23 April Tuesday

അമേരിക്കയുടെ വിശ്വാസലംഘനം

വെബ് ഡെസ്‌ക്‌Updated: Friday May 4, 2018


ഇറാനുമായുള്ള ആണവക്കരാര്‍ റദ്ദാക്കുമെന്ന അമേരിക്കന്‍ഭീഷണി ലോകരാഷ്ട്രീയത്തെത്തന്നെ കീഴ്‌മേല്‍ മറിക്കുകയാണ്. ഇറാനുമായുള്ള ആണവക്കരാര്‍ അസംബന്ധവും ഭ്രാന്തവുമാണെന്ന് പ്രസിഡന്റ‌് തെരഞ്ഞെടുപ്പുവേളയിൽതന്നെ അഭിപ്രായപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ‌്, പ്രസ‌്തുത കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാനുള്ള നീക്കത്തിലാണ്. ബറാക‌് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കെയാണ് 2015ല്‍ ഇറാനുമായി ആണവക്കരാര്‍ ഒപ്പിട്ടത്. 15 വര്‍ഷത്തേക്ക് ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം ഉള്‍പ്പെടെ തടയുന്നതായിരുന്നു കരാര്‍. യുഎന്‍ സ്ഥിരാംഗങ്ങളായ അമേരിക്കയും റഷ്യയും ബ്രിട്ടനും ഫ്രാന്‍സും ചൈനയും ഇറാനുമായി ഒപ്പിട്ട കരാറായിരുന്നു ഇത്. അതില്‍നിന്നാണ് അമേരിക്ക ഏകപക്ഷീയമായി പിന്‍വാങ്ങാന്‍ ഒരുങ്ങുന്നത്. കരാർ ഇറാൻ അക്ഷരാർഥത്തിൽ പാലിക്കുന്നുണ്ടെന്ന‌് അമേരിക്കയൊഴിച്ചുള്ള എല്ലാ രാഷ്ട്രങ്ങളും വാദിക്കുമ്പോഴാണ‌് കരാറിൽനിന്ന‌് പിൻവാങ്ങി ഇറാനെതിരെ ഉപരോധം ശക്തമാക്കാനുള്ള നീക്കം ട്രംപ‌് നടത്തുന്നത‌്.

കരാറനുസരിച്ച് 120 ദിവസം കൂടുമ്പോള്‍ ഇറാനെതിരെയുള്ള ഉപരോധം കര്‍ക്കശമായി നടപ്പാക്കേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് സര്‍ട്ടിഫൈ ചെയ്യണമായിരുന്നു. അവസാനമായി ജനുവരി 12നാണ് ട്രംപ് കരാറിന് അനുമതി നല്‍കിയത്. ഇത് അവസാനത്തെ അംഗീകാരമായിരിക്കുമെന്ന് അന്നുതന്നെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. അംഗീകാരം പുതുക്കേണ്ട അടുത്തതീയതി മെയ് പന്ത്രണ്ടാണ്. ഈ ഘട്ടത്തിൽ അമേരിക്ക കരാറില്‍നിന്ന‌് പിന്മാറുമെന്നാണ‌് പൊതുവെ വിലയിരുത്തപ്പെടുന്നത‌്.

ഇസ്രയേലും അമേരിക്കയിലുള്ള ഇസ്രയേൽ ലോബിയുമാണ‌് ആണവക്കരാറിൽനിന്ന‌് പിൻവാങ്ങാൻ അമേരിക്കയിൽ സമ്മർദം ചെലുത്തുന്നത‌്. അടുത്തയിടെ ഇസ്രയേൽ പ്രസിഡന്റ‌് ബെഞ്ചമിൻ നെതന്യാഹു ഇറാൻ കരാർലംഘനം നടത്തിയെന്ന‌് ആരോപിക്കുന്ന ചില രേഖകൾ പുറത്തുവിടുകയുണ്ടായി. രഹസ്യമായി ഇറാൻ ആണവായുധം നിർമിക്കുന്നുവെന്നായിരുന്നു ഇസ്രയേലിന്റെ ആരോപണം. കരാറിൽനിന്ന‌് പിൻവാങ്ങാനുള്ള ട്രംപിന്റെ തീരുമാനത്തിന‌് അനുകൂലമായി തെളിവുകൾ നിരത്താനുള്ള ശ്രമമാണ‌് നെതന്യാഹു നടത്തിയതെന്ന‌് സാരം.

