29 May Monday

വിഴിഞ്ഞം കലാപ കേന്ദ്രമാക്കരുത്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ നടക്കുന്ന സമരത്തിന്, ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങൾക്കപ്പുറമുള്ള ലക്ഷ്യങ്ങളുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നിയമവാഴ്ചയെ അപകടപ്പെടുത്തുംവിധം ജനങ്ങളെ വിളിച്ചിറക്കി പൊലീസ് സ്റ്റേഷൻ ആക്രമിച്ചത് ഭയപ്പാടോടെയാണ് കേരളം കണ്ടത്. പൊലീസിന്റെ അസാമാന്യ സംയമനം ഒന്നുകൊണ്ടുമാത്രം കാര്യങ്ങൾ കെെവിട്ടുപോയില്ല. നാൽപ്പതോളം പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പൊലീസ്, സ്വകാര്യ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും അക്രമികൾ തകർത്തു. പൊലീസ് സ്റ്റേഷൻ തല്ലിത്തകർത്തു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ അനുവദിക്കാതെ തടഞ്ഞുവച്ചു. വധശ്രമക്കേസിൽ അറസ്റ്റിലായ ഒരു പ്രതിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഈ അതിക്രമങ്ങൾ. കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികളുടെ വെെകാരികതയെ ഇളക്കിവിടുന്നവരുടെ ഉന്നം സർക്കാരാണെന്നതിന് സാക്ഷ്യം അവരുടെ വാക്കുകൾ തന്നെയാണ്. തീരദേശത്ത് കലാപമുണ്ടാക്കി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ഇവരുടെ ശ്രമങ്ങൾക്ക് പ്രതിപക്ഷവും അകമഴിഞ്ഞ പിന്തുണ നൽകുന്നു. മറുവശത്ത് സംഘപരിവാർ സംഘടനകളാകട്ടെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമവും തുടർന്നുകൊണ്ടിരിക്കുന്നു.

വൻകിട പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങളിൽ തീരശോഷണം, മറ്റ് പാരിസ്ഥിതിക വിഷയങ്ങൾ, പുനരധിവാസം, മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിബന്ധങ്ങൾ തുടങ്ങിയവയെല്ലാം അടിയന്തര പരിഹാരം ആവശ്യമുള്ളതാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രാരംഭഘട്ടം മുതൽ നടപടി സ്വീകരിച്ചുവരുന്നുണ്ട്. പോരായ്മകൾ പരിഹരിക്കുന്നതിനുള്ള തുടർനടപടികളും ഉണ്ടായി. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചിനും സംസ്ഥാന സർക്കാർ പരിഹാരം കണ്ടു. ആറാമത്തെ ആവശ്യമായ മണ്ണെണ്ണ ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാരിൽ ഇടപെടുകയും ചെയ്തു. ഏഴാമത്തെ ആവശ്യമായ തുറമുഖം നിർമാണം നിർത്തിവയ്‌ക്കണമെന്നത് മാത്രമാണ് സർക്കാർ അംഗീകരിക്കാതിരുന്നത്.

സമരസമിതിയുമായി ചർച്ച നടന്ന ഘട്ടങ്ങളിലെല്ലാം സർക്കാർ നിലപാട് സംശയരഹിതമായി വ്യക്തമാക്കിയിട്ടും അനുരഞ്ജനമില്ലാതെ സമരം തുടരുകയാണുണ്ടായത്. നിർമാണം തടസ്സപ്പെട്ടതിനെ തുടർന്ന് തുറമുഖ നിർമാതാക്കളായ അദാനി കമ്പനി സർക്കാരിനെയും ആർച്ച് ബിഷപ്‌ തോമസ് ജെ നെറ്റോ ഉൾപ്പെടെയുള്ള സമരസമിതി ഭാരവാഹികളെയും എതിർകക്ഷികളാക്കി ഹെെക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. നിർമാണം തടയില്ലെന്ന ബിഷപ്പിന്റെയും മെത്രാന്മാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ തുറമുഖ നിർമാണത്തിന് സുരക്ഷയൊരുക്കാൻ ഹെെക്കോടതി സർക്കാരിന് നിർദേശം നൽകി. ഹെെക്കോടതിയിൽ നൽകിയ ഉറപ്പ്  ലംഘിച്ച് നിർമാണം തടസ്സപ്പെടുത്തിയതിനാണ് സമരസമിതി ഭാരവാഹികളായ ബിഷപ്‌ ഉൾപ്പെടെയുള്ളവരുടെ പേരിൽ പൊലീസ് കേസെടുത്തത്. സ്വാഭാവികമായ ഈ നിയമനടപടി ദുർവ്യാഖാനം ചെയ്താണ് പൊലീസ് സ്റ്റേഷൻ ആക്രമണവും വൻതോതിൽ പൊതുമുതൽ നശീകരണവും നടത്തിയത്.

ബിഷപ്പിന്റെ പേരിൽ കേസെടുത്തത് വൻ വെെകാരിക വിഷയമായി അവതരിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമായേ കാണാനാകൂ. വിഴിഞ്ഞത്ത് പലതവണയുണ്ടായ സംഘർഷത്തിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ സമരസമിതി ഭാരവാഹിയെന്ന നിലയിൽ ബിഷപ്പും പ്രതി ചേർക്കപ്പെട്ടിട്ടുണ്ട് . അതെല്ലാം മറച്ചുവച്ച് ഞായറാഴ്ചയുണ്ടായ അനിയന്ത്രിതമായ അക്രമങ്ങൾക്ക് ന്യായീകരണമൊരുക്കാനാണ് സമരക്കാർ ശ്രമിക്കുന്നത്. ബിഷപ്പിനെതിരെ വധശ്രമത്തിന് കേസെടുത്തുവെന്ന് നുണപ്രചാരണവും നടത്തുന്നു. ഞായറാഴ്ച രാവിലെ തുറമുഖത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തുമുള്ളവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഈ കേസുകളിൽ സമരസമിതി കൺവീനർ യൂജിൻ പെരേരയടക്കമുള്ള വെെദികർ ഉൾപ്പെട്ടിട്ടുണ്ട്.

ഹെെക്കോടതി നിർദേശപ്രകാരം  നിയമപരമായി പൊലീസ് സ്വീകരിച്ച നടപടികൾ സർക്കാരിനുമേൽ കെട്ടിവച്ച് രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് എരിതീയിൽ എണ്ണ ഒഴിക്കുകയാണ്. നാടിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധമായ എൽഡിഎഫ് സർക്കാർ ആദ്യമായല്ല ഇത്തരം സമരങ്ങൾ നേരിടുന്നത്. ദേശീയപാത, ഗെയ്ൽ ഗ്യാസ് ലെെൻ , കെ–റെയിൽ, കൂടംകുളം– ഇടമൺ– കൊച്ചി പവർ ഹെെവേ  തുടങ്ങിയവയുടെ പേരിലും അക്രമസമരങ്ങളുണ്ടായി. അന്യായ സമരങ്ങളുടെ മുന്നിൽ പദ്ധതികൾ ഉപേക്ഷിക്കേണ്ടി വരുമ്പോൾ തടസ്സപ്പെടുന്നത് നാടിന്റെ വികസനമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top