20 April Saturday

ആ മുറിവിന്റെ ഓർമയ്‌ക്ക്‌ ഒരു നൂറ്റാണ്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021


സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട എല്ലാ ഓർമയെയും കാവിപ്പട ഭയപ്പെടുന്നു. തങ്ങൾ ഒരിറ്റ്‌ വിയർപ്പൊഴുക്കാത്ത പ്രക്ഷോഭ പരമ്പരകളിലൂടെയാണ്‌ രാജ്യം വിമോചിക്കപ്പെട്ടതെന്നത് അവരെ അസ്വസ്ഥപ്പെടുത്തുകയുമാണ്‌. രാഷ്ട്രപിതാവിനെ വെടിയുണ്ടകളാൽ അവസാനിപ്പിച്ചവർ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഉജ്വല സ്മരണകൾ   തുടച്ചുനീക്കാൻ ശ്രമിക്കുന്നുമുണ്ട്‌. കമ്യൂണിസ്റ്റുകാരും മുസ്ലിങ്ങളും  നേതൃത്വംനൽകിയ  മുന്നേറ്റങ്ങൾക്ക്‌  ചരിത്രത്തിൽ ഇടംനൽകാതിരിക്കാൻ ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗിക്കുകയുമാണ്‌. സാമ്രാജ്യവാദികൾ നിരത്തിയ ആരോപണങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു. 

മലബാർ കലാപത്തിന്റെയും വാഗൺ ട്രാജഡിയുടെയും ഓർമകളുടെ നൂറ്റാണ്ട്‌ ആചരിക്കുന്ന ഘട്ടത്തിൽ  സംഘപരിവാർ വിഭാഗീയ ചരിത്രനിർമിതിയിലാണ്‌. വർഗീയ അജൻഡ മുന്നോട്ടുവച്ച്‌ വിഭജനനീക്കം  തകൃതിയാക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന്‌ കമ്യൂണിസ്‌റ്റുകാരെയും മുസ്ലിങ്ങളെയും നീക്കുന്ന പ്രവർത്തനം  അതിരുവിടുകയാണ്‌. രക്തസാക്ഷികളെ പ്രതിപാദിക്കുന്ന കൃതിയുടെ അഞ്ചാം ഭാഗത്തുനിന്ന് 1921ലെ മലബാർ കലാപ നേതാക്കളായ  വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി, ആലി മുസ്ലിയാർ എന്നിവരടക്കം 387 പേരെ നീക്കാൻ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മൂന്നംഗ സമിതി ശുപാർശ ചെയ്‌തു. വാഗൺ ട്രാജഡി രക്തസാക്ഷികളെയും അപമാനിക്കാൻ ശ്രമമുണ്ട്‌.

മലബാർ സമരം  ബ്രിട്ടീഷ്‐ജന്മിത്ത വിരുദ്ധ കലാപമായിരുന്നു. അത്‌ വർഗീയമായി നീങ്ങരുതെന്ന നിലപാടായിരുന്നു വാരിയൻകുന്നത്ത് അടക്കമുള്ളവർക്ക്‌.  രാഷ്ട്രീയപ്രാധാന്യം  ഊന്നിയപ്പോഴും അതിന്റെ  ദൗർബല്യങ്ങൾ   കമ്യൂണിസ്റ്റ് പാർടി വിലയിരുത്തി. 25–--ാം വാർഷികത്തിൽ  ‘ആഹ്വാനവും താക്കീതും’ പ്രമേയം അംഗീകരിച്ചു. അക്കാര്യം വിശദീകരിച്ച് ഇ എം എസ് ലഘുലേഖയും എഴുതി. അത്‌  പ്രസിദ്ധീകരിച്ച ‘ദേശാഭിമാനി’ നടപടിയും  നേരിട്ടു. ചിലേടങ്ങളിലെ  വർഗീയ അതിക്രമം തെറ്റെന്ന്‌ പാർടി ചൂണ്ടിക്കാട്ടി. അക്കാര്യം സൂചിപ്പിച്ചാണ് താക്കീത്‌ പ്രധാനമായി കണ്ടത്. ബ്രിട്ടീഷ്‌  സേവകരായും  മാപ്പിരന്നും  രാജ്യത്തെ ഒറ്റുകൊടുത്തവരുടെ ശിഷ്യന്മാരുടെ കൈയിലാണ്‌  ഇപ്പോൾ രാജ്യഭരണം. മലബാർ കലാപത്തിനെതിരെ തിരിയുന്ന  അവർ വൈകാതെ സ്വാതന്ത്ര്യസമരത്തെ നിരാകരിക്കുന്നതിലേക്കെത്തും. 1947ലെ ഇന്ത്യൻ സ്വാതന്ത്ര്യലബ്‌ധി  ഭിക്ഷയായിരുന്നെന്നും 2014 ലാണ് യഥാർഥത്തിൽ സ്വതന്ത്രമായതെന്നുമുള്ള കങ്കണ റണാവത്തിന്റെ പ്രസ്താവന ഈ പശ്‌ചാത്തലത്തിലാണ്‌ കാണേണ്ടത്‌.  ‘ഒരടിക്ക്‌ പകരം വീണ്ടും കവിൾ കാണിച്ചാൽ ഭിക്ഷ കിട്ടിയേക്കാമെന്നല്ലാതെ സ്വാതന്ത്ര്യം ലഭിക്കില്ലെ’ന്ന  പ്രസ്‌താവനയുടെ  ലക്ഷ്യം വ്യക്തം. വ്യാപക പ്രതിഷേധമുയർന്നിട്ടും ബന്ധപ്പെട്ടവർ കുറ്റകരമായ മൗനത്തിലാണ്‌.  

