27 September Wednesday

വന്ദേഭാരതിൽ കണ്ണുകെട്ടാനാകില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Apr 19, 2023


പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും പാളങ്ങൾ നിർമിക്കുന്നതിലും പാത ഇരട്ടിപ്പിക്കലിലും മറ്റും കേരളം എല്ലാക്കാലത്തും കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണന നേരിട്ടിട്ടുണ്ട്‌ എന്നത്‌ അനിഷേധ്യമായ വസ്‌തുതയാണ്‌. ഒമ്പതുവർഷമായി തുടരുന്ന ബിജെപി ഭരണത്തിലും ഈ അവഗണനയ്‌ക്ക്‌ മാറ്റം ഉണ്ടായിട്ടില്ല. കഴിഞ്ഞ കേന്ദ്ര ബജറ്റിൽപ്പോലും കേരളത്തിലെ റെയിൽവേ വികസനത്തിന്‌ അനുവദിച്ച തുക സംസ്ഥാനത്തെ ജനങ്ങളെയാകെ അവഹേളിക്കുന്ന തരത്തിൽ തുച്ഛമാണ്‌. രാജ്യത്താകെ പുതിയ പാതകൾക്കായി 31,850 കോടി രൂപ നീക്കിവച്ചപ്പോൾ കേരളത്തിന്‌ വകയിരുത്തിയത്‌ അതിന്റെ 0.31 ശതമാനംമാത്രംവരുന്ന 100 കോടി 25 ലക്ഷം രൂപ. പാത ഇരട്ടിപ്പിക്കലിന്‌ ആകെ നീക്കിവച്ച 30,749 കോടി രൂപയിൽ കേരളത്തിനുള്ളത്‌ 0.63 ശതമാനംവരുന്ന 193 കോടി രൂപമാത്രം. പ്രകടമായ ഈ അനീതി നിലനിൽക്കുമ്പോഴാണ്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസിന്റെ പേരിൽ തെറ്റിദ്ധാരണ പരത്താൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നത്‌.

മൂന്നുവർഷംമുമ്പാണ്‌ രാജ്യത്ത്‌ ആദ്യ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ ട്രെയിൻ സർവീസ്‌ ആരംഭിച്ചത്‌. വിവിധ സംസ്ഥാനങ്ങളിലായി ഒരു ഡസനിൽപ്പരം വന്ദേഭാരത്‌ ട്രെയിനുകൾ ഇപ്പോൾ ഓടുന്നുണ്ട്‌. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിട്ട സാഹചര്യത്തിൽ വരുന്ന സ്വാതന്ത്ര്യദിനത്തോടെ അവയുടെ എണ്ണം 75 ആക്കുമെന്നാണ്‌ കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. അത്‌ യാഥാർഥ്യമാകുമോയെന്ന്‌ കണ്ടറിയണമെങ്കിലും ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിന്‌ ഔദാര്യമെന്ന മട്ടിൽ അനുവദിച്ച ആദ്യ വന്ദേഭാരത്‌ ട്രെയിനിനെ സ്വാഗതം ചെയ്യാൻ. അർഹമായതിന്റെ അടുത്തുപോലും ഇല്ലെങ്കിലും കേരളത്തിന്‌ പുതുതായി അനുവദിക്കപ്പെടുന്ന ഓരോ ട്രെയിനും തീർച്ചയായും മലയാളികൾക്ക്‌ സന്തോഷം ഉളവാക്കുന്നതാണ്‌. ഇന്ത്യൻ റെയിൽവേക്ക്‌ യാത്രക്കൂലി ഇനത്തിൽ ആനുപാതികമായി ഏറ്റവും കൂടിയ വരുമാനം നൽകുന്ന ജനസമൂഹമാണ്‌ മലയാളികൾ. എന്നിട്ടും കേരളത്തിന്റെ ന്യായമായ റെയിൽവേ വികസന ആവശ്യങ്ങൾ പോലും കേന്ദ്രം കണക്കിലെടുക്കാറില്ല.

ഗതാഗതത്തിൽ വലിയ കുതിപ്പ്‌ ലക്ഷ്യമിടുന്ന കേരളം കെ –- റെയിലിന്റെ അർധ അതിവേഗപ്പാതയായ സിൽവർ ലൈനിന്‌ അനുമതി നൽകണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. എന്നാൽ, അതിന്‌ അനുമതി വൈകിക്കാനോ നിഷേധിക്കാൻ തന്നെയോ കേന്ദ്രം വന്ദേഭാരതിനെ ആയുധമാക്കുന്നതായാണ്‌ തെളിഞ്ഞുവരുന്നത്‌. താരതമ്യേന കുറഞ്ഞ ചെലവിൽ അതിവേഗത്തിൽ കേരളത്തിന്റെ തെക്കുവടക്ക്‌ യാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്‌ കെ –- റെയിൽ. എന്നാൽ, ഇടതുപക്ഷം ഭരിക്കുമ്പോൾ അത്‌ ആവശ്യമില്ലെന്ന്‌ നിലപാടെടുക്കുന്ന നിഷേധശക്തികൾ കെ–- റെയിലിന്‌ ബദലാണ്‌ വന്ദേഭാരത്‌ എന്ന പ്രചാരണമാണ്‌ തീവ്രമാക്കിയിട്ടുള്ളത്‌.

