25 April Thursday

തുടരാൻ വിടരുത്‌ ഈ ഭീകര രാഷ്ട്രീയം

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021


ആലപ്പുഴ ആലപ്പുഴ വള്ളികുന്നത്ത്‌ പത്താംക്ലാസുകാരനായ എസ്എഫ്ഐ പ്രവർത്തകനെ വിഷുദിനത്തിൽ ആർഎസ്എസുകാർ മനഃസാക്ഷിക്കുത്തില്ലാതെ കൊലപ്പെടുത്തിയ വാർത്ത കേരളം അതീവ ഞെട്ടലോടെയാണ്‌ കേട്ടത്‌. ഫാസിസ്‌റ്റ്‌ കൊലവിളി സംഘത്തിന്റെ മാപ്പർഹിക്കാത്ത തീക്കളിയിൽ അമ്പിളികുമാറിന്റെയും പരേതയായ ബീനയുടെയും പതിനഞ്ചുകാരനായ മകൻ അഭിമന്യുവിനാണ്‌ ജീവൻ നഷ്ടമായത്‌. പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവദിനത്തിൽ സമീപത്തെ മൈതാനത്താണ് കുത്തേറ്റതെന്നതും എടുത്തുപറയേണ്ടതാണ്‌. നിഷ്‌കളങ്കനും നിരപരാധിയുമായ ആ കുഞ്ഞിന്റെ വയറിന്റെ ഇടതുഭാഗത്ത് ആഴത്തിൽ മൂർച്ചയേറിയ കത്തി കുത്തിത്താഴ്‌ത്തുകയായിരുന്നു. അമൃത ഹയർ സെക്കൻഡറി സ്‌കൂളിൽ വ്യാഴാഴ്ച എസ്എസ്എൽസി ഫിസിക്‌സ്‌ പരീക്ഷ എഴുതേണ്ടതായിരുന്നു അഭിമന്യു. ആ സങ്കടത്തിനിടയിലും സഹപാഠികൾ ഹാളിലെത്തി പരീക്ഷയെഴുതി. അഭിമന്യുവിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നത്‌ നൊമ്പരപ്പെടുത്തുന്നതും കരളലിയിപ്പിക്കുന്നതുമായ കാഴ്‌ചയായിരുന്നു.

രക്ഷിക്കാനെത്തിയ അഭിമന്യുവിന്റെ സഹപാഠിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായ കാശിനാഥിനെയും സുഹൃത്തും ഡിവൈഎഫ്ഐ പ്രവർത്തകനുമായ ആദർശ്‌ലാലിനെയും അക്രമികൾ വെറുതെവിട്ടില്ല. ഇരുവർക്കും മാരകമായ വെട്ടും കുത്തുമേറ്റു. വള്ളികുന്നം സ്വദേശിയും ആർഎസ്എസുകാരനുമായ സജയ്‌ ജിത്തിന്റെയും കൂട്ടാളികളുടെയും നേതൃത്വത്തിലായിരുന്നു കൊലപാതകം. മുഖ്യസൂത്രധാരൻ കീഴടങ്ങുകയുംചെയ്‌തു. എന്നിട്ടും ആർഎസ്‌എസിന്‌ പങ്കില്ലെന്ന്‌ വരുത്തിത്തീർക്കാനാണ്‌ മാധ്യമങ്ങൾ ശ്രമിക്കുന്നത്‌. ചാനലുകളിൽ അന്തിച്ചർച്ചയും ഉണ്ടായില്ല. ‘സ്വതന്ത്ര നിരീക്ഷക’രും ഉറക്കത്തിലായിരുന്നു. 2018 ജൂലൈ രണ്ടിന്‌ അർധരാത്രി എറണാകുളം മഹാരാജാസ്‌ കോളേജ്‌ ക്യാമ്പസിൽ പിടഞ്ഞുവീണതും മറ്റൊരു അഭിമന്യുവായിരുന്നു. ഭൂരിപക്ഷ ഭീകരതയാണ്‌ വള്ളികുന്നത്ത്‌ കൊലക്കത്തിയെടുത്തതെങ്കിൽ മഹാരാജാസിൽ ന്യൂനപക്ഷ തീവ്രവാദമായിരുന്നു ഒരു ദരിദ്ര വിദ്യാർഥിക്ക്‌ മരണം വിധിച്ചത്‌.

