20 April Saturday

ദരിദ്രർക്ക് ഇടമില്ലാത്ത "നവ ഇന്ത്യ'

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019


രണ്ടാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം അതിസമ്പന്നർക്കും കോർപറേറ്റുകൾക്കും സൗജന്യങ്ങൾ വാരിവിതറുന്നതും സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതുമാണ്. നിയോലിബറൽ പരിഷ്കാരങ്ങളിലൂന്നി വർധിച്ച സ്വകാര്യവൽക്കരണത്തിന് വാതിൽ തുറന്നിടുന്നതാണ് ബജറ്റ്. ഇൻഷുറൻസ്, വ്യോമയാന, മാധ്യമമേഖലകളിൽ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയർത്തുമെന്നും റെയിൽവേയിൽ ഉൾപ്പെടെ സ്വകാര്യപങ്കാളിത്തം കൂട്ടുമെന്നും എയർ ഇന്ത്യയുടേതടക്കം ഓഹരികൾ വിറ്റഴിക്കുമെന്നും പ്രഖ്യാപിച്ചിരിക്കയാണ്. അപ്പോഴും ഗ്രാമീണമേഖലയ്ക്ക് താങ്ങാകുംവിധം  കാർഷികോൽപ്പാദന വർധനയ്ക്ക് പരിപാടികളൊന്നുമില്ല. കാർഷിക കടാശ്വാസത്തെക്കുറിച്ചുപോലും മിണ്ടാട്ടമില്ല. 70 ശതമാനം ആശ്രയിക്കുന്ന ആ രംഗം വാടിക്കരിഞ്ഞു. 1990ൽ ജിഡിപിയുടെ 29 ശതമാനമായിരുന്ന  മേഖലയുടെ സംഭാവന 17ലേക്ക് കൂപ്പുകുത്തി. 2020ൽ കാർഷികവരുമാനം ഇരട്ടിപ്പിക്കുമെന്നാണ് വാഗ്ദാനം. എന്നാൽ, പ്രതിസന്ധി അതിരൂക്ഷം.  ആത്മഹത്യകൾ ഭയാനകമായി വർധിച്ചു. കഴിഞ്ഞവർഷം 12,400 കർഷകരാണ് ജീവൻ വെടിഞ്ഞത്. സാധാരണക്കാർക്ക് ഒരുവിധ പ്രതീക്ഷയും നൽകാത്ത ബജറ്റിൽ മുൻ കെടുതികൾ ആവർത്തിക്കുമെന്ന സൂചനയേയുള്ളൂ.

ലാഭകരമായ എല്ലാ സ്ഥാപനങ്ങൾക്കും കോർപറേറ്റ് ആർത്തിയുടെ തൂക്കുകയറൊരുക്കാനാണ് ശ്രമം. ഇപ്പോൾത്തന്നെ റെയിൽവേയും ബിഎസ്എൻഎല്ലും വിമാനത്താവളങ്ങളും പണയവസ്തുവാക്കിയത് പ്രതിസന്ധി  രൂക്ഷമാക്കും. "ലാഭത്തിന്റെ സ്വകാര്യവൽക്കരണവും നഷ്ടത്തിന്റെ ദേശസാൽക്കരണവും' എന്നതാണ് നില. തൊഴിലാളിദ്രോഹ നടപടികളും കോർപറേറ്റ് പ്രീണനവും തകർത്ത ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ സഹായിക്കുമെന്ന സൂചനപോലുമില്ലാത്തത് വെല്ലുവിളിയാണ്. അതാകട്ടെ ബജറ്റിനോട് പ്രതികരിച്ച് മോഡി നടത്തിയ "നവ ഇന്ത്യ'യുടെ ദിശ വ്യക്തമാക്കുന്നതുമായി. രാജ്യത്തെ അഞ്ച് ശതകോടീശ്വരന്മാർ 2019ലെ ആറുമാസംകൊണ്ട് കീശയിലാക്കിയത് ഒരു ലക്ഷം കോടി രൂപയാണെന്നത് അതീവ ഉൽക്കണ്ഠയുളവാക്കുന്നു. സ്വത്തിന്റെ മാനദണ്ഡത്തിൽ മുന്നിലുള്ള ഏഴ് കോടീശ്വരന്മാർ കൈക്കലാക്കിയതാകട്ടെ, 1.4 ലക്ഷം കോടിയും. റിലയൻസിന്റെ മുകേഷ് അംബാനിയാണ് മുന്നിൽ.  അപ്പോഴും സാധാരണക്കാരന്റെ ജീവിതം അതിദയനീയം. നോട്ട് നിരോധനം അത് ഏറെ താറുമാറാക്കി. ഒരു നേരത്തെ ഭക്ഷണത്തിനും മക്കളുടെ പഠനത്തിനും സാധാരണക്കാർ ക്ലേശിക്കുമ്പോൾ വിരലിലെണ്ണാവുന്ന അതിസമ്പന്നരുടെ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്. ഒരു ശതമാനം വരുന്ന കോടീശ്വരന്മാരുടെ സ്വത്തിൽ കഴിഞ്ഞ വർഷം 39 ശതമാനം വർധനയുണ്ടായപ്പോൾ താഴേതട്ടിലെ 50 ശതമാനത്തിന്റെ സ്വത്തിൽ വർധന മൂന്നുശതമാനം മാത്രം. ഏറ്റവും ദരിദ്രരായ പത്ത് ശതമാനം (13.6 കോടി) കടബാധ്യതയിൽ മുങ്ങുകയാണ്. സമ്പത്തിന്റെ വിതരണത്തിലെ അപകടകരമായ അസന്തുലിതാവസ്ഥ തുടരുമെന്നാണ് പുതിയ ബജറ്റും ഉറപ്പിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുമേഖലകളിൽ സർക്കാർ വേണ്ടത്ര പണം നിക്ഷേപിക്കാത്തതും അതിസമ്പന്നരും വൻകിട കമ്പനികളും കൃത്യമായി നികുതിയടയ്ക്കാത്തതും സാമ്പത്തിക അസന്തുലിതാവസ്ഥ ഏറാൻ കാരണമാണ്. അതിന്റെ വേഗം പേടിപ്പെടുത്തുംവിധം ഇനിയും കുതിക്കുമെന്നാണ് മോഡിയുടെ രണ്ടാം ബജറ്റ് ഊന്നുന്നത്.

