26 April Friday

വോട്ടിങ് യന്ത്രത്തിലെ അട്ടിമറി ആപല്‍ക്കരം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 4, 2017


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് അഭിമാനിക്കുന്ന ഇന്ത്യയില്‍ ജനവിധിക്കുള്ള പ്രക്രിയ എന്തുമാത്രം അന്തഃസാര ശൂന്യമാണെന്ന് വെളിപ്പെട്ട സംഭവമാണ് മധ്യപ്രദേശില്‍നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അതെര്‍ നിയമസഭാ മണ്ഡലത്തില്‍ തയ്യാറാക്കിവച്ച വോട്ടിങ് യന്ത്രങ്ങളിലാണ് ഞെട്ടിപ്പിക്കുന്ന ക്രമക്കേട് കണ്ടെത്തിയത്. വോട്ടിങ് യന്ത്രത്തിന്റെ മുകള്‍ഭാഗത്ത് ക്രമപ്പെടുത്തിവച്ച നാല് സ്ഥാനാര്‍ഥികളുടെ നേര്‍ക്കുള്ള ബട്ടണുകളില്‍ വിരലമര്‍ത്തിയപ്പോള്‍ എല്ലാവോട്ടും ബിജെപിക്ക് ലഭിക്കുന്നതായാണ് കണ്ടെത്തിയത്. ബാലറ്റ് യൂണിറ്റില്‍ ഘടിപ്പിക്കുന്ന ഒരു ചെറുയന്ത്രത്തിലൂടെ (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) തത്സമയം എടുത്ത പ്രിന്റുകളിലാണ് ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുലഭിക്കുംവിധം യന്ത്രം ക്രമീകരിച്ചതായി വെളിപ്പെട്ടത്.

വോട്ടിങ് യന്ത്രങ്ങളില്‍ ഇത്തരത്തില്‍ ക്രമക്കേടുകള്‍ സാധ്യമാണ് എന്ന സ്ഥിരീകരണത്തിലുപരി, ഇതിനോട് അധികൃതര്‍ പ്രതികരിച്ച രീതി സംഭവത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാവരണാധികാരിയായ കലക്ടറും ചേര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടയിലാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ തന്നെ അടിത്തറ ഇളക്കുന്ന കൃത്രിമം പുറത്തായത്. പരിശോധന നടക്കുമ്പോള്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് സാക്ഷികളായുണ്ടായത്. വിവരം പുറത്തറിഞ്ഞാല്‍ ജയിലില്‍ അടയ്ക്കുമെന്ന ഭീഷണിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ടത്. ഭീഷണി ഫലിച്ചതുകൊണ്ടാകാം ആദ്യദിവസം പ്രധാന മാധ്യമങ്ങളിലൊന്നും ഈ വാര്‍ത്ത വന്നില്ല. ദൃശ്യങ്ങള്‍ സഹിതം നവമാധ്യമങ്ങളിലൂടെ വിവരം പുറത്തുവന്നതോടെയാണ് തെരഞ്ഞെടുപ്പു കമീഷന് നില്‍ക്കള്ളിയില്ലാതായത്. ശിക്ഷാനടപടിയായി കലക്ടറെയും ജില്ലാ പൊലീസ് ചീഫിനെയും സ്ഥലംമാറ്റിയ വാര്‍ത്തയാണ് ചില പത്രങ്ങളില്‍ അടുത്ത ദിവസം വന്നത്.

