20 April Saturday

പരിവാറിന്റെ പരിഭ്രാന്തിയും ചെന്നിത്തലയുടെ അവിവേകവും

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018


നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ വനിതാമതിൽ എന്ന ആശയം സംസ്ഥാനത്ത്‌ ഉയർന്നുവന്നിട്ട്‌ മൂന്നുദിവസമേ ആയിട്ടുള്ളൂ. മുഖ്യമന്ത്രി വിളിച്ചുചേർത്ത നവോത്ഥാനപാരമ്പര്യമുള്ള സംഘടനകളുടെ യോഗം കൈക്കൊണ്ട തീരുമാനം പ്രവൃത്തിപഥത്തിലേക്കെത്തിക്കാൻ ഒരുക്കങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. പ്രാഥമികമായി ഒരു സംഘാടക സമിതി നിലവിൽ വന്നു. യോഗത്തിൽ പങ്കെടുത്ത സംഘടനകളുടെ പ്രതിനിധികളായിരുന്നു അതിൽ അംഗങ്ങൾ.  ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം വനിതാമതിലിനെ സ്വാഗതംചെയ്‌തു. വിജയിപ്പിക്കാൻ രംഗത്തിറങ്ങാനും തീരുമാനിച്ചു. ഇത്രയേ സംഭവിച്ചിട്ടുള്ളൂ.

കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്‌ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ഈ നീക്കത്തിന്‌ എത്രമേൽ പ്രഹരശേഷിയുണ്ട‌് എന്നറിയാൻ ഈ മൂന്നു ദിവസത്തിനുള്ളിൽ ഈ നീക്കത്തോടുണ്ടായ സംഘപരിവാർ പ്രതികരണം പരിശോധിച്ചാൽ മതി. ഒപ്പം അവരുടെ പിന്നണിപ്പാട്ടുകാരൻ എന്ന നിലയിൽനിന്ന്‌ ഇനിയും ഉയരാത്ത പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നിലപാടും.  

ബിജെപി ആദ്യദിനംതന്നെ പ്രഖ്യാപിച്ചത്‌ മതിൽ പൊളിക്കും എന്നാണ്‌. അതായിരുന്നു അവരുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ആദ്യ പ്രതികരണം. അത്‌ തികച്ചും സ്വാഭാവികം. ബാബ‌്റി മസ്‌ജിദ്‌ പൊളിക്കുകയും ഇന്ത്യയുടെ മതേതര ഭരണഘടന പൊളിക്കാൻ എന്തൊക്കെ ചെയ്യാനാകും എന്ന പരീക്ഷണത്തിൽ ഏർപ്പെടുകയും ചെയ‌്തിരിക്കുന്ന ബിജെപി മറ്റെന്ത്‌ പറയാൻ? ശബരിമലയിൽ സ്‌ത്രീപ്രവേശനം അനുവദിക്കാനുള്ള സുപ്രീംകോടതി വിധിയുടെ മറവിൽ വർഗീയചേരിതിരിവിന്‌ ശ്രമിക്കുന്ന ബിജെപിയെ വനിതാമതിൽ എന്ന ആശയം എത്രത്തോളം ഭയപ്പെടുത്തുന്നു എന്ന്‌ പ്രതികരണം വ്യക്തമാക്കുന്നു. മതിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ആർഎസ്‌എസിന്റെ ഭീഷണിയും ഇതിനിടയിൽ വന്നു.

എന്നാൽ, അവരുടെ പരിഭ്രാന്തിയുടെ പൂർണചിത്രം വ്യക്തമാകാൻ ബിജെപിയുടെ കേരളത്തിലെ മുഖപത്രമായ ജന്മഭൂമിയുടെ താളുകൾ ഒന്നു മറിച്ചാൽമതി.  മുഖ്യവാർത്തമുതൽ മുഖപ്രസംഗം അടക്കം പത്തിലേറെ വാർത്തകളും ലേഖനങ്ങളും പ്രതികരണങ്ങളും കൽപ്പിതകഥകളുമാണ് വനിതാമതിലിനെതിരെ  ജന്മഭൂമി ബുധനാഴ‌്ചമാത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.  വനിതാമതിലിന്റെ സംഘാടനത്തിനുള്ള ഒരുക്കംതന്നെ അവരെ ഇത്രയേറെ പരിഭ്രാന്തിയിലാക്കുന്നുണ്ടെങ്കിൽ ആ പരിപാടി ലക്ഷ്യംകാണും എന്നുതന്നെ കരുതാം. സിപിഐ എമ്മിന്റെ ആശയമാണ്‌ വനിതാമതിൽ എന്ന്‌ വരുത്താൻ ഒരു വാർത്താകഥയും അവർ ചമച്ചിട്ടുണ്ട്‌. സിപിഐ എമ്മിന്റെ രാജ്യസഭാംഗമായ എ സോമശേഖരൻ എന്നൊരാൾ ഈ മതിലിന്റെ സംസ്ഥാനതല ചുമതലയുമായി പണ്ടേ രംഗത്തുണ്ടത്രേ. ആ പേരിൽ സിപിഐ എമ്മിൽ ഒരു രാജ്യസഭാംഗം കേരളത്തിൽനിന്ന‌് ഇല്ല എന്നതുപോലും പത്രം ശ്രദ്ധിച്ചിട്ടില്ല.

