19 April Friday

വാക്‌സിൻ ലഭ്യത വർധിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021


കോവിഡ്‌ വാക്‌സിന്റെ കച്ചവടതാൽപ്പര്യത്തിൽനിന്ന്‌ പിന്തിരിയാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത്‌ സുപ്രീംകോടതിയും സംസ്ഥാനങ്ങളും സ്വീകരിച്ച കർശനനിലപാട്‌ കാരണമാണ്‌. എന്നാൽ, രാജ്യത്തെ അതിവിപുലമായ ജനസഞ്ചയത്തിന്‌ മുഴുവൻ പ്രതിരോധ കുത്തിവയ്‌പ്‌ പൂർത്തിയാക്കിയാലേ മഹാരോഗത്തെ പടിക്കു പുറത്താക്കി എന്ന്‌ ആശ്വസിക്കാനാകൂ. ഇതിന്‌ സമയബന്ധിതമായ ഒരു പദ്ധതിയോ ആസൂത്രണമോ കേന്ദ്ര സർക്കാരിനില്ല. കോവിഡ്‌ പ്രതിരോധ കുത്തിവയ്‌പ്‌ ആരംഭിച്ചിട്ട്‌ അഞ്ച്‌ മാസം തികഞ്ഞെങ്കിലും ഇതുവരെ രണ്ട് ഡോസ് ലഭിച്ചത് ചെറുശതമാനത്തിനുമാത്രം. കയറ്റുമതി നിർത്തുകയും പൊതുകമ്പോളത്തിൽ വിൽക്കാവുന്നത്‌ ഇരുപത്തഞ്ച്‌ ശതമാനമാക്കി കുറയ്‌ക്കുകയും ചെയ്‌തിട്ടും എന്തുകൊണ്ട്‌ വാക്‌സിൻ ക്ഷാമം ഉണ്ടാകുന്നു എന്ന്‌ ഗൗരവപൂർവം പരിശോധിക്കണം. തുടക്കംമുതൽ കേന്ദ്രം തുടരുന്ന അലംഭാവത്തിന്റെ ഇരകളായി മാറുകയാണ്‌ ഇന്ത്യൻ ജനത. ജനങ്ങളുടെ ജീവനോ കമ്പനികളുടെ ലാഭമോ ഏതിനാണ്‌ മോഡി സർക്കാരിന്റെ മുൻഗണന.

പുതുക്കിയ വാക്‌സിൻ നയമനുസരിച്ച്‌ 18 വയസ്സിന്‌ മുകളിലുള്ളവർക്കെല്ലാം സൗജന്യമായി വാക്‌സിൻ നൽകണം. പരീക്ഷണങ്ങൾ പൂർത്തിയാക്കി കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നതോടെ അതും ലഭ്യമാക്കണം. വാക്‌സിൻ ഉൽപ്പാദകരിൽനിന്ന്‌ വാങ്ങി സംസ്ഥാനങ്ങൾക്ക്‌ നൽകാനുള്ള ചുമതല കേന്ദ്ര സർക്കാരിന്റേതാണ്‌. സ്വകാര്യ സ്ഥാപനങ്ങളായ പുണെ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിനും ഭാരത്‌ ബയോടെക്കിനും വാക്‌സിൻ ഉൽപ്പാദനവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സർക്കാർ വൻതുക കൈമാറിയിട്ടുണ്ട്‌. സ്വാഭാവികമായും നിയന്ത്രിത വിലയിൽ മുഴുവൻ വാക്‌സിനും ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിന്‌ തടസ്സമൊന്നുമില്ല. എന്നാൽ, തുടക്കത്തിൽ വൻതോതിൽ കയറ്റുമതിക്കാണ്‌ അവസരമൊരുക്കിയത്‌. പിന്നീട്‌ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും പൊതുകമ്പോളത്തിനും വെവ്വേറെ വില നിശ്‌ചയിച്ച്‌ ഇടനിലക്കാരന്റെ റോളിലേക്ക്‌ കേന്ദ്രം മാറി. വിദേശത്തുനിന്ന്‌ വാക്‌സിൻ വരുത്താനുള്ള സംസ്ഥാനങ്ങളുടെ പരിശ്രമങ്ങൾപോലും കേന്ദ്രത്തിന്റെ വിമുഖത കാരണം ഫലവത്തായില്ല.

