15 July Monday

ജുഡീഷ്യല്‍ അന്വേഷണം വിഴിഞ്ഞത്ത് നേര്‍വഴി കാട്ടും

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2017


നിലവിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോയാല്‍ ലോകം കണ്ട വലിയ കുംഭകോണങ്ങളിലൊന്നായി വിഴിഞ്ഞം തുറമുഖപദ്ധതി മാറുമെന്ന് വ്യക്തമായിക്കഴിഞ്ഞു. കരാര്‍ ഒപ്പിടുന്ന വേളയില്‍ കേരളത്തിലെ പ്രതിപക്ഷം ഉയര്‍ത്തിയ ഈ ആശങ്കയ്ക്ക് ഇപ്പോള്‍ ഭരണഘടനാ സ്ഥാപനമായ സി ആന്‍ഡ് എജിയും അടിവരയിട്ടിരിക്കുന്നു. കരാറുകാരായ അദാനി ഗ്രൂപ്പിന് വഴിവിട്ട് നല്‍കിയ ആനുകൂല്യങ്ങളെക്കുറിച്ച് എല്‍ഡിഎഫ് നേതാക്കള്‍ കണക്കുകള്‍ നിരത്തിയാണ് സമര്‍ഥിച്ചത്. എന്നാല്‍, അദാനിയുമായി കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ വിഴിഞ്ഞം പദ്ധതി എന്നന്നേക്കുമായി കേരളത്തിന് നഷ്ടപ്പെടുമെന്ന് മുറവിളികൂട്ടി ഉമ്മന്‍ചാണ്ടിയും കൂട്ടരും എതിര്‍പ്പുകളെ തട്ടിമാറ്റി. അദാനിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് ആഘോഷമായി 2015 ആഗസ്ത് 17ന് പദ്ധതിക്ക് തേങ്ങയടിച്ചു.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വിഴിഞ്ഞത്ത് തുറമുഖം യാഥാര്‍ഥ്യമായാല്‍ കേരളത്തിന് വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടം സാധ്യമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല. 2400 കോടി രൂപ മുതല്‍മുടക്കില്‍ അവിടെ തുറമുഖനിര്‍മാണം പൂര്‍ത്തിയാക്കാനാകും. ഇതില്‍ 800 കോടി സര്‍ക്കാര്‍ മുതല്‍മുടക്ക് സാധ്യമായാല്‍ ബാക്കി തുക പൊതുമേഖല ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് സമാഹരിക്കാനാകും. ഇത്തരത്തില്‍ പൂര്‍ണമായും പൊതുമേഖലയ്ക്ക് പ്രാമുഖ്യം കിട്ടുമായിരുന്ന പദ്ധതി സ്വകാര്യമേഖലയ്ക്ക് എറിഞ്ഞുകൊടുക്കുന്നതിന്റെ യുക്തി ശക്തമായി ചോദ്യം ചെയ്യപ്പെട്ടു. വിഴിഞ്ഞത്തെ 6000 കോടി വിലമതിക്കുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറുന്നതിനുപിന്നിലെ ഗൂഢാലോചനയും തുറന്നുകാട്ടപ്പെട്ടു. എന്നാല്‍, കേന്ദ്ര ബിജെപി ഭരണത്തിന്റെ മാനസപുത്രനായ അദാനിക്ക് വിഴിഞ്ഞം തീറെഴുതാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ ഉമ്മന്‍ചാണ്ടി ഒരുക്കമായിരുന്നില്ല.

പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനമായതോടെ അടങ്കല്‍തുക മൂന്നിരട്ടികണ്ട് വര്‍ധിക്കുന്നതാണ് കണ്ടത്. നിര്‍മാണം സ്വകാര്യമേഖലയെ ഏല്‍പ്പിക്കുമ്പോഴും ഭൂരിഭാഗം ചെലവും സര്‍ക്കാര്‍ വഹിക്കുന്നുവെന്നതാണ് വിചിത്രമായ അവസ്ഥ. പദ്ധതിയുടെ മൊത്തം ചെലവ് 7525 കോടി രൂപയാണ്. അദാനി ചെലവഴിക്കുന്നത് 2454 കോടിയും. തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ മൂലധനത്തിന്റെ 32.6 ശതമാനംമാത്രമാണ് അദാനിക്ക് ചെലവഴിക്കേണ്ടിവരുന്നത്. മൂന്നിലൊന്നുപോലും ചെലവഴിക്കാതെ അദാനിക്ക് പോര്‍ട്ടിനുമേല്‍ പൂര്‍ണാവകാശം വരികയാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുറമുഖനിര്‍മാണം പൊതു ഉടമസ്ഥതയിലും തുറമുഖപ്രവര്‍ത്തനം പൊതു- സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലും നടത്താനാണ് തീരുമാനിച്ചത്. തുറമുഖത്തിന്റെ ഉടമസ്ഥത സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാകുകയും നടത്തിപ്പിന് സ്വകാര്യപങ്കാളിത്തം അനുവദിക്കുകയും ചെയ്യുന്ന രീതിയായിരുന്നു അത്. തുറമുഖത്തിന്റെ ഉടമസ്ഥതതന്നെ പിപിപി മാതൃകയിലാക്കി അദാനിക്ക്് നല്‍കിയെന്നതാണ് യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയ മാറ്റം.