യന്ത്രങ്ങളുടെ പ്രവര്‍ത്തനം കുറ്റമറ്റതാണെന്ന് ഉറപ്പാക്കാനായിരുന്നോ പരിശോധന? അതോ ബിജെപിക്ക് അധികവോട്ടിനുള്ള കൃത്രിമം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചതോ?  ഇത്തരത്തില്‍ ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകുമോ? അല്ലെങ്കില്‍ എന്തിന് മാധ്യമ പ്രവര്‍ത്തകരുടെ വായടപ്പിക്കാന്‍ നോക്കി. ഔദ്യോഗിക സംവിധാനങ്ങളെ നിര്‍ലജ്ജം ദുര്‍വിനിയോഗം ചെയ്യുന്ന ബിജെപി ഭരണത്തിന്റെ രീതി പുതിയതല്ല. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍പോലും ഇത്ര നഗ്നമായി കൈകടത്തുമെന്നുവന്നാല്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ തന്നെ നിലനില്‍പ്പാണ് അപകടത്തിലാകുന്നത്. തെരഞ്ഞെടുപ്പു കമീഷന്‍ ഭരണഘടനാ സ്ഥാപനമാണെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിര്‍വഹണത്തിന് പുര്‍ണമായും ഉപയോഗിക്കുന്നത് ഉദ്യോഗസ്ഥ ശൃംഖലയെയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് ഓരോ സംസ്ഥാനത്തും തെരഞ്ഞെടുപ്പിന്റെ പുര്‍ണചുമതല. സാധാരണപോലെ, മുതിര്‍ന്ന ഐഎഎസ് ഓഫീസറായ സെലീനാ സിങ്ങാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്നത്. 1986 ബാച്ച് ഐഎഎസ് ഓഫീസറാണ് അവര്‍. ജില്ലയിലെ തെരഞ്ഞെടുപ്പു ചുമതലക്കാരനാകട്ടെ മറ്റൊരു ഐഎഎസുകാരന്‍.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് കൃത്രിമം കൈയോടെ പിടിക്കപ്പെടുമ്പോള്‍ നടപടിക്കു വിധേയരായ ഉദ്യോഗസ്ഥരില്‍ കുറ്റംചാരി രക്ഷപ്പെടാനാണ് കേന്ദ്രവും മധ്യപ്രദേശും ഭരിക്കുന്ന ബിജെപി ശ്രമിക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് സംവിധാനങ്ങളിലെ അട്ടിമറിയുടെ പേരില്‍ ബിജെപി സംശയത്തിന്റെ നിഴലിലാകുന്നത് ഇത് ആദ്യമല്ല. വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായ കൃത്രിമം നടന്നുവെന്ന ശക്തമായ ആരോപണം ഉയര്‍ന്നത് മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിലായിരുന്നു. ജനുവരിയില്‍ ഫലം പുറത്തുവന്നപ്പോള്‍ ബിജെപിക്ക് മുമ്പില്ലാത്ത കുതിപ്പാണ് കണ്ടത്്. കേന്ദ്ര- സംസ്ഥാന ഭരണസംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ഉപയോഗിച്ചുവെന്ന സംശയം ഗൌരവമായിത്തന്നെ ഉയര്‍ന്നുവന്നു. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മുന്നേറ്റം വോട്ടിങ് യന്ത്രങ്ങളുടെ കൃത്രിമംവഴിയാണെന്ന ആരോപണം മുന്‍ യുപി മുഖ്യമന്ത്രി മായാവതിയും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും പരസ്യമായിത്തന്നെ ഉന്നയിച്ചു. പല ഘട്ടങ്ങളിലായി പ്രകടിപ്പിച്ച സംശയങ്ങള്‍ കഴമ്പുള്ളതായിരുന്നുവെന്ന് മധ്യപ്രദേശില്‍നിന്ന് ദൃശ്യങ്ങള്‍സഹിതം പുറത്തുവന്ന ക്രമക്കേടില്‍നിന്ന് വ്യക്തമാകുന്നു.മധ്യപ്രദേശില്‍ കൃത്രിമം കണ്ടെത്തിയ യന്ത്രം യുപിയില്‍ ഉപയോഗിച്ചാതാണെന്ന വിവരം കൂടി പുറത്തുവന്നതോടെ സംഭവത്തിന് പുതിയൊരുമാനം കൈവന്നിരിക്കുന്നു.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പ് യന്ത്രങ്ങളുടെ ഗുണമേന്മയും കൃത്യതയും സംബന്ധിച്ചു വന്‍ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളതാണ്. പല രാജ്യങ്ങളും ഉപയോഗിക്കുന്ന യന്ത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്നതാണ് ഇന്ത്യയുടെ യന്ത്രങ്ങള്‍. സ്വാഭാവികമായും അത് സുരക്ഷാക്ഷമത വളരെ കുറഞ്ഞതായിരിക്കും. കൃത്രിമത്തിനുള്ള സാധ്യതകള്‍ വളരെ ഉയര്‍ന്നതും. വൈദ്യുതി ഇതുവരെ കടന്നുചെല്ലാത്ത വിദൂര ഗ്രാമങ്ങളിലടക്കം ഉപയോഗിക്കേണ്ടതിനാല്‍ പൂര്‍ണമായും ബാറ്ററി ബാക്കപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രങ്ങളുടെ കൃത്യത പലപ്പോഴും സംശയകരമാണ്. വ്യത്യസ്ത കാലാവസ്ഥാ മേഖലകള്‍ അടങ്ങുന്ന ഇന്ത്യയില്‍ ഈ യന്ത്രങ്ങള്‍ക്ക് പ്രകൃതിയില്‍നിന്നുള്ള ഭീഷണി ചെറുതല്ല. ഫംഗസുകള്‍, സൂക്ഷ്മജീവികള്‍, എലികള്‍ എന്നിവമൂലം വോട്ടിങ് യന്ത്രങ്ങള്‍ തകറാവുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പു കമീഷന്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനെല്ലാം ഉപരിയാണ് ഇന്ത്യന്‍ ഗ്രാമീണരുടെ നിരക്ഷരത ചൂഷണംചെയ്ത് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താനുള്ള സാധ്യത. മധ്യപ്രദേശ് സംഭവം വിരല്‍ചൂണ്ടുന്നതും ഈ വിപത്തിലേക്കുതന്നെ.

ഇന്ത്യയുടെ ഫെഡറല്‍ ജനാധിപത്യ വ്യവസ്ഥയോടും ബഹുസ്വര ഭരണസംവിധാനത്തോടും കുറച്ചെങ്കിലും കൂറും ആത്മാര്‍ഥതയുമുള്ളവരല്ല രാജ്യം ഭരിക്കുന്ന ബിജെപി. അമിതാധികാര വാഴ്ചയ്ക്ക് വഴിയൊരുക്കുന്ന പ്രസിഡന്‍ഷ്യല്‍ ഭരണമാണ് അവര്‍ക്ക് അഭികാമ്യം. മത വര്‍ഗീയ രാഷ്ട്രീയം ഉപയോഗപ്പെടുത്തി ആ ലക്ഷ്യത്തിലേക്കു നീങ്ങാമെന്ന വ്യാമോഹിക്കുന്ന ബിജെപി വോട്ടിങ് യന്ത്രം ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇത് ചെറുത്തില്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാകും   


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top