നിയമനിർമാണസഭകളിൽ വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ചെയ്യുന്നത് എന്തുകൊണ്ടും സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ സിപിഐ എം സുസ്ഥിര നിലപാടാണ് തുടക്കംമുതൽ സ്വീകരിച്ചുവരുന്നത്. വളരെ സുപ്രധാനമായ ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ നിലപാട് വ്യക്തമാക്കിയ ഏക രാഷ്‌ട്രീയ പാർടി സിപിഐ എമ്മാണ്. അടുത്ത ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിന് ചുരുങ്ങിയ സമയം ശേഷിക്കവെ മോദിസർക്കാർ തിരക്കിട്ട് വനിതാ സംവരണ ബിൽ കൊണ്ടുവന്ന സാഹചര്യത്തിലാണ് ഇത്രയും പറയേണ്ടിവരുന്നത്. 10 വർഷം ഭരണത്തിലിരുന്ന സർക്കാരാണ് നിയമനിർമാണ സഭകളിൽ മൂന്നിലൊന്ന് വനിതാപ്രാതിനിധ്യം എപ്പോൾ നിലവിൽവരുമെന്ന് വ്യക്തമാക്കാതെ അവസാന മണിക്കൂറിൽ ബിൽ അവതരിപ്പിച്ചത്. മണ്ഡലം പുനർനിർണയത്തിനുശേഷമായിരിക്കും വനിതാ സംവരണം നിലവിൽ വരികയെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്‌തിരിക്കുന്നു. അടുത്ത മണ്ഡലം പുനർനിർണയം എപ്പോൾ നടക്കും?
ഓരോ സെൻസസിനുശേഷവും മണ്ഡലം അതിർത്തികൾ പുനർനിർണയിക്കാൻ ഭരണഘടനയുടെ 82–-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, 2000നു ശേഷമുള്ള ആദ്യ സെൻസസിന്റെ വിവരങ്ങൾ പുറത്തുവരുന്നതുവരെ പുനർനിർണയം നീട്ടാൻ 42–-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നു. 2001ൽ ഈ കാലാവധി 25 വർഷംകൂടി നീട്ടി. അതായത് 2026നുശേഷമുള്ള ആദ്യ സെൻസസ് വിവരങ്ങൾ പുറത്തുവന്നശേഷം പുനർനിർണയം നടത്തിയാൽ മതി. സ്വാഭാവികമായി 2031നു ശേഷമാണ് പുനർനിർണയം നടക്കേണ്ടത്. പക്ഷേ, 2021ലെ സെൻസസ് ഇതുവരെ നടന്നിട്ടില്ല. എപ്പോൾ നടത്തുമെന്ന കാര്യത്തിൽ കേന്ദ്രം ഉരുണ്ടുകളിക്കുകയാണ്. കോവിഡിന്റെ പേരിൽ മാറ്റിവച്ച സെൻസസ് പ്രക്രിയ നിഗൂഢമായ കാരണങ്ങളാൽ നീട്ടുന്നു. ഇനിയിപ്പോൾ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം സെൻസസ് പ്രക്രിയ ആരംഭിച്ചാലും പൂർത്തിയാക്കാൻ രണ്ടുവർഷമെങ്കിലും വേണം. മണ്ഡലം പുനർനിർണയമാകട്ടെ അഞ്ചുവർഷമെങ്കിലും വേണ്ടിവരുന്ന പ്രക്രിയയാണ്. വനിതാ സംവരണ ബില്ലിലെ വ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നത് ആശയക്കുഴപ്പവും അനിശ്ചിതത്വവുമാണ്.
വനിതാസംവരണം ഉടൻ നടപ്പാക്കാൻ സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ മണ്ഡലങ്ങളുടെ പുനർനിർണയം നടക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഒറ്റയടിക്ക് രാജ്യവ്യാപകമായി ജിഎസ്‌ടി നടപ്പാക്കിയ അനുഭവമുണ്ട്. ജമ്മു–- കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഒറ്റ രാത്രികൊണ്ടാണ്. നോട്ടുനിരോധനം നടപ്പാക്കിയത് മുന്നറിയിപ്പ് നൽകാതെ. ഇതൊക്കെ ചെയ്‌ത സർക്കാർ വനിതാ സംവരണബില്ലിൽ അനിശ്ചിത കാലപരിധി കൊണ്ടുവന്നത് സംശയകരമാണ്. വനിതാ സംവരണം യാഥാർഥ്യമാക്കുന്നതിലുപരി തെരഞ്ഞെടുപ്പുപ്രചാരണ വിഷയമായി ഇതിനെ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കരുതണം. പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ നാടകീയ പരാമർശങ്ങളും ഇതിനു തെളിവാണ്. മുൻകാലങ്ങളിൽ ‘ബേട്ടി ബെച്ചാവോ, ബേട്ടി പഠാവോ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മോദിസർക്കാർ ഉയർത്തി. ബിജെപി ഭരണത്തിൽ സാമൂഹ്യ, സാമ്പത്തിക, -വിദ്യാഭ്യാസ മേഖലകളിൽ സ്‌ത്രീകൾ പിന്നാക്കം പോകുകയാണ് ചെയ്‌തത്. വർഗീയവിദ്വേഷ പ്രചാരണം സൃഷ്ടിച്ച കലാപങ്ങളുടെ കെടുതികൾ ഏറ്റുവാങ്ങേണ്ടിവന്നവരിൽ ഭൂരിപക്ഷവും സ്‌ത്രീകളാണ്. വംശീയകലാപം തുടരുന്ന മണിപ്പുരിലെ അമ്മമാരുടെയും പെൺകുട്ടികളുടെയും കണ്ണീർ കാണാത്ത മോദിസർക്കാരാണ് ‘നാരി ശക്തിവന്ദൻ അദിനിയം’ എന്നപേരിൽ വനിതാ സംവരണ ബിൽ കൊണ്ടുവന്നത്. ‘ജഗപൊഗ’യിൽ അഭിരമിക്കുന്ന മോദിസർക്കാരിന്റെ വാചകക്കസർത്ത് മാത്രമാണ് ഇതിൽ പ്രകടമാകുന്നത്.
ബിജെപിക്കുള്ളിൽ മതിയായ കൂടിയാലോചന നടത്താതെയാണ് ബിൽ കൊണ്ടുവന്നതെന്ന പരാതി ഉയർന്നിട്ടുണ്ട്. നിർണായക വിഷയങ്ങളിൽ പ്രതിപക്ഷവുമായി കൂടിയാലോചന നടത്തുകയെന്ന രാഷ്‌ട്രീയമര്യാദ മോദിസർക്കാർ ഒരിക്കലും കാട്ടിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛയും ഔദാര്യവും അനുസരിച്ച് ഓരോ കാര്യങ്ങൾ ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമിച്ചുവരുന്നത്. പുതിയ പാർലമെന്റ് മന്ദിരം അർഥപൂർണമാകണമെങ്കിൽ ജനാധിപത്യം അതിന്റേതായ മികവോടെ പ്രയോഗിക്കപ്പെടണമെന്ന് പ്രതിപക്ഷം മുന്നറിയിപ്പുനൽകിയിരുന്നു. പുതിയ മന്ദിരത്തിൽ ആദ്യമായി അവതരിപ്പിച്ച ബിൽ പ്രധാനമന്ത്രിയെ ‘ചരിത്രപുരുഷ’നാക്കുകയെന്ന ലക്ഷ്യംമാത്രംവച്ചാണെന്ന വിമർശം ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..