16 April Tuesday

പശ്ചിമേഷ്യ വീണ്ടും കലുഷമാക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020



നവംബർ 27നാണ്‌ ഇറാനിലെ പ്രമുഖ ആണവശാസ്‌ത്രജ്ഞനും ബ്രിഗേഡിയർ ജനറലുമായ മൊഹ്‌സീൻ ഫഖ്‌റിസാദിഹ്‌ എന്ന അറുപത്തിരണ്ടുകാരൻ കൊല്ലപ്പെട്ടത്‌. തലസ്ഥാനമായ ടെഹ്‌റാൻ നഗരത്തിൽനിന്ന്‌ 70 കിലോമീറ്റർ കിഴക്ക്‌ അബ്‌സാദ്‌ നഗരത്തിൽവച്ചാണ്‌ അദ്ദേഹം സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി കൊലപാതകം നടത്തിയത്‌. ജനുവരിയിൽ ഇറാൻ റവല്യൂഷണറി ഗാർഡിന്റെ ജനറൽ ക്വാസിം സുലൈമാനിയെ വധിച്ചതിനുശേഷം നടക്കുന്ന ഞെട്ടിക്കുന്ന കൊലപാതകമാണിത്‌. ഇറാനുമായുള്ള ആണവകരാറിൽനിന്ന്‌ 2018ൽ അമേരിക്കൻ പ്രസിഡന്റ്‌‌ ഡോണൾഡ്‌ ട്രംപ്‌ ഏകപക്ഷീയമായി പിന്മാറിയതിനുശേഷം ആണവപദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഇറാൻ ശ്രമം നടത്തവെയാണ്‌ രാജ്യത്തെ തലയെടുപ്പുള്ള ആണവശാസ്‌ത്രജ്ഞനെ ടെഹ്‌റാന്‌ നഷ്ടമാകുന്നത്‌. സ്വാഭാവികമായും ഇറാനിൽ രോഷം കത്തിപ്പടർന്നു.

ഇറാന്റെ ബദ്ധശത്രുവായ ഇസ്രയേലും അവരുടെ ചാരസംഘടനയായ മൊസാദും അമേരിക്കയുമാണ്‌  കൊലപാതകത്തിനുപിന്നിലെന്ന്‌ ഇറാനിലെ ഇടതുപക്ഷ ശബ്‌ദമായ ടൂഡെ പാർടി   ഉൾപ്പെടെ ആരോപിച്ചു. ഇസ്രയേലിന്റെ പങ്കിന്‌ വിശ്വസനീയമായ സൂചനകളുണ്ടെന്ന്‌‌ ഇറാൻ വിദേശമന്ത്രി ജാവദ്‌ സ്വരീഫ്‌ പറഞ്ഞു. പാശ്ചാത്യലോകത്തുനിന്ന്‌ പ്രതീക്ഷിച്ച പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിലും ഇത്‌ ക്രിമിനൽ നടപടിയാണെന്ന്‌ യൂറോപ്യൻ യൂണിയൻ വൈകിയാണെങ്കിലും പ്രതികരിച്ചു. അമേരിക്കയാകട്ടെ മൗനം പാലിച്ചു.

ഇറാൻ രക്ഷപ്പെടുന്നത്‌ ഇസ്രയേലും സൗദിയും അമേരിക്കയും ഇഷ്ടപ്പെടുന്നില്ല. അതിനാൽ ഇറാനുമായി അമേരിക്ക ആണവകരാറിൽ എത്തുന്നതിനെ എന്ത്‌ വിലകൊടുത്തും ഇവർക്ക്‌ തടയണം

