12 July Saturday

വിഴിഞ്ഞം : ചരിത്രദൗത്യത്തിന്റെ
 ചാരിതാർഥ്യം

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2023


അന്താരാഷ്ട്ര വാണിജ്യരംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പിന് വഴിയൊരുക്കി വിഴിഞ്ഞം തുറമുഖം യാഥാർഥ്യത്തിലേക്ക് അടുക്കുമ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ദേശീയ–- അന്തർ ദേശീയതലത്തിൽ ശ്രദ്ധയും അഭിനന്ദനവും ഏറ്റുവാങ്ങുന്നു. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം അതിനാൽ ചരിത്രമുഹൂർത്തമായി.

വമ്പൻ കപ്പലുകൾക്ക് അടുക്കാൻ കഴിയാത്തതിനാൽ അന്താരാഷ്ട്ര ചരക്കുനീക്കത്തിന് മറ്റു രാജ്യങ്ങളുടെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളെ ആശ്രയിക്കേണ്ട ഗതികേടിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കുകയെന്ന  ദൗത്യമാണ് വിഴിഞ്ഞം തുറമുഖത്തിലൂടെ കേരളം ഏറ്റെടുക്കുന്നത്. സിംഗപ്പുർ, മലേഷ്യ, ദുബായ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളിൽ ഫീഡർ കപ്പലുകളിൽ കണ്ടെയ്നർ എത്തിച്ചാണ്  ഇന്ത്യയുടെ ചരക്കുനീക്കം. ഇതുവഴിക്കായുള്ള കോടിക്കണക്കിന് ഡോളറിന്റെ വിദേശനാണ്യ നഷ്ടത്തിനും സമയനഷ്ടത്തിനും വിഴിഞ്ഞം മറുപടിയാകും. തീരത്തോടു ചേർന്ന് 20 മീറ്റർവരെ സ്വാഭാവിക ആഴം നിലനിൽക്കുന്ന വിഴിഞ്ഞത്ത് എംഎസ്‌സി ഐറിനപോലെ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾക്ക് അടുക്കാൻ കഴിയും. ലോകത്തെ തിരക്കേറിയ രണ്ടു കപ്പൽച്ചാലുകളുടെ സാമീപ്യം സമുദ്ര വ്യാപാര രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

ലോകത്തിന്റെ ചരക്കു നീക്കത്തിന്റെ 40 ശതമാനത്തോളം വിഴിഞ്ഞത്തുനിന്ന് 10 നോട്ടിക്കൽ മൈൽമാത്രം അകലെയുള്ള ഈ കപ്പൽച്ചാലിലൂടെയാണ്  കടന്നുപോകുന്നത്. ആഗോള വിപണിയിൽ കരുത്താർജിക്കാൻ അങ്ങനെ രാജ്യത്തിന് കൈത്താങ്ങാകും വിഴിഞ്ഞം. 2024 മേയിൽ ആദ്യ ഘട്ടത്തിന്റെ പ്രവർത്തനം തുടങ്ങാൻ കഴിയുന്ന രീതിയിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ് തുറമുഖ  നിർമാണം. കണ്ടെയ്നർ ബർത്തിന്റെ 82.53 ശതമാനം പൂർത്തിയായി. ഡ്രഡ്ജിങ്ങും കടൽ നികത്തി കരയാക്കലും കണ്ടെയ്നർ യാർഡ് നിർമാണവും കെട്ടിടനിർമാണവും  ഉപകരണങ്ങൾ സ്ഥാപിക്കുന്ന നടപടികളും അതിദ്രുതം പൂർത്തിയായി വരുന്നു. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി വിഴിഞ്ഞം യാഥാർഥ്യമാകുമ്പോൾ അതിന്റെ ആധാരശില തുടർച്ചയായ രണ്ട് എൽഡിഎഫ് സർക്കാരുകളുടെ നിശ്ചയദാർഢ്യമാണെന്ന് കാണാതിരുന്നു കൂടാ. ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്‌ പദ്ധതിയുടെ ആലോചനകൾ ആരംഭിച്ചത്‌. 

