05 December Tuesday

നാടിന്റെ ശബ്ദമായി എൽഡിഎഫ്‌ ജാഥ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021


അഞ്ചുവർഷത്തെ ഭരണം പൂർത്തിയാക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ ‌ജനങ്ങൾക്കിടയിലുള്ള വർധിച്ച സ്വീകാര്യത എതിരാളികളിൽ സൃഷ്ടിക്കുന്ന അലോസരം ചെറുതല്ല. മുന്നണിഭരണം മാറിമാറി പരീക്ഷിക്കുന്ന കേരളമനസ്സ്‌ ഇത്തവണ പ്രകടമായും ഇടതു‌ചേർന്നു നിൽക്കുന്നതിന്റെ നേർചിത്രമാണ്‌ എൽഡിഎഫിന്റെ രണ്ട്‌ വികസനമുന്നേറ്റ യാത്രയിലും ദൃശ്യമാകുന്നത്‌. ജാഥകൾ 26ന്‌ തൃശൂരിലും തിരുവനന്തപുരത്തും സമാപിക്കുമ്പോൾ 15–-ാം നിയമസഭാ തെരഞ്ഞെടുപ്പിന്‌ കളമൊരുങ്ങിക്കഴിയും. ഭരണത്തുടർച്ച എന്ന ചരിത്രത്തിലേക്ക്‌ കേരളം ചുവടുവയ്‌ക്കുന്നതിന്റെ പ്രതീക്ഷയും ആഹ്ലാദവും ഭൂരിഭാഗം ജനങ്ങളിലുമുണ്ട്‌. ജാഥകളെ വരവേൽക്കാൻ ഓരോ മണ്ഡലം കേന്ദ്രങ്ങളിലുമെത്തുന്ന വൻജനാവലി നൽകുന്ന സന്ദേശവും എൽഡിഎഫിന്റെ അജയ്യതതന്നെ.

‘നവകേരള സൃഷ്ടിക്കായ്‌ വീണ്ടും എൽഡിഎഫ്‌’ എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ കാസർകോട്ടുനിന്ന്‌ എ വിജയരാഘവനും എറണാകുളത്തുനിന്ന്‌ ബിനോയ്‌ വിശ്വവും നയിക്കുന്ന ജാഥകൾ പ്രയാണമാരംഭിച്ചത്‌. വീണ്ടും ഭരണം എന്ന അഭ്യർഥന ജനങ്ങളുടെ മുന്നിൽവയ്‌ക്കുന്നത്‌ രണ്ട്‌ കാര്യത്തെ അടിസ്ഥാനമാക്കിയാണ്‌. ഒന്ന്‌ ജനക്ഷേമം, രണ്ട്‌ വികസനം. വാഗ്‌ദാനംചെയ്‌തത്‌ മുഴുവൻ നടപ്പാക്കിയെന്ന എൽഡിഎഫ്‌ അവകാശവാദത്തെ ഖണ്ഡിക്കാൻ പ്രതിപക്ഷത്തിനുപോലും സാധിക്കുന്നില്ല. കാരണം, വസ്‌തുതകളുടെ പിൻബലത്തിലാണ്‌ അവകാശവാദം. വാർഷിക പ്രോഗ്രസ്‌ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌‌.

