29 November Monday

കരുത്തില്‍ കുരുത്ത സൌമ്യസാന്നിധ്യം

വെബ് ഡെസ്‌ക്‌Updated: Thursday Sep 1, 2016

സിപിഐ എമ്മിന്റെ സമുന്നത നേതാക്കളിലൊരാളും ദേശാഭിമാനി മുന്‍ മുഖ്യപത്രാധിപരും അറിയപ്പെടുന്ന വാഗ്മിയുമായ വി വി ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണം അതീവ ദുഃഖത്തോടെയാണ് കേരളം കേട്ടത്. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെല്ലാം എക്കാലവും മാതൃകയാക്കാവുന്ന ഉജ്വല വിപ്ളവകാരിയായിരുന്നു അദ്ദേഹം. പരിചയപ്പെട്ടവരിലെല്ലാംസവിശേഷമായ മുദ്രകള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹത്തിന്റെ വിട വാങ്ങല്‍. കരുത്തില്‍ കുരുത്ത ആ സൌമ്യസാന്നിധ്യം പോരാട്ടവീറ് കൊണ്ട് തലമുറകളെ ആഴത്തില്‍ ആവേശം കൊള്ളിച്ചു. നന്നേ ചെറുപ്പത്തില്‍ പ്രതികൂല സാഹചര്യങ്ങളോടേറ്റുമുട്ടി കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ദക്ഷിണാമൂര്‍ത്തി അധ്യാപകനായാണ് പൊതുജീവിതം ആരംഭിച്ചത്. പിളര്‍പ്പിനെതുടര്‍ന്ന് സിപിഐ എമ്മില്‍ സജീവമായ അദ്ദേഹം വൈകാതെ അധ്യാപക ജോലിയില്‍നിന്ന് സ്വയംവിരമിച്ച് മുഴുസമയ പ്രവര്‍ത്തകനായി. പാര്‍ടി ക്ളാസുകള്‍ എടുക്കുന്നതിലും ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷയിലും മാഷിന്റെ പാടവം ശ്രദ്ധേയമായിരുന്നു. ലളിത ജീവിതവും സൌമ്യ പെരുമാറ്റവും കൊണ്ട് സര്‍വരുടെയും ആദരം പിടിച്ചുപറ്റി.

എളിയ ജീവിതവും സത്യസന്ധതയും കൈമുതലായുള്ള ചിലര്‍ നിലപാടുകളിലും സൌമ്യരാകാറുണ്ട്. ഈയൊരു ബലഹീനതക്ക് മൂര്‍ത്തിമാഷ് ഒരിക്കലും കീഴടങ്ങിയില്ല. പാര്‍ടിനയവും ആശയങ്ങളും മുറുകെപ്പിടിക്കുന്നതില്‍ ബദ്ധശ്രദ്ധനായി. തെറ്റ് പിണഞ്ഞാല്‍ ഉടന്‍ തിരുത്തി മുന്നേറാനുള്ള അസാമാന്യ പാടവം കാട്ടി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഉന്നത നേതൃത്വവുമായുണ്ടായ ബന്ധമാണ് അത്തരമൊരു നിലപാടുറപ്പിച്ചതും. ആദ്യകാല ദേശീയനേതാക്കളുടെ പ്രസംഗങ്ങള്‍ കേരളം കേട്ടത് മാഷുടെ മലയാളത്തിലൂടെ. ദില്ലിയില്‍നിന്നെത്തിയ പാര്‍ടി പ്രതിനിധി സംഘത്തിനൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ സഞ്ചരിച്ച് ദ്വിഭാഷിയായാണ് അതിന്റെ തുടക്കം.

പാര്‍ടി കോണ്‍ഗ്രസുകളിലെയും സമ്മേളനങ്ങളിലെയും ചര്‍ച്ചകളില്‍ കേരളത്തില്‍നിന്നുള്ള പ്രതിനിധികളില്‍ കനത്ത സംഭാവന നല്‍കിയവരില്‍ പ്രധാനിയായിരുന്നു മാഷ്. മികച്ച ഗൃഹപാഠം നടത്തിയുള്ള അവതരണങ്ങള്‍ക്ക് സമ്മേളനഹാള്‍  ശ്രദ്ധാപൂര്‍വം ചെവിയോര്‍ത്തു. സിപിഐ എം കേന്ദ്ര പാര്‍ടി സ്കൂളിന്റെ ഭാഗമായ അദ്ദേഹം ഗഹനവിഷയങ്ങള്‍പോലും ലളിതമായി പ്രതിപാദിച്ചു. ഇന്ത്യന്‍ വിപ്ളവത്തിന്റെ പാത, ഇടതുപക്ഷ സാഹസികത, പാര്‍ടി ചരിത്രം തുടങ്ങിയ വിഷയങ്ങള്‍ മാസ്റ്റര്‍പീസുകളായിരുന്നു. പത്രപ്രവര്‍ത്തനരംഗത്തെ പതിറ്റാണ്ടുകള്‍ നീണ്ട അനുഭവജ്ഞാനം അതിനു ആധികാരികത നല്‍കി. കോഴിക്കോട് ദേശാഭിമാനിയുടെ മാനേജര്‍ എന്ന നിലയില്‍ നടത്തിപ്പിന്റെ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചതെങ്കിലും മുഖപ്രസംഗങ്ങളും ആവശ്യമുണ്ടെന്ന് തോന്നിയാല്‍  കുറിപ്പുകളും എഴുതി. ദേശാഭിമാനി വാരികയിലെഴുതിയ ലേഖനങ്ങള്‍ വേറെ. 1957 മുതലുള്ള ദേശാഭിമാനി താളുകളില്‍ അദ്ദേഹത്തിന്റെ കുറിപ്പുകള്‍ കാണാം.

