19 April Friday

ജനങ്ങളെ മറന്ന കേന്ദ്ര ബജറ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 2, 2021


നൂറ്റാണ്ടിന്റെ ബജറ്റെന്ന്‌ കൊട്ടിഘോഷിച്ചവരുടെപോലും മിണ്ടാട്ടം മുട്ടിച്ച കേന്ദ്ര ബജറ്റ്‌ മോഡി സർക്കാരിന്റെ വികസന വായാടിത്തത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതായി.  പ്രഖ്യാപനങ്ങളുടെ ധാരാളിത്തവും മറയില്ലാത്ത കോർപറേറ്റ്‌ സേവയും ത്വരിതഗതിയിലുള്ള പൊതുമേഖലാ വിൽപ്പനയുമാണ്‌ 2021 –-22 ബജറ്റിലെ പ്രധാന സവിശേഷത. നിയമസഭാ തെരഞ്ഞെടുപ്പുകൾ ആസന്നമായ സംസ്ഥാനങ്ങളെ ഉന്നംവച്ച്‌ റോഡ്‌, റെയിൽ, മെട്രോ  വികസനത്തിന്‌ ഗണ്യമായ തുക‌ വകയിരുത്തി‌. കാർഷികമേഖലയെ പൂർണമായും അവഗണിച്ച ധനമന്ത്രി നിർമല സീതാരാമൻ ഇൻഷുറൻസിൽനിന്ന്‌ പൊതുമേഖലയുടെ പിൻവാങ്ങലിനും അടിവരയിട്ടു. സാധാരണക്കാരുടെ തൊഴിലും വരുമാനവും മെച്ചപ്പെടുത്തുന്നതിന്‌ ഉതകുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിലുണ്ടായില്ല. കോവിഡ്‌ തകർത്ത സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും കാണാനില്ല.

ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന  ഒന്നിനെയും അഭിസംബോധന ചെയ്യാത്ത ബജറ്റ്‌ കുറേ വകയിരുത്തലുകളുടെ കണക്കുകൾ മാത്രമായി പരിണമിച്ചു. കോർപറേറ്റ്‌ അനുകൂല കാർഷികനിയമം നടപ്പാക്കിയതുമുതൽ ആറുമാസത്തോളമായി കർഷകർ പ്രക്ഷോഭത്തിലാണ്‌. എന്നാൽ, ഉൽപ്പന്നങ്ങൾക്ക്‌ ന്യായവില ഉറപ്പാക്കാൻ ഒരു നടപടിയും ബജറ്റിലില്ല. നെല്ലിനും ഗോതമ്പിനും കുറഞ്ഞവില നിശ്ചയിക്കുന്നതിലേക്ക്‌ തുക വകയിരുത്തി എന്നതൊഴിച്ചാൽ, ഇതുമായി ബന്ധപ്പെട്ട നയസമീപനങ്ങൾ  സർക്കാർ മുന്നോട്ടുവച്ചില്ല. കടാശ്വാസമോ ഇളവുകളോ ഇല്ല. കാർഷിക പ്രതിസന്ധി നേരിടുന്നതിന്‌ ഒരുപദ്ധതിയും പ്രഖ്യാപിക്കാതെ‌, 16.5 ലക്ഷം കോടിയുടെ കാർഷികവായ്‌പ ലക്ഷ്യമിടുന്നതായി ഒഴുക്കൻ പ്രസ്‌താവന ബജറ്റിലുണ്ട്‌.‌ റബർ വിലസ്ഥിരതാ ഫണ്ടിലേക്ക്‌ തുക അനുവദിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ നിരന്തര വിലവർധനയുടെ പശ്ചാത്തലത്തിലും പൊതുവിപണി നിയന്ത്രണത്തിന്‌ ചെറുവിരലനക്കാൻ തയ്യാറായിട്ടില്ല. കോവിഡിനെത്തുടർന്ന്‌ രാജ്യത്ത്‌ 20 കോടിയോളം പേർക്ക്‌ തൊഴിൽ നഷ്ടപ്പെട്ടതായാണ്‌ പഠനങ്ങൾ വ്യക്തമാക്കുന്നത്‌. തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ ജനങ്ങൾക്ക്‌ വരുമാനം ലഭ്യമാക്കി മാത്രമേ‌ സമ്പദ്‌ഘടനയിൽ ചലനങ്ങൾ സൃഷ്ടിക്കാനാകൂ. കൂടുതൽ തുക വകയിരുത്തി തൊഴിൽദിനങ്ങളും കൂലിയും ഗണ്യമായി വർധിപ്പിക്കുമെന്ന പ്രതീക്ഷ എല്ലാവരും പങ്കുവച്ചതാണ്‌. എന്നാൽ, തൊഴിലുറപ്പ്‌ എന്ന വാക്കുപോലും ധനമന്ത്രി ഉച്ചരിച്ചില്ല. ഗ്രാമീണ തൊഴിലില്ലായ്‌മ, തൊഴിലാളി കുടിയേറ്റം തുടങ്ങിയ അടിസ്ഥാനപ്രശ്‌നങ്ങൾക്ക്‌ പുതിയ മാനങ്ങളുണ്ടായ വർഷമാണ്‌ കടന്നുപോയത്‌. മഹാഭൂരിപക്ഷം ജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്‌നങ്ങൾ ബജറ്റ്‌ സ്‌പർശിക്കുന്നേയില്ല. 27 ലക്ഷം കോടിയുടെ ആത്മനിർഭർ ഭാരത് പാക്കേജിനെക്കുറിച്ച് ‌വാചാലമാകുമ്പോഴും സർക്കാർ നേരിട്ടു ചെലവഴിക്കുന്ന തുക രണ്ട്‌ ലക്ഷം കോടി മാത്രമാണ്‌.


