27 April Saturday

ബജറ്റ് തുകപോലും ചെലവാക്കാതെ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021



വലിയ വാഗ്ദാനങ്ങളുടെ പെരുമ്പറകൊട്ടലും പ്രഖ്യാപിച്ച പദ്ധതികൾക്ക് ആവശ്യമായ പണം അനുവദിക്കാതിരിക്കുന്നതും മോദി സർക്കാരിന്റെ പതിവ് പരിപാടിയാണ്. ബജറ്റിൽ പ്രഖ്യാപിക്കുന്ന തുകപോലും സർക്കാർ യഥാസമയം ചെലവാക്കുന്നില്ലെന്നാണ് ഒടുവിൽ വെളിപ്പെടുന്നത്. ചരക്കു സേവന നികുതി വരുമാനമടക്കം വർധിച്ചതായി സർക്കാർ തുടർച്ചയായി അവകാശപ്പെടുമ്പോഴും അനിവാര്യമായ മേഖലകളിലടക്കം ചെലവുകൾ ചുരുക്കുന്നു. കോവിഡ് മഹാമാരിയെ നേരിടാനെന്ന പേരിൽ പ്രഖ്യാപിച്ച പാക്കേജുകളടക്കം സർക്കാരിന്റെ കൈയിൽനിന്ന് കാര്യമായി പൈസ ചെലവാക്കാത്ത പരിപാടികളായിരുന്നു. വെറും വായ്പാ പ്രഖ്യാപനങ്ങൾമാത്രം. കോവിഡ്കാലത്ത് വൻകിട മുതലാളിത്ത രാജ്യങ്ങൾപോലും പൊതുചെലവ് വർധിപ്പിക്കാൻ തയ്യാറായിട്ടും നമ്മുടെ കേന്ദ്ര സർക്കാർ അനങ്ങിയില്ല. ചെലവ് വർധിപ്പിച്ചാൽ ധനകമ്മി കൂടുമെന്ന യാഥാസ്ഥിതിക നയം മുറുകെപ്പിടിക്കുകയാണ് മോദി ഭരണം. കൂടുതൽ നോട്ടടിച്ച് പ്രശ്നം പരിഹരിക്കാമെന്ന പുതിയ പണ സിദ്ധാന്തമൊന്നും ഈ സർക്കാരിന് ബാധകമല്ല.

വിവിധ മേഖലകൾക്ക് സർക്കാർ ബജറ്റിൽ അനുവദിച്ച തുകപോലും യഥാവിധി ചെലവാക്കുന്നില്ലെന്ന് കംപ്‌ട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സിന്റെ (സിജിഎ) റിപ്പോർട്ടിൽനിന്നാണ് അറിയാൻ കഴിയുന്നത്. (ധനമന്ത്രാലയത്തിൽ എക്സ്പെൻഡിച്ചർ വിഭാഗത്തിൽ പ്രവർത്തിക്കുന്ന സിജിഎ സർക്കാരിന്റെ പ്രിൻസിപ്പൽ അക്കൗണ്ടിങ്‌ ഉപദേശകനാണ്). നടപ്പു ധനവർഷത്തിന്റെ എട്ടുമാസം പിന്നിടാറായി. എന്നാൽ, ഏപ്രിൽമുതൽ സെപ്തംബർവരെയുള്ള ആറുമാസക്കാലയളവിൽ 47 ശതമാനം തുകമാത്രമാണ് ചെലവാക്കിയിട്ടുള്ളത്.  മഹാമാരിക്കു മുമ്പേയുള്ള കാലത്ത് ഏപ്രിൽ–-- സെപ്തംബർ കാലയളവിൽ ബജറ്റ് തുകയുടെ 53 ശതമാനം ചെലവാക്കിയിരുന്നു.

