23 April Tuesday

വാളയാർ: രാഷ്ട്രീയ മുതലെടുപ്പ്‌ നിന്ദ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2019


 

വാളയാർ അട്ടപ്പള്ളത്ത്‌ സഹോദരിമാരായ രണ്ട്‌ പിഞ്ചുകുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കി മരണത്തിലേക്ക്‌ തള്ളിവിട്ട പ്രതികളെ കുറ്റവിമുക്തരാക്കിയ പാലക്കാട്‌ ഒന്നാം അഡീഷണൽ സെഷൻസ്‌ (പോക്‌സോ) കോടതിവിധി കടുത്ത പ്രതിഷേധമാണ്‌ വരുത്തിവച്ചത്‌. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന്‌ കഴിഞ്ഞില്ലെന്നാണ്‌ കോടതി നിരീക്ഷണം. മാനവും ജീവനും നഷ്ടപ്പെട്ട കുട്ടികൾക്ക്‌ നീതി ഉറപ്പാക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട്‌ സ്വാഗതാർഹമാണ്‌. പുനരന്വേഷണമോ സിബിഐ അന്വേഷണമോ ഏതാണ്‌ ഉചിതമെന്ന്‌ പരിശോധിച്ച്‌ തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ആശ്വാസം പകരുന്നതാണ്‌. എന്നാൽ, പതിവുപോലെ  ഈ കേസിലും രാഷ്ട്രീയ മുതലെടുപ്പ്‌ മാത്രമാണ്‌ യുഡിഎഫിനും  ബിജെപിക്കും പഥ്യമെന്ന്‌ അവരുടെ ചെയ്‌തികൾ വ്യക്തമാക്കുന്നു. നിയമസഭ ആദ്യദിനംതന്നെ അലങ്കോലമാക്കാൻ പ്രതിപക്ഷം നടത്തിയ ശ്രമം, അവരുടെ ആത്മാർഥതയില്ലായ്‌മ വെളിപ്പെടുത്തി. തെരുവിൽ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമവും ഇവരുടെ കാപട്യത്തിന്‌ തെളിവായി. ഇരകൾക്ക്‌ നീതി ലഭിക്കുന്നതിലല്ല, സർക്കാരിനെ കരിതേക്കാനാകുമോ എന്നതാണ്‌ യുഡിഎഫിന്റെയും ബിജെപിയുടെയും നോട്ടം.

പതിമൂന്നുകാരി പെൺകുട്ടി കൂരയ്‌ക്കകത്ത്‌ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌  2017 ജനുവരി ഒന്നിനായിരുന്നു. ആത്മഹത്യയെന്ന നിലയിൽ കേസിനെ ലഘൂകരിക്കുന്ന സമീപനമാണ്‌ അന്ന്‌ ലോക്കൽ പൊലീസ്‌ സ്വീകരിച്ചത്‌. സ്ഥലത്തുനിന്ന്‌ രണ്ടുപേർ ഓടിപ്പോകുന്നത്‌ കണ്ടെന്ന ഇളയകുട്ടിയുടെ മൊഴിപോലും പൊലീസ്‌ ഗൗരവമായി എടുത്തില്ല. മാർച്ച്‌ നാലിന്‌ കൂടുതൽ ദുരൂഹമായ സാഹചര്യത്തിൽ ഒമ്പതുകാരിയായ ഇളയകുട്ടി മരിച്ചതോടെയാണ്‌ മാധ്യമശ്രദ്ധ പതിഞ്ഞത്‌. കൊലപ്പെടുത്തി കെട്ടിത്തൂക്കിയതെന്നുകൂടി സംശയിക്കാവുന്ന നിലയിലായിരുന്നു മൃതദേഹത്തിന്റെ കിടപ്പ്‌. രണ്ട്‌ കുട്ടികളും മരിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ലൈംഗികപീഡനത്തിന്‌ ഇരയായതായി പോസ്‌റ്റുമോർട്ടത്തിൽ വ്യക്തമായി. ഈ ഘട്ടത്തിലാണ്‌ ആദ്യകുട്ടിയുടെ മരണം അന്വേഷിക്കുന്നതിലുണ്ടായ വീഴ്‌ച പുറത്തുവന്നത്‌. സർക്കാർ ഇക്കാര്യത്തിൽ ഗൗരവപൂർവം ഇടപെട്ട്‌ വാളയാർ എസ്‌ഐയെ സസ്‌പെൻഡ്‌ ചെയ്‌തു. ഐപിഎസ്‌ ഉദ്യോഗസ്ഥയുടെ മേൽനോട്ടത്തിലാണ്‌ തുടർന്ന്‌ അന്വേഷണവും കുറ്റപത്രസമർപ്പണവും നടന്നത്‌.

പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ചുപേരായിരുന്നു പ്രതികൾ. ബാലലൈംഗികാതിക്രമം, പ്രകൃതിവിരുദ്ധപീഡനം, പട്ടികജാതി അതിക്രമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തി.  ഒന്നും രണ്ടും പ്രതികൾക്ക്‌ ജാമ്യം പോലും ലഭിച്ചില്ല. എന്നാൽ, നാലാംപ്രതിയെ സെപ്‌തംബറിലും ഒന്നുമുതൽ മൂന്നുവരെ പ്രതികളെ കഴിഞ്ഞദിവസവും കോടതി വെറുതെവിട്ടു. പ്രായപൂർത്തിയാകാത്ത അഞ്ചാംപ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിലാണ്‌. അന്വേഷണത്തിലും പ്രോസിക്യൂഷൻ നടപടികളിലും ഗുരുതരമായ വീഴ്‌ച സംഭവിച്ചെന്ന പരാതിയാണ്‌ മാതാപിതാക്കൾ ഉന്നയിക്കുന്നത്‌. വ്യക്തമായ തെളിവുകൾ ലഭ്യമായ കേസിൽ പ്രതികൾ നിഷ്‌പ്രയാസം ഇറങ്ങിപ്പോകുന്നത്‌ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമാക്കും. ഈ ഗൗരവം ഉൾക്കൊണ്ടാണ്‌ സംസ്ഥാന സർക്കാർ തുടർനടപടികൾ സ്വീകരിച്ചിട്ടുള്ളത്‌.

