29 March Friday

യാഥാര്‍ഥ്യമാകട്ടെ പുതുകേരളം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2016

ആഘോഷങ്ങള്‍ക്ക് ജീവന്‍ വരുന്നത് അവ സക്രിയമാകുമ്പോഴാണ്; അവയ്ക്ക്് ലക്ഷ്യമുണ്ടാകുമ്പോഴാണ്. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരുവര്‍ഷം നീളുന്ന വജ്രകേരളം’ആഘോഷപരിപാടി ആ അര്‍ഥത്തിലാണ് വ്യത്യസ്തമാകുന്നത്. നിയമസഭാങ്കണത്തില്‍ 60 ചെരാതുകളില്‍ പ്രമുഖര്‍ ദീപം പകര്‍ന്ന് ആരംഭിച്ച വജ്രകേരളം ആഘോഷം നവകേരള നിര്‍മിതിക്കുള്ള ക്രിയാത്മക ഇടപെടലാണ് എന്ന് നിസ്സംശയം ഉറപ്പിക്കുന്നതാണ്  ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവച്ച ആശയങ്ങളും കര്‍മപദ്ധതികളും. ഐക്യകേരളത്തിലൂടെ സാക്ഷാല്‍കൃതമായ സ്വപ്നങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ട് നവകേരളം കെട്ടിപ്പടുക്കാനുള്ള ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ തെളിഞ്ഞുകേട്ടത്.  

ഉജ്വലപോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഭാവനാപൂര്‍ണമായ ഇടപെടലുകളുടെയും ചരിത്രവഴി പിന്നിട്ടാണ് ഇന്ന് കേരളം തല ഉയര്‍ത്തിനില്‍ക്കുന്നത്. കാര്‍ഷികബന്ധനിയമം, ഭൂപരിഷ്കരണം, വിദ്യാഭ്യാസനിയമം എന്നിവയിലൂടെ പുതിയ മുഖച്ഛായ ആര്‍ജിക്കുകയും വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ ഇതര സംസ്ഥാനങ്ങളെ പിന്നിലാക്കുകയും അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, സമ്പൂര്‍ണ സാക്ഷരത, ക്ഷേമപദ്ധതികള്‍ തുടങ്ങിയ സവിശേഷനേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തതാണ് കേരളത്തിന്റെ അറുപതാണ്ടത്തെ ചരിത്രം. എത്തിയിടത്ത് നിലയുറപ്പിച്ച് സംതൃപ്തിയടയുകയല്ല, ഈ വഴിയില്‍ കൂടുതല്‍ മുമ്പോട്ടുപോവുകയാണ് ഇന്ന് ഏറ്റെടുക്കാനുള്ള കടമ എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഐക്യകേരളപ്പിറവിയുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള ഇടപെടല്‍ രണ്ടുതരത്തിലാണുണ്ടാകേണ്ടത്. നിലനില്‍ക്കുന്ന പരിമിതികളുടെ അതിരുകള്‍ക്കുള്ളില്‍നിന്നുകൊണ്ട് സാധ്യമായ ബദല്‍കെട്ടിപ്പടുക്കുക, കൃത്യമായ രാഷ്ട്രീയബോധത്തോടെ സാമൂഹികപ്രശ്നങ്ങളെ സമീപിക്കുക. ഈ രണ്ടിലും വ്യതിയാനങ്ങളുണ്ടാകാതെ സൂക്ഷിക്കേണ്ടതും പ്രധാനമാണ്. കേന്ദ്രം ദുര്‍ബലപ്പെടുത്തുന്ന ഫെഡറല്‍സംവിധാനത്തെ ശക്തിപ്പെടുത്തിക്കൊണ്ടും മതാധിഷ്ഠിത രാജ്യം സ്ഥാപിക്കാനുള്ള വര്‍ഗീയശക്തികളുടെ ശ്രമങ്ങളെ ചെറുത്തുകൊണ്ടും കോളനിവല്‍ക്കരണത്തിനുള്ള പുത്തന്‍ കുതന്ത്രങ്ങളുമായി വരുന്ന സാമ്രാജ്യത്വ അധിനിവേശങ്ങളെ എതിര്‍ത്തുകൊണ്ടും മാത്രമേ മുമ്പോട്ടുപോകാനാകൂ. അതോടൊപ്പം സമൂഹത്തില്‍ പരസ്പരവിശ്വാസം ശക്തിപ്പെടുത്തുക, അതിന്റെ അടിത്തറയില്‍ സമാധാനം സാധ്യമാക്കുക, ആ സമാധാനാന്തരീക്ഷത്തില്‍ വികസനവഴി വെട്ടിത്തെളിക്കുക എന്ന ബഹുമുഖമായ കര്‍ത്തവ്യമാണ് ഏറ്റെടുക്കാനുള്ളത്. ജൈവപച്ചക്കറികൃഷി, ശുചിത്വം, സമ്പൂര്‍ണ ഭവനനിര്‍മാണം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ജനസൌഹൃദ ആശുപത്രികള്‍ എന്നിവയടക്കമുള്ള മിഷനുകള്‍ ഏറ്റെടുത്തതും അടിസ്ഥാനസൌകര്യങ്ങളൊരുക്കി വികസനം സാധ്യമാക്കാന്‍ കിഫ്ബിപോലുള്ളവ സാധ്യതകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതും ഇതിന്റെ ഭാഗംതന്നെയാണ്.

