01 October Sunday

ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019


ഉന്നാവ്‌ കുട്ടബലാത്സംഗക്കേസിലെ പെൺകുട്ടിയെയും കുടുംബത്തെയും വകവരുത്താൻ ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ഗൂഢനീക്കം പുറത്തുകൊണ്ടുവരാനും കുറ്റവാളികളുടെ രക്ഷകരായി ഭരണവ്യവസ്ഥതന്നെ മാറുന്നതിന്‌ തടയിടാനും സുപ്രീംകോടതിയുടെ ഇടപെടൽ പര്യാപ്‌തമാകുമെന്ന്‌ പ്രത്യാശിക്കാം. ഒരു പെൺകുട്ടിയെ എംഎൽഎയും കൂട്ടരും ബലാത്സംഗം ചെയ്യുന്നു. പിന്നീട്‌ പെൺകുട്ടിയുടെ അമ്മയെ  മറ്റൊരു കൂട്ടർ ബലാത്സംഗം ചെയ്യുന്നു. പൊലീസ്‌ അച്ഛനെ കള്ളക്കേസിൽ കുടുക്കി മർദിച്ചുകൊല്ലുന്നു. കേസിലെ ദൃക്‌സാക്ഷി ദുരൂഹസാഹചര്യത്തിൽ മരിക്കുന്നു. ബലാത്സംഗക്കേസിന്റെ  വിചാരണ അടുത്തപ്പോൾ  ഇര സഞ്ചരിച്ച വാഹനത്തിൽ ലോറിയിടിച്ച്‌  രണ്ടുപേർ കൊല്ലപ്പെടുന്നു. ആസൂത്രകർ ലക്ഷ്യമിട്ട പെൺകുട്ടി വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരടിക്കുന്നു. ഇത്രയും വസ്‌തുതകൾക്ക്‌ മുമ്പിലാണ്‌ ഇന്ത്യയുടെ മുഖ്യന്യായാധിപൻ പൊട്ടിത്തെറിച്ചത്‌. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന ചീഫ്‌ ജസ്റ്റിസിന്റെ ചോദ്യം ചെന്നുതറയ്‌ക്കുന്നത്‌ രാജ്യം ഭരിക്കുന്ന കക്ഷിയുടെ നെഞ്ചത്തുതന്നെയാണ്‌.  ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട കേസുകൾ ഡൽഹിയിലേക്ക് മാറ്റാനും 45 ദിവസത്തിനുള്ളിൽ വിചാരണ  പൂർത്തിയാക്കാനും  പെൺകുട്ടിക്കും കുടുംബത്തിനും കേന്ദ്രസേനയുടെ സംരക്ഷണം നൽകാനും പരമോന്നതകോടതി  ഉത്തരവിട്ടു. അപകടത്തെക്കുറിച്ച്‌ ഏഴു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്  സമർപ്പിക്കാനും  നിർദേശിച്ചു.  

ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും എതിർപ്പുകൾ അവസാനിപ്പിക്കുകയെന്നതാണ്‌ സംഘപരിവാറിന്റെ രീതി. കുറ്റവാളികളെ രക്ഷിക്കാൻ ഇരകളെ പിന്തുടർന്ന്‌ വേട്ടയാടുന്നതും ഇതിന്റെ ഭാഗമാണ്‌. ഭരണസംവിധാനങ്ങളും കൈയൂക്കും തരംപോലെ ഉപയോഗിക്കുമ്പോൾ  മറുവശത്ത്‌ ആരാണെന്ന്‌ നോക്കാറില്ല. സമൂഹത്തിൽ ഏറ്റവും അടിത്തട്ടിൽ കിടക്കുന്ന  ദളിതർമുതൽ സുപ്രീംകോടതി ജഡ്‌ജിവരെ സംഘപരിവാറിന്റെ അതിക്രമങ്ങൾക്ക്‌ ഇരയായിക്കൊണ്ടിരിക്കുന്നു. വയോധികരായ സാസ്‌കാരികനായകരും വനിതകൾ ഉൾപ്പെടെയുള്ള  മാധ്യമപ്രവർത്തകരും വെടിയേറ്റുവീഴുന്നു. ബിജെപി നേതാക്കൾ പ്രതികളായ  കേസുകൾ വിചാരണയ്‌ക്കെടുത്ത ജഡ്‌ജിമാരെ  മരിച്ചനിലയിൽ കണ്ടെത്തുന്നു. രാമരാജ്യവും  ഗോരക്ഷയുമൊക്കെ  ലക്ഷ്യമാക്കി തെരുവിലിറങ്ങുന്ന ഹിന്ദുത്വവാദികളുടെ കടന്നാക്രമണങ്ങൾ വേറെയും. ജയ്‌ ശ്രീറാം മുഴക്കിയും അല്ലാതെയും  പാവങ്ങളെ തല്ലിക്കൊല്ലുന്നു.  ഇതെല്ലാമാണ്‌ മോഡിയുടെ ഭരണത്തിൽ ഇന്ത്യയുടെ ചിത്രം.

