26 April Friday

ഭോപാൽമുതൽ വിശാഖപട്ടണംവരെ

വെബ് ഡെസ്‌ക്‌Updated: Saturday May 9, 2020


മനുഷ്യനെക്കാൾ ലാഭത്തിന്‌ പ്രാമുഖ്യം നൽകുന്ന വ്യവസ്ഥ (പ്രോഫിറ്റ്‌ ഓവർ പീപ്പിൾ)യെക്കുറിച്ച്‌ വിഖ്യാത ചിന്തകൻ നോം ചോംസ്‌കി എഴുതിയത്‌ പ്രവചനാത്മകമായിരുന്നു. ആഗോളവൽക്കരണത്തിന്റെയും ‘ഘടനാപരമായ പരിഷ്‌കാര’ത്തിന്റെയും തിരതള്ളലിൽ അതിന്റെ കുറെ യാഥാർഥ്യങ്ങൾ ലോകം അനുഭവിച്ചറിഞ്ഞു. കോവിഡ്‌–19ന്റെ പശ്‌ചാത്തലത്തിൽ മനുഷ്യൻ മരിച്ചുവീഴുന്നത്‌ മറ്റൊരു വാസ്‌തവം. മുഴുപ്പട്ടിണിയും കൂട്ടപ്പലായനങ്ങളും താമസസൗകര്യങ്ങളില്ലായ്‌മയും  ജനകോടികളെ  നിർദാക്ഷിണ്യം തെരുവുകളിലേക്ക്‌ വലിച്ചെറിയുകയാണ്‌. മനുഷ്യനിർമിതമായ സാമൂഹ്യക്കെടുതിയുടെ അവസാനത്തെ ഉദാഹരണമാകാനിടയില്ല, വിശാഖപട്ടണത്തെ കൂട്ടമരണം. ആര്‍ ആര്‍ വെങ്കിടാപുരത്തുള്ള ദക്ഷിണ കൊറിയൻ കമ്പനിയായ എല്‍ജി പോളിമെര്‍ കെമിക്കൽ പ്ലാന്റിൽ വിഷവാതകംചോര്‍ന്ന്‌  11 ജീവനാണ് പൊലിഞ്ഞത്‌.  ആയിരത്തിനടുത്ത്‌ ആളുകൾ ആശുപത്രികളിലാണ്‌; അതിൽ ചിലരുടെ നില ഗുരുതരവും.

ചോർച്ച രാത്രിയായതിനാൽ ആഘാതം കടുത്തതാക്കി. സമീപമേഖലകളിലെ ഏഴ്‌ ഗ്രാമം ഒഴിപ്പിച്ചത്‌ സ്ഥിതിഗതികളുടെ ഗൗരവാവസ്ഥ വെളിവാക്കുന്നു. കൊറോണ വൈറസ്‌ വ്യാപനത്തെത്തുടർന്നുള്ള ഔദ്യോഗിക മുൻകരുതലിന്റെ  ഭാഗമായി അടച്ചിട്ട ഫാക്ടറി ആറാഴ്‌ചയ്‌ക്കുശേഷം  ശരിയാംവണ്ണമുള്ള പരിശോധനകൾ ഇല്ലാതെ തുറക്കുകയായിരുന്നു. വ്യവസായമേഖലകളിൽ ഭരണകൂട ഒത്താശയോടെയുള്ള കടുത്ത നിയമലംഘനങ്ങൾ വ്യാപകമാണ്‌. ‘വ്യവസായ സൗഹൃദനയങ്ങൾ’ എന്ന മറവിൽ മൂലധനതാൽപ്പര്യങ്ങൾക്ക്‌  തൊഴിൽ, വേതന, പരിസ്ഥിതി, ഫാക്ടറി നിയമങ്ങൾ ലംഘിക്കാനും വളച്ചൊടിക്കാനും എല്ലാ സൗകര്യങ്ങളും  നൽകുകയുമാണ്‌. പഴക്കമേറിയ യന്ത്രസാമഗ്രികളും സുരക്ഷാവീഴ്‌ചകളും പരിസ്ഥിതി ജാഗ്രതയുടെയും  മുന്നറിയിപ്പ്‌ സംവിധാനങ്ങളുടെയും അഭാവവും മറ്റ്‌ കെടുതികൾ. വിശാഖപട്ടണം പ്ലാന്റിൽ ചോർച്ച തടയുന്ന ന്യൂട്രലൈസർ ഫലപ്രദമായിരുന്നില്ല.