എന്തുകൊണ്ട്‌ ഈ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല എന്നതിന്റെ‌ ഉത്തരം ലളിതമാണ്‌. ജനങ്ങൾ തൊട്ടറിയുന്നതാണ്‌ ഭരണനേട്ടങ്ങൾ. മാവേലി സ്‌റ്റോറിൽ 14 നിത്യോപയോഗ സാധനത്തിന്‌ അഞ്ചുവർഷം വിലവർധിപ്പിക്കില്ല എന്നുപറഞ്ഞത്‌ വെറുതെയായില്ല. 600 രൂപ സാമൂഹ്യക്ഷേമ പെൻഷൻ 18 മാസം കുടിശ്ശികയാക്കിയാണ്‌ ഉമ്മൻചാണ്ടി അധികാരമൊഴിഞ്ഞത്‌. ഇപ്പോൾ 1500 രൂപ അതത്‌ മാസം വീട്ടിലെത്തിക്കുന്നു. ഏപ്രിൽമുതൽ 1600 രൂപ. ഇതെല്ലാം ജീവിതാനുഭവങ്ങളാണ്‌. ജനങ്ങളെ സർക്കാർ എങ്ങനെ ചേർത്തുപിടിക്കണം എന്ന്‌ തെളിയിച്ച എത്ര പരീക്ഷണഘട്ടങ്ങളാണ്‌ കടന്നുപോയത്‌. ഓഖി, നിപാ, രണ്ട്‌ മഹാപ്രളയം, ഒടുവിലിപ്പോൾ കോവിഡ്‌. ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരിയും സർക്കാരും ദുരന്തമുഖങ്ങളിൽ ഇരകൾക്ക്‌ എങ്ങനെ ആശ്വാസവും ആത്മവിശ്വാസവും പകരുമെന്ന്‌ കാട്ടിത്തന്ന സന്ദർഭങ്ങൾ.


 

കഴിഞ്ഞ ഭരണത്തിലെ വികസനത്തെക്കുറിച്ച്‌ പറയുമ്പോൾ ഓർമയിലെത്തുന്നത്‌ കമ്പിക്കാലിൽനിൽക്കുന്ന കണ്ണൂർ വിമാനത്താവളവും പാലാരിവട്ടം പാലവുമാണെങ്കിൽ ഇന്ന്‌ കേരളം നിറഞ്ഞുനിൽക്കുന്ന പശ്‌ചാത്തല സൗകര്യങ്ങൾ എല്ലാവരും കണ്ണുതുറന്നു കാണുന്നുണ്ട്‌. വാർഷിക ബജറ്റിലെ വരവിനെ ആശ്രയിച്ചുകൊണ്ട്‌ വികസന പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന കാഴ്‌ചപ്പാട്‌ പിണറായി സർക്കാർ ആദ്യവർഷംതന്നെ മുന്നോട്ടുവച്ചു. കിഫ്‌ബിയെ പുനരുജ്ജീവിപ്പിച്ച്‌ ബദൽ നിക്ഷേപ സമാഹരണയജ്ഞത്തിലൂടെ അഞ്ചുവർഷംകൊണ്ട്‌ 50,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നാണ്‌ ആദ്യബജറ്റിൽ ധനമന്ത്രി തോമസ്‌ ഐസക്‌ പ്രഖ്യാപിച്ചത്‌. അഞ്ചുവർഷം തികയ്‌ക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ 63,251 കോടിയുടെ 889 പദ്ധതിയാണ്‌ നടപ്പാക്കിയത്‌. റോഡ്‌, പാലം, സ്‌കൂൾ, ആശുപത്രി കെട്ടിടം തുടങ്ങിയവയൊന്നും പഴയപടിയല്ല കേരളത്തിൽ. കോവിഡ്‌ മഹാവ്യാധിയിൽ ലോകം വിറങ്ങലിച്ചപ്പോൾ ആശ്വാസത്തുരുത്തായി കേരളം മാറി. മഹാരാഷ്ട്രയിൽ 51,000 ജീവൻ പൊലിഞ്ഞപ്പോൾ, കേരളം മരണം നാലായിരത്തിൽ പിടിച്ചുനിർത്തി. ലക്ഷങ്ങൾ ചെലവ്‌ വരുന്ന ചികിത്സ സൗജന്യമായി നൽകുന്നു. ഒരാളും പട്ടിണികിടക്കരുതെന്ന വാക്കുപാലിച്ച്‌ ഇപ്പോഴും ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നു. ഇതെല്ലാമാണ്‌ എൽഡിഎഫ്‌ ജാഥയിൽ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങൾ. കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികളും പെട്രോളിയം വിലവർധനയും ജാഥാംഗങ്ങൾ തുറന്നുകാട്ടുന്നു.

