22 September Friday

ഇറാനെതിരെ യുദ്ധഭീഷണി

വെബ് ഡെസ്‌ക്‌Updated: Friday May 10, 2019


ഒരുവർഷം മുമ്പാണ് ഇറാനുമായുള്ള ആണവക്കരാറിൽനിന്ന‌് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയത്. 2015 ലാണ് ആറ് വൻ ശക്തിയും ഇറാനും തമ്മിൽ ടെഹ്റാന്റെ ആണവായുധ നിർമാണം തടയുന്ന കരാറിൽ ഒപ്പുവച്ചത്. എന്നാൽ, അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റതോടെ അമേരിക്ക ഏകപക്ഷീയമായി ഈ കരാറിൽനിന്ന‌് പിൻവാങ്ങുകയും ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ‌്തു. അമേരിക്കയുടെ ഈ നിയമവിരുദ്ധ നടപടികൾക്കെതിരെ കരാറിൽ ഒപ്പിട്ട യുറോപ്യൻ രാഷ്ട്രങ്ങളായ ബ്രിട്ടനും ജർമനിയും ഫ്രാൻസും മറ്റും നീങ്ങുമെന്നും അമേരിക്കയെക്കൊണ്ട് തീരുമാനം പുനഃപരിശോധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ, ചൈനയും റഷ്യയും മാത്രമാണ് ഇറാനൊപ്പം നിന്നത്. യൂറോപ്യൻ യൂണിയൻ രാഷ‌്ട്രങ്ങൾ വാചികമായി പിന്തുണ പ്രഖ്യാപിച്ചെങ്കിലും പതിവുപോലെ അമേരിക്കയ‌്ക്ക് മുമ്പിൽ വഴങ്ങിനിന്നു. ഇതിന്റെ ഫലമായി അമേരിക്ക ഇറാനെതിരായ നയം കടുപ്പിച്ചു.

നവംബറിൽ ഇറാൻ എണ്ണയ‌്ക്തെിരെ പ്രഖ്യാപിച്ച ഉപരോധത്തിൽ ഇന്ത്യ ഉൾപ്പെടയുള്ള രാഷ്ട്രങ്ങൾക്ക് നൽകിയ ഇളവ് മെയ് രണ്ടോടെ അവസാനിപ്പിച്ചു. ഇന്ത്യയും ജപ്പാനും  ദക്ഷിണ കൊറിയയും അമേരിക്കൻ തിട്ടൂരത്തിന് വഴങ്ങിയപ്പോൾ ചൈനയും തുർക്കിയും ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് അറിയിച്ചു. അമേരിക്ക കരാറിൽനിന്ന‌് പിൻവാങ്ങിയിട്ടും ‘തന്ത്രപ്രധാന ക്ഷമ' കാട്ടിയ ഇറാനെ പിന്തുണയ‌്ക്കാൻ അമേരിക്കൻ ശിങ്കിടി രാഷ്ട്രങ്ങൾ തയ്യാറായില്ല. വടക്കുകിഴക്കൻ ഇറാനിലും തെക്കുപടിഞ്ഞാറൻ ഇറാനിലും വെള്ളപ്പൊക്കം നാശം വിതച്ചപ്പോൾപ്പോലും ഇറാനെ സാമ്പത്തികമായി സഹായിക്കാൻ മറ്റ് രാഷ്ട്രങ്ങൾക്ക് അമേരിക്കൻ ഉപരോധം തടസ്സമായി. ആണവക്കരാറിൽ ഉറച്ചുനിന്നിട്ടും ഇറാൻ പ്രതീക്ഷിച്ച അന്താരാഷ്ട്രപിന്തുണ ലഭിക്കാതായപ്പോഴാണ് കരാർ പാലിക്കുന്നതിൽനിന്ന‌് പിൻവാങ്ങുമെന്ന സൂചന ഇറാൻ കഴിഞ്ഞ ദിവസം നൽകിയത്. യുറേനീയം സമ്പുഷ്ടീകരണത്തിനും ഘനജല നിർമാണത്തിനും കരാർ ഏർപ്പെടുത്തിയ നിയന്ത്രണം പാലിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് റൂഹാനി വ്യക്തമാക്കി.  അറാക്കിലെ ഘനജല റിയാക്ടർ ഉടൻ പ്രവർത്തനക്ഷമമാക്കുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്.