കേരളത്തെ ആക്രമിക്കുന്ന ഒരു ബാധ പുനരുത്ഥാനശക്തികളുടേതാണ്. മാനവിക ഐക്യത്തെ ഛിദ്രമാക്കുന്ന വര്‍ഗീയതയെ  കരുതലോടെ ചെറുത്ത്, മതനിരപേക്ഷതയുടെ മൂല്യങ്ങളെ പരിരക്ഷിച്ച് ശക്തിപ്പെടുത്തേണ്ടതുണ്ട്. സ്വാതന്ത്യ്രം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്‍പ്പം എന്നീ മൂല്യങ്ങള്‍ നിരാകരിക്കാനുള്ള നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് ജാഗ്രതയോടെ പ്രതിരോധ ദുര്‍ഗങ്ങള്‍ തീര്‍ക്കേണ്ടതുണ്ട്.  അന്ധവിശ്വാസങ്ങളെയും ജീര്‍ണമായ അനാചാരങ്ങളെയും തിരിച്ചുകൊണ്ടുവരാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്കും ജാതിവിവേചനത്തിനുമെതിരെ പുതിയ പോര്‍മുഖങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. ആഗോളവല്‍ക്കരണം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങളുടെ അനുഭവങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളേണ്ടതുണ്ട്.  നവകേരള സൃഷ്ടി എന്നത് ലളിതമായ പ്രക്രിയ അല്ല എന്ന ശരിയായ ബോധത്തോടെയാണ് 60 വര്‍ഷംമുമ്പ് പുരോഗമന പ്രസ്ഥാനത്തിന്റെ ബഹുമുഖമായ ഇടപെടലുകളുണ്ടായത്. ഐക്യകേരള രൂപീകരണത്തിനുമുമ്പ്, 1956 ജൂണില്‍ കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന സമ്മേളനം പാസാക്കിയ 'പുതിയ കേരളം പടുത്തുയര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിര്‍ദേശങ്ങള്‍' എന്ന പ്രമേയം തുടങ്ങുന്നതുതന്നെ, "മിക്കവാറും ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപമെടുക്കാന്‍ പോകുന്ന പുതിയ കേരള സംസ്ഥാനത്തിന്റെ ആവിര്‍ഭാവത്തെ കൃതാര്‍ഥതയോടും പ്രതീക്ഷയോടുംകൂടിയാണ് കമ്യൂണിസ്റ്റ് പാര്‍ടി സ്വാഗതം ചെയ്യുന്നത്'' എന്നാണ്. ഐക്യകേരളവും കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലുള്ള ബന്ധത്തിന്റെ നഖചിത്രം ഈ വരികളിലുണ്ട്. ഐക്യകേരളത്തിലെ ആദ്യ ഗവണ്‍മെന്റിനെ നയിക്കാനുള്ള ചുമതല ജനങ്ങള്‍ ഏല്‍പ്പിച്ചത് കമ്യൂണിസ്റ്റ്പാര്‍ടിയെയാണ്. അതേ പ്രസ്ഥാനത്തില്‍ത്തന്നെയാണ് 60 തികഞ്ഞ കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കേരളജനത അര്‍പ്പിക്കുന്നത്. ആ പ്രതീക്ഷയും വിശ്വാസവും അസ്ഥാനത്തല്ല എന്നാണ്, പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇന്നുവരെയുള്ള പ്രവര്‍ത്തനം തെളിയിച്ചത്. അതുതന്നെയാണ് വജ്രജൂബിലി ആഘോഷത്തുടക്കത്തിലെ പ്രഖ്യാപനങ്ങളിലും തെളിയുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top