03 October Tuesday

ബിഎസ്എൻഎൽ പാക്കേജും കരാർ തൊഴിലാളി സമരവും

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2019

ലാഭത്തിന്റെ സ്വകാര്യവൽക്കരണവും നഷ്ടത്തിന്റെ ദേശസാൽക്കരണവുമെന്നത് ആഗോളവൽക്കരണത്തിന്റെ പ്രധാന കെടുതികളിലൊന്നാണ്. ദേശീയപ്രസ്ഥാനത്തിന്റെ ചിന്തയിലൂടെ രൂപപ്പെട്ട ഇന്ത്യൻ പൊതുമേഖലയെ തച്ചുതകർക്കാനുള്ള ശ്രമം പലവിധത്തിലാണ് നടക്കുന്നത്. ടെലികോം, റെയിൽവേ, ആരോഗ്യ, വിദ്യാഭ്യാസ, വിമാന, ബാങ്കിങ് രംഗങ്ങളിലാകെ അത് അപകടകരമായ നിലയിലുമാണ്. ബിഎസ്എൻഎല്ലിനെ തകർക്കാനുള്ള മോഡി സർക്കാരിന്റെ നിഗൂഢപരിശ്രമങ്ങൾ അതിലൊന്നുമാത്രം. മൻമോഹൻസിങ് പുത്തൻ സാമ്പത്തികനയം അടിച്ചേൽപ്പിച്ചതോടെ വൻ ലാഭം കൊയ്യുന്ന നവരത്ന കമ്പനികളുടേതടക്കം ഓഹരികൾ വിറ്റുതുലച്ചും കുത്തകകൾക്കും വൻകിട കോർപറേറ്റുകൾക്കും അവയെ  അടിയറവച്ചും പൊതുമേഖലയെയാകെ തകർക്കാൻ തുടങ്ങി. അതിന്റെ കൂടുതൽ വേഗമാർജിച്ച നടപടികളാണ് ഇപ്പോൾ കാണാനാകുന്നത്. നഷ്ടത്തിന് ഒരേയൊരുത്തരവാദി ജീവനക്കാർ മാത്രമാണെന്നാണ് അധികൃതരുടെ വിചിത്രവാദം. പതിനായിരം കോടി രൂപ ലാഭമുണ്ടാക്കിയ 2004‐05 വർഷത്തിൽ ബിഎസ്എൻഎല്ലിൽ  ജീവനക്കാരുടെ എണ്ണം ഇപ്പോഴത്തേതിനെക്കാൾ ഒരു ലക്ഷം അധികമായിരുന്നു. കേന്ദ്രം മധുരം പുരട്ടി അടിച്ചേൽപ്പിക്കുന്ന സ്വയംവിരമിക്കൽ പദ്ധതി (വിആർഎസ്) ഈ മേഖലയെ കുത്തുപാളയെടുപ്പിച്ചത് മറച്ചുപിടിക്കാനാണ്. അതുപോലെ എംടിഎൻഎല്ലും ബിഎസ്എൻഎല്ലും ലയിപ്പിക്കാൻ തീരുമാനിച്ചതായി ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പ്രഖ്യാപിച്ചതിലും ചതിക്കുഴികൾ ഏറെയുണ്ട്.

പുനരുജ്ജീവന പാക്കേജിന്റെ മറവിൽ നാലുവർഷംകൊണ്ട് ആസ്തി വിൽപ്പനയിലൂടെ 38,000 കോടിയും കടപ്പത്രത്തിലൂടെ 15,000 കോടിയും  സമാഹരിക്കുമെന്നാണ് പറയുന്നത്.  വിആർഎസിന് നീക്കിവയ്ക്കുന്ന 29,937 കോടി  ബിഎസ്എൻഎല്ലിന്റെ വികസനത്തിന് മാറ്റിവച്ചാൽ വരുമാനം മെച്ചപ്പെടുത്താനാകും.  വിരമിക്കൽ പ്രായം 58ലേക്ക് താഴ്ത്താനുള്ള നീക്കവും തകൃതിയാണ്.   2000 ഒക്ടോബറിൽ മൂന്നുലക്ഷത്തി എഴുപതിനായിരം ജീവനക്കാരുണ്ടായത് ഇപ്പോൾ ഒരുലക്ഷത്തി അമ്പത്തിനാലായിരമായി കുറഞ്ഞതുപോലും കണക്കാക്കാതെയാണ് തൊഴിൽശക്തിയോടുള്ള യുദ്ധപ്രഖ്യാപനം.  കൂടാതെ എൺപതിനായിരം കരാർ തൊഴിലാളികളുമുണ്ട്. എട്ടുമാസമായി ശമ്പളം കിട്ടാത്തതിനാൽ അവർ സംസ്ഥാനത്ത് നടത്തുന്ന  പണിമുടക്ക് 36 ദിവസം പിന്നിട്ടു. 80 ദിവസത്തെ സത്യഗ്രഹത്തിനുശേഷമാണ് പണിമുടക്ക് പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്. ഏഴുമാസത്തെ വേതന കുടിശ്ശിക ഉടൻ അനുവദിക്കുക, പിരിച്ചുവിടൽ നീക്കത്തിൽനിന്ന് പിന്തിരിയുക, ബിഎസ്എൻഎല്ലിനെ സംരക്ഷിക്കുക എന്നീ ജീവൽപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 


