26 April Friday

യുപി ബിജെപിയിലെ ഭൂകമ്പം

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022


ഉത്തർപ്രദേശിൽ ഭരണം നിലനിർത്താനുള്ള ബിജെപിയുടെ പദ്ധതിയെ തകിടംമറിച്ചിരിക്കുകയാണ്‌ തൊഴിൽമന്ത്രി സ്വാമി പ്രസാദ്‌ മൗര്യയുടെയും വനം മന്ത്രി ദാരാസിങ്‌ ചൗഹാന്റെയും എംഎൽഎമാരുടെയും കൂട്ടരാജി. അധികാരഗർവോടെ നീങ്ങിയ ബിജെപി നേതാക്കൾക്ക്‌ ഓർക്കാപ്പുറത്ത്‌ കിട്ടിയ പ്രഹരമാണിത്‌. സ്ഥാനാർഥി പട്ടികയ്‌ക്ക്‌ _രൂപംനൽകാൻ ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സാന്നിധ്യത്തിൽ ഡൽഹി ഉന്നതതലയോഗം ചേരാനിരിക്കെയാണ്‌ ഉത്തർപ്രദേശിൽ ഈ ആഘാതമുണ്ടായത്‌. തെരഞ്ഞെടുപ്പ്‌ സമയങ്ങളിൽ ഇതര പാർടികളിൽനിന്ന്‌ നേതാക്കളെ കൂറുമാറ്റിയെടുത്ത്‌ എതിരാളികളെ _അമ്പരപ്പിച്ചിരുന്ന ബിജെപി സ്വന്തം ശക്തികേന്ദ്രത്തിലേറ്റ തിരിച്ചടിയുടെ തരിപ്പിലാണ്‌. തന്റെ രാജി ബിജെപിയിൽ ഭൂകമ്പം സൃഷ്‌ടിച്ചുവെന്നാണ്‌ സ്വാമി പ്രസാദ്‌ പ്രതികരിച്ചത്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ ബിഎസ്‌പിയിൽനിന്ന്‌ എത്തിയ സ്വാമി പ്രസാദും ദാരാസിങ്ങും ജനകീയമുഖമുള്ള നേതാക്കളാണ്‌. യാദവേതര പിന്നാക്കവിഭാഗങ്ങളെ _ആകർഷിക്കാൻ കഴിയുന്ന നേതാവ്‌ എന്ന നിലയിലാണ്‌ ബിജെപി  വരവേറ്റത്‌. ഹിന്ദുത്വപ്രചാരണത്തിനൊപ്പം _ജാതികളെയും ഉപജാതികളെയും ഇത്തരത്തിൽ ഏകോപിപ്പിച്ചുമാണ്‌ ബിജെപി 2017ൽ അധികാരം പിടിച്ചത്‌. എന്നാൽ, ഒട്ടേറെ മുതിർന്ന നേതാക്കളെ മറികടന്ന്‌ പാർടിയിൽ താരതമ്യേന ജൂനിയറായ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത്‌ അന്നേ അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കേശവ്‌ പ്രസാദ്‌ മൗര്യക്ക്‌ ഉപമുഖ്യമന്ത്രിസ്ഥാനമാണ്‌ നൽകിയത്‌. ആദിത്യനാഥിന്റെ കീഴിൽ പ്രവർത്തിക്കേണ്ടിവരുന്നതിൽ കേശവ്‌ പ്രസാദ്‌ പലപ്പോഴും പരസ്യ അതൃപ്‌തി പ്രകടിപ്പിച്ചു. ബിജെപി അധികാരത്തിൽ തിരിച്ചുവന്നാൽ ആരാകണം മുഖ്യമന്ത്രി എന്നതിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. ആദിത്യനാഥ്‌ തന്നെയാണ്‌ മുഖ്യമന്ത്രിസ്ഥാനാർഥിയെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്‌ ഷായും ആവർത്തിക്കുന്നത്‌ കേശവ്‌ പ്രസാദ്‌ വകവച്ചിട്ടില്ല.

