02 June Friday

വിഴിഞ്ഞം സമരവും ഒത്തുതീർപ്പും

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022


വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരായ സമരം അവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സമരസമിതിയുമായി നടത്തിയ  ചർച്ചയിലാണ്‌ ഒത്തുതീർപ്പുണ്ടായത്‌. ബുധനാഴ്‌ച സമരപ്പന്തൽ പൊളിക്കുകയും തുറമുഖത്ത്‌ നിർമാണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌.
നാടിന്റെ നന്മ ആഗ്രഹിക്കുന്നവർക്കെല്ലാം ആശ്വാസം തോന്നുന്ന തീരുമാനം. തുടക്കം മുതൽ ഉയർത്തിപ്പിടിച്ച അതേ നിലപാടാണ്‌ ചർച്ചയിലും സർക്കാർ കൈക്കൊണ്ടത്‌. വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന്‌ അനിവാര്യമാണ്‌.  എൺപത്‌ ശതമാനം നിർമാണം പൂർത്തിയായ പദ്ധതി ഈ ഘട്ടത്തിൽ നിർത്താനാകില്ല. ഈ ആവശ്യം ഒഴികെ എല്ലാ പ്രശ്‌നങ്ങളിലും ചർച്ചയാകാം. ഇതായിരുന്നു സമീപനം. പ്രശ്‌ന പരിഹാരത്തിന്‌ മന്ത്രിസഭാ ഉപസമിതിയെ  നിയോഗിച്ചിരുന്നു. സമരം തുടങ്ങിയ ആഗസ്‌ത്‌ 19 മുതൽ അവർ സമരസമിതിയുമായി  പലവട്ടം ചർച്ച നടത്തി. അപ്പോഴും ഈ നിലപാടെടുത്തു. പക്ഷേ,  പദ്ധതി നിർമാണം നിർത്തിയേ തീരൂ എന്ന വാശിയിൽ പരിഹാരം നീണ്ടു. ഇപ്പോൾ സർക്കാർ നിലപാട്‌  സമരസമിതിക്ക്‌  സ്വീകാര്യമായി. അവർ ഉന്നയിച്ച മറ്റു പ്രശ്‌നങ്ങളിൽ സർക്കാർ എടുത്ത തീരുമാനങ്ങളിലും അവർ തൃപ്‌തരായി. അങ്ങനെ സമരം അവസാനിച്ചു.

ചൊവ്വാഴ്‌ച നിയമസഭയിൽ ഈ വിഷയത്തിൽ അടിയന്തര പ്രമേയ ചർച്ചയുണ്ടായി. അപ്പോഴും, ബുധനാഴ്‌ച പ്രത്യേക പ്രസ്‌താവനയിലും ഇക്കാര്യത്തിൽ സർക്കാർ സമീപനം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്‌.  വിഴിഞ്ഞം പദ്ധതി സംബന്ധിച്ച ആശങ്കകളെ സർക്കാർ തള്ളിക്കളയുന്നില്ല. അവ ഓരോന്നും അർഹിക്കുന്ന ഗൗരവത്തോടെ സമീപിച്ച് പരിഹാരം നിർദേശിക്കുകയാണ്‌  സർക്കാർ ചെയ്‌തത്‌. ഒത്തുതീർപ്പ്‌ വ്യവസ്ഥകൾ സമയബന്ധിതമായി നടപ്പാക്കാൻ സർക്കാരിന്‌ ഉത്തരവാദിത്വമുണ്ട്‌. അക്കാര്യത്തിൽ ഒരു വീഴ്‌ചയുമുണ്ടാകില്ല എന്ന്‌ മുഖ്യമന്ത്രിയുടെ പ്രസ്‌താവന വ്യക്തമാക്കുന്നു. പ്രളയകാലത്തും മറ്റും മറ്റുള്ളവരുടെ രക്ഷയ്‌ക്കായി ജീവൻ പണയപ്പെടുത്തിയവരാണ്‌ മത്സ്യത്തൊഴിലാളികൾ. അവരുടെ താൽപ്പര്യങ്ങൾക്ക് സർക്കാർ മുൻതൂക്കം കൊടുക്കും. നാടിന്റെ വികസനത്തിനുള്ള സുപ്രധാന പദ്ധതിയായ വിഴിഞ്ഞം തുറമുഖനിർമാണം പൂർത്തിയാക്കുകയും ചെയ്യും. ഇതാണ്‌ സർക്കാർ വാഗ്ദാനം ചെയ്യുന്നത്‌.

