30 May Tuesday

ചൈനയെ തോൽപ്പിക്കാൻ വ്യാപാരയുദ്ധവും

വെബ് ഡെസ്‌ക്‌Updated: Friday Sep 21, 2018


അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ലോക സാമ്പത്തികയുദ്ധമായി മാറുകയാണ്. 14 ലക്ഷം കോടി രൂപയുടെ ചൈനീസ് ഉൽപ്പന്നങ്ങൾക്കാണ് 10 ശതമാനം ശിക്ഷാതീരുവ അമേരിക്ക തിങ്കളാഴ്ച ഏർപ്പെടുത്തിയത്.  ചൈനയിൽനിന്ന‌് അമേരിക്ക ഇറക്കുമതി ചെയ്യുന്ന പകുതിയോളം ഉൽപ്പന്നങ്ങൾക്കാണ് അധിക തീരുവ ചുമത്തിയത്. ചൈനയും അതേ നാണയത്തിൽ തിരിച്ചടിച്ചു. അമേരിക്കയിൽനിന്ന‌് ഇറക്കുമതിചെയ്യുന്ന നാലരലക്ഷം കോടി രൂപയുടെ സാധനങ്ങൾക്ക് ചൈനയും ശിക്ഷാതീരുവ ഏർപ്പെടുത്തി. ചൈനയിലേക്ക് അമേരിക്ക കയറ്റുമതിചെയ്യുന്ന 80 ശതമാനം സാധനങ്ങൾക്കും ഇതോടെ അധിക തീരുവ നൽകേണ്ടിവരും. സെപ്തംബർ 24ന് ഇരു രാഷ്ട്രവും ഏർപ്പെടുത്തിയ അധിക തീരുവ നിലവിൽ വരും. അമേരിക്കയ‌്ക്ക് വഴങ്ങിനിന്നിെല്ലങ്കിൽ 26,700 കോടി ഡോളറിന്റെ മൂന്നാംഘട്ട തീരുവ പ്രഖ്യാപിക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. 'അമേരിക്ക ഒന്നാമത്’ എന്ന ട്രംപ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ചൈനീസ് സമ്പദ്വ്യവസ്ഥയെ തകർക്കാനായി ശിക്ഷാതീരുവ പ്രഖ്യാപിച്ചത്.

ചൈന ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി മാറിയതോടെയാണ് അമേരിക്ക ആ രാജ്യത്തിനെതിരെ തിരിയാൻ തുടങ്ങിയത്.  ട്രംപിന്റെ നേതൃത്വത്തിൽ തീവ്ര ദേശീയവാദ സർക്കാർ അധികാരത്തിൽ വന്നതോടെ ഈ നീക്കങ്ങൾക്ക് വേഗം വർധിച്ചു. 'അമേരിക്ക ഒന്നാമത‌്’ എന്ന നയം സ്വീകരിച്ച് ചൈനയ‌്ക്കെതിരെ സാമ്പത്തികവും സൈനികവുമായ നീക്കം ശക്തിപ്പെടുത്താനാരംഭിച്ചു. ചൈനയിൽനിന്ന‌് ഇറക്കുമതിചെയ്യുന്ന സോളാർ സെല്ലുകൾക്കും വാഷിങ‌് മെഷീനുകൾക്കും യഥാക്രമം 30ഉം 20ഉം ശതമാനം ശിക്ഷാതീരുവ ഏർപ്പെടുത്തിക്കൊണ്ട് ജനുവരി 22നാണ് അമേരിക്ക വ്യാപാരയുദ്ധത്തിന് തുടക്കംകുറിച്ചത്.  മാർച്ച് ഒമ്പതിന് സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും തീരുവ ചുമത്തി ഈ നയം കടുപ്പിച്ചു. ഏപ്രിൽ രണ്ടിന് ചൈന തിരിച്ചടിച്ചു. 5000 കോടി ഡോളറിനുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചൈന ശിക്ഷാതീരുവ ഏർപ്പെടുത്തി. അമേരിക്കൻ പഴവർഗങ്ങൾക്കും മദ്യത്തിനും സോയാബീനും മറ്റുമാണ് ചൈന തീരുവ ഏർപ്പെടുത്തിയത്. 

തിങ്കളാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വീണ്ടും 20,000 കോടി ഡോളറിനുള്ള ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ശിക്ഷാതീരുവ ഏർപ്പെടുത്തിയത്. അരി, തുണിത്തരങ്ങൾ, ഹാൻഡ്ബാഗ് എന്നിവയുൾപ്പെടെ ആറായിരത്തോളം ഉൽപ്പന്നങ്ങൾക്കാണ് ഈ ശിക്ഷാതീരുവ ബാധകം. ആദ്യഘട്ടത്തിൽ 10 ശതമാനമാണ് തീരുവ. ചർച്ചയിലൂടെ പ്രശ്നപരിഹാരമാകുന്നില്ലെങ്കിൽ അടുത്തവർഷം ജനുവരിമുതൽ  തീരുവ 25 ശതമാനമായി ഉയരും. അമേരിക്കൻ ഭീഷണിക്കുമുമ്പിൽ ചൂളാതെ ചൈന അമേരിക്കയിൽനിന്ന് ഇറക്കുമതിചെയ്യുന്ന ചെറിയ വിമാനങ്ങൾ, കംപ്യൂട്ടറുകൾ, കോഫി തുടങ്ങി 5000 ഉൽപ്പന്നങ്ങൾക്ക് അഞ്ചുമുതൽ 10 ശതമാനംവരെ ശിക്ഷാ തീരുവ ചുമത്തി. ഇതോടെ ചൈന അമേരിക്കയിൽനിന്ന‌് ഇറക്കുമതിചെയ്യുന്ന മൊത്തം 11,000 കോടി ഡോളർ വിലവരുന്ന ഉൽപ്പന്നങ്ങൾക്ക‌്  ശിക്ഷാ തീരുവ ഏർപ്പെടുത്തി. അമേരിക്ക ചെയ്തതുപോലെ 20,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾക്കൊന്നും ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ കഴിയാത്തത് അത്രയും തുകയ‌്ക്കുള്ള ഇറക്കുമതി അമേരിക്കയിൽനിന്ന‌് ഇല്ലാത്തതിനാലാണ്.

