28 September Thursday

മോഡിയുടെ അമേരിക്കൻ വിധേയത്വം

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019


ദേശീയവാദത്തിന്റെ കൊടി ഉയർത്തിയാണ് മോഡി സർക്കാർ രണ്ടാംമൂഴത്തിലേക്ക് കടന്നത്. പുൽവാമ ഭീകരാക്രമണവും ബാലാകോട്ട് ആക്രമണവും മറ്റും ഈ ദേശീയവാദം ഉയർത്തുന്നതിന് മോഡി–-ഷാ കൂട്ടുകെട്ട് തരാതരംപോലെ ഉപയോഗിക്കുകയും ചെയ‌്തു. തൊഴിലില്ലായ‌്മയും സാമ്പത്തിക പ്രതിസന്ധിയും കാർഷിക പ്രതിസന്ധിയും കാരണം അരക്ഷിതമായ ജീവിതം നയിക്കുന്ന ജനങ്ങൾക്കുമുമ്പിലാണ് രക്ഷകവേഷമണിഞ്ഞ് ‘ദേശത്തിന്റെ സുരക്ഷ ഈ കൈകളിൽ ഭദ്രമാണെന്ന' സന്ദേശം മോഡി നൽകിയത്. ശത്രുരാജ്യങ്ങളിൽ കടന്നുകയറി ആക്രമിക്കാനും മടിക്കില്ലെന്നു പറയുന്ന  മോഡി പക്ഷേ, അമേരിക്ക കണ്ണുരുട്ടിയപ്പോൾ വഴങ്ങിനിൽക്കുന്ന കാഴ‌്ചയാണ‌് കാണുന്നത്. കുനിയാൻ പറഞ്ഞപ്പോൾ ഇഴയാനും തയ്യാറാണെന്ന സന്ദേശമാണ് മോഡി നൽകുന്നത്. ലോകത്തിലെ വൻ ശക്തിയായി ഇന്ത്യയെ മാറ്റിയെന്ന് അവകാശപ്പെടുന്ന മോഡിയുടെ ഈ അമേരിക്കൻ വിധേയത്വം പരിഹാസ്യമാണ്. 

ഏറ്റവും അവസാനമായി വ്യാപാരരംഗത്ത് ഇന്ത്യക്ക് നൽകിയ പ്രത്യേക പരിഗണന അമേരിക്ക ഏകപക്ഷീയമായി എടുത്തുകളഞ്ഞപ്പോൾ അതിനെതിരെ ശബ്‌ദിക്കാൻപോലും മോഡി സർക്കാർ തയ്യാറായില്ല. വികസ്വരരാജ്യങ്ങളിലെ ഉൽപ്പന്ന കയറ്റുമതി പ്രോത്സാഹിപ്പിക്കുക ലക്ഷ്യമാക്കിയാണ് 1970കളുടെ ആദ്യം അമേരിക്ക ഇന്ത്യ ഉൾപ്പെടെയുള്ള 120 രാഷ്ട്രങ്ങളിൽനിന്ന‌് ഏകദേശം 4900  ഉൽപ്പന്നങ്ങൾ നികുതിരഹിതമായി ഇറക്കുമതി ചെയ്യാൻ അനുവദിച്ചത്. തുകൽ, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, വാഹനഭാഗങ്ങൾ തുടങ്ങി ഏകദേശം 1900 ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിച്ചിരുന്നത‌്. അതാണ് ജൂൺ അഞ്ച‌ുമുതൽ ഇല്ലാതാകുന്നത്. 2017ൽ മാത്രം ഈയിനത്തിൽ 38,000 കോടിരൂപയുടെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയിരുന്നത്. എന്നാൽ, ഇന്ത്യക്ക് നൽകുന്ന ഈ സൗജന്യത്തിനു തുല്യമായി അമേരിക്കൻ കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ കമ്പോളപ്രവേശം നൽകണമെന്നാണ് ട്രംപിന്റെ വാദം. മാർച്ചിൽത്തന്നെ ഇന്ത്യക്കുള്ള ജിഎസ്‌പി ആനുകൂല്യം പിൻവലിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് ഗൗരവത്തിലെടുക്കാനോ ചർച്ചയിലൂടെ പരിഹാരം കാണാനോ പകരം മാർഗങ്ങൾ തേടാനോ മോഡി സർക്കാർ കാര്യമായ ഒരു ശ്രമവും നടത്തിയിരുന്നില്ല. അതിന്റെ ഫലംകൂടിയാണ് ഇപ്പോഴത്തെ തിരിച്ചടി. പുതിയ സർക്കാരിനും വിദേശമന്ത്രാലയത്തിനും മുമ്പിലുള്ള കടുത്ത വെല്ലുവിളികൂടിയായിരിക്കും ഇത്. 