മണിക്കൂറിൽ 200 കിലോമീറ്ററും ശരാശരി 135 കിലോമീറ്ററും വേഗമാണ്‌ നിർദിഷ്ട കെ –-റെയിൽ പദ്ധതിയിൽ പ്രതീക്ഷിക്കുന്നത്‌. മണിക്കൂറിൽ 160 കിലോമീറ്റർ വേഗമാണ്‌ വന്ദേഭാരതിന്‌ അവകാശപ്പെടുന്നത്‌. എന്നാൽ, അനുവദിക്കപ്പെട്ട 130 കിലോമീറ്റർ വേഗത്തിൽപ്പോലും വന്ദേഭാരതിന്‌ രാജ്യത്ത്‌ എവിടെയും ഓടാനാകുന്നില്ലെന്ന്‌ റെയിൽവേ തന്നെ സമ്മതിച്ചിട്ടുണ്ട്‌. ഏറ്റവും അനുകൂലമായ പാതകളിൽപ്പോലും അതാണ്‌ സ്ഥിതി. വന്ദേഭാരത്‌ ട്രെയിനുകളുടെ ശരാശരി വേഗം 83 കിലോമീറ്റർ മാത്രമാണെന്ന്‌ വിവരാവകാശ മറുപടിയിൽ റെയിൽവേ വ്യക്തമാക്കുന്നു. മറ്റ്‌ ട്രെയിനുകൾ തടഞ്ഞ്‌ തിരുവനന്തപുരത്തുനിന്ന്‌ കണ്ണൂരിലേക്കും തിരിച്ചും തിങ്കളാഴ്‌ച നടത്തിയ പരീക്ഷണ ഓട്ടത്തിൽ 70 കിലോമീറ്റർ മാത്രമായിരുന്നു ശരാശരി വേഗം. വേഗം മാത്രമല്ല, നിർത്തുന്ന സ്‌റ്റേഷന്റെ എണ്ണത്തിലും പ്രതിദിന സർവീസിന്റെ എണ്ണത്തിലും വലിയ അന്തരമുണ്ട്‌. വന്ദേഭാരത്‌ ദിവസം രണ്ട്‌ സർവീസ്‌ വീതം ഒരു ദിശയിൽ ഉദ്ദേശിക്കുമ്പോൾ കെ –- റെയിൽ പദ്ധതിയിൽ ലക്ഷ്യമിടുന്നത്‌ 18 സർവീസാണ്‌.

കേരളത്തിന്റെ വർധിച്ചുവരുന്ന ഗതാഗത ആവശ്യം നിറവേറ്റാൻ വന്ദേഭാരത്‌ അപര്യാപ്തമാണ്‌ എന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. വന്ദേഭാരത്‌ കൊണ്ട്‌ കേരളത്തിന്‌ പ്രചരിപ്പിക്കപ്പെടുന്ന ഗുണമില്ലെന്ന്‌ മെട്രോമാൻ ഇ ശ്രീധരൻ തന്നെ വ്യക്തമാക്കി കഴിഞ്ഞു. 160 കിലോമീറ്റർ വേഗമുള്ള ട്രെയിൻ അതിന്റെ പകുതിയിൽ താഴെ വേഗതയിൽ ഓടിക്കുന്നത്‌ വിഡ്ഢിത്തമാണ്‌ എന്നാണ്‌ അദ്ദേഹത്തിന്റെ വിമർശം. അതിന്‌ കൂടുതൽ വേഗം കൈവരിക്കാൻ ട്രാക്കുകൾ പുനക്രമീകരിക്കാൻ 10 വർഷമെങ്കിലും വേണം. എന്നാൽ, ആറേഴുവർഷംകൊണ്ട്‌ അർധ അതിവേഗ പാതയുണ്ടാക്കാം. വന്ദേഭാരതിന്റെ വരവ്‌ കെ–- റെയിലിനെ അപ്രസക്തമാക്കുന്നില്ല എന്നാണ്‌ അദ്ദേഹത്തെപ്പോലുള്ള വിദഗ്ധരുടെ പ്രതികരണം കാണിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top