26 April Friday

കൊറ്റമ്പത്തൂരിലെ കാട്ടുതീ: ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020


 

തൃശൂരിൽ ദേശമംഗലത്തിനടുത്ത് കൊറ്റമ്പത്തൂരിൽ ഞായറാഴ്ച കാട്ടുതീ അണയ്ക്കുന്നതിനിടെ മൂന്ന്‌ വനപാലകർ വെന്തുമരിച്ച ദാരുണ സംഭവം കേരളത്തെ കണ്ണീരിലാഴ്ത്തി. ആളിപ്പടർന്ന് അനിയന്ത്രിതമായ തീയിൽനിന്ന് അവർക്ക് രക്ഷപ്പെടാനായില്ല. ആഞ്ഞുവീശിയ കാറ്റ് അവർക്ക് ചുറ്റും തീവലയംതന്നെ തീർത്തു. കാടിനെയും നാടിനെയും രക്ഷിക്കാനുള്ള തീവ്രശ്രമത്തിൽ അവരുടെ ജീവൻ നഷ്ടമായി.

വനം വകുപ്പിൽനിന്ന് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്‌ ഫാക്ടറി (എച്ച്എൻഎൽ)പാട്ടത്തിനെടുത്ത കുറിഞ്ഞാക്കൽ മലയിലെ അക്കേഷ്യ തോട്ടത്തിലാണ് തീപിടിത്തം. മലയുടെ മറുഭാഗത്ത് തിങ്കളാഴ്ച വീണ്ടും തീപിടിത്തമുണ്ടായെങ്കിലും വനംവകുപ്പിന്റെയും അഗ്നിശമന സേനയുടെയും കഠിനശ്രമത്താൽ പെട്ടെന്ന് നിയന്ത്രിക്കാനായി. മുകളിലേക്ക് ചെന്നെത്താനും വെള്ളമെത്തിക്കാനും വലിയ പ്രയാസമുള്ള സ്ഥലമാണിത്.  കഠിനമായ ചൂടും കാറ്റും പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുന്നു.

ഇനിയും തീ പടരാതിരിക്കാനും തീയുണ്ടായാൽ പെട്ടെന്നുതന്നെ അണയ്ക്കാനും പ്രദേശത്ത് എല്ലാ സംവിധാനവും ഉറപ്പാക്കിയിട്ടുണ്ടെന്നത് ആശ്വാസം.
കൊറ്റമ്പത്തൂരിലെ കാട്ടുതീ മനുഷ്യനിർമിതമാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ഇവിടെ 450 ഹെക്ടറോളം ഭൂമി വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന എച്ച്എൻഎല്ലിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്നാണ് നിഗമനം. നാലുവർഷംമുമ്പ് മരങ്ങൾ മുറിച്ചുമാറ്റിയ കമ്പനി പിന്നീട് ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ആരോപണമുണ്ട്. പുല്ലും പാഴ്‌ച്ചെടികളും പടർന്നുപിടിച്ചത് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടി. കാട്ടുതീ തടയുന്നതിന് എല്ലാ വേനലിലും വനം വകുപ്പ് നടപടി സ്വീകരിക്കുന്നു. ഇവിടെ കമ്പനിയാണ് ഇത്‌ ചെയ്യേണ്ടിയിരുന്നത്. കമ്പനി അത് ചെയ്തില്ലെന്നാണ് ആക്ഷേപം.

തീപടർന്ന സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് വനംമന്ത്രി കെ രാജു വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം അതിവേഗം പൂർത്തിയാകട്ടെ. ജീവൻ നഷ്ടപ്പെട്ട മൂന്നുപേരുടെയും കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ സത്വരനടപടി സ്വീകരിച്ചതും പ്രധാനമാണ്. ഓരോ കുടുംബത്തിനും 7.5 ലക്ഷംരൂപ ധനസഹായം നൽകും. കുടുംബത്തിലെ ഒരാൾക്ക്  ജോലിയും പരിഗണിക്കുന്നു. അതൊക്കെ പെട്ടെന്ന് നടക്കുമെന്ന് ഉറപ്പാക്കാം.

