23 April Tuesday

പച്ചമണ്ണിൽ ചവിട്ടിനിന്ന കവി

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

പച്ചമണ്ണിൽ  ചവിട്ടിനിന്ന കവി പഴയ കാവ്യപാരമ്പര്യത്തിന്റെ ചിട്ടവട്ടങ്ങളിൽനിന്ന് ബലംപ്രയോഗിച്ച് കുതറിമാറാതെ യാഥാസ്ഥിതികത്വത്തിനെതിരെ നിലകൊണ്ട മലയാള കവികളിൽ പ്രധാനിയാണ് വിഷ്ണുനാരായണൻ നമ്പൂതിരി. അമൂല്യങ്ങളും പ്രചോദനാത്മകങ്ങളുമെന്ന്  നൂറ്റാണ്ടുകളായി പരിഗണിക്കപ്പെട്ടുപോന്ന പാരമ്പര്യങ്ങളെ ആധുനികതയുമായി വിളക്കിനിർത്താനായിരുന്നു  അദ്ദേഹം മിക്കപ്പോഴും  ശ്രമിച്ചത്.  ആ നിലയിൽ  മാതൃകയും വഴികാട്ടിയുമായത്  എൻ വി കൃഷ്ണവാര്യരാണ്.  ആധുനികതയുടെ ഉദയകാലത്താണ് വിഷ്ണു രചനകൾ ആരംഭിക്കുന്നത്. കോഴിക്കോട് നഗരത്തിലെ  ബിരുദ‐ ബിരുദാനന്തര പഠന വേളയും എണ്ണപ്പെട്ട എഴുത്തുകാരുമായുള്ള നിരന്തര സാഹിത്യബന്ധങ്ങളും അവയ്ക്കൊരു കൃത്യത വരുത്തി. അനൗപചാരിക പഠനം എന്നാണ് അതിനെ അദ്ദേഹം വിളിച്ചതും. 

കുടുംബ പശ്ചാത്തലവും ചുറ്റുപാടും നാടും ചെലുത്തിയ സ്വാധീനവും മറക്കാവുന്നതല്ല. ബാല്യത്തിൽ ഉരുവിടുമായിരുന്ന രാമായണ‐മഹാഭാരത കിളിപ്പാട്ടുകൾ പതുക്കെ കവിതയിലേക്ക് നടത്തിച്ചു.  പ്രണയ കവിതകളിലൂടെയായിരുന്നു തുടക്കമെങ്കിലും  അവ  മറ്റൊരർഥത്തിൽ ഇടുങ്ങിപ്പോയില്ല. പിൽക്കാലത്ത് ഉൾക്കാമ്പുള്ള ദാർശനിക സമസ്യകൾ ആവിഷ്കരിച്ച് വളർച്ച വിളിച്ചോതി. അവ  വിതറിയ നവോത്ഥാനത്തിന്റെ വജ്രവെളിച്ചം എന്തുകൊണ്ടോ അർഹിക്കുംമട്ടിൽ വരവുവയ്ക്കപ്പെട്ടില്ല. പൂജകൊണ്ടുമാത്രം തൃപ്തികൊള്ളുന്ന മൂഢനല്ല' താനെന്നും അഗ്നിയിൽനിന്ന് അഗ്നിയിലേക്ക് കുതിക്കുന്നതാണ് ഗാണ്ഡീവം ധരിച്ച തന്റെ സർഗചൈതന്യമെന്നും തിരിച്ചറിഞ്ഞിടത്താണ് വ്യത്യസ്തത. ആ അർഥത്തിൽ അദ്ദേഹത്തിന്റെ രചനകൾ ഇനിയും അപഗ്രഥന വിധേയമാകേണ്ടതുണ്ട്. "ശ്രീവല്ലി'  സമാഹാരത്തിലെ  കവിതകളിലൊന്നിൽ എഴുതിയത്,  പച്ചമണ്ണിൽ  ചവിട്ടിയാണ് തന്റെ നിൽപ്പെന്നാണ്. അത് വിഷ്ണുവിന്റെയും അദ്ദേഹത്തിന്റെ കവിതയുടെയും സത്യവാങ്മൂലമാണ്.   

