26 April Friday

രാജ്യദ്രോഹക്കുറ്റം: 
സുപ്രീംകോടതി ഇടപെടൽ ഉചിതം

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021


പ്രശസ്‌ത മാധ്യമ പ്രവർത്തകൻ വിനോദ്‌ ദുവയ്‌ക്കെതിരെ ചുമത്തപ്പെട്ട രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ റദ്ദാക്കിയ സുപ്രീംകോടതി നടപടി സ്വാഗതാർഹമാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ചതിനാണ്‌ വിനോദ്‌ ദുവയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്‌. കോവിഡ്‌ ഒന്നാംതരംഗവേളയിൽ ഒരു മുന്നറിയിപ്പുമില്ലാതെ ലോക്‌ഡൗൺ പ്രഖ്യാപിച്ച നടപടിയെ തന്റെ വീഡിയോ പരിപാടിയിൽ വിനോദ്‌ ദുവ രൂക്ഷമായി വിമർശിച്ചിരുന്നു. മരണത്തെയും ഭീകരവാദാക്രമണങ്ങളെയും വോട്ട്‌ നേടുന്നതിനായി നരേന്ദ്ര മോഡി ഉപയോഗിച്ചെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുകയുണ്ടായി. ഇതിനെതിരെയാണ്‌ ബിജെപി നേതാക്കൾ ഡൽഹി, ഹിമാചൽപ്രദേശ്‌ കോടതികളിലായി പരാതി നൽകിയതും രാജ്യദ്രോഹക്കുറ്റത്തിന്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതും. നേരത്തേ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യുന്നതിൽനിന്ന്‌ കോടതി വിലക്കിയിരുന്നെങ്കിലും അന്വേഷണത്തിന്‌ സ്‌റ്റേ അനുവദിച്ചിരുന്നില്ല. ജസ്റ്റിസ്‌ യു യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ്‌ ഇപ്പോൾ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്‌.

വിമർശം രാജ്യദ്രോഹമല്ലെന്ന്‌ സുപ്രീംകോടതി ആവർത്തിച്ച്‌ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. അധികാരത്തിലിരിക്കുന്ന സർക്കാരിനെ വിമർശിക്കാനും ഭിന്നാഭിപ്രായം രേഖപ്പെടുത്താനും പൗരന്‌ അവകാശമുണ്ടെന്ന്‌ പരമോന്നത നീതിപീഠം അർഥശങ്കയ്‌ക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. എല്ലാ മാധ്യമപ്രവർത്തകർക്കും 1962ലെ കേദാർനാഥ്‌ സിങ്‌ കേസിലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമസംരക്ഷണം ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഒരു വ്യക്തിയുടെ പ്രസ്‌താവനയോ പ്രസംഗമോ ഹിംസയ്ക്കോ ക്രമസമാധാനത്തകർച്ചയ്ക്കോ കാരണമായെന്ന്‌ തെളിഞ്ഞാൽമാത്രമേ അത്‌ രാജ്യദ്രോഹമാകുന്നുള്ളൂവെന്നാണ്‌ 1962ലെ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായം. ഇത്‌ ചൂണ്ടിക്കാട്ടിയാണ്‌ വിനോദ്‌ ദുവയ്‌ക്കെതിരെയുള്ള രാജ്യദ്രോഹം ഉൾപ്പെടെയുള്ള ചാർജുകൾ സുപ്രീംകോടതി റദ്ദാക്കിയത്‌.

സ്വാതന്ത്ര്യം ലഭിച്ച്‌ മുക്കാൽ നൂറ്റാണ്ടിലേക്ക്‌ അടുക്കുമ്പോഴും ബ്രിട്ടീഷുകാർ കൊണ്ടുവന്ന ശിക്ഷാനിയമത്തെക്കുറിച്ച്‌ ചർച്ചചെയ്യേണ്ടിവരുന്നത്‌ അപമാനകരമാണ്‌. കൊളോണിയൽ വിരുദ്ധ സമരത്തെയും പ്രതിഷേധങ്ങളെയും അടിച്ചൊതുക്കാനായി ബ്രിട്ടീഷുകാരാണ്‌ ഇന്ത്യൻ പീനൽകോഡിൽ 124എ വകുപ്പ്‌ എഴുതിച്ചേർത്തത്‌, 1870ൽ. രാഷ്ട്രപിതാവ്‌ മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലകൻ, ലാലാ ലജ്‌പത്‌ റായ്‌, അബ്ദുൾ കലാം ആസാദ്‌ തുടങ്ങി നിരവധി സ്വാതന്ത്ര്യസമര പോരാളികളെ ഈ കിരാത നിയമം ഉപയോഗിച്ച്‌ ബ്രിട്ടീഷുകാർ തുറുങ്കിലടച്ചു. അതേ കരിനിയമം സ്വതന്ത്ര ഇന്ത്യയിലും തുടരുന്നുവെന്നതാണ്‌ യാഥാർഥ്യം. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നതോടെ ഈ നിയമത്തിന്റെ ദുരുപയോഗം വ്യാപകമായി.

എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയോ സർക്കാരിനെ വിമർശിക്കുകയോ ചെയ്യുന്ന എല്ലാവർക്കുമെതിരെ പ്രത്യേകിച്ചും മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന്‌ കേസെടുക്കുക പതിവായി. ഇന്ത്യ ടുഡെ കൺസൾട്ടിങ്‌ എഡിറ്റർ രാജ്‌ദീപ്‌ സർദേശായി, നാഷണൽ ഹെറാൾഡ്‌ കൺസൾട്ടിങ് എഡിറ്റർ മൃണാൾ പാണ്ഡെ, ക്വാമി ആവാസ്‌ എഡിറ്റർ സഫർ ആഗ, കാരവൻ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ വിനോദ്‌ കെ ജോസ്‌ തുടങ്ങി ഏകദേശം 55 മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹത്തിന്‌ കേസെടുത്തുകഴിഞ്ഞു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശുപോലുള്ള സംസ്ഥാനങ്ങളിലാണ്‌ ഇത്തരം കേസ്‌ അധികവും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. മാധ്യമപ്രവർത്തനം ഏറ്റവും ദുസ്സഹമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണ് ഇപ്പോൾ. റിപ്പോർട്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡർ എന്ന സംഘടന പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്‌ 180 രാജ്യങ്ങളിൽ 142–-ാമതാണ്‌ ഇന്ത്യയുടെ സ്ഥാനം. കോവിഡ്‌ മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടയിലാണ്‌ ഭരണാധികാരികളുടെ ഭാഗത്തുനിന്നുള്ള ഈ വേട്ടയാടൽ.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പ്‌ റദ്ദാക്കണമെന്ന ആവശ്യം പലവേളയിലും ഉയരുകയുണ്ടായിട്ടുണ്ട്‌. ഭരണഘടനാ നിർമാണ സഭയിൽപ്പോലും ഇതുസംബന്ധിച്ച്‌ ചർച്ച നടക്കുകയുണ്ടായി. സുപ്രീംകോടതിയിലെ മുൻ ജഡ്‌ജി ദീപക്‌ ഗുപ്‌ത ഉൾപ്പെടെ നിരവധിപേരും സംഘടനകളും കിരാതമായ വകുപ്പ്‌ റദ്ദാക്കണമെന്ന ആവശ്യം ശക്തമായി ഉയർത്തിയെങ്കിലും ഭരണാധികാരികളുടെ ഭാഗത്തുനിന്ന്‌ അത്‌ പുനഃപരിശോധിക്കാനുള്ള കാര്യമായ ഒരു നീക്കവും ഉണ്ടായില്ല. രണ്ടു മൂന്ന്‌ വർഷംമുമ്പ്‌ ഇതിനായി ഒരു സമിതിയെ നിശ്ചയിച്ചെങ്കിലും പിന്നീട്‌ അതും അപ്രത്യക്ഷമായി. കഴിഞ്ഞദിവസം സുപ്രീംകോടതി ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന പശ്ചാത്തലത്തിൽ രാജ്യദ്രോഹക്കുറ്റത്തിന്‌ പരിധി നിശ്ചയിക്കേണ്ടിവരുമെന്നുപോലും അഭിപ്രായപ്പെടുകയുണ്ടായി. പരമോന്നത നീതിപീഠത്തിന്റെ ഈ അഭിപ്രായത്തെയെങ്കിലും ഗൗരവമായി കാണാൻ ഭരണാധികാരികളും പാർലമെന്റും തയ്യാറാകണം. കാലോചിതമായ പരിഷ്‌കാരങ്ങൾ ഇന്ത്യൻ ശിക്ഷാനിയമത്തിലും അനിവാര്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top