29 March Friday

കോൺഗ്രസ്‌ രാഷ്‌ട്രീയം,സതീശന്റെ കാപട്യം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 12, 2022

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ അസാധാരണമായ ഒരു കുറ്റസമ്മതം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്‌. ആർഎസ്‌എസ്‌ പരിപാടികളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടും ദിവസങ്ങളോളം ഉരുണ്ടുകളിച്ച നേതാവിന്‌ ഒടുവിൽ സത്യം സമ്മതിക്കേണ്ടിവന്നു. എന്നാൽ, ഗോൾവാൾക്കറിന്റെ ചിത്രത്തിനു മുന്നിൽ വിളക്കുകൊളുത്തിയത്‌ ഓർമയില്ലെന്ന നിലപാടിലൂടെ ഈ കുറ്റസമ്മതവും വ്യാജമാണെന്ന്‌ തെളിയിച്ചു. ആർഎസ്‌എസ്‌ പരിപാടികളുടെ ഭാഗമായതു മാത്രമല്ല, സതീശനെതിരെ ഉയർന്നുവന്ന കുറ്റം. പറവൂരിലെ വിജയത്തിന്‌ തുടർച്ചയായി വോട്ടുമറിച്ചു നൽകിയ വിവരവും ആർഎസ്‌എസ്‌ പുറത്തുവിട്ടിട്ടുണ്ട്‌. 1996ൽ സതീശൻ തോറ്റ തെരഞ്ഞെടുപ്പിൽ പറവൂരിൽ 4.86 ശതമാനമായിരുന്നു ബിജെപിയുടെ വോട്ടുവിഹിതം. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ സതീശന്റെ വോട്ട്‌ കൂടുകയും ബിജെപി വോട്ട്‌ പകുതിയായി കുറയുകയും ചെയ്‌തത്‌ എടുത്തുകാട്ടിയാണ്‌ ആർഎസ്‌എസ്‌ വോട്ടുമറിക്കൽ സമർഥിക്കുന്നത്‌. സതീശന്‌ ആർഎസ്‌എസുമായുള്ള ദീർഘകാല ബന്ധം തെളിയിക്കാനാണ്‌ 2006, 2013 വർഷങ്ങളിലെ ചിത്രങ്ങൾ പുറത്തുവിട്ടത്‌.

മല്ലപ്പള്ളി പ്രസംഗത്തെത്തുടർന്ന്‌ സജി ചെറിയാൻ മന്ത്രിപദം ഒഴിഞ്ഞതുമായി ബന്ധപ്പെട്ട പ്രസ്‌താവനകളാണ്‌ സതീശന്‌ കുരുക്കായത്‌. ഗോൾവാൾക്കറെയും വിചാരധാരയെയും തള്ളിപ്പറഞ്ഞത്‌ ആർഎസ്‌എസ്‌ നേതൃത്വത്തെ പ്രകോപിപ്പിച്ചു. വോട്ടുതേടിയതും അവരുടെ വേദികളിലെത്തിയതും തെളിവുസഹിതം ആർഎസ്‌എസ്‌ തുറന്നടിച്ചു. കോൺഗ്രസ്‌ വഴിവിട്ട തെരഞ്ഞെടുപ്പ്‌ കൂട്ടുകെട്ടുണ്ടാക്കുന്നത്‌ പുതിയ കാര്യമല്ല. കോൺഗ്രസും ബിജെപിയും ലീഗും ചേർന്ന വടകര, ബേപ്പൂർ ഉൾപ്പെടെ ഒളിഞ്ഞും തെളിഞ്ഞും പലവട്ടം സഖ്യമുണ്ടാക്കി. തിരുവനന്തപുരം കോർപറേഷനിലെ ബാന്ധവം, ബിജെപിയുടെ ആദ്യഅക്കൗണ്ടായ നേമം തുടങ്ങി ഒട്ടനവധി ഉദാഹരണം. ഏറ്റവുമൊടുവിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽവരെ ബിജെപി വോട്ട്‌ ചോർത്തി. കെ ജി മാരാരുടെ പുസ്‌തകത്തിൽ പഴയ വോട്ടുകച്ചവടത്തിന്റെ ഉള്ളുകള്ളി വിവരിച്ചിട്ടുണ്ട്‌.