വീണ്ടുമൊരു ജനവിധിക്ക്‌ കേരളം തയ്യാറെടുക്കുമ്പോൾ എൽഡിഎഫ്‌ സർക്കാരിന്റെ നായകൻ പിണറായി വിജയൻ വിവിധ വിഭാഗം ജനങ്ങളുമായി നടത്തിയ ആശയസംവാദം വേറിട്ട അനുഭവമായി. എല്ലാ ജില്ലയും സന്ദർശിച്ച്‌ പൗരപ്രമുഖർക്ക്‌ പറയാനുള്ളത്‌ കേട്ടു. തുടർന്ന്‌, വിദ്യാർഥികൾ, ഉദ്യോഗാർഥികൾ, തൊഴിലാളികൾ, നവമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി വ്യത്യസ്‌ത വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ മുഖ്യമന്ത്രി കേട്ടു. ഇതിന്റെ തുടർച്ചയായാണ്‌ ജനങ്ങളോടു പറയാനും ജനാഭിപ്രായം അറിയാനും എൽഡിഎഫ്‌ സംസ്ഥാന നേതാക്കൾ ഉൾപ്പെടുന്ന രണ്ട്‌ ജാഥ സംഘടിപ്പിച്ചത്‌. ഭരണമുന്നണി ജനങ്ങളെ അഭിമുഖീകരിക്കുമ്പോൾ, വീഴ്‌ചകൾ ചൂണ്ടിക്കാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ്‌ പ്രതിപക്ഷം സ്വാഭാവികമായും ശ്രമിക്കുക. അതിന്‌ പഴുതുകളില്ലാത്തതിനാൽ പതിവുപോലെ ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ വിവാദങ്ങളിൽ അഭയം പ്രാപിക്കുകയാണ്‌ പ്രതിപക്ഷം.

പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളയാത്രയിൽ ആദ്യം ശ്രമിച്ചത്‌‌ വർഗീയത ഇളക്കിവിടാനായിരുന്നു. മുസ്ലിംലീഗിനെ രാഷ്ട്രീയമായി വിമർശിക്കുന്നത്‌ വർഗീയമായി തിരിച്ചുവിടാൻ ശ്രമം നടന്നു. പത്തുവർഷം പിന്നിട്ട താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ അടുത്തനീക്കം. ‌റാങ്ക്‌ ഹോൾഡർമാരുടെ സമരത്തിൽ കടന്നുകയറി അക്രമം തുടരുകയാണ്‌. ഇല്ലാത്ത ആഴക്കടൽ കരാറിന്റെ പേരിലാണ്‌ അടുത്ത വിവാദം. ക്രിയാത്മക വിമർശമോ ജനകീയപ്രശ്‌നങ്ങളോ ഉന്നയിക്കാത്ത പ്രതിപക്ഷജാഥ രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുമെന്ന്‌ പ്രവചിച്ച മാധ്യമങ്ങൾ നിരാശരാണ്‌. ഭിക്ഷാംദേഹിയായി യുഡിഎഫിൽ വന്നുകയറിയ മാണി സി കാപ്പൻ തുടക്കത്തിലേ കല്ലുകടിയായി മാറിയ വാർത്തകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. പഴമുറംകൊണ്ട്‌ സൂര്യനെ മറയ്‌ക്കാനാകില്ലെന്ന മൊഴി അന്വർഥമാക്കിക്കൊണ്ട്‌ എൽഡിഎഫ്‌ വികസനമുന്നേറ്റ ജാഥകൾ സമാപനത്തിലേക്ക്‌ നീങ്ങുകയാണ്‌. കേരളം‌ പ്രതീക്ഷകളുടെ പുതുപുലരിയിലേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top