 

കോർപറേറ്റ്‌ പ്രീണനവും  പൊതുമേഖല വിറ്റഴിക്കലും ഒരേ താൽപ്പര്യത്തിന്റെ രണ്ട്‌ വശമാണ്‌. രാജ്യം കടുത്ത മാന്ദ്യത്തിലേക്ക്‌ നീങ്ങിയപ്പോഴും സാമ്പത്തികപാക്കേജുകളിലൂടെ  കോർപറേറ്റുകൾക്ക്‌ ഇളവുകൾ വാരിക്കോരി നൽകി. എന്നാൽ, സമ്പദ്‌ഘടനയെ തിരിച്ചുപിടിക്കുമെന്ന്‌ അവകാശപ്പെട്ട ഈ ബജറ്റിലും  ഇളവുകളല്ലാതെ, കോർപറേറ്റുകൾക്ക്‌ നികുതികളൊന്നുമില്ല. ഇന്ത്യയുടെ അഭിമാനസ്തംഭങ്ങളായ പല പൊതുമേഖലാ സംരംഭങ്ങളും കോർപറേറ്റ്‌ നിയന്ത്രണത്തിലാകാൻ ഇനി അധികകാലമില്ല. എയർ ഇന്ത്യയുടെ വിൽപ്പന  ബജറ്റു വർഷത്തിൽ പൂർത്തിയാക്കുമെന്ന്‌ പ്രഖ്യാപിച്ചു‌.  ഇൻഷുറൻസിൽ നേരിട്ടുള്ള വിദേശ മൂലധനപങ്കാളിത്തം 49ൽനിന്ന്‌  74 ശതമാനമാക്കി. എൽഐസിയുടെ വിൽപ്പനയും ഉടനെ ആരംഭിക്കും. ബാങ്കുകൾ കോർപറേറ്റുകൾക്ക്‌ നൽകിയ വായ്‌പകൾ തിരിച്ചുപിടിക്കാനുള്ള നടപടികൾക്ക്‌ പകരം കിട്ടാക്കടം വസൂലാക്കാൻ ബജറ്റിൽ 20,000 കോടി വകയിരുത്തിയത്‌ ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണ്‌. നഷ്ടത്തിലുള്ള  ബാങ്കുകളുടെ സ്വകാര്യവൽക്കരണവും കൂടുതൽ പൊതുമേഖലാ ബാങ്കുകളുടെ ലയനവും ധനമേഖലയിൽ കോർപറേറ്റ്‌ പിടിമുറുക്കുന്നതിന്റെ ലക്ഷണമാണ്‌. ഏഴു വൻകിട തുറമുഖംകൂടി  വിൽക്കുന്നതോടെ പൊതുമേഖലയുടെ സാന്നിധ്യംതന്നെ ഇല്ലാതാകും.

വൈദ്യുതി മേഖലയിൽ സ്വകാര്യവൽക്കരണത്തിന്‌ മോഡി സർക്കാർ തുടക്കംമുതൽ ആരംഭിച്ച കരുനീക്കം ഇതുവരെ യാഥാർഥ്യമാകാതിരുന്നത്‌ തൊഴിലാളി സംഘടനകളുടെ ശക്തമായ ചെറുത്തുനിൽപ്പ്‌‌ കാരണമാണ്‌. നിയമനിർമാണ നീക്കത്തിന്‌ പിന്നാലെ ബജറ്റിലും ഇക്കാര്യം ഊന്നിപ്പറയുമ്പോൾ സ്വകാര്യവൽക്കരണം അടിച്ചേൽപ്പിക്കാനുള്ള പുറപ്പാടാണെന്ന്‌ വ്യക്തം. വൈദ്യുതി പൊതുമേഖലയിൽ നിർത്തുകയെന്നത്  കർഷകസമരത്തിന്റെ ആവശ്യങ്ങളിലൊന്നാണ്‌‌. ബുധനാഴ്‌ച അഖിലേന്ത്യാ പണിമുടക്കിന്‌ വൈദ്യുതി ജീവനക്കാർ തയ്യാറെടുക്കുകയുമാണ്. ‌ ഗ്രാമീണ തൊഴിൽമേഖലയ്ക്കെന്നപോലെ സാങ്കേതിക –- വൈജ്ഞാനിക മേഖലകളിലും കടുത്ത പ്രതിസന്ധിയാണ്‌ കോവിഡ്‌ സൃഷ്ടിച്ചത്‌. ഇതു തിരിച്ചറിഞ്ഞ്‌ വൈജ്ഞാനിക സമൂഹത്തെ പുനരുജ്ജീവിപ്പിച്ച്‌ തൊഴിൽമേഖലയെ ഉത്തേജിപ്പിക്കാനുള്ള പരിശ്രമമാണ്‌ ലോകവ്യാപകമായി നടക്കുന്നത്‌. കൊച്ചുകേരളംപോലും ഇക്കാര്യത്തിൽ നിർണായക കാൽവയ്‌പുകൾ നടത്തി. എന്നാൽ, അത്തരമൊരു കാഴ്‌ചപ്പാട്‌ തൊട്ടുതീണ്ടാത്ത ബജറ്റാണ്‌ മോഡി സർക്കാരിനു‌വേണ്ടി ലോക്‌സഭയിൽ അവതരിപ്പിച്ചത്‌.

