27 May Monday

ഓൺലൈൻ ക്ലാസുകൾ കുട്ടികളെ‌ സജ്ജരാക്കാൻ

വെബ് ഡെസ്‌ക്‌Updated: Friday Jun 5, 2020


കോവിഡ്‌ മഹാമാരി വിദ്യാഭ്യാസരംഗത്ത് ഉണ്ടാക്കിയ സ്‌‌തംഭനം മറികടക്കാനുള്ള താൽക്കാലിക മാർഗമായാണ്‌ സ്‌കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസ്‌ തുടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌. കേരളത്തിലെ സ്‌കൂൾകുട്ടികളെയാകെ ഉൾപ്പെടുത്തി ഓൺലൈൻ ക്ലാസ്‌ നടത്തുമ്പോൾ ഉണ്ടാകാവുന്ന പ്രശ്‌നങ്ങൾ അറിയാനാണ്‌ ജൂൺ ഒന്നുമുതൽ വിക്ടേഴ്‌സ്‌ ചാനലിൽ ട്രയൽ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്‌. ട്രയൽ ക്ലാസ്‌ തുടങ്ങിയതുമുതൽ ഇത്‌ വിവാദമാക്കാനാണ്‌ പ്രതിപക്ഷത്തിന്റെ ശ്രമം. മലപ്പുറം ജില്ലയിൽ ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത ദുഃഖകരമായ സംഭവത്തിന്റെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാമെന്നും അവർ കണക്കുകൂട്ടുന്നു. എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഏർപ്പെടുത്തുമെന്ന്‌ ഉറപ്പ്‌ നൽകിയിട്ടും ഇത്‌ എൽഡിഎഫിനെതിരായ രാഷ്‌ട്രീയ ആയുധമാക്കാൻ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ഉത്സാഹിക്കുകയാണ്‌.

ടെലിവിഷനോ ഇന്റർനെറ്റ്‌ സൗകര്യമോ ഇല്ലാത്ത കുട്ടികളെ കണക്കിലെടുക്കാതെ ഓൺലൈൻ ക്ലാസ്‌ തുടങ്ങിയെന്നാണ്‌ പ്രതിപക്ഷത്തിന്റെ വിമർശം. ഓൺലൈൻ– -കേബിൾ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിദ്യാഭ്യാസമന്ത്രിതന്നെ എംഎൽഎമാർക്ക്‌ കത്തയച്ചിരുന്നു. ട്രയൽ അവസാനിക്കുന്നതോടെ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾക്ക്‌ സംവിധാനം ഏർപ്പെടുത്താനാണ്‌ സർക്കാരും വിദ്യാഭ്യാസവകുപ്പും ശ്രമിച്ചത്‌‌. ട്രയൽ ക്ലാസുകൾ ഒരാഴ്‌ച നീട്ടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. ടിവിയോ സ്‌മാർട്ട്‌ ഫോണോ ഇല്ലാത്തതിന്റെ പേരിൽ ആർക്കും ക്ലാസ്‌ നഷ്ടമാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ്‌ പറഞ്ഞുകഴിഞ്ഞു.

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾ ഓൺലൈൻ ക്ലാസ്‌ വന്നതോടെ വിദ്യാഭ്യാസമേഖലയിൽനിന്ന്‌ പുറത്താകുകയാണെന്നും ഇത്തരക്കാരെ സർക്കാർ മറന്നെന്നുമുള്ള വിമർശത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം മറുപടി നൽകിയിട്ടുണ്ട്‌. സംസ്ഥാനത്തെ 41 ലക്ഷം വിദ്യാർഥികളിൽ 2.61 ലക്ഷം കുട്ടികൾക്ക്‌ ഓൺലൈൻ പഠനസൗകര്യങ്ങളില്ലെന്ന്‌ വിദ്യാഭ്യാസവകുപ്പ്‌ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ, കുടുംബശ്രീ, പിടിഎ, യുവജന–- സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെയെല്ലാം സഹകരണത്തോടെ എല്ലാ കുട്ടികൾക്കും സൗകര്യമൊരുക്കും.


