29 March Friday

ഈ സ്ത്രീഹത്യകൾ അവസാനിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021


സാമൂഹ്യവികസന സൂചികകളിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിന്റെ മറ്റൊരു മുഖമാണ് കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകളിൽ നിഴലിക്കുന്നത്. വിവാഹിതരായ പെൺകുട്ടികൾ വീട്ടകങ്ങളിൽ തൂങ്ങിയും തീകത്തിയും വിഷം കഴിച്ചും ഒടുങ്ങുന്നത് പതിവാകുന്നു. കൊലപാതകത്തിന് സമാനമായ ആത്മഹത്യകളാണ് പലതും. സ്ത്രീധനവും വിവാഹം എന്ന സംവിധാനത്തിലെ തിന്മകളുമാണ് ഈ മരണങ്ങൾക്കു പിന്നിൽ.

സാമൂഹ്യവിപത്തുകളെ നിയമനിർമാണങ്ങളിലൂടെ മാത്രം ഇല്ലാതാക്കുക അസാധ്യമാണ്. സ്ത്രീധന പ്രശ്നത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാക്കിയ നിയമം വന്നിട്ട് 60 വർഷമായി. 1961ലെ നിയമം ഒന്നിലധികം തവണ ഭേദഗതി ചെയ്ത് കർശനമാക്കി. കേരളത്തിലാകട്ടെ ഇതനുസരിച്ചുള്ള ചട്ടങ്ങളും പുതുക്കി. പക്ഷേ, സ്ത്രീധനം തുടരുന്നു. അത് നിയമം ലംഘിച്ചും നിയമപ്പഴുതുകൾ ഉപയോഗിച്ചും നിലനിൽക്കുന്നു. പലപ്പോഴും ഈ നിയമവിരുദ്ധതയ്ക്ക് കോടതികൾക്കു പോലും നിശ്ശബ്ദമായി അംഗീകാരം നൽകേണ്ടിവരുന്നു. പല വിവാഹമോചനക്കേസുകളും തീർപ്പാക്കുമ്പോൾ സ്ത്രീധനം വാങ്ങിയ തുകയുടെയും സ്വത്തിന്റെയും വീതംവയ്‌പുകൂടി കോടതികൾക്ക് പരിഗണിക്കേണ്ടിവരുന്നു. വിവാഹമോചനം നേടുന്ന സ്ത്രീയുടെ താൽപ്പര്യംകൂടി പരിഗണിച്ചാണ് ഇത് ചെയ്യേണ്ടിവരുന്നത്.

മുതലാളിത്ത സമൂഹത്തിൽ എന്തും കച്ചവടമാകുമ്പോൾ വിവാഹവും അങ്ങനെ തന്നെയാകുന്നു. ഇവിടെ പക്ഷേ പണ്ടങ്ങളുടെ വിനിമയം മാത്രമല്ല നടക്കുന്നത്. ഒരു സ്ത്രീജീവിതംതന്നെ വിൽപ്പനച്ചരക്കാക്കുകയാണ്. പുരുഷാധിപത്യം നിലനിൽക്കുന്ന കമ്പോളാധിഷ്‌ഠിത സമൂഹത്തിൽ വിവാഹം മിക്കപ്പോഴും സ്ത്രീയുടെ തെരഞ്ഞെടുപ്പല്ല. വിവാഹം ആത്യന്തിക ലക്ഷ്യമായി അടിച്ചേൽപ്പിക്കുന്ന സാമൂഹ്യ സമ്മർദത്തിന്റെ ഇരകളായാണ് ഏറെ പെൺകുട്ടികളും വിവാഹമണ്ഡപത്തിൽ എത്തുന്നത്. പിന്നിൽ നടക്കുന്ന സാമ്പത്തിക വിനിമയങ്ങൾകൂടി ആകുമ്പോൾ സ്ത്രീസ്വാതന്ത്ര്യം പൂർണമായും അവഗണിക്കപ്പെടുന്നു. സാമ്പത്തിക സ്വാശ്രയത്വമില്ലാത്ത സ്ത്രീയാണെങ്കിൽ അടിച്ചമർത്തൽ ഇരട്ടിയാകുന്നു.

സ്ത്രീധനത്തിനെതിരെ ശക്തമായ ബോധവൽക്കരണവും കർശന നിയമനടപടികളും തുടരണം. എന്നാൽ, അതുമാത്രം പോരാ. വിവാഹമെന്നത് പെൺകുട്ടികൾ സ്വന്തമായ തൊഴിലോ വരുമാനമാർഗമോ ഉണ്ടായശേഷം അവർ എടുക്കുന്ന തീരുമാനമാകണം. സ്ത്രീയുടെ സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്ന നടപടികൾ ശക്തമായാൽ മാത്രമേ ഇത് പ്രായോഗികമാകൂ. വിവാഹം വേണോ വേണ്ടയോ എന്നത് അടിച്ചേൽപ്പിക്കേണ്ട തീരുമാനമല്ല. ആരെ വിവാഹം കഴിക്കണമെന്നതും അങ്ങനെ തന്നെ. സ്വവർഗ വിവാഹങ്ങളടക്കം എന്തും അവരുടെ തീരുമാനമാകട്ടെ.

