26 April Friday

അമേരിക്ക റഷ്യയെ ശത്രുപക്ഷത്ത് നിര്‍ത്തുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 9, 2017

നവംബറില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്റന്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനോട് പരാജയപ്പെട്ടതുമുതല്‍ കേട്ടുതുടങ്ങിയതാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ റഷ്യയും പ്രസിഡന്റ് പുടിനും സ്വാധീനിച്ചുവെന്നത്.  ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷന്റെയും ഹിലരിയുടെ പ്രചാരണവിഭാഗം ചെയര്‍മാന്‍ ജോണ്‍ പൊഡസ്റ്റയുടെയും ഇ-മെയിലുകള്‍ സൈബര്‍ ആക്രമണത്തിലൂടെ റഷ്യ ചോര്‍ത്തിയെന്നും പിന്നീടവ വിക്കിലീക്സിലൂടെ പുറത്തുവിട്ടെന്നുമാണ് അമേരിക്കയുടെ ആരോപണം. ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ ഇടതുപക്ഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ബെര്‍ണി സാന്‍ഡേഴ്സിനെ കൃത്രിമ മാര്‍ഗങ്ങളിലൂടെ തോല്‍പ്പിച്ചാണ് ഹിലരി സ്ഥാനാര്‍ഥിയായതെന്നാണ് ഒന്നാമത്തെ വെളിപ്പെടുത്തല്‍. ഗോള്‍ഡ്മാന്‍സാച്ചസ് ഉള്‍പ്പെടെ വാള്‍സ്ട്രീറ്റ് ബാങ്കേഴ്സുമായുള്ള കൂടിക്കാഴ്ചയില്‍ ഹിലരി അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങിയതിനെക്കുറിച്ചാണ് രണ്ടാമത്തെ വെളിപ്പെടുത്തല്‍.  ഈ വെളിപ്പെടുത്തലുകള്‍ ഹിലരിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ ദോഷകരമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.  സൈബര്‍ ആക്രമണം നടത്തിയ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധനടപടികള്‍ പ്രഖ്യാപിക്കാനും (ഉക്രെയിന്‍ വിഷയത്തില്‍ നിലവില്‍ത്തന്നെ റഷ്യക്കെതിരെ ഉപരോധം നിലനില്‍ക്കുന്നുണ്ട്) 35 റഷ്യന്‍ നയതന്ത്രപ്രതിനിധികളെ പുറത്താക്കാനും ഒബാമ ഭരണകൂടം തയ്യാറായി.  എന്നാല്‍, ജനുവരി 20ന് അധികാരം നഷ്ടപ്പെടുന്ന ഒരു പ്രസിഡന്റിന്റെ ഈ ഭ്രാന്തന്‍നടപടികള്‍ക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാതെ റഷ്യയും പ്രസിഡന്റ് പുടിനും നയതന്ത്രമാന്യത പുലര്‍ത്തിയപ്പോര്‍ മുഖം നഷ്ടപ്പെട്ടത് ഒബാമയ്ക്കും അമേരിക്കയ്ക്കുമായിരുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിദേശരാഷ്ട്രമായ റഷ്യ ഇടപെട്ടെന്ന അത്യന്തം ഗുരുതരമായ ആരോപണമാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും കൂട്ടരും ഉന്നയിച്ചിട്ടുള്ളത്.  ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ അര്‍ഹതയില്ലാത്ത രാജ്യമാണ് അമേരിക്ക. ഇറാന്‍, ഗ്വാട്ടിമാല, ചിലി തുടങ്ങി 50 രാഷ്ട്രങ്ങളില്‍ അട്ടിമറി നടത്തുകയും 30 രാജ്യങ്ങളിലെ ജനകീയ വിമോചനപ്രസ്ഥാനങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയുംചെയ്ത  രാഷ്ട്രമാണ് അമേരിക്ക. എന്നാല്‍, ജനുവരി ആറിന് അമേരിക്കയിലെ മൂന്ന് രഹസ്യാന്വേഷണ ഏജന്‍സികളുംകൂടി സംയുക്തമായി ഇറക്കിയ 50 പേജ് വരുന്ന റിപ്പോര്‍ട്ടിലും റഷ്യന്‍ ഇടപെടല്‍ എന്ന ആരോപണം ശക്തമായി ഉയര്‍ത്തുന്നു.  സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ), ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ), നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) എന്നീ എജന്‍സികളാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. ആദ്യഘട്ടത്തില്‍ റഷ്യക്കെതിരെ ഉന്നയിച്ച ആരോപണത്തിന് വേണ്ടത്ര വ്യക്തതയില്ലെന്ന വിമര്‍ശനത്തിന്റെ മുനയൊടിക്കാനാണ് മൂന്ന് രഹസ്യാന്വേഷണ ഏജന്‍സികളും ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്.

