01 December Friday

ചൈനയ്‌ക്കെതിരായ യുഎസ്‌ ഭീഷണികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020


കൊള്ളമുതലിൽ കഴുകൻ കണ്ണുകളുള്ള സഖ്യശക്തികളെയും അന്താരാഷ്ട്ര മാധ്യമസന്നാഹങ്ങളെയും പ്രസാധക ഗൃഹങ്ങളെയും പണം പറ്റുന്ന വലതുപക്ഷ ബുദ്ധിജീവികളെയും സിഐഎ പോലുള്ള ചാരസംവിധാനങ്ങളെയും പൗരാവകാശലംഘനങ്ങൾക്ക്‌ കുപ്രസിദ്ധമായ എഫ്‌ബിഐയെയും ഉപയോഗിച്ച്‌ അമേരിക്ക സോഷ്യലിസ്റ്റ്‌ രാജ്യങ്ങൾക്കെതിരെ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ കുപ്രസിദ്ധങ്ങളാണ്‌. ചൈനയും ക്യൂബയും വടക്കൻ കൊറിയയും വിയത്‌നാമും മറ്റും രാഷ്ട്രീയ‐സൈനിക‐സാമ്പത്തിക ഉപരോധങ്ങളുടെ  എത്രയോ കെടുതികൾ അനുഭവിക്കുകയും ശ്രമകരമായി അതിജീവിക്കുകയും ചെയ്‌തു. എണ്ണസമ്പന്നമായ വെനസ്വേലയാണ്‌ മറ്റൊരു ഇര.

കോവിഡ്‌ മഹാമാരി ഭൂഗോളത്തെ പിടിച്ചുകുലുക്കുംവിധം സംഹാര താണ്ഡവമാടിയപ്പോൾ ചൈനയ്‌ക്കെതിരെ തുറന്നുവിട്ട വ്യാജപ്രചാരണങ്ങൾ ലോകം കണ്ടു. ഈ പശ്ചാത്തലത്തിലാണ്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി (സിപിസി)യെ തകർക്കാൻ തയ്യാറാക്കിയ പുതിയ പദ്ധതിയെയും വിലയിരുത്തേണ്ടത്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിലെ  മുഖ്യ ബുദ്ധികേന്ദ്രങ്ങളിലൊരാളും തുടർന്ന്‌ പ്രത്യുപകാരമായി 2017 ആഗസ്‌ത്‌ 18 വരെ പ്രസിഡന്റിന്റെ മുഖ്യ തന്ത്രജ്ഞനായി അവരോധിക്കപ്പെടുകയും ചെയ്‌ത സ്റ്റീവ്‌  ബാനൺ, ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയെ നേരിടാനും മറിച്ചിടാനും ട്രംപ്‌ ഗവൺമെന്റ്‌ സംയോജിതമായ ‘യുദ്ധപദ്ധതി’ ഏകോപിപ്പിച്ചതായി പറഞ്ഞു. ട്രംപിന്റെ സ്വന്തം ചാനലെന്ന്‌ അറിയപ്പെടുന്ന ‘ഫോക്‌സ്‌ ന്യൂസ്‌’ നടത്തിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നടിക്കൽ. വെള്ളക്കൊട്ടാരത്തിലെ ഒന്നാം നിരക്കാരനായിരുന്ന ബാനൺ നടത്തിയ വെളിപ്പെടുത്തലിൽ ഇന്ത്യയെ യുഎസ്‌ അട്ടിമറി നീക്കത്തിന്റെ അഭേദ്യ ഭാഗമാക്കാനുള്ള ഗൂഢോദ്ദേശ്യവും  തെളിഞ്ഞിട്ടുണ്ട്‌.

ടിബത്തൻ  അതിർത്തിയിൽ ഇന്ത്യയിലെ കൂട്ടാളികളെ സഹായിക്കുകകൂടി  പുതിയ പദ്ധതിയുടെ ഭാഗമാണ്‌. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ  ജയംകൂടി ലക്ഷ്യമിട്ട്‌ ക്രൈസ്‌തവ പ്രതീകങ്ങൾ ഉപയോഗിച്ചാണ്‌ ബാനൺ പദ്ധതിയുടെ വിശദാംശങ്ങൾ ഫോക്‌സ്‌ ന്യൂസിനോട്‌ ആഹ്ലാദപൂർവം വിവരിച്ചതെന്നതും പ്രധാനം. സിപിസിക്കെതിരെ  ‘അന്തിമ നാശത്തിന്റെ നാല്‌ കുതിരക്കാർ’ അടങ്ങുന്ന പ്രസിഡന്റിന്റെ തനതായ യുദ്ധ കൗൺസിലിനാണ്‌ രൂപംനൽകിയിട്ടുള്ളതത്രെ. സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ റോബർട്ട്‌ ഒബ്രീൻ, എഫ്‌ബിഐ മുൻ ഡയറക്ടർ   ക്രിസ്റ്റഫർ ആഷർ വ്രേ, അറ്റോർണി ജനറൽ വില്യം പെൽഹാം ബാർ എന്നിവർ. അതിൽ ഒബ്രീനും  വ്രേയും ബാറും ചൈനയ്‌ക്കെതിരെ  കടുത്ത ഭീഷണി ചുഴറ്റിയ  മൂന്ന്‌ അതിക്രമ  പ്രസംഗങ്ങൾ നടത്തിക്കഴിഞ്ഞു. സിപിസിക്കെതിരെ വിവരസാങ്കേതികവിദ്യാ, വാർത്താ, ധനകാര്യ യുദ്ധങ്ങൾക്കാണ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌.  തുടർന്ന്‌ കൂട്ടാളികൾക്കൊപ്പം തെക്കൻ ചൈനാ കടലിൽ നിലപാടെടുക്കുകയും ചെയ്യും.  കഴിഞ്ഞദിവസം ചൈനയെ വിമർശിച്ച്‌ ദേശീയ പ്രതിരോധ അധികാര നിയമ( എൻഡിഎഎ)ത്തിന്‌ അമേരിക്കൻ  പ്രതിനിധിസഭ ഭേദഗതി പാസാക്കിയത്‌ ഇതോട്‌ ചേർത്താണ്‌ വിലയിരുത്തേണ്ടത്‌.

