24 April Wednesday

ചോരയിൽ മുക്കിയ തെരഞ്ഞെടുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 15, 2018


ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ ആദ്യഘട്ടം മുതൽ ആരംഭിച്ച  ഭരണഭീകരതയും അക്രമവും വോട്ടെടുപ്പുനാളിൽ മൂർധന്യത്തിലെത്തി. പത്തിലേറെപ്പേരുടെ  ജീവനെടുത്താണ്‌ മമതയും സംഘവും വീണ്ടും ജനാധിപത്യക്കുരുതി നടത്തിയത്‌. വോട്ടർമാരെ ബൂത്തിൽനിന്ന്‌ അകറ്റിനിർത്താൻ സിപിഐ എം പ്രവർത്തകരുടെ ചോരയൊഴുക്കി ഭീകരത സൃഷ്ടിക്കുകയെന്ന തന്ത്രമാണ്‌ തൃണമൂൽ പ്രയോഗിച്ചത്‌.  ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ കാക്കദ്വീപിൽ സിപിഐ എം പ്രവർത്തകരായ  ദമ്പതികളെ തീയിട്ടു കൊന്നുവെന്ന വാർത്തയാണ്‌ രാവിലെ ബൂത്തിലേക്ക്‌ പോയവർ കേട്ടത്‌.  ദിബു ദാസ്, ഭാര്യ ഉഷ ദാസ് എന്നിവരെയാണ് തൃണമൂലുകാർ വീടു വളഞ്ഞ് ചുട്ടുകൊന്നത്‌. നന്ദിഗ്രാമിൽ വോട്ടുചെയ്‌തിറങ്ങിയ രണ്ട്‌ സിപിഐ എം പ്രവർത്തകരെ ബൂത്തിനുമുന്നിൽ വെടിവച്ചുകൊന്നു. സംസ്ഥാനത്തെമ്പാടുമുള്ള തൃണമൂൽ  അഴിഞ്ഞാട്ടത്തിൽ നൂറുകണക്കിനാളുകൾക്ക്‌ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. സിപിഐ എം പ്രവർത്തകരാണ്‌ എല്ലായിടത്തും കിരാതമായ ആക്രമണത്തിന്‌ ഇരയായത്‌.

വോട്ടർമാർ കൂടുതലെത്തിയ ബൂത്തുകളിൽ ആയുധങ്ങളുമായി കടന്നുകയറി ഉദ്യോഗസ്ഥരെയും ഇതര പാർടികളിലെ ഏജന്റുമാരെയും  ആക്രമിച്ചു.  പലയിടത്തും  വോട്ടർമാരെ ആയുധങ്ങൾ കാണിച്ച്‌ വഴിയിൽനിന്നുതന്നെ മടക്കി അയച്ചു. പിന്തിരിയാൻ മടിച്ചവരെ തോക്കും ബോംബും വടിവാളുമൊക്കെ ഉപയോഗിച്ചാണ്‌  ഭരണകക്ഷി ഗുണ്ടകൾ നേരിട്ടത്‌. നിരവധി പൊലീസുകാർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

തെരഞ്ഞെടുപ്പുവേളയിൽ സാധാരണമായ സംഘർഷമോ ഏറ്റുമുട്ടലുകളോ അല്ല ബംഗാളിൽ സംഭവിക്കാൻ പോകുന്നതെന്ന്‌ ഏറെക്കാലമായി അവിടെ നിലനിൽക്കുന്ന സ്ഥിതിഗതിയിൽനിന്ന്‌ വ്യക്തമായിരുന്നു. മമതയുടെ ഭരണത്തിൻ കീഴിൽ ജനാധിപത്യ സംവിധാനം തികച്ചും കീഴ്‌മേൽ മറിഞ്ഞിട്ട‌് കാലമേറെയായി. മമത രണ്ടാംതവണയും അധികാരത്തിലേറിയതും ഇതേ അക്രമ മാർഗത്തിലൂടെയാണ്‌. എന്നാൽ, ഈ ഫാസിസ്റ്റ‌് രീതിക്ക്‌ വഴിപ്പെട്ടുപോകാൻ തയ്യാറില്ലെന്ന പ്രഖ്യാപനവുമായാണ്‌ സിപിഐ എം നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുന്നോട്ടുപോയത്‌. പ്രാദേശികമായി നല്ല ജനപങ്കാളിത്തത്തോടെ ഇടതുമുന്നണിയുടെ പ്രവർത്തനം ആരംഭിച്ചതോടെയാണ‌് അക്രമി‐ ഗുണ്ടാസംഘങ്ങൾ രംഗത്തിറങ്ങിയത്‌.  വോട്ടെടുപ്പിനു മുമ്പ്  23 പേരാണ്‌  കൊല്ലപ്പെട്ടത്‌. തൃണമൂൽ എതിർപ്പ് നേരിട്ട് മത്സര രംഗത്ത് അണിനിരന്ന ഇടതുമുന്നണിയുടെ  പ്രചാരണം തടയുകയും സ്ഥാനാർഥികളെ തട്ടിക്കൊണ്ടുപോകുകയുംചെയ്‌ത സംഭവങ്ങളും നിരവധി.  സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വാസുദേബ് ആചാര്യ, രാമചന്ദ്ര ഡോം, അമിയ പത്ര എന്നിവർ ഉൾപ്പെടെ മുതിർന്ന നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും  പരിക്കു പറ്റി. 

