24 April Wednesday

വീണ്ടും ലോകകപ്പ‌് ക്രിക്കറ്റ‌് ആരവം

വെബ് ഡെസ്‌ക്‌Updated: Thursday May 30, 2019


ലോകകപ്പ‌് ക്രിക്കറ്റ‌് 20 വർഷത്തിനുശേഷം അതിന്റെ തറവാട്ടിലേക്ക‌് തിരിച്ചെത്തുന്നു. 12–-ാമത‌് ലോകകപ്പ‌് ക്രിക്കറ്റിന‌് ഇംഗ്ലണ്ടിലും വെയ‌്ൽസിലുമായി തുടക്കം. 46 ദിവസം, 48 കളികൾ. ജൂലൈ 14ന‌് ലോർഡ‌്സിൽ ഫൈനലോടെ സമാപനം. ലോകമെമ്പാടുമുള്ള ആരാധകർ പ്രതീക്ഷയോടെയാണ‌് കാത്തിരിക്കുന്നത‌്. ലോകകപ്പിന്റെ ആരവവും ആവേശവും കേരളത്തിലുമുണ്ട‌്.

  10 ടീമുകളാണ‌് ലോകകപ്പിൽ അണിനിരക്കുന്നത‌്. ഇന്ത്യക്കു പുറമെ ഓസ‌്ട്രേലിയ, ഇംഗ്ലണ്ട‌്, പാകിസ്ഥാൻ, ന്യൂസിലൻഡ‌്, വെസ‌്റ്റിൻഡീസ‌്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ‌്, ശ്രീലങ്ക, അഫ‌്ഗാനിസ്ഥാൻ എന്നീ ടീമുകളാണ‌് പങ്കെടുക്കുന്നത‌്. 2017 സെപ‌്തംബറിലെ ഏകദിന റാങ്കിങ് നോക്കിയാണ‌് ടീമുകൾ യോഗ്യത നേടിയത‌്. അന്നത്തെ ആദ്യ ഏഴ‌ു സ്ഥാനക്കാരും ആതിഥേയരായ ഇംഗ്ലണ്ടും നേരിട്ട‌് യോഗ്യത നേടി. വെസ‌്റ്റിൻഡീസും അഫ‌്ഗാനിസ്ഥാനും യോഗ്യതാ മത്സരം കളിച്ചുമെത്തി.

ഇതുവരെ നടന്ന 11 ലോകകപ്പുകളിൽ അഞ്ചു തവണ ഓസ‌്ട്രേലിയ ചാമ്പ്യൻമാരായി. നിലവിലെ ജേതാക്കളും ഓസീസാണ‌്. ഇന്ത്യയും വിൻഡീസും രണ്ട‌ു തവണ ലോക കിരീടം നേടിയിട്ടുണ്ട‌്. പാകിസ്ഥാനും  ശ്രീലങ്കയും ഓരോ തവണയും. ഇത്തവണയും കപ്പിനായുള്ള പോരാട്ടത്തിൽ പരമ്പരാഗത ശക്തികൾതന്നെ മുന്നിൽ. ഒരിക്കലും കപ്പ‌് നേടാത്ത ഇംഗ്ലണ്ടാണ‌് ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീം. ഒപ്പം ഇന്ത്യയും  ഓസ‌്ട്രേലിയയുമുണ്ട‌്‌. പാകിസ്ഥാനും വെസ‌്റ്റിൻഡീസും ന്യൂസിലൻഡും ലോകകപ്പിൽ അത്ഭുതം കാണിക്കുന്നവരാണ‌്. മികച്ച കളി പുറത്തെടുത്തിട്ടും അവസാന നിമിഷം പിന്തള്ളപ്പെട്ട ചരിത്രമാണ‌് ദക്ഷിണാഫ്രിക്കയുടേത‌്. 1996ൽ കപ്പ‌് നേടിയ ശ്രീലങ്ക, ടീമിലെ ആഭ്യന്തര കുഴപ്പങ്ങൾ കാരണം പ്രതിസന്ധിയിലാണ‌്. ബംഗ്ലാദേശും അഫ‌്ഗാനും അവരുടെ ദിവസം ഏത‌് വമ്പനെയും വീഴ‌്ത്തും.
1983ലെ ലോകകപ്പ‌് വിജയം ഇന്ത്യയുടെ  കായിക ചരിത്രംതന്നെ മാറ്റിയെഴുതി. ദേശീയ വിനോദമായ ഹോക്കിയെ മറികടന്ന‌് ക്രിക്കറ്റ‌് ജനപ്രിയ കളിയായി മാറി. 

