29 March Friday

വനിതാമതിൽ ഐതിഹാസിക തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 2, 2019


പുതുവർഷം ആഘോഷിക്കുന്ന ലോകത്തിനു മുന്നിൽ കേരളം വീണ്ടുമൊരു അത്ഭുതമായി ഉയർന്നുനിന്നു. ഇരുണ്ട ഭൂതകാലത്തിലേക്ക് തിരിച്ചുവിളിക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ‐വർഗീയ ശക്തികളെ  പ്രതിരോധിച്ചുകൊണ്ട് ഒരു മഹാമേരു കണക്കെ, കേരളത്തിലെ വനിതകൾ വൻമതിലായി ഉയർന്നു. ഒരു ശക്തിക്കും തങ്ങളുടെ മുന്നോട്ടുള്ള കുതിപ്പിനെ തടയാനാവില്ലെന്ന മുന്നറിയിപ്പ് പുതുവർഷദിനത്തിലെ സായാഹ്നത്തിൽ മുഴങ്ങി. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉയർന്ന വനിതാമതിൽ സാമൂഹ്യ‐സാംസ്കാരിക കേരളത്തിന്റെ സംരക്ഷണം ഉറപ്പാക്കുമെന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ചു. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുമെന്നും സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുമെന്നും കേരളത്തെ വീണ്ടുമൊരു ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്നും അവർ പ്രതിജ്ഞയെടുത്തു. സ്ത്രീസമൂഹത്തിന് ഐക്യദാർഢ്യവുമായി പുരുഷന്മാരുടെ മറ്റൊരു മതിലുംകൂടി ഉയർന്നതോടെ കേരളം പുതിയൊരു ചരിത്രം കുറിച്ചു.

ഓഖിയും നിപായും പ്രളയവും വന്നപ്പോൾ ഒന്നിച്ചുനിന്ന കേരളത്തിന്റെ സാമൂഹ്യപുരോഗതി ശിഥിലമാക്കാനാണ് വർഗീയക്കോമരങ്ങൾ കോടതിവിധിയെ പോലും വെല്ലുവിളിച്ചുകൊണ്ട് ശ്രമിച്ചത്. ഇടതുപക്ഷ സർക്കാരിന്റെയും ജനങ്ങളുടെയും സന്ദർഭോചിതമായ ഇടപെടലുകളിലൂടെ ആ നീക്കം തൽക്കാലം പരാജയപ്പെടുത്താനായെങ്കിലും അതൊരു മുന്നറിയിപ്പാണ്. കേരളത്തെ പിറകോട്ട് വലിക്കുന്ന ആസുരശക്തികൾ അടങ്ങിയിട്ടില്ലെന്ന മുന്നറിയിപ്പ്. സ്ത്രീകളെ ഉപയോഗിച്ചുതന്നെ അവർ കേരളത്തെ തകർക്കാൻ ശ്രമിക്കുമെന്ന ഭീഷണി. അവർക്കെതിരെ നവോത്ഥാനമൂല്യങ്ങളുടെ വീണ്ടെടുപ്പിലൂടെ ശക്തമായി ഉയിർത്തെഴുന്നേൽക്കേണ്ടതുണ്ട്. കേരളത്തിലെ സ്ത്രീസമൂഹം തന്നെ ഉണരേണ്ടതുണ്ട്.

നവോത്ഥാനമൂല്യങ്ങളെക്കുറിച്ചും സമൂഹത്തിൽ സ്ത്രീയുടെ സ്ഥാനം എന്തായിരിക്കണം എന്നതിനെക്കുറിച്ചും  ഇനിയും ചർച്ചകളും സംവാദങ്ങളും നടക്കണം. കലാ‐സാംസ്കാരിക മേഖലകളിലും ആശയപ്രചാരണങ്ങൾ നടക്കണം. നെല്ലും പതിരും വേർതിരിക്കണം

വനിതാമതിലിന്റെ പ്രചരണത്തിനായി നിരവധി ആശയസംവാദങ്ങളും ചർച്ചകളും കേരളത്തിലുടനീളം നടന്നു. 19–ാം നൂറ്റാണ്ടിൽ അടിമത്തത്തിലാണ്ടു കിടന്നിരുന്ന സ്ത്രി‐ദളിത്‐പിന്നോക്ക വിഭാഗങ്ങൾ എങ്ങനെ ഉയിർത്തെഴുന്നേറ്റുവെന്ന്, എങ്ങനെ മനുഷ്യരെപ്പോലെ ജീവിക്കാൻ തുടങ്ങിയെന്ന്, പുതിയ തലമുറയടക്കം ചർച്ച ചെയ്തു. സമൂഹത്തിന്റെ പാതിയിലേറെ വരുന്ന സ്ത്രീകളുടെ ഉന്നമനത്തിലൂടെയല്ലാതെ, നമുക്ക് മുന്നോട്ടുപോകാനാകില്ലെന്ന സത്യം ജനങ്ങൾ മനസ്സിലാക്കി തുടങ്ങി.