ചൈനീസ്‌ കോൺസുലേറ്റ്‌

ചൈനീസ്‌ കോൺസുലേറ്റ്‌

ഹൂസ്റ്റണിലെ ചൈനീസ്‌ കോൺസുലേറ്റ്‌ 48 മണിക്കൂർ മാത്രം  സാവകാശം നൽകി അടച്ചുപൂട്ടാനും മൂന്നു ദിവസത്തിനുള്ളിൽ ടെക്‌സാസ്‌ നഗരത്തിലെ അതിന്റെ എല്ലാ പ്രവർത്തനവും അവസാനിപ്പിക്കാനും  അമേരിക്ക പുറപ്പെടുവിച്ച   അന്ത്യശാസനം പോലുള്ള ഉത്തരവ്‌ അത്യന്തം പ്രകോപനപരമാണ്‌. അമേരിക്കൻ ബൗദ്ധിക സ്വത്തും സ്വകാര്യ വ്യക്തിവിവരങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന  ന്യായീകരണമാണ്‌ അതിനു നിരത്തിയത്‌. തീരുമാനം അറിയിച്ച സ്‌റ്റേറ്റ്‌  ഡിപ്പാർട്ട്‌‌മെന്റ്‌  ചൈനക്കാർ തങ്ങളുടെ  പൗരന്മാരുടെ തൊഴിൽ വലിയതോതിൽ കവരുന്നതായും  ആരോപിച്ചു. കോൺസുലേറ്റ് സാധാരണപോലെ പ്രവർത്തിച്ചുവരികയായിരുന്നുവെന്നും അതിനാൽ അന്താരാഷ്‌ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ്‌ അമേരിക്കയുടേതെന്നുമാണ്‌  ചൈനീസ് വിദേശ  വക്താവ് വാങ്‌  വെൻബിൻ പ്രതികരിച്ചത്‌.  തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. നയതന്ത്ര പ്രതിനിധികളുടെ എണ്ണമെടുത്താൻ ചൈനയിൽ കൂടുതൽ അമേരിക്കക്കാരുണ്ടെന്നത്‌ മറക്കരുത്‌.   ചൈന‐ യുഎസ് ബന്ധം  അട്ടിമറിക്കുന്ന നീചവും നീതിരഹിതവുമായ ഇത്തരം നീക്കത്തെ ശക്തമായി അപലപിക്കുന്നു.  തെറ്റായ തീരുമാനം ഉടൻ പിൻലിക്കണമെന്നും അല്ലെങ്കിൽ  പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും വാങ് വെൻബിൻ മുന്നറിയിപ്പു നൽകി.

കുറച്ചുകാലമായി, അമേരിക്കൻ ഭരണകൂടം ചൈനീസ്‌  വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുകയും അകാരണമായി  കടന്നാക്രമിക്കുകയും സംശയത്തിന്റെ നിഴലിൽ നിർത്തുകയുമാണ്‌. യുഎസിലെ ചൈനീസ് നയതന്ത്ര, കോൺസുലേറ്റ് ഉദ്യോഗസ്ഥരെയും പ്രതിനിധികളെയും  ഉപദ്രവിക്കുന്നതും  ചൈനീസ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതും  ചോദ്യം ചെയ്യുന്നതും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും ശീലമാക്കിയ മട്ടാണ്‌. ചൈനീസ്‌ വംശജരായ മാധ്യമപ്രവർത്തകരോടും നിറഞ്ഞ അസഹിഷ്‌ണുത തന്നെ. നിസ്സാര കാര്യങ്ങൾക്കുപോലും  തടങ്കലിലാക്കുന്ന സംഭവങ്ങളും  അപൂർവമല്ല.  യുഎസിലെ  ചൈനീസ്‌ എംബസിയിലും കോൺസുലേറ്റുകളിലും അടുത്തിടെ വധഭീഷണികളും എത്തി. സ്‌ഫോടകവസ്‌തുക്കളും കണ്ടെടുക്കുകയുണ്ടായി. തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌ ട്രംപും ഉപദേശകരുമെടുത്തു ചുഴറ്റുന്ന ചൈനീസ്‌ വിരുദ്ധത തുറന്നു കാണിക്കുകകൂടി സാമ്രാജ്യത്വവിരുദ്ധ ശക്തികളുടെ അടിയന്തര കടമയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top