29 March Friday

അടിസ്ഥാനവർഗത്തെ അവഗണിച്ച ബജറ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023


പൊതുതെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ നിരവധി പൊള്ളയായ വാഗ്‌ദാനങ്ങൾ നൽകുന്ന കേന്ദ്രബജറ്റിൽ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനോ സാധാരണക്കാരുടെ ജീവിതം തിരികെ പിടിക്കാനോ ക്രിയാത്മകമായ നിർദേശങ്ങളില്ല. രൂക്ഷമായ തൊഴിലില്ലായ്‌മയും വിലക്കയറ്റവും ദാരി‌ദ്ര്യവും വർധിച്ചുവരുന്ന അസമത്വവും സമ്പദ്‌ഘടനയുടെ വളർച്ചയിലെ അസ്ഥിരതയും പരിഹരിക്കാൻ ഫലപ്രദമായ  പദ്ധതിയൊന്നും ഇല്ല. തൊഴിലാളികളെയും കർഷകരെയും യുവാക്കളെയും പൂർണമായും അവഗണിച്ചു. കേന്ദ്രത്തിനുമാത്രം വരുമാനമാകുന്ന സെസിലും സർചാർജിലും മാറ്റംവരുത്തി സംസ്ഥാനങ്ങൾക്ക്‌ വിഭവസമാഹരണത്തിന്‌ സഹായകമായ നിലപാട്‌ സ്വീകരിച്ചില്ല. ബജറ്റിൽ ഏറെ വാഗ്‌ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായകമല്ല. പരോക്ഷമായി കേന്ദ്ര ബജറ്റ്‌ ഊന്നൽ നൽകുന്നത്‌ കോർപറേറ്റ്‌, സ്വകാര്യവൽക്കരണത്തിനുതന്നെയാണ്‌. ദേശീയ, ആഗോള സാമ്പത്തിക സ്ഥിതിയും സാമ്പത്തിക സർവേയിലെ സൂചനകൾപോലും ഉൾക്കൊള്ളാനായില്ല. ചില ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇതിന്‌ പണം കണ്ടെത്തുന്നതിനുള്ള നിർദേശങ്ങളില്ല.

തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ മധ്യവർഗത്തെയും സ്‌ത്രീകൾ, യുവാക്കൾ, ആദിവാസികൾ ഉൾപ്പെടെയുള്ളവരെ ഒപ്പംനിർത്താനുള്ള പൊള്ളയായ പ്രഖ്യാപനങ്ങളല്ലാതെ ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫലപ്രദമായ നടപടികളില്ല. ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ ഇന്ത്യയുടെ ബജറ്റ്‌ ഉറ്റുനോക്കുകയാണെന്ന പ്രധാനമന്ത്രി മോദിയുടെ കഴിഞ്ഞദിവസത്തെ അവകാശവാദങ്ങളൊന്നും ബജറ്റിൽ പ്രതിഫലിക്കുന്നില്ല. മുൻ വർഷങ്ങളിലെ പല വാഗ്‌ദാനങ്ങളും ഇപ്പോഴും ജലരേഖയായി നിൽക്കുന്നു. വികസനത്തിന്റെ നേട്ടങ്ങൾ എല്ലാ വിഭാഗങ്ങൾക്കും എത്തിക്കുമെന്ന്‌ ആവർത്തിച്ചു പറയുന്ന ധനമന്ത്രി പാവപ്പെട്ടവരെ മറന്നിരിക്കയാണ്‌. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ള ബജറ്റെന്ന്‌ പ്രഖ്യാപിച്ചപ്പോഴും മാറുന്ന ലോകത്തെ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട്‌ യുവാക്കളെ അഭിസംബോധന ചെയ്യാൻ സാധിച്ചിട്ടില്ല.  പുത്തൻസാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്ന രീതിയിൽ യുവാക്കളെ വളർത്തിയെടുത്ത്‌ ഭാവി ഇന്ത്യയെ ശക്തിപ്പെടുത്താനുള്ള പദ്ധതികളും മുന്നോട്ടുവയ്‌ക്കുന്നില്ല. 47 ലക്ഷം യുവാക്കൾക്ക്‌ സ്‌റ്റൈപെൻഡ്‌ നൽകുമെന്ന് മാത്രമാണ്‌ പറഞ്ഞിരിക്കുന്നത്‌. 