പശ്ചിമേഷ്യൻ രാഷ്ട്രീയം ഒരു നിർണായകഘട്ടത്തിലേക്ക്‌ കടക്കുന്ന വേളയിലാണ്‌‌ ഫഖ്‌റിസാദിഹ്‌ കൊല്ലപ്പെട്ടത്‌. അമേരിക്കയിൽ ഭരണമാറ്റം നടക്കാൻ പോകുകയാണ്‌. ഇറാനെ ശത്രുവായി പ്രഖ്യാപിച്ച്‌ വേട്ടയാടിയ റിപ്പബ്ലിക്കൻ പ്രസിഡന്റ‌ ട്രംപ്‌ അടുത്തമാസത്തോടെ അധികാരമൊഴിയും. പുതിയ പ്രസിഡന്റായി അധികാരമേൽക്കുന്ന ഡെമോക്രാറ്റിക്‌ പാർടി നേതാവ്‌ ജോ ബൈഡൻ ഇറാനുമായി ആണവചർച്ചകൾ പുനരാംരംഭിക്കുമെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അതായത്‌ മുൻ ഡെമോക്രാറ്റിക് പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ ഇറാനുമായി 2016ൽ ഒപ്പിട്ട ആണവകരാർ വീണ്ടും നിലവിൽ വരുമെന്ന പ്രതീക്ഷ ഉയർന്നിരിക്കുകയാണ്‌. അത്‌ യാഥാർഥ്യമാകുന്ന പക്ഷം ഇറാന്‌ കടുത്ത ഉപരോധത്തിൽനിന്ന്‌ ഇളവ്‌ ലഭിക്കും. മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയുംകാരണം പൊറുതിമുട്ടിയ ഇറാന്‌ ഇത്‌ വലിയ ആശ്വാസമാകും.

എന്നാൽ, ഇറാൻ രക്ഷപ്പെടുന്നത്‌ ഇസ്രയേലും സൗദിയും അമേരിക്കയും ഇഷ്ടപ്പെടുന്നില്ല. അതിനാൽ ഇറാനുമായി അമേരിക്ക ആണവകരാറിൽ എത്തുന്നതിനെ എന്ത്‌ വിലകൊടുത്തും ഇവർക്ക്‌ തടയണം. അതിനുവേണ്ടി പശ്ചിമേഷ്യയിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കണം. ജനുവരി 20ന്‌ അധികാരമൊഴിയുന്നതിനുമുമ്പായി ഇറാനെതിരെ ആക്രമണം നടത്താൻ ട്രംപ്‌ പദ്ധതിയിട്ടിരുന്നു. ആണവായുധപദ്ധതിയുടെ ഭാഗമായി ഇറാൻ അവരുടെ നാന്റേസ്‌ നിലയത്തിൽ യുറേനിയം സമ്പുഷ്ടീകരണം വലിയ തോതിൽ ആരംഭിച്ചുവെന്ന്‌ ആരോപിച്ച്‌ ആണവനിലയത്തിനു നേരെ ബോംബാക്രമണം നടത്താനായിരുന്നു ട്രംപിന്റെ പദ്ധതി. ഇതിനായി നവംബർ 16ന്‌ ചേർന്ന രഹസ്യയോഗത്തിൽ പങ്കെടുത്ത വൈസ്‌പ്രസിഡന്റ്‌ മൈക്ക്‌ പെൻസും യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്ക്‌ പോംപിയോയും മറ്റും ട്രംപിന്റെ ആശയത്തെ എതിർത്തുവെന്നാണ്‌ ‘ന്യൂയോർക്ക്‌ ടൈംസ്’‌ റിപ്പോർട്ട്‌ ചെയ്‌തത്‌. ഇറാനെതിരെ ആക്രമണം നടത്തി അവരുമായി വീണ്ടും സമാധാനം സ്ഥാപിക്കാനുള്ള ജോ ബൈഡന്റെ പദ്ധതി പൊളിക്കുകയായിരുന്നു ട്രംപിന്റെ ലക്ഷ്യം. ആ നീക്കം ഉപേക്ഷിച്ചെങ്കിലും  ഇറാനെതിരായ നീക്കം ട്രംപ്‌ ഉപേക്ഷിച്ചില്ല.