പ്രതിപക്ഷ മുക്ത പഞ്ചായത്തുകളാണ്‌ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ തദ്ദേശതെരഞ്ഞെടുപ്പ്‌ നീതിപൂർവകമായിരിക്കില്ലെന്ന്‌ തുടക്കത്തിൽതന്നെ വ്യക്തമായി. ഇക്കാര്യങ്ങളെല്ലാം ഭരണഘടനാ സ്ഥാപനമായ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനു മുന്നിൽ സിപിഐ എം നിരവധിതവണ കൊണ്ടുവരികയും ചെയ്‌തു. എന്നാൽ, തെരഞ്ഞെടുപ്പു കമീഷൻ മമതയുടെ ഏകാധിപത്യ വാഴ്‌ചയ്‌ക്ക്‌ ഏറാൻമൂളിയാകുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌. പത്രികസമർപ്പണത്തിനു പോയവർ ചോരയിൽ കുളിച്ചു മടങ്ങുന്നത്‌  നിത്യസംഭവമായി. സ്ഥാനാർഥികളും നേതാക്കളുമായ നിരവധി സിപിഐ എം പ്രവർത്തകർ കൊല്ലപ്പെടുകയും മാരകമായി പരിക്കേൽപ്പിക്കപ്പെടുകയും ചെയ്‌തു.

പ്രതിപക്ഷത്തിന്‌ 34 ശതമാനം സീറ്റുകളിൽ പത്രികസമർപ്പണം സാധ്യമായില്ല. ഈ ജനാധിപത്യക്കുരുതിയെ  തൃണമൂലിന്‌ ഇരുപതിനായിരത്തിലേറെ സീറ്റുകളിൽ എതിരില്ലാതെ വിജയമെന്ന്‌ കൊണ്ടാടിയ മാധ്യമങ്ങൾ ബംഗാളിലെ യഥാർഥ സ്ഥിതി തുറന്നുകാട്ടാൻ തയ്യാറായില്ല. എതിരില്ലാ വിജയം കേസിന്റെ അന്തിമവിധി വരുന്നതു വരെ   പ്രഖ്യാപിക്കരുതെന്ന സുപ്രീംകോടതി വിധി വന്നതോടെ  തൃണമൂലിന്റെ അക്രമമുഖം മറനീക്കപ്പെട്ടു. കൽക്കത്ത  ഹൈക്കോടതിയും രൂക്ഷ വിമർശനമാണ്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കെതിരെ നടത്തിയത്‌. വാട്‌സാപ്‌ വഴി പത്രിക സമർപ്പണം എന്ന അസാധാരണ നടപടിയും ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായി.

തെരഞ്ഞെടുപ്പ്‌ ശരിയാംവണ്ണം നടന്നാൽ ജനഹിതം വ്യക്തമാകുമെന്ന ഭയമാണ്‌ അനിയന്ത്രിതമായ അക്രമങ്ങൾക്ക്‌ തൃണമൂലിനെ പ്രേരിപ്പിച്ചത്‌. എഴുപതുകളിലെ അർധ ഫാസിസ്റ്റ‌് ഭീകരവാഴ്‌ചയടക്കം ഒട്ടേറെ അതിക്രമങ്ങൾക്ക്‌ ഇരയായിട്ടും ഉയിർത്തെഴുന്നേറ്റ പ്രസ്ഥാനമാണ്‌  ബംഗാളിലെ സിപിഐ എം. എന്നാൽ, ഇത്രയും വ്യാപകവും നഗ്‌നമായ ഭരണ പിന്തുണയുമുണ്ടായ അക്രമം മുമ്പുണ്ടായിട്ടില്ലെന്ന്‌ നേതാക്കളും പ്രവർത്തകരും ഒരുപോലെ പറയുന്നു. ജനങ്ങളെ അണിനിരത്തിയാണ്‌ സിപിഐ എം ഈ അതിക്രമങ്ങളെ  നേരിട്ടത്‌. രാപ്പകൽ സമരം ഉൾപ്പെടെ നിരവധി ജനകീയ സമരങ്ങൾ നടത്തിയതിന്റെ ഫലമായി സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന്‌ കോടതികളിൽ ഉറപ്പുനൽകിയെങ്കിലും തൃണമൂൽ ഗുണ്ടാവിളയാട്ടത്തെ നിയന്ത്രിക്കാനായില്ലെന്നത്‌ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്‌ക്ക്‌ തീരാകളങ്കമാണ്‌. എല്ലാ സ്വേഛാധിപതികളും ജനശക്തിക്കു മുന്നിൽ മുട്ടുകുത്തി വീഴുമെന്ന ചരിത്രപാഠം തന്നെയാണ്‌ ബംഗാളിന്റെ പോരാട്ടങ്ങൾക്കും വഴികാട്ടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top