വിവിധ തുറകളിൽനിന്ന് ലക്ഷക്കണക്കിന് കോടി രൂപ സമാഹരിക്കുമെന്ന് ബജറ്റ് ആശ്വാസം കൊള്ളുന്നുണ്ടെങ്കിലും സ്രോതസ്സുകൾ അതിനിഗൂഢമായി കിടക്കുകയാണ്. 2030 ആകുമ്പോഴേക്കും വാഹനങ്ങളുടെ ഘടന മാറുമ്പോൾ വലിയ ശതമാനത്തിനും വൈദ്യുതി ആവശ്യമെന്നിരിക്കെ അത്രയും കണ്ടെത്തുന്നതെങ്ങനെ? അതിന്വിപണിയെ എങ്ങനെ സജ്ജമാക്കും‐ തുടങ്ങിയ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടിയില്ലാതെ നിൽക്കുകയാണ്. എല്ലാവർക്കും വീട്, മൂന്നു കോടി ചെറുകിട വ്യാപാരികൾക്ക് പെൻഷൻ, 2020 ഓടെ എല്ലാ വീട്ടിലും വൈദ്യുതിയും പാചകവാതകവും തുടങ്ങി, കേട്ടുമടുത്ത പ്രഖ്യാപനങ്ങൾ ആവർത്തിച്ചതിനൊപ്പം തൊഴിലില്ലായ്മ പരിഹരിക്കലും അജൻഡയാണെന്നത് ആരിലും ചിരിപടർത്തും. വർഷത്തിൽ രണ്ടുകോടി തൊഴിൽ എന്ന 2014ലെ വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല, കഴിഞ്ഞവർഷംമാത്രം ഒരു കോടി 10 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി. ജനസംഖ്യയുടെ 66 ശതമാനം കഴിയുന്ന ഗ്രാമീണമേഖലയിലാണ് അതിൽ 84 ശതമാനവും. തൊഴിലില്ലായ്മ ഭയാനകമായി ഏറുമെന്നതിനുപുറമെ വിലക്കയറ്റവും അതിരൂക്ഷമാകും. എന്നാൽ, എണ്ണയുൽപ്പന്നങ്ങളുടെയും  സ്വർണത്തിന്റെയും വിലകൂടുമെന്ന വസ്തുത ഒളിച്ചുകടത്തുകയാണ് ധനമന്ത്രി. സ്വർണത്തിന്റെയും മറ്റ് വിലകൂടിയ ലോഹങ്ങളുടെയും കസ്റ്റംസ് തീരുവ കൂട്ടിയതാണ് വിലക്കയറ്റത്തിന് കാരണം. സ്വർണത്തിന്റെ കസ്റ്റംസ് തീരുവ പത്ത് ശതമാനമായിരുന്നത് പന്ത്രണ്ടരയാക്കി. ലിറ്ററിന് ഒരു രൂപ സെസ് ഏർപ്പെടുത്തുന്നതോടെ പെട്രോൾ, ഡീസൽ വിലയും വർധിക്കും. ബാങ്കുകളിൽനിന്ന് പണം പിൻവലിക്കുമ്പോഴും നികുതി നൽകണമെന്നത് സാധാരണ ഉപയോക്താക്കൾക്ക് മറ്റൊരു ആഘാതം.

കാര്യകാരണങ്ങൾ വിശദമാക്കാതെ ഇക്കുറിയും വളർച്ചയെയും നിക്ഷേപത്തെയും കുറിച്ച് വാചാലമാകുന്നുണ്ട്. നിക്ഷേപവളർച്ച കഴിഞ്ഞ സാമ്പത്തികവർഷം ഒന്നര പതിറ്റാണ്ടിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയത് മറച്ചുപിടിച്ചാണ് ഊറ്റംകൊള്ളൽ. രാജ്യത്തിന്റെ ഫെഡറൽ ഉള്ളടക്കത്തെ തുരങ്കംവയ്ക്കുന്നതുകൂടിയാണ് ബജറ്റ്.  കേന്ദ്രത്തിന്റെ അമിതാധികാര പ്രവണതൾക്ക് മികച്ച ഉദാഹരണം. സംസ്ഥാനങ്ങളെ പരിഗണിക്കാതെ എന്തെങ്കിലും ഔദാര്യം കിട്ടിയാലായി എന്ന യജമാന മനോഭാവം. ചുരുക്കത്തിൽ വാഗ്ദാനലംഘനവും കോർപറേറ്റുവൽക്കരണവും സമ്പന്നാഭിമുഖ്യവും ഫെഡറൽ തത്വങ്ങളുടെ ലംഘനവും മാത്രമുള്ള ബജറ്റിനെതിരെ ഇന്ത്യയാകെ പ്രതിഷേധമുയരേണ്ടതുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top