പോക്‌സോ കേസിൽ ഇരകൾക്ക്‌ നീതി ഉറപ്പാക്കുക പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പ്രാഥമിക ഉത്തരവാദിത്തമാണ്‌. ഇതിൽ ചെറിയ വീഴ്‌ചകൾ പോലും പൊറുക്കാവുന്നതുമല്ല

അന്വേഷണത്തിലും വിചാരണയിലും ഒത്തുകളി നടന്നെന്ന അമ്മയുടെ പരാതി ഉള്ളുപൊള്ളിക്കുന്നതാണ്‌. യഥാർഥ സാക്ഷികളെ ഒഴിവാക്കി സ്ഥലവുമായി ബന്ധമില്ലാത്തവരെ സാക്ഷികളാക്കിയതും ദുർബലമായ മൊഴിയുമാണ്‌ പ്രതികൾക്ക്‌ തുണയായത്‌. സ്ഥലവാസികളായ ചില സാക്ഷികളെ വേണ്ടവണ്ണം വിസ്‌തരിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്‌. ഇളയ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന സംശയം ഉന്നയിച്ചിട്ടും പൊലീസ്‌ ഗൗനിച്ചില്ലെന്ന അച്ഛന്റെ പരാതിയും ഗൗരവമുള്ളതാണ്‌. ഇതെല്ലാം സംഭവവുമായി ബന്ധപ്പെട്ട്‌ പരിഗണിക്കപ്പെടേണ്ട സൂക്ഷ്‌മാംശങ്ങൾ തന്നെയാണ്‌. പോക്‌സോ കേസിൽ ഇരകൾക്ക്‌ നീതി ഉറപ്പാക്കുക പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പ്രാഥമിക ഉത്തരവാദിത്തമാണ്‌. ഇതിൽ ചെറിയ വീഴ്‌ചകൾ പോലും പൊറുക്കാവുന്നതുമല്ല. സർക്കാരിന്റെ തുറന്ന സമീപനത്തിന്റെ അടിസ്ഥാനവും മറ്റൊന്നല്ല.

സെഷൻസ്‌ കോടതിവിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുന്നതിനുപുറമെ പുനരന്വേഷണത്തിനുള്ള നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ  ഉറപ്പ്‌ വെറുതെയാകില്ലെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്‌. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ഏത്‌ ചെറിയ അതിക്രമത്തെയും ശക്തമായി നേരിട്ട അനുഭവമാണ്‌ എൽഡിഎഫ്‌ ഭരണത്തിലുള്ളത്‌.  കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ ഈ സർക്കാർ വന്നതിനുശേഷം  9836 കേസുകൾ രജിസ്റ്റർചെയ്തു.  9918  പ്രതികളെ അറസ്റ്റ് ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ 46842 കേസുകളിൽ 59395 പ്രതികൾ അറസ്റ്റിലായി. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾക്ക്  609 കേസുകളിൽ 434 പ്രതികളെ അറസ്റ്റ് ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ 97 ശതമാനത്തോളം  തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്‌ മുമ്പില്ലാത്ത അനുഭവമാണ്‌.

സിപിഐ എം നേതാക്കളും ജില്ലാകമ്മിറ്റിയും വാളയാർ കേസ്‌ അട്ടിമറിച്ചെന്ന്‌ പറയുന്നവർക്ക്‌ രാഷ്ട്രീയ മുതലെടുപ്പിനപ്പുറം ഈ കേസിൽ നീതി ഉറപ്പാക്കണമെന്ന്‌ ഒരു നിർബന്ധവുമില്ല. അവർക്കുള്ള മറുപടി ബന്ധപ്പെട്ടവർതന്നെ നൽകിയിട്ടുണ്ട്‌. കേസിൽ സിപിഐ എം ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന്‌ വ്യക്തമാണ്‌.  രണ്ട്‌ പിഞ്ചുബാലികമാരുടെ ദാരുണാന്ത്യം മുതലെടുപ്പുകാരെ അലട്ടുന്നില്ല. ഏത്‌ വേദനയും ആരുടെ കണ്ണീരും രാഷ്ട്രീയനേട്ടത്തിന്‌ ഉപയോഗിക്കുകയെന്നത്‌ അവർക്ക്‌ ശീലമാണ്‌. എൽഡിഎഫ്‌ ഗവൺമെന്റാകട്ടെ എന്നും ഇരയാക്കപ്പെടുന്നവർക്കൊപ്പമാണ്‌. സാമൂഹ്യതിന്മകൾക്കും വ്യക്തികളായ കുറ്റവാളികൾക്കുമെതിരെ നീതിയുടെ പക്ഷംചേർന്നാണ്‌ സർക്കാർ പോരാടുന്നത്‌.  വിട്ടുവീഴ്‌ചയില്ലാതെ  അത്‌ തുടരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top