നടപ്പുവർഷത്തിൽ മാത്രമല്ല, കോവിഡ് രൂക്ഷമാകുകയും പൂർണവും ഭാഗികവുമായ അടച്ചുപൂട്ടലുകൾ തുടരുകയും ചെയ്ത 2020–21 വർഷത്തിലെ ആദ്യ ആറുമാസത്തെ ബജറ്റ് ചെലവ് 49 ശതമാനം മാത്രമായിരുന്നു. സമ്പദ് വ്യവസ്ഥയുടെ സകലമേഖലയും തകരുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും സ്വകാര്യ മുതൽമുടക്ക് ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ചെലവ് വർധിപ്പിക്കേണ്ടത് സ്വാഭാവിക യുക്തിമാത്രം. എന്നാൽ, ചെലവ് ചുരുക്കാനാണ് കേന്ദ്രം തയ്യാറായത്.

നടപ്പു ധനവർഷത്തിലെ ബജറ്റിൽ പറഞ്ഞ മൊത്തം ചെലവ് 38.8 ലക്ഷം കോടി രൂപ. സെപ്തംബർ അവസാനംവരെ 47 ശതമാനമേ ചെലവാക്കിയിട്ടുള്ളൂ എന്നുപറഞ്ഞാൽ പകുതിപോലും ചെലവാക്കിയില്ലെന്ന് ചുരുക്കം. പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യവിതരണം, തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ സഹായം, കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് വിതരണം എന്നിവ അനിവാര്യമായ സാഹചര്യത്തിലാണ് സർക്കാർ ചെലവിന്റെ മന്ദഗതി.

സിജിഎയുടെ ഓഡിറ്റ് ചെയ്യാത്ത ആറുമാസത്തെ കണക്കുപ്രകാരം, ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വിവിധ പരിപാടികളെയാണ് ചെലവുചുരുക്കൽ കാര്യമായി ബാധിച്ചതെന്നും കാണാം. സ്കൂൾ വിദ്യാഭ്യാസമേഖലയിൽ ഇതുവരെ ചെലവാക്കിയത് ബജറ്റിൽ വകയിരുത്തിയതിന്റെ 29 ശതമാനംമാത്രം. കുടിവെള്ളം, ശുചീകരണം എന്നിവയ്‌ക്ക് ചെലവാക്കിയതാകട്ടെ 22 ശതമാനം. സാമൂഹ്യനീതി, പട്ടികജാതി ക്ഷേമം, ഭിന്നശേഷിക്കാർക്കുള്ള സഹായം എന്നീ ഇനങ്ങളിൽ ബജറ്റിൽ പറഞ്ഞതിന്റെ എട്ടു ശതമാനം മാത്രമേ ഇതിനകം ചെലവഴിച്ചിട്ടുള്ളൂ. ആദിവാസി വിഭാഗം, ന്യൂനപക്ഷങ്ങൾ എന്നിവർക്കും കാര്യമായ തുക ചെലവാക്കിയില്ല. ഈ വിഭാഗങ്ങൾക്കായി ചെലവാക്കിയ തുക യഥാക്രമം 28 ശതമാനവും 17 ശതമാനവുമാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 61 ശതമാനം തുക ചെലവാക്കിയതായി പറയുന്നുണ്ടെങ്കിലും നടപ്പുവർഷം അനുവദിച്ച തുക മുഴുവൻ തീർന്നതും അതിൽ വലിയൊരു ഭാഗവും മുൻ വർഷങ്ങളിലെ കുടിശ്ശിക തീർക്കാനായിരുന്നെന്ന വസ്തുതയും സർക്കാർ മറച്ചുപിടിക്കുകയാണ്. അതേസമയം, ഈ വർഷത്തെ കുടിശ്ശിക കൊടുക്കാൻ കൂടുതൽ തുക അനുവദിച്ചിട്ടില്ല. ഈ മേഖലയിൽ തൊഴിൽ ആവശ്യപ്പെടുന്നവരുടെ എണ്ണം ദിനേന കൂടിയിട്ടും സർക്കാർ അനങ്ങുന്നില്ല. എവിടെയും സർക്കാരിന്റെ ചെലവ്‌ വർധിപ്പിക്കേണ്ട സ്ഥിതിയിൽ ബജറ്റിൽ അനുവദിക്കുന്ന പണം  കൃത്യമായി ചെലവാക്കാത്തത് കേന്ദ്ര സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ്. നികുതിവരുമാനം വർധിച്ചതായി സർക്കാർതന്നെ അവകാശപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top