കോവിഡ്‌ മഹാവ്യാധിയുടെ പാഠങ്ങൾ ഉൾക്കൊണ്ട്‌ ആരോഗ്യമേഖലയിൽ ശക്തമായ ഇടപെടൽ നടത്തേണ്ട സ്ഥാനത്ത്‌ മതിയായ പരിഗണനപോലും നൽകിയില്ല

ആദ്യത്തെ മൂന്നുകോടി പേർക്ക്‌ കോവിഡ്‌ വാക്‌സിൻ സൗജന്യമായി നൽകുമെന്ന്‌ പ്രഖ്യാപിച്ച മോഡി സർക്കാർ, തുടർന്നുള്ളവർ പണം നൽകേണ്ടിവരുമെന്ന ഭീഷണി ബജറ്റിലും നിലനിർത്തി. 35,000 കോടി വാക്‌സിൻ നീക്കിവയ്‌ക്കുമെന്നും രണ്ട്‌ വാക്‌സിൻകൂടി വികസിപ്പിക്കുമെന്നും  പറയുന്നുണ്ടെങ്കിലും സൗജന്യ വാക്‌സിൻ പ്രഖ്യാപിക്കാൻ മടിക്കുന്നതിനു പിന്നിലെ കച്ചവടതാൽപ്പര്യം കാണാതിരുന്നുകൂടാ. കോവിഡ്‌ മഹാവ്യാധിയുടെ പാഠങ്ങൾ ഉൾക്കൊണ്ട്‌ ആരോഗ്യമേഖലയിൽ ശക്തമായ ഇടപെടൽ നടത്തേണ്ട സ്ഥാനത്ത്‌ മതിയായ പരിഗണനപോലും നൽകിയില്ല.  ലോകത്തിൽത്തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക്‌  നിലനിർത്തിയ കേരളത്തിന്‌ എന്തെങ്കിലും പ്രത്യേകസഹായം അനുവദിക്കാനും കേന്ദ്രം തയ്യാറായില്ല.

തെരഞ്ഞെടുപ്പ്‌ പ്രചാരണം ലക്ഷ്യമാക്കി കേരളത്തിൽ നിലവിലുള്ള ദേശീയപാത, കൊച്ചി മെട്രോ പദ്ധതികൾക്ക്‌ തുക വകയിരുത്തിയ കേന്ദ്രം, അതിൽപ്പോലും വിവേചനം കാണിച്ചു‌. തെരഞ്ഞെടുപ്പ്‌ നടക്കുന്ന തമിഴ്‌നാട്, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങൾക്ക്‌ നൽകിയ വിഹിതം കേരളത്തിന്‌ ലഭിച്ചില്ല. തേയിലത്തോട്ടം തൊഴിലാളികൾക്കുള്ള പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയുമില്ല. എയിംസ്‌, ആയുർവേദ  ഇൻസ്‌റ്റിറ്റ്യൂട്ട്‌‌ തുടങ്ങിയ ആവശ്യങ്ങൾക്ക്‌ പുറമെ അർധ അതിവേഗ റെയിൽവേ ലൈനിന്റെ കാര്യത്തിലും അംഗീകാരം വൈകുകയാണ്‌. ചുരുക്കത്തിൽ, ജനങ്ങൾ തൊട്ടറിയുന്ന എന്തെങ്കിലും ക്ഷേമപ്രവർത്തനങ്ങളോ പദ്ധതികളോ എടുത്തുപറയാനില്ലാത്ത അക്കങ്ങളുടെ അഭ്യാസമായി മാറിയ, ആത്മാവില്ലാത്ത ബജറ്റാണ്‌ കേന്ദ്രത്തിന്റേതെന്ന്‌ നിസ്സംശയം പറയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top