വള്ളികുന്നത്ത്‌ അഭിമന്യുവിനെ വധിച്ചത്‌ തികച്ചും ആസൂത്രിതമാണെന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌. സഹോദരനും പ്രദേശത്തെ പ്രധാന ഡിവൈഎഫ്‌ഐ പ്രവർത്തകനുമായ അനന്തുവുമായി അക്രമിസംഘത്തിനുണ്ടായ വിരോധവും പകയുമാണ് കൊലപാതകത്തിന്റെ ഹേതു. സംഭവത്തിന്‌ മണിക്കൂറുകൾക്കുമുമ്പ് ‘പടയണിവെട്ടം ക്ഷേത്രപരിസരത്ത് എന്തെങ്കിലും അക്രമമുണ്ടായോയെന്ന്’ ചിലർ വിളിച്ച്‌ തിരക്കിയതായി പൊലീസ് വെളിപ്പെടുത്തിയത്‌ പ്രധാന തെളിവുകളിലൊന്നാണ്‌. ബുധനാഴ്‌ച വൈകിട്ട് ഒരുസംഘം ക്ഷേത്രത്തിനടുത്ത്‌ കടകൾക്ക് പിന്നിൽ മാരകായുധങ്ങൾ ഒളിപ്പിച്ചതിനും സാക്ഷികളുണ്ട്‌.

കാസർകോട്ട്‌ അമ്പലത്തറയിൽ 2015 ജൂലൈ ഒമ്പതിന് സ്‌കൂളിൽ പോകവേ ശാരീരികവൈകല്യമുള്ള ഒമ്പതുകാരൻ മുഹമ്മദ്‌ ഫഹദിനെ ആർഎസ്‌എസ്‌ മുഖ്യശിക്ഷക്‌ കല്യോട്ട് കണ്ണോത്ത് വിജയകുമാർ കുത്തിമലർത്തിയത്‌ മറക്കാനാകില്ല. ആ കൊടുംപാതകത്തിന്‌ പ്രേരണയും പ്രോത്സാഹനവുമായത്‌ ഹിന്ദു ഐക്യവേദി നേതാവ്‌ ശശികലയുടെ വർഗീയവിഷം വമിക്കുന്ന പ്രഭാഷണങ്ങളാണ്‌. അവ ദിനചര്യയെന്നോണം മൊബൈൽ ഫോണിൽ കേൾക്കുന്നതും സുഹൃത്തുക്കളെയും മറ്റും വിളിച്ചിരുത്തി ആവേശപൂർവം കേൾപ്പിക്കുന്നതും അയാൾക്ക്‌ ഹരമായിരുന്നു. മാസ്‌ഡ്രില്ലിനും ആയുധപരിശീലനത്തിനും കൊലപാതകത്തിന്‌ സജ്ജമാക്കലിനുമൊപ്പം പ്രസംഗങ്ങളും ഫാസിസ്‌റ്റ്‌ മനസ്സ്‌ രൂപപ്പെടുത്തുന്ന ഘടകങ്ങളാണ്‌. ഒരു ജിഹാദിയെ താൻ ചെറുപ്രായത്തിലേ അവസാനിപ്പിച്ചൂവെന്ന്‌ തുറന്നടിച്ച വിജയകുമാറിന്‌ പിന്നീട്‌ കാസർകോട് അഡീഷണൽ സെഷൻ കോടതി ജീവപര്യന്തം ശിക്ഷയുംവിധിച്ചു. ‌ ഫഹദിനെ അയാൾ അരുംകൊല ചെയ്‌തത് ഇതര മതത്തിൽ ജനിച്ചുവെന്ന കുറ്റം ചൂണ്ടിയാണ്‌. 2017 ഏപ്രിൽ അഞ്ചിന്‌ ചേർത്തല പട്ടണക്കാട്ടെ അനന്തു അശോകിനെ ആർഎസ്‌എസുകാർ വെട്ടിക്കൊലപ്പെടുത്തി. പ്ലസ്‌ടു വിദ്യാർഥിയായ അനന്തു ശാഖയിൽ പോകുന്നത്‌ നിർത്തിയതാണ്‌ കാരണം.