ഇറാനെതിരെ യുദ്ധത്തിനുള്ള തയ്യാറെടുപ്പുമായി അമേരിക്ക രംഗത്തുവന്ന സാഹചര്യത്തിലാണ് ഹസ്സൻ റൂഹാനി ഇത്തരമൊരു പ്രസ‌്താവന നടത്തിയത്.  ആണവക്കരാറിൽനിന്ന‌് അമേരിക്ക പിൻവാങ്ങിയതിന്റെ ഒന്നാം വർഷത്തിലാണ് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും യുദ്ധ കഴുകനുമായ ജോൺ ബോൾട്ടൺ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കനെ ഇറാൻ തീരത്തേക്ക് അയക്കുകയാണെന്ന് അറിയിച്ചത്.  ഇറാനുള്ള ‘വ്യക്തവും കൃത്യവുമായ സന്ദേശമാണി'തെന്നും ബോൾട്ടൺ  വളച്ചുകെട്ടില്ലാതെ പറഞ്ഞു.  13 വർഷംമുമ്പ് ഇതേ കപ്പലിൽനിന്നുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ള്യു ബുഷ് ഇറാഖിനെതിരെയുള്ള യുദ്ധം വിജയിച്ചതായി പ്രഖ്യാപിച്ചത്. സ്വാഭാവികമായും അമേരിക്കയിലെ 16–-ാമത്തെ പ്രസിഡന്റിന്റെ പേരിലുള്ള യുദ്ധക്കപ്പലിനെ മധ്യധരണ്യാഴിയിൽനിന്ന‌് ഇറാൻ തീരത്തേക്ക് അയക്കുമ്പോൾ യുദ്ധത്തിന്റെ കാർമേഖങ്ങളാണ് ഉരുണ്ടുകൂടുന്നത്. പെട്ടെന്ന‌് ഒരു യുദ്ധത്തിനുള്ള സാധ്യത ആരും കാണുന്നില്ലെങ്കിലും ബുഷ് ഭരണകൂടം  ഇറാഖിനെ വരിഞ്ഞുകെട്ടിയതുപോലെ ഇപ്പോൾ ട്രംപും ഇറാനെ വരിഞ്ഞുകെട്ടുകയാണെന്നും അത‌് യുദ്ധത്തിനുള്ള തയ്യാറെടുപ്പാണെന്നുമുള്ള വിലയിരുത്തലുകളും ശക്തമാണ്. ഇറാന്റെ ഇസ്ലാമിക്ക് റെവല്യൂഷണറി ഗാർഡിനെ അമേരിക്ക ഭീകരവാദികളായി പ്രഖ്യാപിച്ചതും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി.  മധ്യപൗരസ‌്ത്യദേശത്ത് വിന്യസിക്കപ്പെട്ട എല്ലാ അമേരിക്കൻ സൈനികരും ഭീകരവാദികളാണെന്ന് ഇറാനും പ്രഖ്യാപിച്ചു.

ഇറാനെ വരിഞ്ഞുകെട്ടുകയെന്ന അമേരിക്കൻ നീക്കത്തിന്റെ ഏറ്റവും അവസാനത്തെ നടപടിയാണ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ച എണ്ണയിതര ഉൽപ്പന്നങ്ങൾക്കുള്ള ഉപരോധം.  ഇറാൻ കയറ്റുമതി ചെയ്യുന്ന ഇരുമ്പ്, ഉരുക്ക്, അലുമിനിയം, ചെമ്പ് എന്നിവയുടെ വ്യാപാരത്തിനാണ് ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. എണ്ണയിൽ നിന്നുള്ള ഇറാന്റെ വരുമാനം ഉപരോധത്തിലൂടെ തടഞ്ഞ അമേരിക്ക ഇപ്പോൾ എണ്ണയിതര വരുമാനവും തടയുന്നതിനാണ് ഉപരോധം ലോഹവ്യാപാരത്തിലേക്കും വ്യാപിപ്പിച്ചിട്ടുള്ളത്. മൂന്ന് മാസത്തിനകം ഈ ഉപരോധവും നിലവിൽ വരുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാൽ, ഇറാനെ ഒരു യുദ്ധത്തിലൂടെ കീഴടക്കുക അത്ര എളുപ്പമല്ല. ഇറാഖിലും സിറിയയിലും അഫ്ഗാനിസ്ഥാനിലുമായി അമേരിക്ക വിന്യസിച്ച 20000 സൈനികരെ ലക്ഷ്യംവയ‌്ക്കാനുള്ള മിസൈൽ ശേഷി ഇറാനുണ്ട്. മാത്രമല്ല, ഇറാന്റെ ആണവകേന്ദ്രങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തായാണ് കിടക്കുന്നത്. ഇത് പൂർണമായും നശിപ്പിക്കുക അമേരിക്കയ‌്ക്ക് വെല്ലുവിളിയാണ്. യുദ്ധം ഉണ്ടാകുന്നപക്ഷം ഹോർമുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ തയ്യാറാകും. ഇത് എണ്ണ വ്യാപാരത്തെ ഹാനികരമായി ബാധിക്കും. ഇറാനിൽ കൈപൊള്ളിയാണ് ജിമ്മികാർട്ടർക്ക‌് രണ്ടാംമൂഴം നഷ്ടമായതെന്ന കാര്യം ട്രംപ് ഓർക്കുമെന്ന് കരുതാം. അന്താരാഷ്ട്ര കരാറിൽനിന്ന‌് ഏകപക്ഷീയമായി പിന്മാറി, ഇസ്രയേലിന്റെയും സൗദിയുടെയും താളത്തിനൊത്ത് തുള്ളി ഗൾഫ് മേഖലയിൽ യുദ്ധഭീതി സൃഷ്ടിക്കുന്ന അമേരിക്കയ‌്ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന‌് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top