 

കൊറോണയ്‌ക്കുശേഷമുള്ള  ലോക്ക്‌ഡൗൺ  കാലയളവിൽ ദീർഘനാൾ അടച്ചിട്ടശേഷം തുറന്ന്‌ പ്രവർത്തിക്കുമ്പോൾ പല ഫാക്ടറികളിലും വ്യവസായകേന്ദ്രങ്ങളിലും സമാനവീഴ്‌ചകൾക്ക്‌  സാധ്യത‌ ഏറെയാണ്‌. അതിനാൽ മുൻകരുതൽ നടപടികൾ കൂടുതൽ ഫലപ്രദമാക്കണമെന്ന്‌  ഈ ദുരന്തം  ഓർമപ്പെടുത്തുന്നു. ദുരന്തത്തിന്‌ ഉത്തരവാദികളായ എൽജി പോളിമേഴ്‌സ്‌ മാനേജ്‌മെന്റിന്റെ പേരിൽ നിയമം അനുശാസിക്കുന്ന  കർശന നടപടി സ്വീകരിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു കഴിഞ്ഞു. മാനേജ്‌മെന്റിന്റെ ലാഭാർത്തിയും കുറ്റകരമായ അനാസ്ഥയുമാണ്‌ ദുരന്തം വിളിച്ചുവരുത്തിയത്‌. അടച്ചിട്ട  ഫാക്ടറി പ്രവർത്തനം പുനരാരംഭിച്ചപ്പോൾ അവശ്യം  മുൻകരുതൽ എടുത്തിരുന്നോ എന്ന്‌ വിശദമായി പരിശോധിക്കണം. ദുരന്തബാധിതർക്ക്‌ തക്കസമയത്ത്‌ വിദഗ്‌ധ ചികിത്സയൊരുക്കുന്നതിൽ ജില്ലാ അധികൃതർക്ക്‌ ഗുരുതര വീഴ്‌ചപറ്റി.  അതിനാൽ  ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പാർടി ആവശ്യപ്പെട്ടു.


 

1984 ഡിസംബർ രണ്ടിന്‌ ലോകത്തെ നടുക്കിയ ഭോപാൽ കൂട്ടക്കൊല  ഓർമിപ്പിക്കുന്നതാണ്  വിശാഖപട്ടണത്തിലേത്‌. ആധുനികലോകം കണ്ട  ഏറ്റവും ഭീഷണമായ വ്യാവസായിക ദുരന്തമായിരുന്നു‌ ഭോപാൽ. യൂണിയൻ കാർബൈഡ്‌ ബഹുരാഷ്ട്ര ഭീമന്റെ  കീടനാശിനി പ്ലാന്റിൽ അർധരാത്രിയുണ്ടായ വാതകച്ചോർച്ചയിൽ എണ്ണായിരത്തിലധികം  മനുഷ്യ‌ർ പിടഞ്ഞുവീണു. ചോർന്ന മീഥൈൽ ഐസോസയനേറ്റ് ശ്വസിച്ച് ആയിരങ്ങളാണ്‌ രോഗബാധിതരായത്‌. ഭോപാൽ ദുരന്തത്തിന്റെ  ഇരകൾ കോവിഡ്‌ പിടികൂടി മരിച്ചതും നിസ്സാരമല്ല. അവിടെ ജീവൻ നഷ്ടമായ പതിനേഴിൽ പതിനഞ്ചുപേരും  വാതകദുരന്തത്തിന്റെ ഇരകളാണ്‌. വിശാഖപട്ടണം  ദുരന്തത്തിനുപിന്നാലെ ഛത്തീസ്ഗഢിൽനിന്ന് മറ്റൊരു വാർത്ത വന്നു. അടച്ചുപൂട്ടലിനുശേഷം തുറക്കുന്നതിനുള്ള ശുചീകരണത്തിനിടെ റായ്‌ഗഡിലെ ടെട്‌ല ഗ്രാമത്തിലെ  കടലാസ്‌ നിർമാണ ഫാക്ടറിയായ ശക്തി പേപ്പർ മില്ലിൽ വിഷവാതകച്ചോർച്ചയെത്തുടർന്ന്‌ ഏഴ്‌ ജീവനക്കാർ  ആശുപത്രിയിലായി. ഉടമ ഇക്കാര്യം പുറത്ത് അറിയിക്കാത്തതിനാൽ  ജീവനക്കാരെ പ്രവേശിപ്പിച്ച ആശുപത്രി അധികൃതരാണ് പൊലീസിനെ ധരിപ്പിച്ചത്. തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷന്റെ ബോയിലറിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതും കഴിഞ്ഞ ദിവസമാണ്‌.

