗമ ഉച്ചകോടിക്ക്‌ വേദിയൊരുക്കുകയും ചെയ്‌തത്‌‌. ഇതോടെ‌ നാം ജീവിക്കുന്ന ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കണമെന്നും അതിന്‌ കഴിയാത്തപക്ഷം ഭൂമിയിൽ വാസം അസാധ്യമാകുമെന്ന ആശയം ശക്തിപ്പെട്ടു‌.


 

ഭൗമ ഉച്ചകോടിയുടെയും മറ്റും ഫലമായി ലോകരാജ്യങ്ങളിൽ ഉയർന്നുവന്ന പാരിസ്ഥിതിക അവബോധത്തിന്റെ ഫലമായാണ്‌ കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം കുറച്ചുകൊണ്ടുവരിക ലക്ഷ്യമാക്കി 2016ൽ പാരീസ്‌ ഉടമ്പടി ഒപ്പിട്ടത്‌. അമേരിക്ക, ചൈന, ബ്രിട്ടൻ, ഫ്രാൻസ്‌, ഇന്ത്യ ഉൾപ്പെടെയുള്ള 195 രാഷ്ട്രങ്ങൾ ഈ കരാറിന്റെ ഭാഗമാകുകയും ചെയ്‌തു. അന്തരീക്ഷ ഊഷ്‌മാവും  ഗ്രീൻഹൗസ്‌ വാതകങ്ങളുടെ തോതും കുറച്ചുകൊണ്ടുവരിക എന്നതായിരുന്നു ഈ കരാറിന്റെ ലക്ഷ്യം. ഇതു സംബന്ധിച്ച്‌ വികസിത രാഷ്ട്രങ്ങളും വികസ്വര രാഷ്ട്രങ്ങളും തമ്മിൽ ചില തർക്കങ്ങളൊക്കെ ഉയർന്നുവന്നെങ്കിലും കാലാവസ്ഥാമാറ്റം തടയേണ്ടതാണെന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല.

എന്നാൽ, ലോകത്തെമ്പാടും  ഉയർന്ന തീവ്രവലതുപക്ഷ നേതൃത്വം ലോകജനതയുടെ ഈ ആകുലത പങ്കുവയ്‌ക്കുന്നില്ല. കണ്ണും കാതുമില്ലാതെ പ്രകൃതിചൂഷണം തുടരണമെന്ന പക്ഷക്കാരാണ്‌ അവർ. മനുഷ്യരാശിയുടെ ഭാവിയോ നിലനിൽപ്പോ അല്ല, മറിച്ച്‌ കോർപറേറ്റുകളുടെ ലാഭംമാത്രം ലക്ഷ്യമാക്കുന്ന ഇക്കൂട്ടർ കാലാവസ്ഥാമാറ്റംതന്നെ ഇല്ലെന്ന പക്ഷത്താണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌. ഇതിന്റെ ഫലമായാണ്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പാരീസ്‌ ഉടമ്പടിയിൽനിന്ന്‌ ഏകപക്ഷീയമായി പിന്മാറിയത്‌. ഇതുവഴി ലോകജനതയോടും നാം അധിവസിക്കുന്ന ഭൂമിയോടുമാണ്‌ ട്രംപ്‌ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ളത്‌. ഇതേ ഘട്ടത്തിലാണ്‌ കോവിഡ്‌ എന്ന മഹാമാരി ലോകത്തെമ്പാടും പടർന്നുപിടിച്ചത്‌. വൈറസ്‌ ബാധയുടെ വ്യാപനം തടയുന്നതിനായി അടച്ചുപൂട്ടലാണ്‌ ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ സ്വീകരിച്ച നടപടി. അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിന്‌ അടച്ചുപൂട്ടൽ സഹായിച്ചെന്ന കാര്യത്തിൽ സംശയമില്ല. മറ്റൊരർഥത്തിൽ ഭൗമസംരക്ഷണത്തിനുള്ള പ്രാധാന്യം ആവർത്തിച്ച്‌ ഉറപ്പിക്കുകയാണ്‌ കോവിഡ്‌ രോഗം. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണവും  മാനവപുരോഗതിയും ലക്ഷ്യമാക്കിയുള്ള കാര്യക്ഷമമായ നടപടികൾ കൈക്കൊള്ളാൻ ഇനിയെങ്കിലും ലോകരാഷ്ട്രങ്ങൾ മുന്നോട്ടുവരുമെന്ന്‌ പ്രതീക്ഷിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top