കേരളം വീണ്ടും ഭ്രാന്താലയമായി മാറിക്കൂടാ എന്നവർ തിരിച്ചറിഞ്ഞു. അതിന്റെ മികച്ച തെളിവാണ് പുതുവർഷദിനത്തിലെ വനിതാമതിൽ. കേരളത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ 620 കിലോമീറ്ററിൽ തീർത്ത വനിതാമതിലിൽ ഒരിഞ്ച് സ്ഥലംപോലും ഒഴിഞ്ഞുകിടന്നില്ല. പലയിടത്തും രണ്ടുംമൂന്നും വരിയായി മതിൽ കോട്ടയായി മാറിയെന്നതാണ് വാസ്തവം. കക്ഷിരാഷ്ട്രീയ, സമുദായ വ്യത്യാസമില്ലാതെ സ്ത്രീകൾ ആവേശപൂർവമാണ് വൻമതിലാകാനെത്തിയത്. യാഥാസ്ഥിതിക വർഗീയശക്തികൾക്കുനേരെ ആഞ്ഞടിച്ച് സ്ത്രീകൾ മതിൽ തീർക്കാനെത്തി. അതിൽ കൗമാരക്കാർമുതൽ വൃദ്ധകൾവരെ ഉണ്ടായിരുന്നു. സ്ത്രീ സമൂഹത്തിൽ ഇനിയും സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും തിരിച്ചറിയാത്തവർക്ക് ഈ വനിതാമതിൽ ഒരു ചൂണ്ടുപലകയാണ്. സ്ത്രീകളെ പിറകോട്ട് വലിക്കുന്ന ശക്തികൾക്ക് ഇതൊരു താക്കീതാണ്.

കേരളത്തിന് പിന്നോട്ടല്ല, മുന്നോട്ടാണ് പോകേണ്ടതെന്ന് ജനങ്ങൾ തിരിച്ചറിയുകയാണ്. ഒരു നൂറ്റാണ്ടുമുമ്പ് നിരവധി സമരങ്ങളിലൂടെ, പോരാട്ടങ്ങളിലൂടെ നാം നേടിയ നവോത്ഥാനമൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വീണ്ടുമൊരു ശക്തമായ ശ്രമം നടത്തേണ്ടതുണ്ടെന്ന് അവർ അറിയുന്നു

നവോത്ഥാനത്തിന്റെ പതാകവാഹകരായ വിവിധ രാഷ്ട്രീയ‐സാമുദായിക‐സാമൂഹ്യവിഭാഗങ്ങൾ വനിതാമതിലിനുവേണ്ടി ഒരേ വേദിയിൽ ഒന്നിച്ചുവെന്നത് ശുഭോദർക്കമാണ്. കേരളത്തിന് പിന്നോട്ടല്ല, മുന്നോട്ടാണ് പോകേണ്ടതെന്ന് ജനങ്ങൾ തിരിച്ചറിയുകയാണ്. ഒരു നൂറ്റാണ്ടുമുമ്പ് നിരവധി സമരങ്ങളിലൂടെ, പോരാട്ടങ്ങളിലൂടെ നാം നേടിയ നവോത്ഥാനമൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വീണ്ടുമൊരു ശക്തമായ ശ്രമം നടത്തേണ്ടതുണ്ടെന്ന് അവർ അറിയുന്നു. നവോത്ഥാന പാരമ്പര്യത്തെയും മതനിരപേക്ഷ മനസ്സിനെയും തകർക്കാൻ അനുവദിച്ചുകൂടാ. സ്ത്രീപുരുഷ സമത്വത്തിലൂടെ മാത്രമേ അതിന് സാധിക്കൂ എന്നും അനുഭവങ്ങളിലൂടെ തിരിച്ചറിയുന്നു. നവോത്ഥാനമൂല്യങ്ങളെക്കുറിച്ചും സമൂഹത്തിൽ സ്ത്രീയുടെ സ്ഥാനം എന്തായിരിക്കണം എന്നതിനെക്കുറിച്ചും  ഇനിയും ചർച്ചകളും സംവാദങ്ങളും നടക്കണം. കല‐സാംസ്കാരിക മേഖലകളിലൂടെയും അത്തരം ആശയപ്രചാരണങ്ങൾ നടക്കണം. നെല്ലും പതിരും വേർതിരിക്കണം. അങ്ങനെ മാത്രമേ നമുക്ക് മുന്നോട്ടുപോകാനാകൂ.

ലോകത്തിനു മുന്നിൽ കേരളം എന്നും തലയുയർത്തി നിന്നിട്ടുണ്ട്. ജാതി‐മത‐ലിംഗ ഭേദമെന്യേ എല്ലാ മനുഷ്യരും തുല്യരായി ജീവിക്കുന്ന ഒരിടമായതുകൊണ്ടാണത് സാധിക്കുന്നത്. അത് നഷ്ടപ്പെടുത്താൻ ഒരു ശക്തിയെയും അനുവദിക്കരുത്. വർഗീയതയുടെയും യാഥാസ്ഥിതിക‐പിന്തിരിപ്പൻശക്തികളുടെയും ഏത് മലവെള്ളപ്പാച്ചിൽ വന്നാലും നാം സ്വയം വൻമതിലായി അത് തടുത്തുനിർത്തും. അതാണ് ഈ വനിതാമതിൽ പറയുന്നത്, ഒപ്പംനിന്ന കേരളസമൂഹം പറയുന്നത്. വരുംനാളുകളിലും ഈ പോരാട്ടം തുടർന്നേ മതിയാകൂ. എല്ലാവിധ കുപ്രചാരണങ്ങളെയും കുത്തിത്തിരിപ്പുകളെയും അതിജീവിച്ച് മനഷ്യമഹാദുർഗം തീർത്ത മുഴുവനാളുകളെയും അതിന് നേതൃത്വം നൽകിയ സംസ്ഥാന സർക്കാരിനെയും പുരോഗമന–നവോത്ഥാന പ്രസ്ഥാനങ്ങളെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top