മലബാർ കലാപം കേന്ദ്രമാക്കി സംവാദങ്ങൾക്കൊപ്പം വിവാദങ്ങളും  കുറവല്ല. കോളനിവാഴ്‌ചയ്‌ക്കും ജന്മിത്തത്തിനുമെതിരായ ചെറുത്തുനിൽപ്പിനെതിരെ വിവാദങ്ങൾ മറ്റൊരു രൂപത്തിൽ ഉയർത്തുകയാണ്‌. കലാപത്തിന്‌ ഇടയാക്കിയത്‌ മതമാണോയെന്ന തർക്കം ആദ്യഘട്ടത്തിൽ ഉണ്ടായതാണ്‌. ബ്രിട്ടീഷുകാരാണ്‌ അത്തരമൊന്നിന്‌ തുടക്കമിട്ടത്‌. 19–-ാം  നൂറ്റാണ്ടിലും ഇരുപതിന്റെ ആദ്യവും നടന്ന കലാപങ്ങളുടെ പ്രധാന കാരണം ഭൂതർക്കങ്ങളായിരുന്നു; മതം പ്രത്യയശാസ്‌ത്ര പങ്കുവഹിച്ചുവെന്നുമാത്രം. കലാപരീതി ഉടമവർഗത്തോടും സംരക്ഷകരായ കോളനി ഭരണത്തോടുമുള്ള വിരോധം പ്രകടമാക്കി. പ്രക്ഷോഭകാരികളുടെ വിശ്വാസവും  കാഴ്‌ചപ്പാടും രൂപപ്പെടുത്തിയ മതസ്വാധീനവും വ്യക്തം.  എങ്കിലും കലാപം രൂപപ്പെടുത്തിയത്‌ കോളനി–- ജന്മിവാഴ്‌ചയോടുള്ള രോഷമായിരുന്നു. സമരത്തിന്‌ പശ്ചാത്തലമായ കോൺഗ്രസ്‌ ‐ഖിലാഫത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹിന്ദുക്കളും ഉണ്ടായി. പ്രത്യക്ഷസമരം വന്നപ്പോൾ കോൺഗ്രസ്‌ മാറി. മതം മാത്രമായിരുന്നില്ല നിർണായകം. സർക്കാർ ഓഫീസുകളും ഭൂവുടമകളുടെ വീടുകളും ആക്രമിച്ച ചില കേസുകളിൽ ഹിന്ദുക്കളുമുണ്ടായിരുന്നു.

കലാപത്തെക്കുറിച്ച്‌ ഭിന്നാഭിപ്രായമുണ്ടെങ്കിലും ഏവരും അപലപിച്ചതായിരുന്നു വാഗൺ ട്രാജഡി. ജാലിയൻ വാലാബാഗിനേക്കാൾ നീചമായ കൂട്ടക്കൊല. പാണ്ടിക്കാട് ചന്ത കൈയേറി, പുലാമന്തോൾ പാലം പൊളിക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നവംബർ 19 മുതൽ നിരപരാധികളെ പിടികൂടി കൂട്ടിക്കെട്ടി. തിരൂരിൽനിന്ന്‌ കോയമ്പത്തൂർ ജയിലിലേക്ക്‌ കൊണ്ടുപോകാൻ  വാഗണിൽ കുത്തിനിറച്ചു. അതിലെ ഇരുട്ടിൽ പലരും കടിച്ചുകീറി; ഒലിച്ചിറങ്ങിയ ചോര നക്കിക്കുടിച്ച്‌ ദാഹമടക്കി.  20ന് പുലർച്ചെ പോത്തന്നൂരിലെത്തിയപ്പോൾ, അനക്കം കേട്ടില്ല. ദയനീയ കാഴ്ച. പലരും ശ്വാസം കിട്ടാതെ മരിച്ചു. മലബാർ കലാപം- വെറും ഹിന്ദു ‐മുസ്ലിം സംഘർഷമായിരുന്നില്ല. സാമ്രാജ്യത്വത്തിനും  -ജന്മിത്തത്തിനുമെതിരായ  ചെറുത്തുനിൽപ്പായിരുന്നു. സാമ്രാജ്യത്വ മർദനമുറകൾക്കെതിരെ ഉയർന്ന പോരാട്ടങ്ങളുടെ തുടർച്ചയും ഖിലാഫത്തിനെതിരായ  ബ്രിട്ടീഷ്‌ നിഷ്ഠുരതയുടെ ഉദാഹരണവുമാണ്‌ വാഗൺ കൂട്ടക്കൊല. കുടിയൊഴിപ്പിക്കലിനൊപ്പം  അന്യായ നികുതി, ഉയർന്ന പാട്ടം തുടങ്ങിയവ അടിച്ചേൽപ്പിച്ചതിനെതിരായ വികാരമാണ്‌ പ്രക്ഷോഭത്തിലേക്കു നയിച്ചത്. സായുധ പട്ടാളത്തോട്‌  സാധാരണക്കാർ പോരാടിയതിന്റെ പരിണതിയായിരുന്നു വാഗൺ കൂട്ടക്കൊല. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കൂലിപ്പണിക്കാരും കർഷകരുമായിരുന്നു. നിലനിൽപ്പിനായി പുതിയ സമരമുഖങ്ങൾ തുറക്കേണ്ടുന്ന അവസ്ഥയിൽ മലബാറിലെ കർഷക ജനസാമാന്യത്തിന്റെ  പോരാട്ടവീറും അവരുടെ ചോരകുതിർന്ന വാഗൺ കൂട്ടക്കൊലയും തീർച്ചയായും പ്രചോദനമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top