 

കേന്ദ്രസർക്കാർ മാതൃകാ തൊഴിൽദായകനാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടും കൂലി അടിമത്തത്തിന് സമാനമായ അവഗണനയാണ് തൊഴിലാളികൾ നേരിടുന്നത്.  കരാർ തൊഴിലിനെ എല്ലാ ട്രേഡ് യൂണിയനുകളും എതിർത്തതിന്റെ ഭാഗമായാണ് 1970ൽ അത് ഇല്ലാതാക്കി നിയമമുണ്ടാകുന്നത്. നിയമം  കടലാസിൽ വിശ്രമിക്കുകയും മാറിമാറിവന്ന കേന്ദ്രസർക്കാരുകൾ അപ്രഖ്യാപിത നിയമന നിരോധനത്തിലൂടെ കരാർ നിയമനം പെരുപ്പിക്കുകയുമായിരുന്നു. എല്ലാ മേഖലയിലും അത് നടപ്പു രീതിയായപ്പോൾ സ്ഥിരം ജീവനക്കാരെക്കാൾ താൽക്കാലികക്കാർ എന്ന പ്രവണത ശക്തിപ്പെട്ടു. അതിനാലാണ് അവർക്ക് നിയമാനുസൃതവേതനം അനുവദിക്കണമെന്ന് ഉത്തരവാദിത്തമുള്ള ട്രേഡ് യൂണിയനുകൾ ആവശ്യപ്പെടുന്നത്.

പൊതുമേഖലാ ബാങ്കുകളെ അനാകർഷകമാക്കി സ്വകാര്യ സ്ഥാപനങ്ങൾക്ക് വിടുപണിചെയ്തതുപോലെ ബിഎസ്എൻഎല്ലിനെയും കരുക്കിട്ട് മുറുക്കുകയായിരുന്നു.  1995ൽ സ്വകാര്യ കമ്പനികൾക്ക് മൊബൈൽ ലൈസൻസ് അനുവദിച്ചെങ്കിലും ബിഎസ്എൻഎല്ലിനെ പരിഗണിച്ചത് ഏഴുവർഷത്തിനു ശേഷം.  ലൈസൻസ് ലഭിച്ച് അഞ്ചുവർഷത്തിനിടെ മികച്ച സേവനദാതാവായി അത് പേരെടുത്തു. ഒരുഘട്ടത്തിൽ പതിനായിരം കോടി രൂപ ലാഭം നേടുന്ന മെഗാരത്ന പദവിയും കരസ്ഥമാക്കി. സ്വകാര്യ കുത്തകകൾക്ക് ഭീഷണിയായ ഈ കുതിപ്പിനെ തകർക്കുകയായിരുന്നു പിന്നത്തെ ലക്ഷ്യം.

ബിഎസ്എൻഎല്ലിന്റെ എല്ലാവിധ വികസനസാധ്യതകളും വിസ്തൃതിയും അട്ടിമറിക്കപ്പെട്ടു. അടിത്തറ വിപുലമാക്കാൻ ശ്രമങ്ങൾ പലതുണ്ടായെങ്കിലും മൂലധനത്തിന്റെയും നൂതന സാങ്കേതികവിദ്യയുടെയും  അഭാവം വലിയ തടസ്സങ്ങൾ തീർത്തു.  സ്വകാര്യ കുത്തകകൾക്ക് 4 ജി സൗകര്യം അനുവദിച്ചപ്പോഴും ആ സർക്കാർ സ്ഥാപനം തഴയപ്പെട്ടു. സ്വകാര്യ മേഖലയ്ക്ക് പതിനായിരക്കണക്കിന് കോടികളുടെ സഹായം ബാങ്ക് വായ്പയായി അനുവദിക്കപ്പെട്ടപ്പോൾ ബിഎസ്എൻഎല്ലിന് വായ്പയ്ക്ക് ഈടുനിൽക്കാൻപോലും തയ്യാറായില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റിയടക്കം റിലയൻസിന്റെ അനുബന്ധമായി പെരുമാറുന്ന അവസ്ഥയുമുണ്ടായി. മാത്രവുമല്ല, പ്രധാനമന്ത്രിതന്നെ അതിന്റെ ബ്രാൻഡ് അംബാസഡറെപ്പോലെ നിലകൊണ്ടു. ബിഎസ്എൻഎല്ലിന്  മരണമണി മുഴങ്ങുന്നതിൽ ആഹ്ലാദിക്കുന്നവർ കാണേണ്ട പ്രധാന വസ്തുത, ഉപയോക്താക്കളെ മാനിക്കാത്ത തോന്നുംപടിയുള്ള നിരക്ക് അടിച്ചേൽപ്പിക്കുന്നതിൽ കുത്തകകൾക്ക് തടസ്സം അതിന്റെ സാന്നിധ്യമാണെന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top