03 October Tuesday

വി മുരളീധരന്റെ രാജി അനിവാര്യം

വെബ് ഡെസ്‌ക്‌Updated: Saturday Oct 10, 2020

രണ്ടാം യുപിഎ ഭരണകാലത്ത്‌  നടന്ന എണ്ണമറ്റ കുംഭകോണങ്ങളും ഹിമാലയൻ അഴിമതികളും വൻ കോഴകളും ധൂർത്തും പ്രചാരണായുധമാക്കിയാണ്‌ സംഘപരിവാരം 2014ലെ  പൊതു തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. ജനങ്ങളെ അടിമുടി വെറുപ്പിച്ച്‌ അകറ്റിയ  കോൺഗ്രസിന്റെ പൊറുക്കാനാകാത്ത അധാർമികതകൾ നേട്ടമാക്കിയായിരുന്നു ആദ്യ മോഡി സർക്കാർ നേരിയ ഭൂരിപക്ഷത്തിന്‌ അധികാരത്തിലേറിയതും. എന്നാൽ, കണ്ണുചിമ്മി തുറക്കുമ്പോഴേക്കും  കോൺഗ്രസിന്റെ കാർബൺ പതിപ്പാണ്‌ ബിജെപിയുമെന്ന്‌ തെളിഞ്ഞു. മേൽപ്പറഞ്ഞ കറുത്ത പാടുകൾക്കൊപ്പം ഭരണഘടനാ ബാഹ്യമായ പലവിധ ശക്തികളുടെ ഇടപെടലുകളും  കഴിഞ്ഞ ആറു വർഷത്തിലധികമായി രാജ്യം കൃത്യമായി കണ്ടുകൊണ്ടിരിക്കുകയാണ്‌. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളും പൗരന്മാർക്കെല്ലാം ബാധകമായ നിയമങ്ങളും പ്രോട്ടോകോൾ നിബന്ധനകളും  സത്യപ്രതിജ്ഞാ വാക്യങ്ങളും അധികാരപദവിയിലിരിക്കുന്നവർ നിശ്‌ചയമായും പുലർത്തേണ്ട നൈതികതയും കാറ്റിൽപറത്തിയാണ്‌ പല കേന്ദ്ര മന്ത്രിമാരും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്‌.  അതിൽ ഏറ്റവും ഒടുവിലത്തേതാണ്‌ വിദേശ സഹമന്ത്രി വി മുരളീധരനെതിരെ ഉയർന്ന കനത്ത പരാതികൾ.

2019 നവംബർ ഏഴിന്‌  അബുദാബിയിൽ  ചേർന്ന ഏറെ തന്ത്രപ്രാധാന്യമുള്ള മന്ത്രിതല സമ്മേളനത്തിൽ സ്വകാര്യ പിആർ ഏജൻസി ഉടമയെ  ഔദ്യോഗിക പ്രതിനിധിയെന്ന വ്യാജേന  പങ്കെടുപ്പിച്ചത്‌ ഒരുവിധത്തിലും ന്യായീകരിക്കത്തക്കതല്ല.  അവർ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ അംഗമായിരുന്നില്ലെന്നത്‌ അതേക്കാൾ ഗൗരവതരം. വ്യക്തിപരമായ താൽപ്പര്യത്തിൽ അതീവ രഹസ്യമായി  തിരുകിക്കയറ്റിയ നടപടി വെളിപ്പെട്ടപ്പോൾ  മന്ത്രി പൊരുത്തമില്ലാത്ത ഉത്തരങ്ങളാണ്‌ നൽകിയതും. ഇക്കാര്യത്തിൽ  ബിജെപിയിൽ ഒരു വിഭാഗവും ശക്തമായ പരാതിയുമായി രംഗത്തെത്തി. അതുമാത്രമല്ല, സ്മിത മേനോനുമൊത്തുള്ള സ്വകാര്യചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിൽ സ്വന്തം പാർടിക്കാർതന്നെ ഒളിപ്പോര്‌ നടത്തുകയും ചെയ്‌തു.  മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമുള്ള അടുപ്പത്തെക്കുറിച്ച്‌  അന്വേഷണമാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്കും ജെ പി നഡ്ഡ ഉൾപ്പെടെയുള്ള കേന്ദ്രനേതൃത്വത്തിനും വിമതപക്ഷം തുടർച്ചയായി സംഘടിത പരാതിയും  നൽകി.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിവാദ സ്വർണക്കടത്ത്‌ കേസിലും മുരളീധരൻ സംശയത്തിന്റെ നിഴലിലാണ്‌. അത്‌ നയതന്ത്ര ബാഗേജല്ലെന്ന്‌ വാദിക്കാൻ പലവട്ടം വിയർപ്പൊഴുക്കി. ചില വാർത്താസമ്മേളനങ്ങളിലും അത്‌ ആവർത്തിക്കുകയുംചെയ്‌തു. അതേ ഉപദേശമാണ്‌ ‘ജനം’ ടിവി കോ–-ഓർഡിനേറ്റിങ്‌ എഡിറ്റർ  അനിൽ നമ്പ്യാർ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്‌ മൊബൈൽ ഫോണിലൂടെ നൽകിയതും.  അന്വേഷണ ഏജൻസികളിലൊന്ന്‌ അനിലിനെ ദീർഘനേരം ചോദ്യംചെയ്‌തിട്ടും  തുടർനടപടികൾ മരവിപ്പിച്ചു.  മുരളീധരൻ അടക്കമുള്ള കേന്ദ്രത്തിലെ അധികാരശക്തികളും കേരളത്തിലെ ചില ഉന്നതരും നടത്തിയ വഴിവിട്ട ഇടപെടലുകളാണ്‌ ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിതമായ പല പ്രതികളെയും സാമ്പത്തിക കുറ്റകൃത്യത്തിൽ സംശയാസ്‌പദമായവരെയും സുരക്ഷിതമാക്കിയത്‌.  ഇത്തരം സംഭവപരമ്പരകളുടെ തുടർച്ചയായാണ്‌ അബുദാബി യോഗവും അതിൽ സ്‌മിത മേനോന്റെ വിഐപി സാന്നിധ്യവും കാണേണ്ടത്‌. രാഷ്ട്രീയേതരമായ  ബന്ധംമാത്രം പരിഗണിച്ച്‌  അവരെ മഹിളാ മോർച്ച സെക്രട്ടറിയായി അവരോധിച്ചതും അതിനുമുമ്പ്‌ ഭർത്താവിനെ ഉന്നതോദ്യോഗത്തിൽ നിയമിച്ചതും  ഒട്ടേറെ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്‌. 