മൈക്ക്‌‌ പോംപിയോ ഇസ്രയേലും സൗദി അറേബ്യയും സന്ദർശിച്ച്‌ പുതിയ പദ്ധതിക്ക്‌ തുടക്കമിട്ടു. ഇസ്രയേൽ പ്രസിഡന്റ്‌ നെതന്യാഹുവും പോംപിയോയും കഴിഞ്ഞ 22ന്‌ സൗദിയിലെ നിയോം നഗരത്തിൽവച്ച്‌ സൗദി രാജകുമാരൻ മുഹമ്മദ്‌ ബിൻ സൽമാനുമായി ചർച്ച നടത്തുകയുണ്ടായി. നാല്‌ ദിവസത്തിനുശേഷം ഇലക്ടറൽ കോളേജ്‌ വോട്ട്‌ എതിരായാൽ വൈറ്റ്‌ഹൗസ്‌ ഉപേക്ഷിക്കുമെന്ന്‌ പറഞ്ഞകൂട്ടത്തിൽ ട്രംപ്‌ ഇത്രയുംകൂടി കൂട്ടിച്ചേർത്തു. ‘ജനുവരി 20നുമുമ്പ്‌ ഒരുപാട്‌ സംഭവങ്ങൾ നടക്കുമെന്ന്’‌. അടുത്ത ദിവസമാണ്‌‌ മൊഹ്‌സീൻ ഫഖ്‌റിസാദിഹ്‌ കൊല്ലപ്പെട്ടത്‌.

സുലൈമാനിയും ഫഖ്‌റിസാദിഹും കൊല്ലപ്പെട്ടതിനുശേഷവും തിരിച്ചടിക്കാൻ ഇറാന്‌ കഴിയാതിരുന്നാൽ അത്‌ വലിയ നാണക്കേടാകുമെന്നും ഇത്‌ മാറ്റാനായി ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്നുമായിരിക്കാം ട്രംപും നെതന്യാഹുവും മുഹമ്മദ്‌ ബിൻ സൽമാനും കരുതിയിരുന്നത്‌. ഇസ്രയേലിനുനേരെ വ്യോമാക്രമണം നടത്തണമെന്ന്‌ ഇറാനിലെ പല കോണുകളിൽനിന്നും ആവശ്യം ഉയരുകയും ചെയ്‌തു. ഇറാൻ ആക്രമണം നടത്തുന്ന പക്ഷം ജോ ബൈഡന്‌ ടെഹ്‌റാനുമായി സംഭാഷണം ആരംഭിക്കാൻ കഴിയാതെവരുമെന്നും അമേരിക്കയും ഇസ്രയേലും കണക്കുകൂട്ടി. എന്നാൽ, ഇവർ ഒരുക്കിയ കെണിയിൽ വീഴാൻ ഇറാൻ ഇതുവരെയും തയ്യാറായിട്ടില്ല. ഇറാൻ പ്രസിഡന്റ്‌ ഹസ്സൻ റൂഹാനിയുടെ വാക്കുകളിൽ ഇറാൻ പുലർത്തുന്ന മുൻകരുതൽ വ്യക്തമാണ്.‘മാറുന്ന ലോകസാഹചര്യത്തെക്കുറിച്ച്’‌ ശത്രുരാഷ്ട്രങ്ങളെ ഓർമപ്പെടുത്തിയ റൂഹാനി ‘അസ്വസ്ഥജനകമായ അന്തരീക്ഷം സൃഷ്ടിക്കാനാണ്’‌‌ ഇവർ ശ്രമിക്കുന്നതെന്ന്‌ മുന്നറിയിപ്പ്‌ നൽകുകയും ചെയ്‌തു. അതായത്‌, അധികാരമൊഴിയാൻ നിർബന്ധിതനായ ട്രംപും അഴിമതിക്കേസിൽ വിചാരണ നേരിടുന്ന നെതന്യാഹുവും കുഴിച്ച കുഴിയിൽ വീഴാൻ തയ്യാറല്ലെന്ന സന്ദേശമാണ്‌ ഇറാൻ നൽകിയത്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top