കോവിഡ്‌ അനാഥമാക്കിയ 16 അതിഥിത്തൊഴിലാളികൾ മഹാരാഷ്ട്രയിലെ ഔറംഗാബാദ്‌‐ജൽന റൂട്ടിൽ മെയ്‌ എട്ടിന്‌ പുലർച്ചെ  ഗുഡ്‌സ്‌ ട്രെയിൻ കയറി ചതഞ്ഞരഞ്ഞത്‌ മേൽ വിവരിച്ച സംഭവങ്ങളോട്‌ ചേർത്തുവയ്‌ക്കേണ്ടതാണ്‌. ദുരന്തത്തിനിരയായവർ വണ്ടിക്കൂലിയില്ലാത്തതിനാലും പട്ടിണി ദുസ്സഹമായതിനാലും ആയിരത്തിലധികം കിലോമീറ്റർ അകലെയുള്ള മധ്യപ്രദേശിലെ സ്വന്തം ഗ്രാമങ്ങളിലേക്ക്‌ നടന്നുപോകാൻ നിർബന്ധിതരായവർ. മണിക്കൂറുകൾ തുടർച്ചയായി നടന്ന്‌ അവശരായ അവർ റെയിൽപാളത്തിൽ തളർന്നുറങ്ങുകയായിരുന്നു. അതിഥിത്തൊഴിലാളികൾക്ക്‌  സാധാരണ മനുഷ്യരുടെ പരിഗണനപോലും നൽകാത്ത അവസ്ഥയാണ്‌ മറ്റ്‌ സംസ്ഥാനങ്ങളിൽ. അവർക്ക് മഹാരാഷ്ട്രയിൽ റേഷനടക്കം  കിട്ടുന്നില്ല. ലോക്ക്ഡൗൺകാലത്ത്‌ ജീവൻ നിലനിർത്താനാവശ്യമായ സഹായങ്ങളും നൽകിയില്ല. തുടർച്ചയായി പട്ടിണികിടക്കുന്ന പല സംസ്ഥാനങ്ങളിലെയും  ദരിദ്രതൊഴിലാളികൾ ആത്മഹത്യയിൽ അഭയം തേടുകയുമാണ്‌. അങ്ങനെ പലവിധത്തിൽ 300 തൊഴിലാളികൾ ഇതുവരെ മരിച്ചിരിക്കുന്നു.  വിശാഖപട്ടണത്ത്‌ ശ്വാസംമുട്ടി പിടഞ്ഞ്‌ അവസാനിച്ചവരും ഔറംഗാബാദിനടുത്ത്‌  ചിന്നിച്ചിതറിയവരും  കോവിഡ്‌കാലത്തെ  ചോദ്യചിഹ്നങ്ങളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top