ഇന്ത്യ കാലങ്ങളായി തുടർന്നുവന്ന ദേശീയ വാക്‌സിൻ നയത്തിൽനിന്നുള്ള ചുവടുമാറ്റത്തിനെതിരെ വിവിധ സംസ്ഥാനങ്ങൾ ശക്തമായി രംഗത്തുവന്നത്‌ വഴിത്തിരിവായി. ഇന്ത്യക്ക്‌ അകത്തും പുറത്തുംനിന്ന്‌ വാക്‌സിൻ സമാഹരിക്കാനുള്ള യത്‌നത്തിൽ കേന്ദ്രം മുന്നിൽനിൽക്കണമെന്ന്‌ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പത്ത്‌ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക്‌ കത്തെഴുതിയതോടെ കേന്ദ്രത്തിലെ ബിജെപി സർക്കാർ തുറന്നുകാട്ടപ്പെട്ടു. ഇതിനുപുറമെ വിവിധ ഹൈക്കോടതികളും സുപ്രീംകോടതിയും കടുത്തവിമർശവും അന്ത്യശാസനവും കേന്ദ്രത്തിനുമേൽ ചൊരിഞ്ഞു. ഇതിന്റെയെല്ലാം പരിണതിയാണ്‌ കേന്ദ്രത്തിന്റെ വാക്‌സിൻ നയമാറ്റം. കമ്പനികൾ ഉൽപ്പാദിപ്പിക്കുന്നതിന്റെ എഴുപത്തഞ്ച്‌ ശതമാനവും കേന്ദ്രം നേരിട്ടുവാങ്ങി സംസ്ഥാനങ്ങൾക്ക്‌ നൽകും. ജൂൺ 21 മുതൽ പുതിയ നയം നിലവിൽ വരുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി രാഷ്‌ട്രത്തോടായി നടത്തിയപ്പോൾ വലിയ പ്രതീക്ഷയിലായി ജനങ്ങൾ. എന്നാൽ, കാര്യങ്ങൾ മറ്റൊരു വഴിക്കാണ്‌ നീങ്ങുന്നതെന്ന സംശയമാണ്‌ ബലപ്പെടുന്നത്‌. സാർവത്രിക വാക്‌സിനേഷൻ എന്ന നയം മുറുകെ പിടിക്കുന്നുണ്ടെങ്കിൽ വാക്‌സിനും അസംസ്‌കൃത സാധനങ്ങൾക്കും നികുതി തുടരാനുള്ള തീരുമാനത്തിൽ എന്തു ന്യായമാണുള്ളത്‌.