 

വ്യാജരേഖയുടെ പിൻബലത്തിൽ  പ്രോട്ടോകോൾ ചട്ടങ്ങൾ നഗ്നമായി വലിച്ചെറിഞ്ഞ്‌ പിആർ ഏജന്റിനെ വിദേശമന്ത്രിതല ഔദ്യോഗിക പരിപാടിയിൽ പങ്കെടുപ്പിക്കുക, മാധ്യമ സ്ഥാപനങ്ങളുമായൊന്നും ഒരുവിധ ബന്ധവുമില്ലാത്ത, അെക്രഡിറ്റേഷൻ ഇല്ലാത്തയാളെ  പത്രപ്രവർത്തകയായി അവതരിപ്പിക്കുക തുടങ്ങിയവയിൽ മന്ത്രി ഉത്തരം പറയാൻ നിർബന്ധമായും ബാധ്യസ്ഥനാണ്‌. സ്‌മിതയെ വിദേശത്ത് ഒപ്പംകൂട്ടിയത്‌  ഡിപ്ലോമാറ്റിക്  പാസ്‌പോർട്ടിൽ ആണെന്നും വാർത്ത വന്നുകഴിഞ്ഞു. അങ്ങനെയെങ്കിൽ സർക്കാർ ഉദ്യോഗസ്ഥയോ ജനപ്രതിനിധിയോ അല്ലാത്ത ഒരാൾ നയതന്ത്ര പരിരക്ഷയിൽ  അബുദാബിയിലെ ഔദ്യോഗിക പരിപാടിയിൽ കേന്ദ്ര മന്ത്രിക്കൊപ്പം    വേദി പങ്കിട്ടത്‌ നിസ്സാരമാണോ?  
സ്‌മിതയും മുരളീധരനും തമ്മിലുള്ള ബന്ധത്തെപ്പറ്റി കേന്ദ്ര ഇന്റലിജൻസ്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.

വിദേശമന്ത്രാലയത്തോട്‌ വിശദീകരണം തേടിയ പ്രധാനമന്ത്രി ഓഫീസ്‌,  വിദേശരാജ്യം ആതിഥ്യം നൽകിയ മന്ത്രിതല സമ്മേളനത്തിലെ പ്രോട്ടോകോൾ ലംഘനവും അന്വേഷിക്കുന്നു‌.  അതിനിടെ, സ്‌മിത മേനോനെ അബുദാബിയിലെ ഔദ്യോഗിക സമ്മേളനത്തിൽ പങ്കെടുപ്പിച്ചതടക്കം  മുരളീധരൻ ഉൾപ്പെട്ട പ്രോട്ടോകോൾ ലംഘന പരാതികൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ പെട്ടെന്ന്‌ മാറ്റിയത്‌ ഗൂഢാലോചനയുടെ ഭാഗമാണ്‌.  വിദേശമന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറിയും നയതന്ത്ര പാസ്‌പോർട്ട്‌ വിഭാഗം ചുമതലക്കാരനുമായ അരുൺ കെ ചാറ്റർജിയെ ഒഴിവാക്കി ജോയിന്റ്‌ സെക്രട്ടറി ആദർശ്‌ സ്വൈകയ്‌ക്കാണ്‌ ചുമതല കൈമാറിയത്‌.  അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന്‌ നിസ്സംശയം ഉറപ്പിക്കാം. മുരളീധരന്റെ പ്രോട്ടോകോൾ ലംഘനത്തെക്കുറിച്ച്‌   പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽനിന്ന്‌ റിപ്പോർട്ട് തേടിയതിനു പിന്നാലെയാണ്‌ ഉദ്യോഗസ്ഥനെ മാറ്റിയതെന്നതും പ്രധാനം. അതീവ ഗുരുതരമായ ഈ പശ്‌ചാത്തലത്തിൽ കേന്ദ്ര മന്ത്രിസ്ഥാനത്തുനിന്ന്‌ വി മുരളീധരന്റെ രാജി അനിവാര്യമാണ്‌. 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top