പൊലീസിനെ ഉപയോഗിച്ചുള്ള വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ഭീകരപ്രവർത്തനം നടത്തി കുറ്റം ന്യൂനപക്ഷങ്ങളുടെ ചുമലിൽചാരൽ, തുടർന്നുള്ള വംശഹത്യകൾ;  ഇത്തരത്തിൽ എത്രയെത്ര  സംഘപദ്ധതികൾ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മനുഷ്യത്വരഹിതമായ നിരവധി കുറ്റകൃത്യങ്ങൾ അടിക്കടി ഉണ്ടാകുന്നു. മിക്കതിലും പ്രതികൾ സംഘബന്ധുക്കൾതന്നെ. ജമ്മുവിനടുത്ത് കഠ്‌വയിലെ രസാന ഗ്രാമത്തിൽ എട്ടുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി  സ്വകാര്യ അമ്പലത്തിൽ തടവിൽ‌വച്ച്‌ ഒരാഴ്‌ചക്കാലം കൂട്ടബലാത്സംഗംചെയ്‌തശേഷം കൊലപ്പെടുത്തി.  ഇത്തരം കേസുകൾ അട്ടിമറിക്കാൻ ഏതറ്റംവരെ  പോകാനും അവർ മടിക്കാറില്ല. 

ഉന്നാവിലെ നിരാലംബയായ പെൺകുട്ടിയുടെ  ജീവിതം മഹാദുരന്തമാക്കിയതും  ഭരണം കൈയാളുന്നവർതന്നെ. സിനിമാക്കഥയെ വെല്ലുന്ന ദുരനുഭവങ്ങളിലൂടെ  കടന്നുപോയ അവൾ ഇപ്പോൾ ജീവിതത്തിനും  മരണത്തിനും  ഇടയിലുള്ള നൂൽപ്പാലത്തിലാണ്‌.  ഒരു സാധാരണ കുടുംബത്തിലെ അംഗമായ ആ പതിനാറുകാരി എന്തെങ്കിലും ജോലിക്ക്‌ സഹായംതേടിയാണ്‌  ഉന്നാവ്‌ ജില്ലയിലെ ബംഗർമാ  എംഎൽഎ കുൽദീപ്‌ സെൻഗറിന്റെ വീട്ടിലെത്തിയത്‌.  എംഎൽഎയും കൂട്ടാളികളുംചേർന്ന്‌ ക്രൂരമായ ബലാത്സംഗത്തിന്‌ പെൺകുട്ടിയെ ഇരയാക്കി. പാവപ്പെട്ട കുടുംബം പരാതിയുമായി എല്ലാ വാതിലിലും മുട്ടിയെങ്കിലും യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന യുപിയിൽ അതൊന്നും ഒരു കുറ്റമേ ആയിരുന്നില്ല.

പ്രതികളെ ഒഴിവാക്കി മറ്റുചിലരുടെപേരിൽ കേസെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചതിന്‌ പെൺകുട്ടിയുടെ അച്ഛനെ എംഎൽഎയുടെ ബന്ധുക്കൾ മരത്തിൽ കെട്ടിയിട്ട്‌ മർദിച്ചു.  ആയുധങ്ങൾ കൈവശംവച്ചെന്ന കുറ്റംചുമത്തി  പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ മർദിച്ചു. 