വിലക്കയറ്റം രൂക്ഷമായിരിക്കെ ജനങ്ങളുടെ ക്രയശേഷി വളരെ കുറഞ്ഞു. മാന്ദ്യത്തിലായ സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കാൻ സാധാരണക്കാരുടെ കൈകളിലേക്ക്‌ പണം എത്തിക്കുകയാണ്‌ വേണ്ടത്‌. നിതി ആയോഗിന്റെ കണക്കുപ്രകാരം 35 കോടി ജനങ്ങൾ ദാരിദ്ര്യത്തിലാണ്‌.  ഇവരുടെ ക്രയശേഷി വർധിപ്പിക്കാതെ സ്ഥിരതയാർന്ന സാമ്പത്തികവളർച്ച കൈവരിക്കാനാകില്ല. കഴിഞ്ഞ ദിവസത്തെ സാമ്പത്തിക സർവേപോലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. വർധിച്ചുവരുന്ന അസമത്വം കുറയ്‌ക്കാൻ  സമ്പന്നർക്കുമേൽ കൂടുതൽ നികുതി ചുമത്തി  പാവപ്പെട്ടവരിലേക്ക്‌ പുനർവിതരണം ചെയ്യണമെന്ന്‌ അടുത്തിടെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിലെ ഓക്‌സ്‌ഫാം റിപ്പോർട്ടിൽപ്പോലും നിർദേശിച്ചിരുന്നു. സമ്പന്നരുടെമേൽ പുതിയ നികുതി ചുമത്താനോ നിലവിലുള്ളത്‌ കൂട്ടി നികുതിവരുമാനം വർധിപ്പിക്കാനോ മുതിർന്നില്ല. ആദായനികുതിയിൽ നേരിയ  ഇളവ്‌ നൽകിയെന്നല്ലാതെ ജനങ്ങളുടെ കൈവശം പണം എത്തിച്ച്‌ ക്രയശേഷി വർധിപ്പിക്കാൻ സഹായകമായ പദ്ധതികളൊന്നും സ്വീകരിച്ചില്ല. ക്ഷേമ പെൻഷൻ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. 60–-70ന്‌ ഇടയിൽ പ്രായമുള്ളവർക്ക്‌ 200 രൂപയും 70 വയസ്സിനുമുകളിലുള്ളവർക്ക്‌ 500 രൂപയുമാണ്‌ ക്ഷേമ പെൻഷനുള്ള പ്രതിമാസ കേന്ദ്രവിഹിതം. ഗ്രാമീണ സമ്പദ്‌‌വ്യവസ്ഥയ്‌ക്ക്‌ കരുത്താകേണ്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറച്ചു. 2022–-23ലെ ബജറ്റിൽ 98,428 കോടി രൂപയാണ്‌ നീക്കിവച്ചത്‌. പുതുക്കിയ ബജറ്റ്‌ എസ്റ്റിമേറ്റിൽ ഇത്‌ 89,400 കോടിയായി. 23–-24 വർഷത്തെ ബജറ്റിൽ 60,000 കോടി രൂപ മാത്രമാണ്‌ തൊഴിലുറപ്പ്‌ പദ്ധതിക്കുള്ളത്‌. ഇത്‌ ഗ്രാമീണമേഖലയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും.  തൊഴിലാളികളെപ്പറ്റിയും അവരുടെ ക്ഷേമത്തെപ്പറ്റിയും ബജറ്റിൽ പരാമർശിച്ചിട്ടില്ല.

രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിലെ പ്രധാന സംഭാവന കാർഷികമേഖലയിൽനിന്നാണ്‌. എന്നാൽ, കാർഷികമേഖലയ്ക്ക്‌ പ്രോത്സാഹനം നൽകുന്ന പുതിയ പദ്ധതിയൊന്നും പ്രഖ്യാപിച്ചില്ല. കടാശ്വാസമോ മറ്റ്‌ ഇളവുകളോ ഇല്ല. വിലക്കയറ്റത്തിന്‌ ആനുപാതികമായി കാർഷികമേഖലയ്‌ക്കുള്ള വിഹിതം വർധിപ്പിച്ചിട്ടില്ല. വളം സബ്‌സിഡിക്കുള്ള വിഹിതം 20 ശതമാനവും ഭക്ഷ്യസബ്‌സിഡിയിൽ 30 ശതമാനവും വെട്ടിക്കുറച്ചു. നടപ്പുസാമ്പത്തിക വർഷത്തിലെ പുതുക്കിയ ബജറ്റ്‌ എസ്റ്റിമേറ്റിൽ 2,25,420 കോടിയായിരുന്ന വളം സബ്‌സിഡി  1,75,100 കോടിയായി കുറച്ചു. ഭക്ഷ്യസബ്‌സിഡിയാകട്ടെ 2,88,964 കോടിയിൽനിന്ന്‌ 1,97,350 കോടിയാക്കി. കർഷകർക്ക്‌ നേരിട്ട്‌ പണം നൽകുന്നതിനുള്ള വിഹിതം 66,865 കോടിയിൽനിന്ന്‌ 60,000 കോടിയാക്കി. ആധുനിക സാങ്കേതിക വിദ്യയുടെ നേട്ടം കർഷകർക്ക്‌ ലഭ്യമാക്കുമെന്ന്‌ ആവർത്തിക്കുന്നുണ്ടെങ്കിലും കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള മിനിമം താങ്ങുവിലയെക്കുറിച്ച് പരാമർശമില്ല. 2024നകം കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്‌ദാനം പാലിക്കാൻ സാധിച്ചിട്ടില്ല.

കേരളത്തെ സംബന്ധിച്ച്‌ ബജറ്റ്‌ നിരാശാജനകമാണ്‌. എയിംസ്‌ ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചില്ല.  ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചു വർഷംകൂടി നൽകുക, കേന്ദ്രം പിരിക്കുന്ന ആദായനികുതി അടക്കമുള്ളവയിൽനിന്ന്‌ വിഹിതം കൂട്ടുക, സെസ്‌ സർചാർജ്‌ ഒഴിവാക്കുക, കടമെടുപ്പുപരിധി ജിഡിപിയുടെ നാലര ശതമാനമാക്കുക, സിൽവർലൈൻ പദ്ധതിക്കും മറ്റ്‌ റെയിൽവേ പദ്ധതികൾക്കും അംഗീകാരം നൽകുക തുടങ്ങിയ ആവശ്യമൊന്നും പരിഗണിച്ചില്ല. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ധനസഹായത്തിലും വെട്ടിക്കുറവ്‌ വരുത്തി. ഇറക്കുമതി ചെയ്യുന്ന റബറിന്റെ കോമ്പൗണ്ടിങ്‌ ഇറക്കുമതി ചുങ്കം 25 ശതമാനമാക്കിയത്‌ റബർ കർഷകർക്ക്‌ ചെറിയ ആശ്വാസമാകും. എന്നാൽ, മറ്റ്‌ തോട്ടംവിളകളെ പാടെ അവഗണിച്ചു. ബജറ്റിലെ ചില നിർദേശങ്ങൾ കേരളത്തിന്‌ ഭാവിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. നികുതി വിഹിതവും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതവും  കുറയ്‌ക്കുന്ന നിർദേശങ്ങൾക്കു പുറമെ സഹകരണ മേഖലയിൽ ഇടപെടാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്‌.  ഡിജിറ്റലൈസേഷന്റെ മറവിൽ സഹകരണമേഖലയിലെ നിക്ഷേപത്തെയാണ്‌ ലക്ഷ്യംവയ്‌ക്കുന്നത്‌. രൂക്ഷമായ തൊഴിലില്ലായ്‌മയും വിലക്കയറ്റവും പരിഹരിക്കാൻ നിർദേശങ്ങളില്ലാത്ത ബജറ്റിലൂടെ കേന്ദ്ര സർക്കാർ സാധാരണക്കാരോടും അടിസ്ഥാന ജനവിഭാഗങ്ങളോടും മനുഷ്യത്വരഹിതമായ സമീപനമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌.   ഇത്തരത്തിൽ ജനവിരുദ്ധമായ നയങ്ങളടങ്ങിയ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top