ഭൂമി ഏറ്റെടുത്ത് നൽകുന്നതുമുതൽ കേന്ദ്ര ഫണ്ടും വൈദ്യുതിയും കരിങ്കല്ലും  ലഭ്യമാക്കുന്നതിൽവരെ, തൊഴിലും പാർപ്പിടവും നഷ്ടപ്പെടുമെന്ന ഭീതിയിൽ പ്രക്ഷോഭത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളെ അനുഭാവപൂർവം അനുനയിപ്പിക്കുന്നതുമുതൽ പരിസ്ഥിതിക്ക് പരമാവധി പോറലേൽക്കാതെ പദ്ധതി നടപ്പാക്കുന്നതിൽവരെ  ജാഗ്രതയോടെ സർക്കാർ ഇടപെട്ടു. തുറമുഖംപോലുള്ള വൻകിട പദ്ധതികൾ പൊതുമേഖലയിൽ വേണമെന്നതാണ് എൽഡിഎഫ് നയമെങ്കിലും മുൻ സർക്കാർ അദാനി ഗ്രൂപ്പുമായി കരാറിൽ ഏർപ്പെട്ട പദ്ധതിയിൽനിന്ന് പിന്നാക്കം പോകുന്നത്  വീണ്ടും വൈകിപ്പിക്കുമെന്നതിനാൽ  മുന്നോട്ടു പോകെത്തന്നെ പൊതുതാൽപ്പര്യങ്ങൾ പരമാവധി സംരക്ഷിച്ചു നിർത്താൻ ജാഗ്രത പുലർത്തി. 2016 മുതൽ പിണറായി സർക്കാർ  സ്വീകരിച്ച  ഈ നടപടികളിലൂടെ  രാജ്യത്തെ ആദ്യത്തെ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം എന്ന പതിറ്റാണ്ടുകളുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുമ്പോൾ അത് സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യാവസായിക വിനോദസഞ്ചാര മേഖലകളിൽ വൻ കുതിപ്പിനും വഴിയൊരുക്കും. പ്രദേശത്തിന്റെയാകെ വികസനത്തിനുതകുംവിധമുള്ള പ്രവർത്തനങ്ങളാണ്  തുറമുഖവുമായി ബന്ധപ്പെട്ട് നടക്കുന്നത്. പദ്ധതിക്കുള്ള ആകെ ചെലവിനേക്കാൾ തുക ചെലവിട്ട് നടത്തുന്ന പശ്‌ചാത്തല സൗകര്യവികസനം പ്രദേശത്തിന്റെയും ജില്ലയുടെയാകെത്തന്നെയും മുഖച്ഛായ മാറ്റും. 1500 കോടി രൂപ ചെലവിട്ടു ബാലരാമപുരത്തേക്ക് നിർമിക്കുന്ന റെയിൽപ്പാതയും വിഴിഞ്ഞം -–-നാവായിക്കുളം ഔട്ടർ റിങ് റോഡും തുറമുഖത്തിന്റെ സാധ്യതകളെ പരമാവധി തദ്ദേശീയരിലേക്ക് എത്തിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. വ്യവസായ കേരളമെന്ന സങ്കൽപ്പത്തിലേക്ക് നയിക്കുംവിധം പശ്ചാത്തല സൗകര്യവികസനം നടപ്പാക്കുന്നതോടെ രാജ്യാന്തര തുറമുഖ നഗരങ്ങളുടെ പദവിയിലേക്ക് തിരുവനന്തപുരവും ഉയരും.

ഒന്നാം ഘട്ടത്തിനു പിന്നാലെ രണ്ടും മൂന്നും ഘട്ടങ്ങൾകൂടി പൂർത്തിയാകുന്നതോടെ ഇന്ത്യയുടെ ചരക്കു നീക്കത്തിന്റെ പ്രധാന വാതിലായി വിഴിഞ്ഞം  ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമുദ്ര വ്യാപാര രംഗത്ത് ഇന്ത്യയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുതകുന്ന, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും സർവതോമുഖ വികസനത്തിനും അതുവഴി മെച്ചപ്പെട്ട ജീവിതനിലവാരത്തിനും വഴിയൊരുക്കുന്ന വിഴിഞ്ഞം പദ്ധതി എൽഡിഎഫ് സർക്കാരിന്റെ  ദീർഘവീക്ഷണത്തിന്റെയും വിശാല കാഴ്ചപ്പാടിന്റെയും സാക്ഷ്യപത്രമായി ചരിത്രത്തിൽ ഇടംപിടിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top