അമേരിക്കയിൽനിന്ന‌് 13,000 കോടി ഡോളറിന്റെ ഇറക്കുമതിമാത്രമാണ് ചൈനയ‌്ക്കുള്ളത്. ചൈനയുമായുള്ള വ്യാപാരത്തിൽ 37,500 കോടി ഡോളറിന്റെ വ്യാപാരശിഷ്ടമാണ് അമേരിക്കയെ വേവലാതിപ്പെടുത്തുന്നത്. അമേരിക്കയുടെ വ്യാപാരശിഷ്ടത്തിന്റെ പകുതിയും ചൈനയുമായിട്ടുള്ളതാണെന്നതും ശിക്ഷാനടപടി സ്വീകരിക്കാൻ അമേരിക്കയെ നിർബന്ധിക്കുന്നു.

എന്നാൽ, അമേരിക്കയുടെ നടപടി അവർക്കെതിരെതന്നെ തിരിഞ്ഞുകുത്തുമെന്നാണ് 'ഫിനാൻഷ്യൽ ടൈംസു’പോലുള്ള പത്രങ്ങൾ അഭിപ്രായപ്പെടുന്നത്. വ്യാപാരയുദ്ധത്തിന്റെ തിക്ത ഫലം അനുഭവിക്കേണ്ടിവരിക ചൈനയിലുള്ള അമേരിക്കയിൽനിന്നുൾപ്പെടെയുള്ള വിദേശകമ്പനികളായിരിക്കുമെന്നാണ‌് പത്രം പറയുന്നത്. 

ചൈനയുടെ കയറ്റുമതിവ്യാപാരത്തിന്റെ 80 ശതമാനത്തിലധികവും വിദേശകമ്പനികളുടേതോ അവർക്ക് നിക്ഷേപമുള്ള സ്വകാര്യ കമ്പനികളുടേതോ ആണ്. ചൈനീസ് പൊതുമേഖലാ കമ്പനികളുടെ പങ്ക് കയറ്റുമതിയുടെ പത്ത് ശതമാനംമാത്രമാണ്. അതുകൊണ്ടുതന്നെ അമേരിക്കയുടെ ശിക്ഷാതീരുവ പ്രധാനമായും വിദേശകമ്പനികളെയാണ് ദോഷകരമായി ബാധിക്കുകയത്രേ.

അമേരിക്കയിലെ സാങ്കേതിക വിദ്യ കമ്പനികളുടെ സംഘടനയായ ഇൻഫർമേഷൻ ടെക്നോളജി ഇൻഡസ്ട്രീസ് കൗൺസിൽ സിഇഒ ഡീൻ ഗാർഫീൽഡ് ഇറക്കിയ പ്രസ്താവന പറയുന്നത് വ്യാപാരയുദ്ധം അന്തിമമായി അമേരിക്കൻ ഉപയോക്താക്കളെയും ഉൽപ്പാദന ഉടമകളെയും ബിസിനസുകാരെയുമാണ‌് കൂടുതലായും ബാധിക്കുകയെന്നാണ്. അമേരിക്കയിലെ സോയാബീൻ കർഷകരുടെ നാശത്തിനാണ് ട്രംപ് വിത്തിട്ടിരിക്കുന്നതെന്നാണ് അമേരിക്കൻ സോയാബീൻ കർഷകരുടെ അസോസിയേഷൻ വിലപിക്കുന്നത്. ഏതായാലും ചൈനയെ ഭീഷണിപ്പെടുത്തി ഇളവ് നേടാനുള്ള ട്രംപിന്റെ ശ്രമം വിജയിക്കാനുള്ള സാധ്യത വിരളമാണ്. ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിനാണ് ഇരു രാഷ്ട്രവും ശ്രമിക്കേണ്ടത്. ചർച്ചയ‌്ക്കായി ചൈനീസ് ഉപപ്രധാനമന്ത്രിയും പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായ ലിയു ഹി വാഷിങ‌്ടണിലേക്ക് തിരിക്കാനിരിക്കെയാണ് പുതിയ ശിക്ഷാതീരുവ ട്രംപ് പ്രഖ്യാപിച്ചത്. അതിനാൽ ലിയു ഹി വാഷിങ്ടൺ യാത്ര റദ്ദാക്കിയിരിക്കുകയാണ്. ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിനുള്ള വാതിലാണ് ട്രംപ് കൊട്ടിയടച്ചിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top