റഷ്യ നടത്തിയ സൈബര്‍ ആക്രമണത്തിന് വിശ്വാസ്യതയുടെ നിറം നല്‍കാനായി അഞ്ച് പ്രധാന നിഗമനങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു.  ഹിലരിക്ക് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ലഭിച്ച മുന്‍തൂക്കം ഇല്ലാതാക്കാനായാണ് റഷ്യ ഇടപെട്ടതത്രെ. പുടിനെ അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന് വിളിച്ച ഹിലരിക്കെതിരെ മറുപടി നല്‍കുകയായിരുന്നു സൈബര്‍ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കന്‍ ജനാധിപത്യത്തെയും ലിബറല്‍ ചിന്താഗതിയെയും തകര്‍ക്കാനുള്ള റഷ്യയുടെ നീക്കമായും സൈബര്‍ ആക്രമണത്തെ വിലയിരുത്തുന്നു. പനാമ രേഖകള്‍ പുറത്തിറക്കിയതിലും പുടിന്‍ രോഷാകുലനായിരുന്നത്രെ.    

എന്നാല്‍, ഈ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത വ്യാപകമായി ചോദ്യംചെയ്യപ്പെടുകയാണ്. അമേരിക്കന്‍ വോട്ടിങ്ങിനെയോ വോട്ടെണ്ണലിനെയോ റഷ്യ സ്വാധീനിച്ചതായി റിപ്പോര്‍ട്ട് ആരോപിക്കുന്നില്ല. റിപ്പോര്‍ട്ടിലുള്ള വസ്തുതകളുടെയും വിവരങ്ങളുടെയും ഉറവിടത്തെക്കുറിച്ച് മൌനം പാലിക്കുന്നെന്നുമാത്രമല്ല പുടിന്റെയും റഷ്യയുടെയും നേരിട്ടുള്ള പങ്ക് വെളിപ്പെടുത്തുന്ന ഒരു വസ്തുതയും റിപ്പോര്‍ട്ടിലില്ല. മാത്രമല്ല, റഷ്യ ഹാക്ക് ചെയ്ത ഇ-മെയിലുകളുടെ ഉള്ളടക്കത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ലോകപ്രശസ്തരായ പല പത്രപ്രവര്‍ത്തകരും അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് അഭിപ്രായപ്പെടുകയുണ്ടായി. പുലിസ്റ്റര്‍ പുരസ്കാര ജേതാവ് ഗ്ളെന്‍ ഗ്രീന്‍വാള്‍ഡ് പറഞ്ഞത് അമേരിക്കന്‍ റിപ്പോര്‍ട്ട്  വിശ്വാസയോഗ്യമല്ലെന്നാണ്.  റഷ്യയുടെ കടുത്ത വിമര്‍ശകനും മുന്‍ അമേരിക്കന്‍ അംബാസഡറുമായ മൈക്കിള്‍ മക്ഫോര്‍ അഭിപ്രായപ്പെട്ടത് പല ചോദ്യങ്ങള്‍ക്കും ഉത്തരംനല്‍കാന്‍ കഴിയാത്ത ദുര്‍ബലമായ റിപ്പോര്‍ട്ടാണിതെന്നാണ്.

അധികാരം ഒഴിയുന്നതിന് രണ്ടാഴ്ചമുമ്പ് ഇത്തരമൊരു റിപ്പോര്‍ട്ട് ഇറക്കാന്‍ ഇന്റലിജന്‍സ് സംവിധാനത്തെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ സമ്മര്‍ദം ചെലുത്തിയത് എന്തിനായിരുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉയരും. റഷ്യയുമായി സൌഹൃദം പങ്കുവയ്ക്കുമെന്ന പ്രസ്താവനകളാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തുന്നത്. റഷ്യയുമായി നല്ലബന്ധംഅസാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യക്കെതിരെ സൈബര്‍ ആക്രമണ ആരോപണവുമായി ഒബാമയും കൂട്ടരും എത്തിയിട്ടുള്ളത്. സോവിയറ്റ് യുണിയന്‍ എന്ന കമ്യൂണിസ്റ്റ് ശത്രുവിനെ ഉയര്‍ത്തിക്കാട്ടിയാണ് അമേരിക്കന്‍ സാമ്രാജ്യത്വം ശീതയുദ്ധകാലത്ത് അതിന്റെ പടപ്പുറപ്പാട് നടത്തിയതെങ്കില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന്റെ 25-ാം വര്‍ഷത്തില്‍ റഷ്യയെയും ചൈനയെയും ശത്രുപക്ഷത്ത് നിര്‍ത്തിയാണ് പുതിയ യുദ്ധനീക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top