 

ചൂട് കൂടിയതോടെ വ്യാപകമായി തീപിടിത്തമുണ്ട്. തൃശൂർ ജില്ലയിൽമാത്രം ഒരു മാസത്തിനിടെ നിരവധി തീപിടിത്തങ്ങളുണ്ടായി. അതുകൊണ്ട്, വനത്തിലടക്കം ഒരിടത്തും തീപിടിക്കാതിരിക്കാനും തീപിടിച്ചാൽ പ്രതിരോധിക്കാനും ഇരട്ടി ജാഗ്രതയോടെ മുൻകരുതലുകൾ ആവശ്യമാണ്. വനം വകുപ്പും അഗ്നിശമനസേനയും ഇക്കാര്യത്തിൽ വിവിധ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം ഫലപ്രദമായും കാര്യക്ഷമമായും വിനിയോഗിക്കാൻ കഴിയണം. വനപാലകർക്കടക്കം എല്ലാവർക്കും ശാസ്ത്രീയമായ പരിശീലനം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം. കാർഷിക സർവകലാശാല നടപ്പാക്കുന്ന ഫയർ മാനേജ്മെന്റ്‌ പരിശീലനം വ്യാപകമാക്കണം. തീ നിയന്ത്രിക്കാനാകുമെന്ന ധാരണയിലാകാം കാര്യമായ സുരക്ഷാ സജ്ജീകരണങ്ങളൊന്നും കൈയിലില്ലാതെ വനപാലകർ കൊറ്റമ്പത്തൂരിലെ തീയണയ്ക്കാൻ ശ്രമിച്ചത്. അങ്ങനെ സംഭവിക്കാൻ പാടില്ല.

രണ്ടുതരത്തിൽ കാട്ടുതീയുണ്ടാകാം. മിന്നൽപോലെയുള്ള പ്രകൃതിയിലെതന്നെ പ്രതിഭാസങ്ങൾ കൊണ്ടുണ്ടാകുന്നതും മനുഷ്യർ സൃഷ്ടിക്കുന്നതും. വരണ്ട കാലാവസ്ഥയിൽ ഒരു പൊരിമാത്രം മതി തീ ആളിപ്പടരാൻ. അതുകൊണ്ട് എവിടെയും തീ കൈകാര്യം ചെയ്യുമ്പോൾ നല്ല ജാഗ്രത വേണം. തീപ്പെട്ടിയും ലൈറ്ററുമൊന്നും വനത്തിലോ സമീപത്തോ ഉപയോഗിക്കരുത്. ഉണങ്ങിയ കമ്പുകൾ യഥാസമയം നീക്കണം. പാടങ്ങൾ, പറമ്പുകൾ, വഴിയോരങ്ങൾ, ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ എന്നിവടങ്ങളിൽ അശ്രദ്ധമായി തീയിടരുത്. ഈവർഷം ഫെബ്രുവരിയുടെ തുടക്കംമുതൽതന്നെ താപനില വലിയ തോതിൽ ഉയർന്നിരിക്കുന്നു. ഇതുകൊണ്ടുതന്നെ കാട്ടുതീയുടെ ഭീഷണി വ്യാപകമാണ്. പലയിടത്തും ശക്തമായ കാറ്റുമുണ്ട്. കൊടും ചൂടും കാറ്റുമായാൽ തീ അതിവേഗം പടരും.

ആഗോളതാപനത്തെത്തുടർന്ന് കാലാവസ്ഥാ വ്യതിയാനം അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭൗമതാപനം കൂടിക്കൂടി വരുന്നതിന്റെ അനേകം തെളിവുകൾ ഇതിനകം കണ്ടുകഴിഞ്ഞു. മഴയുടെ വിതരണക്രമത്തിൽ വരുന്ന മാറ്റം, സമുദ്രജലവിതാനത്തിൽ വർധന, ശീതദിനങ്ങളുടെ എണ്ണത്തിൽ കുറവ്, തീരക്കടലിലെ താപനിലയിൽ വർധന എന്നിവയൊക്കെ ഇതിൽപ്പെടും. കേരളത്തിലും ഈ പ്രതിഭാസങ്ങളൊക്കെ കാണാം. അതിനാൽതന്നെ, നമ്മുടെ കാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. 

കാടുകൾ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ നല്ല പങ്കുവഹിക്കുന്നു. കാലാവസ്ഥയുടെ രൂക്ഷത ചിലപ്പോൾ മിതമാക്കാൻ കാടുകൾക്ക് കഴിയും.  അതിനാൽ, നമ്മുടെ കാടുകൾ സംരക്ഷിക്കാനും കാട്ടുതീപോലുള്ള ദുരന്തങ്ങളിൽ ഒരു ജീവനും നഷ്ടപ്പെടാതിരിക്കാനും നാമേവരും സർക്കാർ സംവിധാനങ്ങളും  ജാഗ്രത പുലർത്തണം. കേരളത്തിന്റെ മണ്ണും പുഴയും കാടും പ്രകൃതിയുമെല്ലാം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ  സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജനങ്ങൾക്കാകെ വിശ്വാസമുണ്ട്‌. ഓരോ സംഭവങ്ങളിലും സർക്കാർ സ്വീകരിച്ച നടപടികളിൽനിന്ന് നേടിയതാണ് ആ വിശ്വാസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top