വാക്‌സിൻ ഗവേഷണത്തിലും നിർമാണത്തിലും പേരുകേട്ട പല സ്ഥാപനങ്ങളും പൂട്ടിയതും തകർച്ച നേരിട്ടതും മോഡി സർക്കാരിന്റെ കാലത്താണ്‌. ഇവയെ പുനരുദ്ധരിക്കാനുള്ള ഒരു ശ്രമവും നടക്കുന്നില്ല. കൂടുതൽ സ്ഥാപനങ്ങളെ വാക്‌സിൻ നിർമാണത്തിന്‌ പ്രാപ്‌തമാക്കാതെ എങ്ങനെ ഇത്രയും ബൃഹത്തായ ലക്ഷ്യം എത്തിപ്പിടിക്കാനാകും. വിദേശത്തുനിന്ന്‌ വാക്‌സിൻ വാങ്ങാനുള്ള ഒരുനടപടിയും സർക്കാർ സ്വീകരിക്കാത്തതും ദുരൂഹമാണ്‌. രണ്ടാം തരംഗം ഏൽപ്പിച്ച ആഘാതം പാഠമാക്കി, ഇനിയൊരു തരംഗം ഒഴിവാക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഭരണാധികാരികൾ നിസ്സംഗത വെടിയണം; ലാഭക്കണ്ണ്‌ ഉപേക്ഷിക്കണം. എത്രയും വേഗം പരമാവധി പേർക്ക്‌ കുത്തിവയ്‌പ്‌ നൽകണം. ഇന്നത്തെ നില തുടർന്നാൽ ഒക്‌ടോബറിൽ പ്രവചിക്കപ്പെട്ട മൂന്നാം തരംഗം ആപൽക്കരമായ രീതിയിൽ വീശിയടിക്കുമെന്ന മുന്നറിയിപ്പാണ്‌ വിദഗ്‌ധർ നൽകുന്നത്‌.

രാജ്യത്ത്‌ 3.5 ശതമാനം പേർക്കേ ഇതുവരെ രണ്ട്‌ ഡോസും ലഭ്യമായിട്ടുള്ളൂ. 15 ശതമാനം പേർക്ക്‌ ഒരു ഡോസ് ലഭിച്ചു. സമ്പൂർണ വാക്‌സിനേഷൻ എന്ന ലക്ഷ്യം എത്ര അകലെയാണെന്ന്‌ ഈ കണക്കുകൾ വിളിച്ചു പറയുന്നുണ്ട്‌. കമ്പനികളിൽനിന്ന്‌ നേരിട്ട്‌ വാക്‌സിൻ വാങ്ങാൻ ആദ്യംതന്നെ തയ്യാറായ കേരളത്തിന്‌ കുറച്ചുകൂടി മെച്ചപ്പെട്ട നില കൈവരിക്കാനായി. 26.2 ശതമാനത്തിന്‌ ഒന്നാം ഡോസും 6.61 ശതമാനത്തിന്‌ രണ്ടു ഡോസും നൽകാനായി. വാക്‌സിൻ ഒട്ടും പാഴാകാതെ ഉപയോഗിക്കുന്നതും കേരളത്തിന്റെമാത്രം പ്രത്യേകതയാണ്‌. 84 ദിവസമാക്കിയ കോവിഷീൽഡിന്റെ രണ്ടാം ഡോസ്‌ സ്വീകരിക്കേണ്ടവരുടെ ഊഴം ഈ മാസം അവസാനത്തോടെ തുടങ്ങുകയാണ്‌. ആവശ്യത്തിന്‌ സ്‌റ്റോക്ക്‌ എത്തിയില്ലെങ്കിൽ വലിയ പരിഭ്രാന്തിയാണ്‌ സൃഷ്‌ടിക്കപ്പെടുക. കോവാക്‌സിൻ രണ്ടാം ഡോസ്‌ കിട്ടാത്തവർ ഇപ്പോൾത്തന്നെ നിരവധിയാണ്‌. അടച്ചിടലിന്റെ ദുരിതങ്ങൾ ഏറെ ബാധിക്കുന്ന സാധാരണക്കാരുടെ ആഗ്രഹം എത്രയുംപെട്ടെന്ന്‌ സാധാരണ ജീവിതം കൈവരിക്കുകയാണ്‌. അനുദിനം വകഭേദം സംഭവിക്കുന്ന രോഗാണുവിനെ തടത്തുനിർത്താൻ പ്രതിരോധമരുന്ന്‌ എല്ലാവരിലും എത്തിക്കുക മാത്രമാണ്‌ പോംവഴി. ഇനിയുള്ള നാളുകളിൽ അതാകണം കേന്ദ്ര സർക്കാരിന്റെ പ്രഥമ പരിഗണന.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top