മേഖലയിൽ അമേരിക്കയുടെ വിശ്വസ‌്ത നയതന്ത്രപങ്കാളിയായി ഇന്ത്യയെ മാറ്റുന്നതിൽ മൻമോഹൻ സിങ‌് സർക്കാരിനെപ്പോലെയുള്ള പങ്ക് മോഡി സർക്കാരിനുമുണ്ട്. ചൈനയെ വളയുക ലക്ഷ്യമാക്കിയുള്ള അമേരിക്കയുടെ ക്വാഡ് സഖ്യത്തിലും മറ്റും സജീവ പങ്കാളിയാണ് ഇന്ത്യ. എന്നിട്ടും ‘അമേരിക്ക ഒന്നാമത‌്' എന്ന നയത്തിന്റെ ഭാഗമായി അവരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യയെ ശിക്ഷിക്കാൻ ഒരു മടിയും അമേരിക്ക കാട്ടിയിട്ടില്ല. നിരവധി ഉദാഹരണങ്ങൾ നിരത്താനാകും. അതിൽ ഏറ്റവും പ്രധാനമാണ് ഇറാനിൽനിന്ന‌് മെയ് രണ്ടിനകം എണ്ണ ഇറക്കുമതി പൂർണമായും റദ്ദാക്കണമെന്ന അമേരിക്കയുടെ ആവശ്യം. ഇന്ത്യക്ക് ഏറ്റവും കൂടുതൽ വിലക്കുറവിലും കടത്ത് കൂലിക്കുറവിലും എണ്ണ ലഭിക്കുന്നത് ഇറാനിൽനിന്നായിരുന്നു. എന്നിട്ടും അമേരിക്കൻ ഉപരോധം ഭയന്ന് ഇറാനിൽനിന്ന‌് പൂർണമായും ഇറക്കുമതി നിർത്തിവയ‌്ക്കാൻ മോഡി സർക്കാർ തയ്യാറായി. ഇന്ത്യൻ താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന് വീരസ്യം പറയുന്ന മോഡി സർക്കാരാണ് ഇന്ത്യൻ താൽപ്പര്യം ബലികഴിച്ചും അമേരിക്കൻ താൽപ്പര്യം സംരക്ഷിക്കാനായി ഇറാനിൽനിന്ന‌് പൂർണമായും ഇറക്കുമതി അവസാനിപ്പിച്ചത്. 

ഇറാൻ കാര്യത്തിൽ ഇന്ത്യ വഴങ്ങിയെന്നു കണ്ടപ്പോൾ അടുത്ത തീട്ടൂരവുമായി അമേരിക്ക രംഗത്ത് വന്നിരിക്കുകയാണിപ്പോൾ. ഇന്ത്യയുടെ ഏറ്റവും വിശ്വസ‌്തനായ പ്രതിരോധ പങ്കാളി റഷ്യയിൽനിന്ന‌് ദീർഘദൂര മിസൈൽവേധ എസ് 400 ട്രയംഫ് സംവിധാനം വാങ്ങുന്നപക്ഷം ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്നാണ് ആ ഭീഷണി. എതിരാളികളിൽനിന്ന‌് ആയുധംവാങ്ങുന്ന രാഷ്ട്രങ്ങൾക്കുനേരെ ഉപരോധം ഏർപ്പെടുത്താനുള്ള നിയമമനുസരിച്ചായിരിക്കും ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുക എന്നാണ് വ്യാഴാഴ്ച അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട‌്മെന്റിലെ ഒരുയർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും പ്രധാനമന്ത്രി മോഡിയും തമ്മിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന കൂടിക്കാഴ്ചയിലാണ് 550 കോടി ഡോളറിന്റെ കരാർ ഒപ്പുവച്ചത്. അതുപേക്ഷിക്കണമെന്നാണ് ട്രംപിന്റെ ഭീഷണി. അമേരിക്കൻ താൽപ്പര്യം സംരക്ഷിക്കാൻ ഇന്ത്യ റഷ്യയുമായുള്ള പരമ്പരാഗത സൗഹൃദം ഉപേക്ഷിക്കണമെന്നാണ് ട്രംപ് പറയുന്നത്. ഏറ്റവും അവസാനമായി ചൈനയുടെ ടെലികോം കമ്പനി വാവെയ‌്‌യെ ഇന്ത്യയിൽ നിരോധിക്കണമെന്ന ആവശ്യവും അമേരിക്ക ഉയർത്തിയിരിക്കുകയാണ്. അമേരിക്കയ‌്ക്ക് വിശ്വാസമില്ലാത്ത കമ്പനികളുമായി ബന്ധംവയ‌്ക്കുന്ന പക്ഷം അത്തരം രാഷ്ട്രങ്ങളുമായി രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറാനാകില്ലെന്നും ആക്ടിങ‌് പ്രതിരോധ സെക്രട്ടറിയായ പാഡ്രിക‌് ഷനാഹൻ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക, നയതന്ത്ര താൽപ്പര്യങ്ങൾ ഹനിക്കുന്ന ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകരുത്. അതിനുള്ള ആർജവം മോഡി സക്കാർ കാട്ടുമോ എന്നതാണ് ചോദ്യം. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണം തുടരണമെന്ന് ആഗ്രഹിച്ച സാമ്രാജ്യത്വ ദാസ്യത്തിന്റെ പാരമ്പര്യം പേറുന്ന കക്ഷിയുടെ നേതാവിൽനിന്ന‌് ധീരമായ നിലപാടുകൾ പ്രതീക്ഷിക്കുന്നത് മൗഢ്യമായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top