09 June Friday

അമേരിക്കയിൽ അനിശ്ചിതത്വം

വെബ് ഡെസ്‌ക്‌Updated: Thursday Nov 5, 2020


അമേരിക്കയുടെ 46–-ാമത്തെ പ്രസിഡന്റ്‌‌ ആരായിരിക്കുമെന്ന  കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല.  പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനു തന്നെയാണ്‌ മുൻതൂക്കം ലഭിക്കുകയെന്ന വിലയിരുത്തലാണ്‌ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്‌. എന്നാൽ, വോട്ടെണ്ണൽ പുരോഗമിച്ചതോടെ പോരാട്ടം ഇഞ്ചോടിഞ്ചായി മാറി. വോട്ടെണ്ണൽ പുരോഗമിക്കുന്ന അര ഡസനോളം സംസ്ഥാനങ്ങളിലെ ഫലമാണ്‌ നിർണായകമാകുക. 2016ലെ  തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം സൃഷ്ടിക്കാൻ റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥിയായ ട്രംപിന്‌ കഴിഞ്ഞിട്ടില്ലെന്ന്‌ വ്യക്തം. എന്നിട്ടും വൻവിജയം നേടിയതായി ട്രംപ്‌ എകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, ശുഭാപ്‌തി വിശ്വാസമുണ്ടെന്നും വിജയത്തിലേക്കുള്ള വഴിത്താരയിലാണ്‌ താനെന്നുമാണ്‌ ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥി ജോ ബൈഡൻ പറഞ്ഞത്‌. കഴിഞ്ഞതവണ റിപ്പബ്ലിക്കന്മാർക്ക്‌ ഭൂരിപക്ഷം ലഭിച്ച ചില സംസ്ഥാനത്ത്‌ ഡെമോക്രാറ്റുകൾക്ക്‌ മുന്നേറ്റം നേടാൻ കഴിഞ്ഞതാണ്‌ മത്സരം കടുത്തതായത്‌. സങ്കീർണമായ തെരഞ്ഞെടുപ്പ്‌ രീതിയുള്ളതിനാൽ തന്നെ അന്തിമ ഫലം അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. അവസാനത്തെ ചിരി ആരുടേതെന്ന്‌ അറിയാൻ ഇനിയും വൈകും.

തെരഞ്ഞെടുപ്പുകാലത്തെ എല്ലാ അഭിപ്രായ സർവേയിലും ജോ ബൈഡനായിരുന്നു മുന്നിൽ. ട്രംപിനേക്കാൾ 7.8 ശതമാനം ലീഡ്‌ ബൈഡന്‌ ഉണ്ടാകുമെന്നായിരുന്നു ഏറ്റവും അവസാനത്തെ പ്രവചനം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന ഹിലരി ക്ലിന്റനാണ്‌ അഭിപ്രായ സർവേകളിൽ മുന്നിട്ടുനിന്നതെങ്കിലും അവസാനം വിജയിച്ചത്‌ ട്രംപായിരുന്നു. അതേ ഫലം ഇക്കുറിയും ആവർത്തിക്കപ്പെടുമോ എന്നുപറയാൻ കഴിയില്ല. സാമ്പത്തിക പ്രതിസന്ധി, കോവിഡ്‌ പ്രതിരോധത്തിലെ പാളിച്ചകൾ, വംശീയാക്രമണങ്ങൾ, വികലമായ വിദേശനയം എന്നിവയാണ്‌ ട്രംപ്‌ ഭരണത്തിന്റെ മുഖമുദ്രകൾ. ശാസ്‌ത്രീയമായ എല്ലാ നിഗമനത്തെയും കാറ്റിൽ പറത്തി കൊറോണ പ്രതിരോധത്തെ തകർക്കാനാണ്‌ ട്രംപ്‌ തയ്യാറായത്‌. അവസാനം ട്രംപിനു തന്നെ രോഗബാധയുണ്ടാകുകയും ചെയ്‌തു. ജോർജ്‌ ഫ്ലോയ്‌ഡ് ഉൾപ്പെടെയുള്ള കറുത്തവംശജർ കൊല്ലപ്പെട്ടതിനെതിരെയും വൻ പ്രതിഷേധമാണ്‌ അമേരിക്കയിൽ ഉയർന്നത്‌. അതോടൊപ്പം പാരീസ്‌ കാലാവസ്ഥാ വ്യതിയാനക്കരാറിൽനിന്നും ഇറാൻ ആണവക്കരാറിൽനിന്നും ലോകാരോഗ്യ സംഘടനയിൽനിന്നും അമേരിക്ക പിൻവാങ്ങുകയും അഫ്‌ഗാനിൽ താലിബാന്‌ മേൽക്കൈ ലഭിക്കുംവിധം കരാറിൽ എത്തുകയും ചെയ്‌തത്‌  ട്രംപിന്റെ വിദേശനയത്തിന്റെ പാളിച്ചയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. ലോക മുതലാളിത്തത്തിന്റെ ജിഹ്വകളായ ‘വാൾസ്‌ട്രീറ്റ്‌ ജേർണ’ലും ‘ഇക്കോണമിസ്റ്റ്‌’‌ വാരികയും മാത്രമല്ല ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ശാസ്‌ത്ര പ്രസിദ്ധീകരണങ്ങളായ ‘നാച്വറും’ ‘സയന്റിഫിക് അമേരിക്കനും’ മറ്റും ട്രംപിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. എന്നിട്ടും പിടിച്ചുനിൽക്കാൻ ട്രംപിന്‌ കഴിഞ്ഞെന്നാണ്‌ തെരഞ്ഞെടുപ്പു ഫലങ്ങൾ വ്യക്തമാക്കുന്നത്‌.