തെരുവിലും വഴികളിലും പാടത്തും പറമ്പിലും പിച്ചുകൾ ഒരുങ്ങി. പരമ്പരാഗത കളികളെ ക്രിക്കറ്റ‌് വിഴുങ്ങി. കപിൽദേവിന്റെ നേതൃത്വത്തിലുള്ള കിരീടനേട്ടം അപ്രതീക്ഷിതമായിരുന്നു. എന്നാൽ,  2011ൽ മഹേന്ദ്രസിങ് ധോണിയുടെ നേട്ടം പ്രവചിക്കപ്പെട്ടതാണ‌്. കപിൽ കപ്പ‌് നേടിയിട്ട‌് 36 വർഷമായിരിക്കുന്നു. ജനപ്രീതിയിൽ ഈ കളി ഇപ്പോഴും ഒന്നാമതുതന്നെ.  ക്രിക്കറ്റ‌്  ഇന്ത്യയിൽ കളിക്കപ്പുറമുള്ള വൈകാരികതയായി പടർന്നുകഴിഞ്ഞു. അതിനുള്ള ഉദാഹരണമാണ‌് ഇന്ത്യയും  പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ‌് പോരാട്ടം. പാകിസ്ഥാനെതിരെ കളിക്കാൻ പാടില്ലെന്ന വാദവുമായി ചിലർ രംഗത്തുവന്നു കഴിഞ്ഞു. ജൂൺ 16ന‌ു നടക്കേണ്ട കളിയിൽ ഇന്ത്യ ഇറങ്ങണോയെന്ന‌് കേന്ദ്ര സർക്കാർ തീരുമാനിക്കട്ടെയെന്നാണ‌് ഇന്ത്യൻ ക്രിക്കറ്റ‌് കൺട്രോൾ ബോർഡിന്റെ നിലപാട‌്.  ക്രിക്കറ്റിലെ വിജയത്തിന‌് സ‌്പോർട‌്സിന‌് അപ്പുറത്തേക്കുള്ള അർഥവും വ്യാഖ്യാനവും നൽകിയുള്ള ചർച്ചകൾ ഏതായാലും ഗുണകരമല്ല.

  1975ൽ ഇംഗ്ലണ്ടിൽ ആരംഭിച്ച ലോകകപ്പ‌് 2019ൽ തിരിച്ചെത്തുമ്പോഴേക്കും  ക്രിക്കറ്റിന്റെ രൂപവും ഭാവവും ഏറെ മാറി. കളിയുടെ രീതിയും സമീപനവും അമ്പരപ്പിക്കുംവിധം മാറ്റിമറിക്കപ്പെട്ടു. കളിക്കളത്തിൽ സാങ്കേതികത്തികവിനപ്പുറം പവറും പ്രായോഗികതയും സ്ഥാനംപിടിച്ചു. പവർ ഹിറ്റർമാരില്ലാതെ മുന്നോട്ടുപോകാനാകാത്ത അവസ്ഥ. ലോകകപ്പ‌് മാത്രമല്ല, ഏകദിന ടൂർണമെന്റുകൾ ആകെയും പണം കുമിയുന്ന മഹാമേളകളായി. കോടികൾ മറിയുന്ന ടെലിവിഷൻ സംപ്രേഷണാവകാശവും സ‌്പോൺസർഷിപ്പുകളും ഈ കളിയുടെ ഭാഗമായി. ബഹുരാഷ‌്ട്ര കമ്പനികൾ കച്ചവടസാധ്യത മുന്നിൽക്കണ്ട‌് പണമെറിഞ്ഞു. കളി കച്ചവടമായതോടെ അതിന്റെ പുഴുക്കുത്തുകൾ കളിക്കാരെയും ബാധിച്ചു. വാതുവയ‌്പുകളും ഒത്തുകളിയും ഈ ‘ജെന്റിമാൻ’ ഗെയിമിനെ ബാധിച്ചു. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ‌് രാജ്യാന്തര ക്രിക്കറ്റ‌് കൗൺസിൽ (ഐസിസി) കടുത്ത നിരീക്ഷണവുമായി രംഗത്തുണ്ട‌്.

ട്വന്റി–-20യും ഐപിഎൽ ക്രിക്കറ്റും കളം ഭരിക്കുമ്പോഴും നാലു വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോകകപ്പിന‌് പ്രൗഢിയും ഗാംഭീര്യവുമുണ്ട‌്. ഏത‌് ഏകദിന കിരീടം ചൂടിയാലും റെക്കോഡുകൾ തകർത്താലും ലോകകപ്പ‌് നേടിയില്ലെങ്കിൽ പൂർണതയില്ല. ലോകകപ്പ‌് നേടാത്ത കരീബിയൻ ഇതിഹാസം ബ്രയാൻ ലാറ സോക്കർ കിരീടം നേടാത്ത മെസിയെപ്പോലെയാണ‌്. എന്തോ ഒന്ന‌് പൂർണമാകാത്ത പോലെ ലാറയും മെസിയും നെടുവീർപ്പിടുന്നു.

  ഈ കപ്പ‌് എന്തായാലും ആരാധകരെ വിസ‌്മയിപ്പിക്കും. ബാറ്റിൽ റണ്ണൊഴുകും, പന്തുകൾ വിക്കറ്റുകൾ തേടും. പുതിയ രാജാക്കന്മാർ അവതരിച്ചേക്കാം, രാജകുമാരന്മാർ പിറവിയെടുത്തേക്കാം. അവരുടെ കുളമ്പടിയൊച്ചയ‌്ക്കായി കാതോർക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top