ആദിത്യനാഥിനെതിരെ പാർടിയിലെയും സംഘപരിവാറിലെയും വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ ഉയർന്ന കലാപം നിയന്ത്രണവിധേയമാക്കാൻ ഇതുവരെ ദേശീയനേതൃത്വത്തിനു കഴിഞ്ഞു. മന്ത്രിസഭ വികസിപ്പിച്ചും കലാപകാരികൾക്ക്‌ താക്കീത്‌ നൽകിയും വിമതനീക്കങ്ങൾക്ക്‌ തടയിട്ടു. ഇതിന്റെ ആത്മവിശ്വാസത്തിൽ സ്ഥാനാർഥിനിർണയത്തിലേക്ക്‌ നീങ്ങവെയാണ്‌ _സ്വാമി പ്രസാദിന്റെയും കൂട്ടരുടെയും രാജി. സ്വാമി പ്രസാദ്‌ സമാജ്‌വാദിപാർടി(എസ്‌പി)യിലേക്ക്‌ നീങ്ങിയത്‌ ബിജെപിയുടെ അങ്കലാപ്പ്‌ കൂട്ടുന്നു. ജാട്ടുകൾക്ക്‌ സ്വാധീനമുള്ള ആർഎൽഡിയുമായി എസ്‌പി സഖ്യമുണ്ടാക്കി. മുൻമന്ത്രി ഒ പി രാജ്‌ഭറിന്റെ _സുഹേൽദേവ്‌ ഭാരതീയ സമാജ്‌ പാർടിയും എൻഡിഎ വിട്ട്‌ _എസ്‌പിയോടൊപ്പമാണ്‌. യാദവ, മുസ്ലിം വോട്ടുകൾ എസ്‌പിക്ക്‌ ഉറപ്പുള്ളതാണ്‌. _യാദവേതര പിന്നാക്കവിഭാഗങ്ങൾ ഉത്തർപ്രദേശ്‌ ജനസംഖ്യയുടെ 35 ശതമാനത്തോളം വരും. ഇതു സമാഹരിക്കാനുള്ള ബിജെപി പദ്ധതി പൊളിക്കുന്നതാണ്‌ സ്വാമി പ്രസാദിന്റെയും കൂട്ടരുടെയും രാഷ്‌ട്രീയനിലപാട്‌ മാറ്റം. എൻഡിഎ സഖ്യകക്ഷിയായ അപ്‌നാദൾ എസ്‌പിയുമായി ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുണ്ട്‌.

ബിജെപി പാളയത്തിൽനിന്നുള്ള ചോർച്ചകൾ വിജയസാധ്യതയുള്ള പാർടി എന്ന പ്രതിച്‌ഛായയും തകർത്തു. കേന്ദ്രത്തിലെ അധികാരത്തോടൊപ്പം സംസ്ഥാനം അഞ്ച്‌ വർഷമായി ഭരിക്കുകയും ചെയ്യുന്ന ബിജെപിക്ക്‌ വികസനഅജൻഡയൊന്നുമില്ല. ബിജെപിക്കെതിരെ കർഷകരുടെയും തൊഴിലാളികളുടെയും _രോഷം _പ്രകടമാണ്‌. _രോഷവും വേദനയും പ്രകടിപ്പിച്ച്‌ _ ബിഎംഎസുപോലും പ്രധാനമന്ത്രിക്ക്‌ പരാതി നൽകി. തീവ്രവർഗീയ പ്രചാരണവും പണക്കൊഴുപ്പുമാണ്‌ ബിജെപിക്ക്‌ ആശ്രയം. കർഷകരെയും ദളിതരെയും ചെറുകിട വ്യാപാരികളെയും തൊഴിൽരഹിതരെയും ആതിത്യനാഥ്‌ സർക്കാരും ബിജെപിയും അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ്‌ രാജിയെന്ന്‌ സ്വാമി പ്രസാദ്‌ രാജിക്കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്‌. പരാതികൾ ചർച്ചചെയ്യാൻ ബിജെപിയിൽ വേദിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബംഗാൾ, തമിഴ്‌നാട്‌, കേരളം എന്നിവിടങ്ങളിൽ ബിജെപിക്ക്‌ നേരിട്ട ദയനീയ പരാജയം മോദിയുടെയും അമിത്‌ ഷായുടെയും അപ്രമാദിത്വം തകർത്തു. മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമം തകർന്നതും ബിജെപിക്ക്‌ തിരിച്ചടിയായി. പ്രാദേശികകക്ഷികളും ബിജെപിയിൽനിന്ന്‌ അകലുകയാണ്‌. ഏതുവിധേനയും ജയിക്കാൻ കഴിയുന്ന പാർടിയാണ്‌ ബിജെപിയെന്ന ആഖ്യാനത്തിനു മങ്ങലേറ്റു. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർക്കെതിരെ നിരന്തരകലാപമാണ്‌. കർണാടകം, ഉത്തരാഖണ്ഡ്‌ അടക്കമുള്ള സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ മാറ്റേണ്ടിവന്നു. ഇത്തരം പ്രവണതകൾക്കും ആക്കംകൂട്ടുന്നതാണ്‌ ഉത്തർപ്രദേശിലെ ഈ സംഭവവികാസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top