നിസ്സഹായയായ പെൺകുട്ടി നീതിതേടി മുഖ്യമന്ത്രിയുടെ വീടിന്‌ മുന്നിലെത്തി തീകൊളുത്തി ആത്മഹത്യക്ക്‌ ശ്രമിച്ചതോടെയാണ്‌ സംഭവം വാർത്തയായത്‌. പിന്നീടങ്ങോട്ട്‌ വിവരണാതീതമായ യാതനകളാണ്‌ ആ കുടുംബത്തിന്‌ അനുഭവിക്കേണ്ടിവന്നത്‌. പൊലീസിന്റെ മൂന്നാംമുറയിൽ അന്തരാവയങ്ങൾ തകർന്ന്‌  അച്ഛൻ  മരിച്ചു. ഇതോടെ മാധ്യമശ്രദ്ധ ലഭിച്ച കേസ്‌  സിബിഐ ഏറ്റെടുത്തു. എംഎൽഎ റിമാൻഡിലായതോടെ തെളിവുനശിപ്പിക്കാനും കുടുംബത്തെ വേട്ടയാടാനുമുള്ള  ശ്രമങ്ങൾ പൊലീസും  ഭരണകക്ഷിയും ശക്തിപ്പെടുത്തി. കേസിലെ മുഖ്യസാക്ഷി  കച്ചവടക്കാരൻ യൂനസ്‌ഖാൻ കൊല്ലപ്പെട്ടതോടെ  പെൺകുട്ടിയും കുടുംബവും തീർത്തും അരക്ഷിതാവസ്ഥയിലായി. പേരിന്‌ പൊലീസ്‌ സംരക്ഷണം നൽകിയെങ്കിലും മരണഭീതിയോടെ കുടുംബം നിയമപോരാട്ടം തുടർന്നു.  ജൂലൈ ആദ്യം സുപ്രീംകോടതിക്ക്‌ പെൺകുട്ടി കത്തെഴുതിയത്‌ ഇക്കാരണത്താലാണ്‌. എന്നാൽ, ആ കത്ത്‌ ചീഫ്‌ ജസ്റ്റിസിന്റെ മുന്നിലെത്തുംമുമ്പ്‌ കുടുംബം ആക്രമിക്കപ്പെട്ടു. അടുത്ത ബന്ധുക്കളായ രണ്ട്‌ സ്‌ത്രീകൾ കൊല്ലപ്പെട്ടു. പെൺകുട്ടിയും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. കത്ത്‌ പരിഗണനയ്‌ക്ക്‌ വയ്‌ക്കാൻ എന്തുകൊണ്ട്‌ വൈകിയെന്ന ചീഫ്‌ ജസ്റ്റിസിന്റെ ചോദ്യം കേസിന്റെ നാൾവഴികൾ പരിശോധിക്കുമ്പോൾ ഗൗരവമുള്ളതാണ്‌.

ജയിലിൽ അമ്മാവനെ സന്ദർശിക്കാൻപോയ പെൺകുട്ടിയുടെ യാത്രാവിവരങ്ങൾ ചോർത്തിനൽകിയത്‌ സുരക്ഷയ്‌ക്ക്‌ നിയോഗിക്കപ്പെട്ട പൊലീസുകാർ തന്നെയാണെന്ന സംശയം എഫ്‌ഐആറിലുണ്ട്‌. അപകടം ആകസ്‌മികമാണെന്ന്‌ വരുത്താനുള്ള ശ്രമം വിലപ്പോകുമെന്ന്‌ തോന്നുന്നില്ല. എന്നാൽ, നമ്പർ പ്ലേറ്റ്‌ മറച്ച ലോറിയും സുരക്ഷാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യവും ഉൾപ്പെടെ ഗൗരവമാർന്ന സാഹചര്യത്തെളിവുകൾ ഉണ്ടായിട്ടും പൊലീസ്‌ ഉണർന്ന്‌ പ്രവർത്തിച്ചില്ല. ഉത്തർ പ്രദേശ്‌ കൃഷിമന്ത്രി രൺവേന്ദ്ര പ്രതാപ്‌ സിങ്ങിന്റെ മകളുടെ ഭർത്താവ്‌ അരുൺ സിങ്‌ അപകടകേസിലെ മുഖ്യപ്രതിയാണെന്നതും ഗൗരവമർഹിക്കുന്നു.  ഈ പശ്ചാത്തലത്തിൽ അന്വേഷണവും വിചാരണയും സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാക്കാനുള്ള തീരുമാനം ഏറ്റവും ഉചിതമായതുതന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top