സംഘപരിവാർ ശക്തികളെ അകറ്റിനിർത്താനോ, അവരുടെ മതരാഷ്‌ട്രീയത്തെ ചെറുക്കാനോ കോൺഗ്രസിനും സഖ്യകക്ഷികൾക്കും സാധിക്കാത്തത്‌ സങ്കുചിത താൽപ്പര്യങ്ങൾ കാരണമാണ്‌. ദേശീയതലത്തിലും സംസ്ഥാനങ്ങളിലും വർഗീയതയോട്‌ സന്ധിചെയ്‌ത്‌ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ്‌ കോൺഗ്രസ്‌ എക്കാലവും ശ്രമിച്ചത്‌. ബാബ്‌റി മസ്‌ജിദ്‌ തകർത്തതടക്കം ഒട്ടേറെ ദുരന്തത്തിനു വഴിവച്ചത്‌ കോൺഗ്രസാണ്‌. കൊടുക്കൽ വാങ്ങലുകൾ നിരന്തരം തുടരുമ്പോഴും അപൂർവമായി മാത്രമേ പുറത്തുവരാറുള്ളൂ. സിപിഐ എമ്മിനെ അടിക്കാനായി ഓങ്ങിയ വടി ആർഎസ്‌എസിന്‌ കൊണ്ടതാണ്‌ ഇപ്പോൾ വിനയായത്‌. സജി ചെറിയാന്റെ പ്രസംഗത്തെ ‘വിചാരധാര’യോട്‌ ഉപമിച്ചത്‌ പിൻവലിക്കാൻ ആർഎസ്‌എസ്‌ ആവശ്യപ്പെട്ടു. നാട്യം തുടർന്നപ്പോൾ ആർഎസ്‌എസ്‌ സതീശന്റെ തനിനിറം വലിച്ചുപുറത്തിട്ടു. തനിക്കുതോന്നിയാൽ ബിജെപിയിൽ ചേരുമെന്ന്‌ നേരത്തേ പറഞ്ഞ കെപിസിസി പ്രസിഡന്റിനെ കടത്തിവെട്ടിയ പ്രതിപക്ഷ നേതാവിനെ പരസ്യമായി പിന്തുണയ്‌ക്കാൻ പറ്റാത്തനിലയിലാണ്‌ അണികൾ. ‘ഞാനാണെങ്കിൽ ആർഎസ്‌എസ്‌ വേദിയിൽ പോകില്ലായിരുന്നു’വെന്ന്‌ ചെന്നിത്തല പറഞ്ഞതോടെ സതീശന്റെ മുഖം കൂടുതൽ വികൃതമായി.

ഗോൾവാൾക്കറിന്റെ പടത്തിനു മുന്നിൽ വിളക്കുകൊളുത്തിയത്‌ ഓർമയില്ലെന്ന്‌ പറഞ്ഞെങ്കിലും ആ ചിത്രം പുറത്തുവിട്ടവർക്കെതിരെ നിയമനടപടിക്ക്‌ സതീശൻ തയ്യാറല്ല. ബിജെപിയും കോൺഗ്രസും കേരളത്തിൽ നിലനിർത്തുന്ന സർക്കാർവിരുദ്ധ പ്ലാറ്റ്‌ഫോമിനാണ്‌ താൽക്കാലിക തിരിച്ചടിയേറ്റത്‌. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണം ആദ്യം ബിജെപി ഉന്നയിക്കുക, തുടർന്ന്‌ കോൺഗ്രസും യുഡിഎഫും ഏറ്റെടുക്കുക ഇതായിരുന്നു പതിവ്‌. വികസന കർമപരിപാടികളുമായി മുന്നോട്ടുപോകുന്ന ഇടതുമുന്നണി സർക്കാരിനെതിരെ യോജിപ്പോടെയാണ്‌ ഇരുപക്ഷവും നീങ്ങുന്നത്‌. സിൽവർ ലൈൻ വിരുദ്ധസമരം ഉൾപ്പെടെ സമീപകാലത്തെ എല്ലാ സർക്കാർവിരുദ്ധ നീക്കങ്ങളിലും ഇതുകാണാം. ആശയപരമോ പ്രായോഗികമോ ആയ നിലപാടുകൾക്ക്‌ വിലകൽപ്പിക്കാതെ ദൈനംദിന രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്ന യുഡിഎഫിനും വിദ്വേഷ രാഷ്‌ട്രീയത്തിന്റെ പ്രയോക്താക്കളായ സംഘപരിവാറിനുമിടയിലെ വാക്‌പോര്‌ സൗന്ദര്യപ്പിണക്കം മാത്രം. എന്നാൽ, വി ഡി സതീശൻ എന്ന കള്ളനാണയം തുറന്നു കാട്ടപ്പെട്ടു എന്ന പ്രാധാന്യം വിവാദത്തിനുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top