 

നെറ്റ്‌വർക്ക്‌ കവറേജ്‌ ഇല്ലാത്ത സ്ഥലങ്ങളിൽ ഓഫ്‌ലൈൻ സൗകര്യം ഏർപ്പെടുത്തും. ഓൺലൈൻ ക്ലാസുകൾ സ്‌കൂൾ പഠനത്തിന്‌ ബദലോ സമാന്തരമോ അല്ലെന്നും പഠനം ക്ലാസ്‌ മുറികളിൽത്തന്നെയാണ്‌ നല്ലതെന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞിട്ടുണ്ട്‌. അവസരം വന്നാലുടൻ സ്‌കൂളുകൾ തുറക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കോവിഡ്‌ രോഗബാധയുടെ ഫലമായി സംസ്ഥാനത്തെ വിദ്യാഭ്യാസമേഖല മൂന്നുമാസമായി സ്‌തംഭനത്തിലാണ്‌. ഒമ്പതാം ക്ലാസുവരെയുള്ള കുട്ടികൾ പരീക്ഷപോലും എഴുതാനാകാതെ പഠനപ്രവർത്തനങ്ങളിൽനിന്ന്‌ വിട്ടുനിൽക്കുന്നു. ജൂൺ ഒന്നിനും സ്‌കൂൾ തുറക്കാനുള്ള സാഹചര്യം ഉണ്ടായില്ല. ദീർഘകാലം സ്‌കൂളിൽനിന്ന്‌ വിട്ടുനിൽക്കുന്നത്‌ കുട്ടികൾ പഠനപ്രവർത്തനങ്ങളിൽനിന്ന്‌ മാനസികമായി അകലാൻ ഇടയാക്കും. കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരുന്നതിനും പഠനത്തിന്‌ മാനസികമായി സജ്ജരാക്കുന്നതിനുമാണ്‌ ഓൺലൈൻ ക്ലാസ്‌ തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്‌. കുട്ടികളെ പഠനത്തിലേക്ക്‌ മാനസികമായി അടുപ്പിക്കുംവിധമാണ്‌ ഓൺലൈൻ ക്ലാസുകൾ തയ്യാറാക്കിയത്‌.

രാജ്യത്തെ പാവപ്പെട്ട മനുഷ്യർക്ക്‌ ഇന്റർനെറ്റും വിവര സാങ്കേതികവിദ്യയും അന്യമാകരുതെന്ന്‌‌ ഇടതുപക്ഷം എക്കാലത്തും എടുത്തുപറഞ്ഞിട്ടുണ്ട്‌. ഇന്റർനെറ്റ്‌ പൗരന്റെ അവകാശമാണെന്നാണ്‌ സിപിഐ എമ്മിന്റെ നിലപാട്‌. രാജ്യത്തെ കോടിക്കണക്കിനു മനുഷ്യർക്ക്‌ ഇന്റർനെറ്റും -ടെലിവിഷനും അപ്രാപ്യമാണെന്നും ഈ ഡിജിറ്റൽ വിഭജനം പാവപ്പെട്ടവരെ കൂടുതൽ ജീവിത പ്രതിസന്ധിയിലാക്കുമെന്നും സിപിഐ എം വിലയിരുത്തുന്നു. കോവിഡിന്റെ മറവിൽ പരമ്പരാഗത പഠനരീതിക്കു ബദലായി ഡിജിറ്റൽ ക്ലാസുകൾ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്നും കഴിഞ്ഞദിവസം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ യോഗം ആവശ്യപ്പെടുകയുണ്ടായി.

പാവപ്പെട്ടവരെയും സാമൂഹ്യമായി പിന്തള്ളപ്പെട്ടവരെയും വിദ്യാഭ്യാസത്തിൽനിന്ന്‌ അകറ്റാനല്ല അവരുടെ അക്കാദമിക്‌‌ പ്രവർത്തനം മുടങ്ങാതിരിക്കാനാണ്‌ കേരളത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്‌. പാവപ്പെട്ടവർക്കുവേണ്ടിയാണ്‌ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ എൽഡിഎഫ്‌ സർക്കാർ പരിശ്രമിക്കുന്നത്‌. സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാക്കുകയും അതുവഴി വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കൂടുതൽ സർഗാത്മകമാക്കുകയുമാണ്‌ ലക്ഷ്യം. ക്ലാസ്‌ മുറികളിലെ പഠനംതന്നെയാണ്‌ കുട്ടികളെ മികവുറ്റവരാക്കിത്തീർക്കുക. പഠനം സൃഷ്ടിപരവും സർഗാത്മകവുമാക്കാൻ ഓൺലൈൻ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top