പുതുതായി നിയമിതനായ അമേരിക്കൻ സെക്രട്ടറി ഓഫ‌് സ‌്റ്റേറ്റ‌് മൈക‌് പോംപിയോവും ദേശീയസുരക്ഷാ ഉപദേശകൻ ജോൺ ബോൾട്ടണും ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നവരാണ‌്. മേഖലയിൽ ഇറാന‌് സ്വാധീനം വർധിക്കുന്നത‌് ഇസ്രയേലും സൗദിയും ഇഷ്ടപ്പെടുന്നില്ല. സിറിയ, ഇറാഖ‌്, ലെബനൺ എന്നീ രാജ്യങ്ങളിൽ ഇറാനുള്ള വർധിച്ച സ്വാധീനമാണ‌് ഇവരെ ചൊടിപ്പിക്കുന്നത‌്. അമേരിക്കൻ ഉപരോധം പിൻവലിക്കുന്നത‌് ഇറാന്റെ സ്വാധീനം വർധിപ്പിക്കുകയേ ഉള്ളൂവെന്നും ഇവർ കരുതുന്നു. വീണ്ടും ഉപരോധം ഏർപ്പെടുത്തി ഇറാനെ ഞെരുക്കുക എന്നതാണ‌് ഇവരുടെ ലക്ഷ്യം. എന്നാൽ, 2015നുമുമ്പുള്ള കാഠിന്യം ഇനിയുള്ള ഉപരോധത്തിന‌് ഉണ്ടാകില്ലെന്നാണ‌് പൊതുവെ വിലയിരുത്തപ്പെടുന്നത‌്. കാരണം ഇറാനുമായി ആണവക്കരാറിൽ ഒപ്പിട്ട യൂറോപ്യൻ ശക്തികളായ ഫ്രാൻസും ബ്രിട്ടനും മറ്റും കരാർ പിൻവലിക്കുന്നതിന‌് എതിരാണ‌്. ഇറാഖിലും ലിബിയയിലും എന്നപോലെ ഭരണമാറ്റവും ഇറാനിൽ ആവർത്തിക്കുക പ്രയാസമാണ‌്.

അമേരിക്ക കരാറിൽനിന്ന‌് വിട്ടുപോയാൽ ഇറാനും അതേപാത സ്വീകരിക്കുമെന്ന‌് പ്രസിഡന്റ‌് ഹസ്സൻ റൂഹാനി വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഊർജാവശ്യങ്ങൾക്കായിരിക്കും യുറേനിയം സമ്പുഷ്ടീകരണം. കരാറില്‍നിന്ന‌് പിന്മാറാനുള്ള അമേരിക്കൻ നീക്കം മേഖലയില്‍ ആണവമത്സരത്തിന് വഴിവയ‌്ക്കും. ഇറാന്‍ വീണ്ടും ആണവായുധനിര്‍മാണത്തിലേക്ക് നീങ്ങുന്നത് മേഖലയില്‍ സംഘര്‍ഷത്തിന് വിത്തുപാകുകയും ചെയ്യും. 

ഇറാനെ പിന്തുണച്ച് റഷ്യയും ചൈനയും രംഗത്തുവന്നിട്ടുണ്ട‌്. കരാര്‍ റദ്ദാക്കാതിരിക്കാന്‍ ഫ്രഞ്ച‌് പ്രസിഡന്റ‌് ഇമ്മാനുവൽ മാക്രോണും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും രംഗത്തിറങ്ങിയിട്ടുണ്ട്. യൂറോപ്യൻ രാഷ്ട്രങ്ങളെ സംബന്ധിച്ച‌് ഏറ്റവും നല്ല കമ്പോളമാണ‌് ഇറാൻ. അതിനാൽ ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തുന്നത‌് അവരുടെ ബിസിനസ‌് ബന്ധത്തെ ദോഷമായി ബാധിക്കും. എന്നാൽ, കരാർ പുതുക്കി നിലനിര്‍ത്തണമെന്ന ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ ആവശ്യവും അമേരിക്ക അംഗീകരിച്ചില്ല. മിസൈൽ നിർമാണവും മറ്റും കരാറിന്റെ പരിധിയിൽ കൊണ്ടുവന്ന‌് പ്രതിസന്ധി പരിഹരിക്കാമെന്നാണ‌് മാക്രോണിന്റെ നിർദേശം. വാഷിങ‌്ടൺ സന്ദർശനവേളയിൽ മാക്രോൺ നടത്തിയ ഈ അനുരഞ‌്ജന നീക്കവും അമേരിക്ക എതിർത്തതിനാൽ പാ‌ളി. കരാർ പുതുക്കുന്ന കാര്യം അജൻഡയിൽ ഇല്ലെന്ന‌് ഇറാനും വ്യക്തമാക്കി. അമേരിക്ക കരാറിൽനിന്ന‌് പിൻവാങ്ങുന്നപക്ഷം മധ്യപൗരസ്ത്യദേശം വീണ്ടും കലുഷമാകുമെന്ന് ഉറപ്പ്. അതോടൊപ്പം ലോകരാഷ്ട്രങ്ങളിൽ അമേരിക്കയുടെ വിശ്വാസ്യതയ‌്ക്കും ഇടിച്ചിൽ തട്ടും. മുൻ സർക്കാരുകൾ ഒപ്പിട്ട പല കരാറുകളിൽനിന്നും പിന്മാറുന്നത‌് ട്രംപ‌് പതിവാക്കിയിരിക്കുകയാണ‌്. ട്രാൻസ‌് പസിഫിക‌് പാർട‌്ണർഷിപ‌് കരാറിൽനിന്നും ക്യൂബയുമായുള്ള കരാറിൽനിന്നും അമേരിക്ക പിന്മാറുകയുണ്ടായി. വിശ്വാസലംഘനത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായിരിക്കും ഇറാനുമായുള്ള ആണവക്കരാറിൽനിന്നുള്ള പിന്മാറ്റം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top