നമ്മുടെ കാവ്യപാരമ്പര്യത്തിലെ ആധുനികവും ഒപ്പം ക്ലാസിക്കലുമായ ധാരയുടെ പ്രതിനിധിയായിരുന്നു വിഷ്ണു. ഏറെ ശ്രമകരമായ സമന്വയമായിരുന്നു അത്. അധികമാരും ആശ്രയിക്കാത്ത ഭൂമികയിൽനിന്നാണ് അദ്ദേഹം ലോകത്തെ നോക്കിയതെന്നതിനാൽ അനുവാചകരിൽ അമ്പരപ്പും അത്ഭുതവുണ്ടായി. തനിക്ക് തന്റേതായ ആരൂഢമുണ്ടെന്നും ആ ബിന്ദുവിൽനിന്നേ  പുറപ്പെടാനാകൂവെന്നും തുറന്നടിച്ചപ്പോഴും ആചാരനിർബന്ധങ്ങൾക്കും  അതിന്റെ അനുബന്ധമായ വിലക്കുകൾക്കുമെതിരെ തിളച്ച യുക്തിബോധവും  പുരോഗമനചിന്തയും  സ്വാംശീകരിക്കുകയും ചെയ്തു.  

‘ഇന്ത്യയെന്ന വികാരം’, ‘ആരണ്യകം’, ‘ഉജ്ജയിനിയിലെ രാപ്പകലുകൾ’ തുടങ്ങിയവയാണ് പ്രധാന സമാഹാരങ്ങൾ. പത്മശ്രീയും  എഴുത്തച്ഛൻ പുരസ്കാര (2014)വും ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തി. വിവിധ കോളേജുകളിലായി മൂന്നു പതിറ്റാണ്ടിലധികം അധ്യാപകൻ.  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്  റിസർച്ച് ഓഫീസർ, ‘ഗ്രന്ഥാലോകം’ പത്രാധിപർ തുടങ്ങിയ സ്ഥാനങ്ങളും അലങ്കരിച്ചു.  സാഹിത്യ സമിതി, പ്രകൃതി സംരക്ഷണസമിതി, സാഹിത്യ അക്കാദമി, കലാമണ്ഡലം തുടങ്ങിയവയുമായും ചേർന്നുനിന്നു.

ഇന്ത്യയുടെ ആത്മാവും മനുഷ്യജീവിതപ്പൊരുളും  തേടിയലഞ്ഞ്  വിഷ്ണു ഹിമാലയത്തിലേക്കടക്കം നീണ്ട യാത്രകൾ നടത്തി. കുമാരനാശാൻ, വള്ളത്തോൾ, ഇടശ്ശേരി തുടങ്ങിയവർക്കൊപ്പം  കാളിദാസനും ഇംഗ്ലീഷ് കവി യേറ്റ്സും പ്രചോദനമായി. സമാനഹൃദയരുടെ ആത്മഹർഷത്തിനപ്പുറം തന്റെ രചനകൾക്ക് നിലനിൽപ്പില്ലെന്ന് തലകുനിച്ചപ്പോഴും  "ധർമദുഃഖക്കടൽ നീന്തിയെത്തുന്നതാണ് നീതി' എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കാനും വിഷ്ണു മടിച്ചില്ല. മനസ്സിന് സ്വാസ്ഥ്യം പകരുകയും കർമനിരതമാക്കുകയും ചെയ്യുന്നതാകണം ഏതുതരം കവിതയെന്നും ശഠിച്ച അദ്ദേഹം അതിന്റെ ദാർശനിക ഭാവമുൾക്കൊണ്ട്  വ്യക്തിജീവിതത്തിൽ സൗമ്യനായിരുന്നു. ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയും ശബ്ദവും ശക്തിയും ഒപ്പം ഓർമയുമായ പ്രിയ കവിക്ക് വിട.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top