പദ്ധതിയില്‍നിന്ന് ലാഭമെടുക്കാനുള്ള 'കണ്‍സഷന്‍' കാലാവധിയില്‍ എല്ലാ വ്യവസ്ഥകളും കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് പത്തുവര്‍ഷം അധികം നല്‍കിയാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഇതുവഴി 30,000 കോടിയോളം രൂപയുടെ ആനുകൂല്യം അദാനിക്ക് ലഭിക്കുമെന്നാണ് സിഎജി കണ്ടെത്തിയത്. 40 വര്‍ഷം കഴിഞ്ഞാലും പദ്ധതി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കുന്ന വ്യവസ്ഥകളുമുണ്ട്. കണ്‍സഷന്‍ കാലാവധി 60 വര്‍ഷമായി നീട്ടാനുള്ള പഴുതുകളും കരാറിലുണ്ട്. തുറമുഖത്തിനുപുറമെ പുലിമുട്ടുനിര്‍മാണത്തിനും മത്സ്യത്തൊഴിലാളി തുറമുഖത്തിനുമുള്ള കരാര്‍കൂടി ടെന്‍ഡര്‍പോലും വിളിക്കാതെയാണ് അദാനിയെ ഏല്‍പ്പിച്ചത്. ഈ പ്രവൃത്തികളുടെ അടങ്കലിലും അസംസ്കൃതസാധനങ്ങളുടെ വിലനിര്‍ണയത്തിലും പ്രകടമായ ക്രമക്കേടുകളാണുള്ളത്. പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന മത്സ്യബന്ധന തുറമുഖത്തിന് തൊഴിലാളികള്‍ യൂസേഴ്സ് ഫീ നല്‍കേണ്ടത് അദാനിക്കാണെന്ന വിചിത്ര വ്യവസ്ഥയും കരാറിലുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റ ഘട്ടത്തില്‍തന്നെ വിഴിഞ്ഞം കരാറിലെ അന്യായ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയതാണ്. ക്രമക്കേടുകള്‍ സിഎജികൂടി പുറത്തുകൊണ്ടുവന്നതോടെ എല്‍ഡിഎഫിന്റെ നിലപാടുകള്‍ക്ക് കൂടുതല്‍ ആധികാരികത കൈവന്നു. എന്നാല്‍, കോടികളുടെ പൊതുസ്വത്ത് കൊള്ളയടിക്കാന്‍ വന്‍കിട കോര്‍പറേറ്റിന് അരുനിന്ന മുന്‍ യുഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജനങ്ങളുടെ മുന്നില്‍ ഉത്തരം നല്‍കേണ്ടതുണ്ട്. എന്തായിരുന്നു ഇത്തരമൊരു ഏകപക്ഷീയ കരാറിന് തിടുക്കംകൂട്ടാന്‍ അന്നത്തെ ഭരണാധികാരികളെ പ്രേരിപ്പിച്ച ഘടകങ്ങള്‍. ആരൊക്കെയാണ് ഈ ജനവിരുദ്ധകരാറിന്റെ ഗുണഭോക്താക്കള്‍. ഇതെല്ലാം പരിശോധിക്കണം. ഇതിന് ഏറ്റവും അനുയോജ്യമായ വഴിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തേടുന്നത്. വിഴിഞ്ഞം കരാര്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണസംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്്.

കരാറിന്മേല്‍ ഏകപക്ഷീയമായ സര്‍ക്കാര്‍ ഇടപെടല്‍ സാങ്കേതിക നിയമക്കുരുക്കിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍, ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള സര്‍ക്കാര്‍തീരുമാനം തികച്ചും യുക്തിസഹവും സ്വാഗതാര്‍ഹവുമാണ്. ശരിയായ ഈ ചുവടുവയ്പ് യുഡിഎഫില്‍തന്നെ പൊട്ടിത്തെറിക്ക് വഴിവച്ചിരിക്കുന്നു. വിഴിഞ്ഞം കരാര്‍ രാഷ്ട്രീയകാര്യസമിതി വിളിച്ചുചേര്‍ത്ത് ചര്‍ച്ചചെയ്യണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍നിന്നുതന്നെ ഉയര്‍ന്നു. കരാറിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും അന്വേഷണം നേരിടാന്‍ തയ്യാറാണെന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രതികരണത്തില്‍, പ്രതിരോധത്തേക്കാളുപരി നിസ്സഹായതയാണ് മുഴച്ചുനില്‍ക്കുന്നത്. കുറ്റംചെയ്തവര്‍ ശിക്ഷിക്കപ്പെടണം, അന്യായമായി നല്‍കിയ ആനുകൂല്യങ്ങള്‍ റദ്ദാക്കണം, ഒപ്പം പൊതുതാല്‍പ്പര്യത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് നിശ്ചിതസമയത്തുതന്നെ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കണം. ഇതായിരിക്കണം സര്‍ക്കാരിന്റെ മുന്‍ഗണന


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top