ഈ സമരകാലത്ത്‌ ഉയർന്ന ചില പ്രവണതകൾ അവഗണിക്കാനാകില്ല. വിഴിഞ്ഞം പദ്ധതിയുടെ ആവശ്യകത മനസ്സിലാക്കി മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച്‌ നിലപാടെടുത്ത വലിയൊരു പൗരസമൂഹത്തിന്റെ സാന്നിധ്യമാണ്‌ അതിൽ പ്രധാനം. ഏറെ പ്രമുഖർ പരസ്യ പ്രസ്‌താവനയിലൂടെ തന്നെ ഈ നിലപാട്‌ വ്യക്തമാക്കി. യുഡിഎഫിൽ പോലും ഭിന്നസ്വരങ്ങൾ ഉയർന്നു. ചൊവ്വാഴ്‌ച അടിയന്തര പ്രമേയത്തിൽ അവർ വോട്ടെടുപ്പിനു മുതിരാതിരുന്നത്‌ അതുകൊണ്ടാണെന്ന്‌ വ്യക്തം. വികസനപദ്ധതികളെ പാടേ തള്ളി മുന്നോട്ടു പോകാനാകില്ലെന്ന്‌ കൂടുതൽ പേർ മനസ്സിലാക്കുന്നു.

ചില അപായമണികളും ഈ സമരകാലത്ത്‌ മുഴങ്ങി. അതും കാണാതിരുന്നുകൂടാ.  വികസന പദ്ധതികൾ വരുമ്പോൾ അതിന്റെ കെടുതികൾ നേരിടേണ്ടി വരുന്നവർ ഉണ്ടാകും. അവർ സമരം ചെയ്യും. അത്തരം പല സമരങ്ങൾക്കും നേതൃത്വം നൽകിയവരാണ്‌ കമ്യൂണിസ്റ്റുകാർ.  ആ സമരങ്ങളെ ഒരിക്കലും തള്ളിപ്പറയാനാകില്ല. പക്ഷേ, വിഴിഞ്ഞത്തെ സമരത്തിന്റെ മറവിൽ അതിനൊക്കെ അപ്പുറമുള്ള ചില ലക്ഷ്യങ്ങളിലേക്ക്‌ ചിലർ കണ്ണുനട്ടില്ലേ എന്ന്‌  സംശയിക്കണം. സമരത്തെ വലിയ പൊലീസ്‌ ഇടപെടൽ ആവശ്യപ്പെടുന്ന അസാധാരണമായ ആക്രമണങ്ങളിലേക്കു നയിക്കാൻ ചിലർ ശ്രമിച്ചു.  വർഗീയ ചേരിതിരിവ്‌ സൃഷ്ടിക്കാനിടയാക്കുന്ന പ്രസംഗങ്ങൾ ഉണ്ടായി. ഒരു  കലാപവും വെടിവയ്‌പും ‘കൊതിച്ച’ ആരോ ചിലർ ഇതിനൊക്കെ പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചു.

വിമോചനസമരത്തിന്റെ ഓർമത്തഴമ്പുകൾ തഴുകി ഈ സമരകാലത്ത്‌ പ്രത്യക്ഷപ്പെട്ടവരെ  ചിലത്‌ ഓർമിപ്പിക്കാതെ വയ്യ. 1959ലെ കേരളമല്ല 2022ലേത്‌. കുതിച്ചും കിതച്ചും ഈ നാട്‌ ഒത്തിരിദൂരം പിന്നിട്ടിരിക്കുന്നു. അന്നത്തെ സമരാഭാസത്തിന്റെ ചേരുവകൾ ഇനി അതേപടി ചേരില്ല. ആ പാചകത്തിന്‌ അടുപ്പുകൂട്ടിയവർ അത്‌ തല്ലിക്കെടുത്തുകയാകും നന്ന്‌.  മാധ്യമനുണകളും തിരസ്‌കാരവും എത്രയുണ്ടായാലും സത്യം ജനങ്ങളിലെത്തിക്കാൻ കഴിയുന്ന കരുത്ത്‌ ഇന്ന്‌ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ട്‌. പഴയ ‘കമ്യൂണിസ്റ്റ്‌ ഭൂത’ത്തെ കാട്ടി ഇനി അധികമാരെയും പേടിപ്പിക്കാനാകില്ല. തീരത്തായാലും മലയോരത്തായാലും കമ്യൂണിസ്റ്റുകാരനെ, അവന്റെ പാർടിയെ, അവർ നയിക്കുന്ന ഭരണത്തെ തിരിച്ചറിയുന്നവർ കൂടിവരികയാണ്‌. അവർ ഈ സർക്കാരിനെ ഹൃദയത്തോട്‌ ചേർത്തുപിടിക്കുന്നുണ്ട്‌. ആ വിശ്വാസ്യതയുടെ വലയം ഭേദിച്ച്‌ കടന്നുകയറിക്കളയാം എന്നത്‌ വ്യാമോഹമാണ്‌. ഇത്‌ കുറെക്കൂടി മുതിർന്ന ഒരു കേരളമാണ്‌; തിരിച്ചറിവിൽ ഏറെ മുമ്പോട്ടുപോയ ജനതയാണ്‌. അത്രയും അറിഞ്ഞിരിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top