2005 ജൂലൈ അഞ്ചിന് ദേശാഭിമാനിയുടെ മുഖ്യപത്രാധിപരായി ചുമതലയേറ്റമുതല്‍ സക്രിയ പത്രപ്രവര്‍ത്തകനായും തിളങ്ങി. പ്രധാന രാഷ്ട്രീയ സമസ്യകള്‍ മുന്‍നിര്‍ത്തിയുള്ള ലേഖനങ്ങളും നിശ്ചയിച്ച ദിവസങ്ങളില്‍ മുഖപ്രസംഗവും എഴുതി. ഭാരിച്ച ചുമതലകള്‍ക്കിടയിലും ദേശാഭിമാനിയില്‍ ഏറെക്കുറെ പൂര്‍ണ സാന്നിധ്യം ഉറപ്പാക്കിയായിരുന്നു ആ പ്രവര്‍ത്തനം. മാഷ് മുഖ്യപത്രാധിപരായി ചുമതലയേല്‍ക്കുമ്പോള്‍ പാര്‍ടിയെ സംബന്ധിച്ച് പ്രത്യേക ഘട്ടമായിരുന്നു.

ചില പ്രശ്നങ്ങള്‍ ഊതിവീര്‍പ്പിച്ച് മാധ്യമ സിന്‍ഡിക്കറ്റും ബൂര്‍ഷ്വാ ബുദ്ധിജീവികളും വലതുപക്ഷ രാഷ്ട്രീയം ഒന്നാകെയും കടന്നാക്രമിച്ച കാലം. ആ സംയുക്തത്തിന്റെ കമ്യൂണിസ്റ്റ് വിരുദ്ധത തുറന്നുകാട്ടുന്നതില്‍ അദ്ദേഹം പോരാളിയെപ്പോലെ നേതൃത്വം നല്‍കി. പൊതുസമൂഹത്തിന്റെ സംശയങ്ങളും പാര്‍ടി അനുഭാവികളുടെ അവ്യക്തതകളും നീക്കുന്നതില്‍ അതു വലിയ പങ്കുവഹിച്ചു. പാര്‍ടിയെ പിടിച്ചുലക്കാന്‍ പോന്ന ഭൂകമ്പങ്ങള്‍ എന്ന് പ്രചരിപ്പിക്കപ്പെട്ട പ്രവണതകള്‍ നുള്ളിക്കളയുന്നതില്‍ മാഷ് നിര്‍വഹിച്ച പ്രത്യയശാസ്ത്ര പ്രവര്‍ത്തനം മറക്കാനാവാത്തതാണ്. ഇടതുപക്ഷ തീവ്രവാദത്തിന്റെ മുഖംമൂടിയണിഞ്ഞ് ഉറഞ്ഞുതുള്ളിയ വാചാടോപങ്ങള്‍ നിര്‍വീര്യമാക്കുന്നതിലും അത് മുതല്‍ക്കൂട്ടായി.

ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് ആയുധമാക്കി തുറന്നുവിട്ട സിപിഐ എം വിരുദ്ധതയുടെ മുനയൊടിക്കുന്നതിലും മുന്നില്‍നിന്നു. അക്കാലത്ത് സാധാരണ പത്രപ്രവര്‍ത്തകരെപ്പോലെ ചില വസ്തുതാന്വേഷണ ലേഖനങ്ങള്‍പോലും എഴുതി. അവ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇപ്പോഴും തൃപ്തികരമായ മറുപടി ലഭിച്ചിട്ടുമില്ല. മലപ്പുറം സംസ്ഥാന സമ്മേളനത്തിന് മുമ്പും പിമ്പും പാര്‍ടിക്കെതിരെ തയ്യാറാക്കിവച്ച 'അരവും കത്തിയും' പല കൈകളും എടുത്ത് മാറിമാറിപ്രയോഗിച്ചു. ആ വാദത്തിലെ മാര്‍ക്സിസ്റ്റ് വിരുദ്ധതയും അതിവൈകാരികതയും ഗൂഢാലോചനാ സിദ്ധാന്തങ്ങളും തുറന്നുകാട്ടി. പിന്നീട് എഴുതിയ അത്തരം ലേഖനങ്ങളെല്ലാം അതിന്റെ തുടര്‍ച്ച. പ്രാദേശിക കൂട്ടായ്മകളും എന്തിനധികം സഹകരണ പ്രസ്ഥാനംപോലും പരിഷ്കരണവാദപരമാണെന്ന ശാഠ്യത്തെയും പൊളിച്ചടുക്കി.

ദക്ഷിണാമൂര്‍ത്തിയെപ്പോലെ അടിമുടി പോരാളിയായ നേതാക്കളുടെ സാന്നിധ്യം ഏറ്റവും ആവശ്യമായ ഘട്ടമാണിത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ആ വിടവ് നികത്തുകയേ വഴിയുള്ളൂ. അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കിയ അഗാധമായ നഷ്ടം ദേശാഭിമാനിക്കും കനത്ത ആഘാതമാണ്. എക്കാലവും പ്രചോദനമായ ആ ഓര്‍മയ്ക്കു മുന്നില്‍ കണ്ണീര്‍ വാര്‍ക്കുന്ന എല്ലാവരുടെയും ദുഃഖത്തില്‍ ഞങ്ങളും ചേര്‍ന്നുനില്‍ക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top