 

ഇതിനിടയിൽ വോട്ടെണ്ണൽ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയെ സമീപിക്കുമെന്ന ട്രംപിന്റെ പ്രസ്‌താവന വലിയ ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്‌. വിജയിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന സന്ദേശമല്ലേ ഇത്‌ നൽകുന്നതെന്ന സംശയം സ്വാഭാവികമായും ഉയരുന്നുണ്ട്‌. തുടക്കംമുതൽ തന്നെ തപാൽ വോട്ടിനെ ട്രംപ്‌ എതിർത്തിരുന്നു. കൃത്രിമത്വത്തിന്‌ സാധ്യതയുണ്ടെന്ന്‌ പറഞ്ഞാണ്‌ ഇത്‌. അതിനാൽ റിപ്പബ്ലിക്കന്മാരോട്‌ വോട്ടെടുപ്പ്‌ ദിവസം ബൂത്തിലെത്തി വോട്ട്‌ ചെയ്യാൻ ട്രംപ്‌ ആഹ്വാനം ചെയ്യുകയുമുണ്ടായി. തപാൽ വോട്ട്‌ പ്രധാനമായും ഉപയോഗപ്പെടുത്തിയത്‌ ഡെമോക്രാറ്റുകളുമാണ്‌. അതിനാൽ ചൊവ്വാഴ്‌ച അർധരാത്രിവരെ എണ്ണിയ തപാൽ വോട്ടുകൾ മാത്രമേ സാധുവാകൂ എന്ന വിചിത്ര വാദമാണ്‌ ട്രംപ്‌ ഉന്നയിക്കുന്നത്‌. മാത്രമല്ല, ആയുധ ധാരികളായ റിപ്പബ്ലിക്കൻ തീവ്രവാദികൾ വോട്ടെണ്ണൽ കേന്ദ്രത്തിനു മുമ്പിൽ തടിച്ചുകൂടി പ്രശ്‌നമുണ്ടാക്കുന്നതായ വാർത്തകളും പുറത്തുവരുന്നുണ്ട്‌.  തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ട്രംപും കൂട്ടരും ഗൂഢാലോചന നടത്തുന്നതായി നേരത്തേ തന്നെ ആരോപണമുയർന്നിരുന്നു. ഇനിയും ഫലം വരാത്ത സംസ്ഥാനങ്ങളിൽ തപാൽ വോട്ടുകൾ ഫലം നിർണയിക്കുന്ന സ്ഥിതി വന്നാൽ വിജയം ഉറപ്പിക്കാനാകില്ലെന്ന സന്ദേഹമാണ്‌ ട്രംപിനെ അലട്ടുന്നത്‌. 

കഴിഞ്ഞ തെരഞ്ഞെടുപ്പിലേതുപോലെ തന്നെ വെള്ളമേധാവിത്വ ശക്തികളും അതിസമ്പന്നരും ട്രംപിനെ പിന്തുണച്ചെന്നുവേണം കരുതാൻ. കറുത്തവർഗക്കാർക്കെതിരെയുള്ള ആക്രമണങ്ങളും അതിനുശേഷമുണ്ടായ കലാപങ്ങളും മറ്റും വോട്ട് ‌ധ്രുവീകരണത്തിനായി ട്രംപ്‌ ശക്തമായി ഉപയോഗിച്ചു. അതോടൊപ്പം കൊറോണയെ നിസ്സാരവൽക്കരിച്ചും ലോക്ഡൗണിനെ എതിർത്തുമുള്ള ട്രംപിന്റെ നയവും ബിസിനസ്‌ വിഭാഗത്തെ കൂടെ നിർത്താൻ സഹായിച്ചു. കുടിയേറ്റ വിരുദ്ധ, ഇസ്ലാം വിരുദ്ധ നയസമീപനങ്ങളും തൊഴിൽ നഷ്ടമായ അമേരിക്കൻ മധ്യവർഗത്തെ ട്രംപിനോട്‌ അടുപ്പിച്ചു. ഇതാണ്‌ അഭിപ്രായ സർവേകളിൽനിന്നും വ്യത്യസ്‌തമായി മത്സരത്തിൽ പിടിച്ചുനിൽക്കാൻ ട്രംപിനെ സഹായിച്ചതെന്നാണ്‌ വിലയിരുത്തൽ. അന്തിമ വിജയം ആർക്കായിരിക്കുമെന്ന്‌ ഉറപ്പിക്കാനായിട്ടില്ല. ആരു വിജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാകില്ലെന്ന്‌ ഉറപ്പാണ്‌. നിയമപോരാട്ടത്തിന്‌  ട്രംപ്‌ ഇറങ്ങിത്തിരിച്ചാൽ അന്തിമഫലം അറിയാൻ ദിവസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top