കൊല്ലത്ത് ശൂരനാട്ട് കൊല്ലപ്പെട്ട വിസ്മയ ആയുർവേദ മെഡിക്കൽ വിദ്യാർഥിയായിരുന്നു. പഠനം പൂർത്തിയായി ഒരു ഡോക്ടറായ ശേഷമായിരുന്നു വിവാഹമെങ്കിൽ ആ പെൺകുട്ടിക്ക് കൂടുതൽ സ്വയംനിർണയാവകാശം ലഭിക്കുമായിരുന്നുവെന്നു വേണം കരുതാൻ. ലക്ഷങ്ങൾ സ്ത്രീധനമായി കൊടുത്തിട്ടും കോളേജ് ഫീസിനുപോലും സ്വന്തം വീട്ടിൽ ചോദിക്കേണ്ട അവസ്ഥയിലായിരുന്നു അവൾ. ഇത് ഒഴിവാക്കാൻ പഠനത്തേക്കാളും പ്രധാനം വിവാഹമെന്ന കാഴ്ചപ്പാട് തന്നെ മാറണം.

ഇക്കാര്യത്തിൽ സർക്കാരുകൾക്ക് ഉത്തരവാദിത്തമുണ്ട്. ആ ചുമതല വലിയൊരളവുവരെ നിറവേറ്റാൻ ശ്രമിച്ച സർക്കാരാണ് കഴിഞ്ഞ അഞ്ചുവർഷം ഭരിച്ചത്. അഞ്ചു വർഷക്കാലംകൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂർണമായും നിർമാർജനം ചെയ്യാനുള്ള കഠിനപ്രയത്നത്തിന്‌ 2019ൽ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തുടക്കമിട്ടിരുന്നു. എന്നാൽ, കോവിഡ് വ്യാപനം ആ പദ്ധതികളെ ബാധിച്ചു. എങ്കിലും നവംബർ 26ന്‌ സ്ത്രീധനവിരുദ്ധ ദിനമായി ആചരിക്കാനും ലക്ഷങ്ങളിലേക്ക് സ്ത്രീധനവിരുദ്ധ സന്ദേശം എത്തിക്കുന്നതിനും സർക്കാരിനു കഴിഞ്ഞു.

ഇപ്പോൾ സർക്കാർ കുറേക്കൂടി വിപുലമായ നടപടികളിലേക്ക് കടക്കുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിന് ഒരു ഐപിഎസ് ഉദ്യോഗസ്ഥയെ സ്റ്റേറ്റ് നോഡൽ ഓഫിസറായി നിയമിക്കുകയും പരാതികൾ സ്വീകരിക്കാൻ കൂടുതൽ വഴിതുറക്കുകയും ചെയ്തിട്ടുണ്ട്. വിവാഹത്തെയും കുടുംബത്തെയും സ്ത്രീയെയുംപറ്റിയുള്ള സമൂഹത്തിന്റെ ധാരണകൾ മാറണമെന്നും സ്ത്രീ-പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകൾ നമ്മുടെ സമൂഹത്തിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിക്കുകയും ചെയ്തു. പാഠ്യപദ്ധതിയിൽ ഇത്തരം കാര്യം ഉൾപ്പെടുത്തുന്നത് പരിശോധിക്കുമെന്ന വളരെ സ്വാഗതാർഹമായ നിർദേശവും അദ്ദേഹത്തിൽനിന്ന്‌ ഉണ്ടായി.

പക്ഷേ, സർക്കാർ മാത്രം വിചാരിച്ചാൽ പോരാ. വിവാഹമെന്ന സാമൂഹ്യ ഉടമ്പടിയിലെ സ്ത്രീവിരുദ്ധത നേരിടാൻ യുവജന, -വിദ്യാർഥി, മഹിളാ സംഘടനകൾ കൂടുതൽ ജാഗ്രത കാട്ടണം. ഇടയ്ക്കിടെയുള്ള പ്രതിജ്ഞകളോ ഒരുമാസം നീളുന്ന പ്രചാരണമോ മാത്രം പോരാ. നിരന്തര പരിശ്രമംതന്നെ വേണം. എല്ലാതരത്തിലുമുള്ള സ്ത്രീവിരുദ്ധതയ്ക്കും എതിരായ പോരാട്ടവുമായി ഇത് കണ്ണിചേർക്കണം. പുരോഗമന പ്രസ്ഥാനങ്ങളിലെ യുവതീയുവാക്കൾ ഇക്കാര്യത്തിൽ മാതൃക കാട്ടണം. സ്വയം തീരുമാനിക്കുന്നതും ആർഭാടരഹിതവുമായ വിവാഹങ്ങളിലൂടെ, വേറിട്ടൊരു വഴിയുണ്ട് എന്ന് സമൂഹത്തിനു കാട്ടിക്കൊടുക്കണം. അല്ലാതെ അവരും കിലോ വരുന്ന ആഭരണം തൂക്കിയ വധുവിനെ തെരയാനും അങ്ങനെ തന്നെ വേണമെന്ന് വാശിപിടിക്കാനും ഇടയാകരുത്. ഭരണ, -നിയമ നടപടികൾക്കൊപ്പം ഈ സാമൂഹ്യജാഗ്രതകൂടി ശക്തമായാൽ മാത്രമേ സ്ത്രീധനം അടക്കമുള്ള വിപത്തുകളെ മറികടന്ന്‌ ഒരു പരിഷ്കൃത മനുഷ്യക്കൂട്ടമായി നമുക്ക് മാറാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top