ബിജെപിയുടെ എതിർപ്പിന്‌ ചരിത്ര പിൻബലമുണ്ട്‌. എന്നും നവോത്ഥാന നീക്കങ്ങൾക്കെതിരെ നിന്നവരുടെ പിന്മുറക്കാരാണവർ

സർക്കാരോ സിപിഐ എമ്മോ മുന്നോട്ടുവച്ച ആശയമല്ല വനിതാമതിൽ എന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. യോഗത്തിലെ ചർച്ചയിൽ ഉയർന്നുവന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ തീരുമാനമുണ്ടായത്‌. കേരളത്തിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന 170 സംഘടനകൾ പങ്കെടുത്ത യോഗത്തിൽ കൈക്കൊണ്ട തീരുമാനമാണത്‌. ഇതിൽ ബഹുഭൂരിപക്ഷം സംഘടനകളും ഒരു കാലത്തും സിപിഐ എമ്മുമായി രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടുള്ളവയല്ല. അവർ അവരുടെ മേഖലയിൽ പ്രവർത്തിച്ചുപോകുന്നവരാണ്‌. ചിലപ്പോഴൊക്കെ പരസ്യമായി കോൺഗ്രസിനും ബിജെപിക്കുമൊപ്പം അണിചേർന്നിട്ടുള്ളവർപോലുമുണ്ട്‌. ഇവരെല്ലാം ചേർന്നെടുത്ത തീരുമാനത്തിനെതിരെയാണ്‌  ബിജെപിയും സംഘപരിവാറും ഇപ്പോൾ ഉറഞ്ഞുതുള്ളുന്നത്‌.

ബിജെപിയുടെ എതിർപ്പിന്‌ ചരിത്ര പിൻബലമുണ്ട്‌. എന്നും നവോത്ഥാന നീക്കങ്ങൾക്കെതിരെ നിന്നവരുടെ പിന്മുറക്കാരാണവർ. സതി നിരോധിച്ച്‌ ഒന്നരനൂറ്റാണ്ടിനുശേഷം 1987ൽ സതിയെ പിന്തുണച്ച്‌ തെരുവിലിറങ്ങാൻ മടിക്കാത്തവരാണവർ. ക്ഷേത്രപ്രവേശനത്തിനായുള്ള പ്രക്ഷോഭകാലത്തും ഏറ്റവും പിന്തിരിപ്പൻ നിലപാടെടുത്തവർതന്നെയാണ്‌ കേരളത്തിൽ ഈ പ്രസ്ഥാനത്തിന്റെ ആദ്യ പഥികർ. അവരുടെ ഇപ്പോഴത്തെ  നിലപാട്‌ കാലം ആവശ്യപ്പെടുന്നതാണ്‌. അവരുടെ എതിർപ്പുതന്നെയാണ്‌ വനിതാമതിലിന്റെ സാംഗത്യത്തിന്‌ അടിവരയിടുന്നത്‌.

ശബരിമലവിഷയത്തിന്റെ ഓരോ തിരിവിലും ബിജെപിക്കു പിന്നാലെ ഓടിയെത്തി കൂടെ നിൽക്കാൻ ശ്രമിക്കുന്ന രമേശ്‌ ചെന്നിത്തല ഈ വിഷയത്തിലും പിന്നിലല്ല. മുന്നിലായോ എന്ന്‌ സംശയിക്കണം. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തവരെ ‘എടുക്കാച്ചരക്കുകൾ’ എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്‌. മതിൽ പൊളിക്കുമെന്ന്‌ രണ്ടുദിവസം ആവർത്തിച്ചശേഷം ഇപ്പോൾ മതിൽ താനെ പൊളിയും എന്ന്‌ ആശ്വസിക്കുന്നുമുണ്ട്‌ അദ്ദേഹം.

ഏതായാലും തീരുമാനത്തിന്റെ ഒന്നാംദിനംമുതൽ വനിതാമതിൽ എന്ന ആശയം കേരളത്തിന്റെ ജനാധിപത്യ മനസ്സ‌് ഏറ്റെടുത്തുകഴിഞ്ഞു. വരുംദിവസങ്ങളിൽ ഈ മുന്നേറ്റത്തിലേക്ക്‌ കൂടുതൽപേർ അണിചേരുന്നത്‌ കാണാനാകും. ഇപ്പോൾത്തന്നെ വിറളിപിടിച്ചുതുടങ്ങിയവർ അപ്പോഴേക്കും അസ്വസ്ഥരും അക്രമാസക്തരും ആയേക്കാം. പക്ഷേ, കേരളം ഈ ചുവട്‌ മുന്നോട്ടുവയ‌്ക്കുകതന്നെ ചെയ്യും. അതിനുള്ള ഉൾക്കരുത്ത്‌ ഇന്നും ബാക്കിയുള്ളവരാണ്‌ ഈ ജനത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top