ആലപ്പുഴയിൽ ജ്യേഷ്ഠൻ അനന്തുവിനെ തേടിയെത്തിയവർ അവനെ കിട്ടാതെ വന്നപ്പോൾ പകയും വിദ്വേഷവും കുട്ടിത്തം വിട്ടുമാറാത്ത അഭിമന്യുവിൽ തീർത്തു. നെഞ്ചിനു താഴെ ആഴത്തിലുള്ള മുറിവായിരുന്നു. കുത്തിയിറക്കിയ കഠാര ആവർത്തിച്ച്‌ കറക്കിയതിന്റെ ഫലമാണത്‌. ഒറ്റക്കുത്തിന് മരണം ഉറപ്പാക്കണമെങ്കിൽ പ്രത്യേക പരിശീലനം വേണം. ഇത്തരമൊരു കൊലപാതകരീതിയിലെ കൃത്യത ശാഖകളിൽനിന്ന്‌ ലഭിക്കുന്ന അധ്യയനത്തിന്റെ ഭാഗമാണ്‌. വൈദ്യസഹായം ലഭ്യമാകുംമുമ്പ്‌ മരണം സുനിശ്‌ചിതമാക്കുകയാണ്‌ ലക്ഷ്യം. ഇളംപ്രായത്തിലേ പിടികൂടുകയെന്നത്‌ ഫാസിസ്‌റ്റ്‌ പ്രസ്ഥാനങ്ങളുടെ പ്രധാന തന്ത്രങ്ങളിലൊന്നാണ്‌. അതുപോലെ മറ്റു രാഷ്ട്രീയാദർശങ്ങളും മതവിശ്വാസങ്ങളും പുലർത്തുന്നവരെ ചെറുപ്പത്തിലേ അവസാനിപ്പിക്കുകയെന്നതും അതിന്റെ അഭേദ്യഭാഗം. വർഗീയകലാപങ്ങൾ നടത്തിയത് സംഘം നിർദേശിച്ചതിനാലാണെന്നും ഏഴ് വയസ്സുമുതൽ മുഴുവൻ സമയ സംഘപ്രവർത്തകനാണെന്നും ഒരു ആർഎസ്എസ് മണ്ഡൽ ശാരീരിക ശിക്ഷണ പ്രമുഖ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്‌ ഞെട്ടിപ്പിക്കുന്നതാണ്‌.

വള്ളികുന്നത്ത്‌ എസ്‌എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിന്റെ നിഷ്‌ഠുര കൊലപാതകത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരിക്കുകയാണ്‌. കാവിപ്പടയുടെ കൊലക്കത്തി സ്‌കൂൾവിദ്യാർഥികൾക്കുനേരെയും മൂർച്ചകൂട്ടുന്നത്‌ വലിയ സാമൂഹ്യഭീഷണിയാണെന്ന്‌ പറയേണ്ടതുണ്ട്‌. തിരുവോണം, വിഷു പോലുള്ള വിശേഷ ദിവസങ്ങളിലും ആയുധം താഴെവയ്‌ക്കാത്ത വർഗീയ‐ ഭീകരവാദ രാഷ്ട്രീയത്തെ തുറന്നുകാട്ടാൻ സമാധാനകാംക്ഷികളായ ജനങ്ങളാകെ ഒറ്റക്കെട്ടായി മുന്നോട്ടുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top